വിദേശനാട്ടിലൊരുക്കിയ ഇന്ത്യൻ വസ്ത്രകാഴ്ചകൾ
ഇന്ത്യൻ സംസ്കാരത്തിന്റെ നേർക്കാഴ്ചകളായി ഒരു ഫാഷൻ ഷോ. നാടിന്റെ സാംസ്കാരിക തനിമ നിറഞ്ഞു നിൽക്കുന്ന ആടയാഭരണങ്ങൾ ധരിച്ച് മോഡലുകൾ വേദിയിലെത്തി. ദോഹ ഖത്തറിൽ നടന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യൻ കപ്പിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡിയായ ഇന്ത്യൻ കൾച്ചറൽ സെന്ററുമായി ചേർന്ന് കത്താറ കൾച്ചറൽ വില്ലെജ് സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം നിറഞ്ഞുനിന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിമനോഹരമായ വസ്ത്രങ്ങളാണ് ഷോയിൽ പ്രദർശിപ്പിച്ചത്. ഓരോ സംസ്ഥാനത്തിന്റെയും വേഷങ്ങളും ആഭരണങ്ങളുമൊക്കെ അണിഞ്ഞെത്തിയ മോഡലുകൾ കാഴ്ചക്കാരുടെ മനം കവർന്നു. സ്വദേശികളും വിദേശികളുമടങ്ങുന്ന വലിയ സംഘമാണ് ഷോ കാണാനെത്തിയത്. വൈവിധ്യമാർന്ന വസ്ത്രങ്ങളിലൂടെ അവതരിപ്പിച്ച ചടുലവും സമ്പന്നവും സാംസ്കാരികവുമായ പൈതൃകങ്ങൾ ഫാഷൻ ഷോയെ ജനപ്രിയമാക്കി.ഇന്ത്യൻ കൾച്ചറൽ സെന്ററിലെ കൾച്ചറൽ മേധാവി സുമ മഹേഷ് ഗൗഡയാണ് ഷോ കോഓഡിനേറ്റ് ചെയ്തത്.
