Queen of fashion design
ഡോക്റ്ററാകണമെന്ന് സ്വപ്നം കണ്ടുനടന്ന പെൺകുട്ടി. സ്റ്റെതസ്കോപ്പും മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കറുത്ത ബാഗുമൊക്കെയായി ഡോക്റ്ററാകാൻ മോഹിച്ച ബാല്യം. പക്ഷേ ആ സ്വപ്നങ്ങളിലും ആ കൊച്ചുകുട്ടിയുടെ മനസിൽ ഡോക്റ്ററുടെയും നഴ്സുമാരുടെയും വസ്ത്രങ്ങൾ എങ്ങനെ സുന്ദരമാക്കാമെന്ന ചിന്തകൾ മാത്രമായിരുന്നു. ചികിത്സാരംഗമല്ല ഫാഷൻ ലോകമാണ് തന്റേതെന്ന് ഏറെ വൈകാതെ ആ പെൺകുട്ടി തിരിച്ചറിഞ്ഞു.
വർഷങ്ങൾക്കിപ്പുറം ആ പെൺകുട്ടി അവളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. റിതു ഭേരി… ലോകമറിയുന്ന ഫാഷൻ ഡിസൈനർ. കഠിനാധ്വാനത്തിലൂടെ മാത്രമാണ് എല്ലാ ആഗ്രഹങ്ങളും സഫലമാക്കിയതെന്നാണ് അവർ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 50 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള, ഇക്കണോമിക് ടൈംസ് ഇന്ത്യയിലെ ബിസിനസ് വുമൺ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട, രാജ്യത്തെ ഏറ്റവും മികച്ച ഫാഷൻ ഡിസൈനർ. ക്വീൻ ഓഫ് ഫാഷൻ എന്നറിയപ്പെടുന്ന റിതു ഭേരിയെക്കുറിച്ച് കൂടുതലറിയാം.

റിതുവിന്റെ പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലെ മിലിട്ടറി സ്കൂളിലായിരുന്നു. ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന ബൽബീർ സിങ്ങ് ബേരിയുടെയും സംരംഭകയായ ഇന്ദു ഭേരിയുടെയും മകളാണ്. അച്ഛൻ പാട്ടളത്തിലായതു കൊണ്ടു തന്നെ റിതുവിന്റെ കുട്ടിക്കാലം മിലിട്ടറി ക്വാർട്ടേഴ്സുകളിലായിരുന്നു. പഠനത്തിലും പാഠ്യേതരവിഷയത്തിലും മിടുക്കിയായിരുന്നു റിതു.
വ്യത്യസ്തവും പുതുമയുള്ളതുമായ കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിച്ചാണ് ഫാഷൻ ലോകത്തിലേക്കെത്തുന്നത്. ന്യൂഡൽഹിയിലെ ലേഡി ശ്രീറാം കോളെജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്തു. 1987-ലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജയിൽ (നിഫ്റ്റ്) നിന്നു ഫാഷൻ ആർട്സ് പഠിക്കുന്നത്. നിഫ്റ്റിന്റെ ആദ്യ ബാച്ചിലെ വിദ്യാർഥിനിയായിരുന്നു റിതു.

തുടക്കം ലാവണ്യയിലൂടെ
വീട്ടിലുള്ളവർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയാണ് റിതുവിന്റെ ഡിസൈനിങ്ങ് ലോകത്തിലേക്ക് വരുന്നത്. 1990 ഡിസംബറിലായിരുന്നു റിതുവിന്റെ ഭാവിയിലേക്കുള്ള ആദ്യത്തെ വലിയ ചുവടുവയ്പ്പ്. ലാവണ്യ എന്ന പേരിൽ സ്വന്തം ലേബൽ ലോഞ്ച് ചെയ്തു കൊണ്ടായിരുന്നു ആ തുടക്കം.
കരിയറിന്റെ ആരംഭനാളുകളിൽ തന്നെ പരമ്പരാഗതവും ആധുനികതയും നിറയുന്ന ഡിസൈനുകൾ ചെയ്യാനാണ് ഇവർ ശ്രമിച്ചത്. ശ്രമങ്ങൾ തെറ്റിയില്ല. പിന്നീട് ഇന്ത്യൻ പാരമ്പര്യരീതികളിൽ ആത്യാധുനിക പാശ്ചാത്യ ശൈലിയും ഒരുമിപ്പിക്കുന്ന വസ്ത്ര ഡിസൈനിങ്ങ് രീതി സ്വീകരിച്ചു. പുതുമയും വ്യത്യസ്തതയും സമ്മേളിക്കുന്ന ശൈലിയ്ക്ക് രൂപം നൽകുക മാത്രമല്ല ഫാഷൻ വ്യവസായത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ഇവർ പരിശ്രമിച്ചു.
ഏറെ വൈകാതെ ഫാഷൻ വ്യവസായത്തിൽ റിതുവിന് സ്വന്തമായ ഇടം കണ്ടെത്താൻ സാധിച്ചു. ഫാഷൻ ലോകത്തിൽ പാരീസിനുള്ള സ്ഥാനത്തെക്കുറിച്ച് അറിയാത്ത ഫാഷൻ പ്രേമികളുണ്ടാകില്ല. പ്രശസ്തമായ പാരീസിൽ ഫാഷൻ ഷോ സംഘടിപ്പിക്കാനും റിതുവിന് കഴിഞ്ഞു. എന്നാൽ അതിലെന്താ ഇത്ര പുതുമയെന്നു തോന്നിയേക്കാം, കാരണം ഇന്ത്യക്കാരായ നിരവധി പ്രമുഖർ പാരീസ് ഫാഷൻ ഷോകളിൽ പങ്കെടുത്ത വാർത്തകൾ കേട്ടിട്ടുണ്ടല്ലോ. പക്ഷേ ഇവരുടെ നേട്ടത്തിന് പൊൻ തിളക്കം തന്നെയുണ്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായി പാരീസ് ഫാഷൻ ഷോയിൽ പങ്കെടുത്ത ഫാഷൻ ഡിസൈനറാണ് റിതു.
1998-ലാണ് റിതുവിന്റെ പാരീസിലെ ഫാഷൻ ഷോയിലുള്ള അരങ്ങേറ്റം. അന്നത്തെ ഷോയിൽ അവരുടെ ലക്സീ കലക്ഷനുകൾ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമായിരുന്നുവെന്ന് പിന്നീട് റിതു ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു. 2001-ൽ ലൈവ് ഫാഷൻ കോച്ചർ അവതരിപ്പിച്ചതിന് വലിയ വാർത്താപ്രാധാന്യം ലഭിച്ചു. പാരീസിലെ ഷോ ഫാഷൻ ടിവി കവർ ചെയ്തിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട ബാർബി ഡോളിനും റിതു വസ്ത്രം ഡിസൈൻ ചെയ്തിട്ടുണ്ട്.

ഡിസൈനർ മാത്രമല്ല
സാമൂഹിക പ്രവർത്തകയും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം നിരവധി പ്രമുഖർക്ക് റിതു ഭേരി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സെലിബ്രിറ്റികൾ മാത്രമല്ല ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ചാൾസ് രാജകുമാരൻ, ബിൽ ക്ലിന്റൺ, ഹോളിവുഡ് നടി ആന്റി മാക്ഡ്വൽ, ബോളിവുഡ് താരങ്ങളായ റാണി മുഖർജി, മാധുരി ദീക്ഷിത്ത്, പ്രീറ്റി സിന്റ, എഴുത്തുകാരിയായ ശോഭ ഡേ ഇങ്ങനെ നീളുന്ന സെലിബ്രിറ്റികളുടെ പട്ടിക. സരോസ്കി, വോൾവോ, ഹോണ്ട മോട്ടോർസ് തുടങ്ങി നിരവധി ഇന്റർനാഷണൽ ബ്രാന്റുകളുടെ കൺസൾട്ടന്റ് കൂടിയാണ് ഇവർ.
ഫാഷൻ ലോകത്തിൽ സ്വന്തം ഇടം കണ്ടെത്തുക മാത്രമല്ല പുതുതായി ഈ രംഗത്തേക്ക് വരുന്നവർക്ക് കൈതാങ്ങാകാനും റിതു ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി യുവ ഡിസൈനർമാരെ പിന്തുണയ്ക്കുന്നതിനും വിപണിയിൽ അവരുടെ ബ്രാൻഡുകൾ അവതരിപ്പിക്കുന്നതിനുമൊക്കെയായി ഒരു കൂട്ടായ്മ ആരംഭിച്ചു. റിതു ഭേരി ഫാഷൻ ഫ്രറ്റേണിറ്റി (ആർബിഎഫ്എഫ്) എന്ന പേരിൽ 1997-ലാണ് കൂട്ടായ്മ ആരംഭിച്ചത്.
ഇന്ത്യയിലെ മികച്ച അഞ്ച് വനിത ഫാഷൻ ഡിസൈനർമാരുടെ ലിസ്റ്റ് തയാറാക്കിയാൽ, റിതു ഭേരി എന്ന പേരും സുനിശ്ചിതമായി ആ പട്ടികയിൽ കാണാം. എന്നാൽ ഡിസൈനർ എന്നു മാത്രം പറഞ്ഞാൽ മതിയാകില്ല. സാമൂഹിക പ്രവർത്തകയും മൃഗസ്നേഹിയും കൂടിയാണ് ഇവർ. തെരുവിൽ അലയുന്ന കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുക, കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക, കുട്ടികൾക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുക, അനാഥർക്ക് വീട് നൽകുക, ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളിലും ഇവർ സജീവമാണ്. ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ചതാണ് ബ്ലെസ്ഡ് ഹാർട്ട് ഫൗണ്ടേഷൻ. ഓട്ടിസം ബോധവത്ക്കരണപ്രവർത്തനങ്ങൾക്കൊപ്പം ചികിത്സ കാര്യങ്ങൾക്കും സംഘടന സഹായിക്കുന്നുണ്ട്.
സാമൂഹിക പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി ഫാഷൻ ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. 2009-ലാണ് കുട്ടികളുടെ വസ്ത്രങ്ങൾക്കായി ബേബി ബെറി എന്ന ബ്രാന്റ് അവതരിപ്പിക്കുന്നത്. ബേബി ബെറിയുടെ പങ്കാളിത്തത്തോടെ കിഡ്സ് ഫാഷൻ ഷോ നടത്തിയിട്ടുണ്ട്. മൃഗസംരക്ഷണത്തിനായി കെയറിങ് മീൻസ് ഷെയറിങ്ങ് എന്ന പ്രചരണപരിപാടിയും ഇവരുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഈ പ്രൊജക്റ്റിൽ നിന്നു ലഭിക്കുന്ന തുക മുഴുവനും മൃഗസംരക്ഷണത്തിന് വേണ്ടിയാണ് ചെലവഴിച്ചത്.

എഴുത്ത് ലോകത്തിലും സജീവം
വസ്ത്രങ്ങളിൽ പുതുമ നിറയ്ക്കാൻ മാത്രമല്ല അക്ഷരങ്ങളിൽ അഴക് വിരിയിക്കാനും റിതു മിടുക്കിയാണെന്നു തെളിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വില കൂടിയ പുസ്തകങ്ങളിലൊന്നിന്റെ എഴുത്തുകാരി കൂടിയാണ് ഈ ഡിസൈനർ. റിതു എഴുതിയ ഫയർഫ്ലൈ എ ഫെയറി ടെയ്ൽ എന്ന പുസ്തകമാണത്. ഒരു ലക്ഷം രൂപയാണിതിന്റെ വില. നടൻ അക്ഷയ് കുമാറാണ് പുസ്തകം പ്രകാശനം ചെയ്തത്. 2003-ൽ റിതു ഭേരി എഴുതിയ 100 വേയ്സ് റ്റു ലുക്ക് യുവർ ബെസ്റ്റ് എന്ന പുസ്തകം നടി മാധുരി ദീക്ഷിത്താണ് പ്രകാശനം ചെയ്തത്. സ്റ്റൈൽ ഫയൽ, ദി ഫയർ ഓഫ് എ റസ്റ്റ്ലസ് മൈൻഡ്, ദി ഡിസൈൻസ് ഓഫ് റസ്റ്റ്ലെസ് മൈൻഡ് തുടങ്ങിയവയാണ് റിതുവിന്റേതായി പുറത്തിറങ്ങിയിട്ടുള്ള മറ്റു പുസ്തകങ്ങൾ.
ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങുമുള്ള ഫാഷൻ പ്രേമികളുടെ പ്രിയ ഡിസൈനറായ റിതുവിനെ തേടി നിരവധി അംഗീകാരങ്ങളുമെത്തിയിട്ടുണ്ട്. രാഷ്ട്രീയ ഷിരോമണി പുരസ്കാരം, 2000-ൽ മില്ലെനിയം അച്ചീവർ അവാർഡ്, 2004-ൽ ഗ്ലോബൽ എക്സലൻസ് അവാർഡ്, 2007- ലെ കൽപ്പന ചൗള എക്സലൻസ് അവാർഡ്, 2010- ഫ്രഞ്ച് സർക്കാരിന്റെ പുരസ്കാരം, 2014-ൽ സ്പാനിഷ് സർക്കാർ പുരസ്കാരം, 2016-ൽ ദി ഇൻസ്പിരേഷണൽ പവർ ബ്രാൻഡ്സ് ഗ്ലാം അവാർഡ്തു, 2019-ൽ ഉസ്ബെക്കിസ്ഥാനിലെ ടൂറിസം മന്ത്രാലയം ഉസ്ബെക്കിസ്ഥാന്റെ സാംസ്കാരിക, ടൂറിസം അംബാസിഡർ പദവി തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് റിതുവിന് ലഭിച്ചിട്ടുള്ളത്. 2020-ലെ റിതു ഭേരിയുടെ സൃഷ്ടികളെ ആദരിക്കുന്നതിനായി കേന്ദ്രസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയതും ശ്രദ്ധേയം.
ലോകവ്യാപകമായി ഫാഷൻ ട്രെൻഡുകൾക്ക് തുടക്കമിടുന്ന മാഗസിൻ എന്ന പെരുമയുള്ള പ്രോംസ്റ്റൈൽസ് അക്യൂസ്റ്റൈൽ മാഗസിനിൽ റിതുവിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധ നേടി. ആദ്യമായാണ് ഇന്ത്യക്കാരിയായ ഒരു ഫാഷൻ ഡിസൈനറെക്കുറിച്ച് ഈ മാഗസിനിൽ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിൽ തൊപ്പികളുടെ ശേഖരം പുറത്തിറക്കിയ ആദ്യ ഡിസൈനർ എന്ന ബഹുമതിയും റിതുവിന് സ്വന്തമാണ്. ഇന്റീരിയർ ഡിസൈനിങ്ങിലും റിതു കഴിവ് തെളിയിച്ചിട്ടുണ്ട്.