മോഡലിങ്ങിൽ നിന്ന് ഡിസൈനറിലേക്ക്
നൂതനമായ സമീപനത്തിനും സവിശേഷമായ ശൈലിക്കും പേരുകേട്ട ഒരു ഇന്ത്യൻ ഫാഷൻ ഡിസൈനറാണ് റിന ധാക്ക. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന വസ്ത്രങ്ങളൊരുക്കിയാണ് റിന ഏവരുടെയും പ്രിയം സ്വന്തമാക്കിയത്. സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം കരകൗശലങ്ങളെ കൂടെ കൂട്ടുന്നതിനും ഇവർ ശ്രമിച്ചിരുന്നു. എന്നാൽ വസ്ത്രങ്ങൾക്ക് രൂപം നൽകുന്ന പേരുകേട്ട ഫാഷൻ ഡിസൈനറാകുന്നതിന് മുൻപേ ഫാഷൻ ലോകത്തിൽ സാന്നിധ്യമറിയിച്ച വ്യക്തിയാണെന്ന പ്രത്യേകതയും റിനയ്ക്കുണ്ട്.
ഡിസൈനിങ്ങ് ലോകത്തിലേക്ക് എത്തും മുൻപേ മോഡലിങ്ങിൽ സാന്നിധ്യമറിയിച്ച ഫാഷൻ ഡിസൈനർ, ഈ പെരുമയും റിനയ്ക്ക് സ്വന്തമാണ്. 1980 കളിൽ ഒരു മോഡലായി ഫാഷൻ ലോകത്തിലേക്ക്. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷം ചുരിദാർ ഡിസൈൻ ചെയ്തു കൊണ്ട് വസ്ത്ര രൂപകൽപ്പനയുടെ ലോകത്തിലേക്ക് പ്രവേശിക്കുകയായിരുന്നു റിന. ഇതിലൂടെ അംഗീകാരങ്ങളും അവരെ തേടിയെത്തി. ചണ്ഡിഗഡിൽ ജനിച്ച റിന ധാക്കയുടെ വിദ്യാഭ്യാസം കാർമൽ കോൺവെന്റ് സ്കൂളിലും ചണ്ഡിഗഡിലെ ഗവൺമെന്റ് കോളേജ് ഫോർ ഗേൾസിലുമായിരുന്നു. കുടുംബം ദില്ലിയിലേക്ക് താമസം മാറിയ ശേഷം, പിതാവ് അവളെ ഒരു ഫാഷൻ ഡിസൈൻ കോഴ്സിൽ ചേർത്തു. പതിനെട്ടാം വയസ്സിൽ വസ്ത്ര കയറ്റുമതി സ്ഥാപനമായ ഇന്റർക്രാഫ്റ്റിൽ പരിശീലനം നേടി. ഇതൊരു തുടക്കം മാത്രമായിരുന്നു.

വിദേശനാടുകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാൽ അതിനൊപ്പം ചില വിവാദങ്ങളിലും പെട്ടിട്ടുണ്ട് റിന. 2009-ലാണത്. ആ വർഷം നിരവധി ഡിസൈനർമാരുടെ നേതൃത്വത്തിൽ വനിതകൾക്കായി ബീച്ച് വസ്ത്രങ്ങൾ സൃഷ്ടിച്ചിരുന്നു. ആ കൂട്ടത്തിൽ റിനയും ഉൾപ്പെട്ടിരുന്നു. എന്നാൽ ആ ബീച്ച് വസ്ത്രങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നാണ് ഒരു കൂട്ടം ആളുകൾ വിമർശിച്ചത്. നവോമി കാംപ്ബെൽ, ഉമ തുർമാൻ, ലാറ ദത്ത തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ റിനയുടെ സൃഷ്ടികൾ പാരീസിലെ ലൂവ്രെയിലും ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
2010 ജൂലൈ മാസത്തിൽ ബോളിവുഡ് താരം ലാറ ദത്ത പ്രോത്സാഹിപ്പിച്ച കോബ്വെബ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ശേഖരം അവർ പുറത്തിറക്കിയതിനു വലിയ സ്വീകാര്യത ലഭിച്ചു. രണ്ട് വർഷത്തിന് ശേഷം ഇന്ത്യൻ കോഫി ഷോപ്പ് ശൃംഖലയായ ബാരിസ്റ്റ ലവാസയുടെ മെനു, മെനു കാർഡുകൾ, യൂണിഫോം, സ്റ്റോർ ഇന്റീരിയറുകൾ എന്നിവ പരിഷ്കരിച്ചതും റിനയായിരുന്നു. നിരവധി പ്രമുഖർക്ക് വസ്ത്രമൊരുക്കി പ്രശസ്തി നേടിയെങ്കിലും ഗർഭിണികൾക്ക് മാത്രമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതാണ് റിനയെ കൂടുതൽ ഉന്നതിയിലേക്കെത്തിച്ചത്. ഒരു പ്ലസ് സൈസ് സ്റ്റോറുമായി സഹകരിച്ചാണ് പ്രസവവസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. റുമ ദേവുമായി സഹകരിച്ച് ഒരു ഗോത്ര ഫാഷൻ ഷോ അവതരിപ്പിച്ചതിനും കൈയടി നേടിയിട്ടുണ്ട്.
ഫാഷൻ ലോകത്തിൽ സജീവമായിരുന്ന നാളുകളിലും സാമൂഹിക സേവനപ്രവർത്തനങ്ങളിൽ തത്പ്പരയായിരുന്നു റിന. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) ഇന്ത്യയുടെ അംബാസിഡറായിരുന്ന അവർ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായി ശബ്മുയർത്തിയിരുന്നു. 2017 ൽ സ്തനാർബുദം കണ്ടെത്തിയതിനെക്കുറിച്ചും രോഗചികിത്സാരീതികളെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നതിന് യാതൊരു മടിയും കാണിച്ചിട്ടില്ല. റേഷൻ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഡൽഹിയിലെ ഒരു എൻജിഒയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ബുദ്ധമത വിശ്വാസിയായിരുന്നു. ആ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും ആളുകളുമായി ഇടപെടുന്ന രീതിയിൽ മാറ്റം വരുത്താൻ ബുദ്ധ തത്ത്വങ്ങൾ ഉപയോഗിക്കുന്നതിനും റിന എപ്പോഴും പരിശ്രമിച്ചിരുന്നു.

നിരവധി അവാർഡുകളും റിന ധാക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. 1993 ലെ യുവ രത്തൻ അവാർഡ്, 2004 ലെ മിയാമി ഫാഷൻ വീക്കിൽ ഡിസൈനർ ചോയ്സ് അവാർഡ്, 2014 ൽ ദില്ലി സംസ്ഥാന സർക്കാരിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം, രാജീവ് ഗാന്ധി എക്സലൻസ് അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2015 ൽ ഇന്ത്യൻ ബ്രൈഡൽ ഫാഷൻ വീക്കിൽ ഉലകനായകൻ കമൽഹാസന്റെ മകൾ അക്ഷര ഹാസനെ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും റിനയ്ക്ക് സ്വന്തമാണ്. 2019 ൽ ലണ്ടനിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന ഭാരത് കോൺക്ലേവിന്റെ ഓണററി അംഗമായിരുന്നു. 2018-ൽ ജെ ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർഥികളുടെ ഉപദേഷ്ടാവ് എന്ന പദവിയും റിന അലങ്കരിച്ചിട്ടുണ്ട്. ഫാഷൻ വികസനത്തിനുള്ള ഇന്ത്യൻ ഫെഡറേഷന്റെ അംഗീകാരമായി പതിനൊന്നാമത് ഇന്ത്യ റൺവേ വീക്ക് റിന ധാക്കയാണ് ആരംഭിച്ചത്. ബോളിവുഡ് സിനിമയിലൂടെ അഭിനയിച്ചിട്ടുണ്ട്. സന്ദീപ് ഔർ പിങ്കി ഫരാറിൽ എന്ന ചിത്രത്തിൽ റിന അവരായി തന്നെയാണ് അഭിനയിച്ചത്. അജയ് ആണ് ഭർത്താവ്. രണ്ട് മക്കൾ, കെയ്ത്തും ജയ്യും.
