Lakme fashion week 2025
2025 ലെ ലാക്മേ ഫാഷൻ വീക്ക് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. ഡിസൈൻ കൌൺസിൽ ഓഫ് ഇന്ത്യയുമായി (എഫ്. ഡി. സി. ഐ) സഹകരിച്ചാണ് ലാക്മേ ഫാഷൻ വീക്ക് 2025 സംഘടിപ്പിച്ചത്, പാരമ്പര്യത്തിന്റെയും പുതുമയുടെയും സംയോജനത്തിലൂടെ ഫാഷൻ ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച ഒന്നായിരുന്നു ഇത്തവണത്തെ ഫാഷൻ വീക്ക്. സർഗ്ഗാത്മകത, കരകൌശലവിദ്യ, എന്നിവയെ മുൻനിർത്തിയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.

അന്തർദേശീയ പ്രശസ്ത ഡിസൈനർ ആയ അനാമിക ഖന്നയുടെ “സിൽവർ കോളർ” ശേഖരത്തിൻ്റെ ഗംഭീരമായ ഉദ്ഘാടനത്തോടെയാണ് പരിപാടി ആരംഭിച്ചത്. അവരുടെ ഡിസൈനുകളിൽ കൂടുതലും വെള്ളി അലങ്കാരങ്ങളും ആഭരണങ്ങളും ആയിരുന്നു ഉൾപെടുത്തിയിരുന്നത്.

തിളങ്ങുന്ന നീല, വെള്ളി നിറത്തിലുള്ള വസ്ത്രത്തിൽ ബോളിവുഡ് നടി അനന്യ പാണ്ഡെ ഷോസ്റ്റോപ്പറായി മാറി. ഫാഷൻ വീക്കിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷമായിരുന്നു കാഴ്ചവച്ചത്,


കച്ചിൽ നിന്നുള്ള കരകൌശലത്തൊഴിലാളികൾ അവരുടെ സൃഷ്ടികൾ അവതരിപ്പിച്ചു. സോമയ്യ കലാ വിദ്യ സംഘടിപ്പിച്ച ഷോയിൽ അജ്രഖ് പ്രിന്റ്, മഷ്റു നെയ്ത്ത്, ബന്ധനി, ബാടിക് തുടങ്ങിയ പരമ്പരാഗത കരകൌശല വസ്തുക്കളുടെ നിര ഷോയുടെ മാറ്റ് കൂട്ടി. തത്സമയ കച്ചി സംഗീതവും കാവ്യാത്മക വ്യാഖ്യാനവും റൺവേയ്ക്ക് ഒരു സാംസ്കാരിക കാഴ്ചയാണ് ഒരുക്കിയത്.


നമ്രത ജോഷിപുരയുടെ അത്ലെയ്സർ ശേഖരമായിരുന്നു മറ്റൊരു പ്രത്യേകത. ബോളിവുഡ് സെലിബ്രിറ്റികളായ മലൈക അറോറയും കുബ്ര സൈറ്റും ഷോസ്റ്റോപ്പറുകളായി റൺവേയിൽ അണിനിരന്ന ഈ ശേഖരം സ്ട്രീറ്റ് ഗ്ലാമറും ആക്റ്റീവ് വെയർ ഇന്നൊവേഷനും ഒരുമിച്ച് കൊണ്ടുവന്നു. മുഹമ്മദ് മസ്ഹറിന്റെ ശേഖരത്തിൽ ശിൽപ ഷെട്ടിയുടെ സാന്നിധ്യം പ്രധാനപ്പെട്ട ഒന്നായിരുന്നു.


ലാക്മേ ഫാഷൻ വീക്ക് 2025 ഒരു വിഷ്വൽ ട്രീറ്റ് മാത്രമായിരുന്നില്ല നൽകിയത്, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കരകൌശലത്തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു വേദി കൂടിയായായിരുന്നു ഫാഷൻ ഷോ തിളങ്ങിയത്.