ചരിത്രം കുറിച്ച് നേപ്പാളിന്റെ പ്ലസ് സൈസ് സുന്ദരി
വിശ്വസുന്ദരിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ മിന്നും താരമായി ജെയ്ൻ ദീപിക ഗാരറ്റ്. 2023-ലെ 72-മത് മിസ് യൂണിവേഴ്സ് കീരിടം നേടിയതു നിക്കരാഗ്വൻ സുന്ദരി ഷീനിസ് പലാസിയോസ് ആണെങ്കിലും വാർത്തകളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നിറഞ്ഞുനിന്നതു ജെയ്ൻ ദീപികയാണ്. മെലിഞ്ഞവരാണ് സുന്ദരികളെന്ന ധാരണയെ തിരുത്തിക്കുറിച്ച വണ്ണമുള്ള നേപ്പാളുകാരി. എൽസാൽവദോറിലെ സാൻ സാൽവഡോറിൽ ജോസ് അഡോള്‍ഫോ പിനേഡ അരീനയില്‍ നടന്ന അതിഗംഭീരമായ ചടങ്ങിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ജെയ്ൻ.
മിസ് യൂണിവേഴ്സ് മത്സരത്തിൽ ആദ്യത്തെ പ്ലസ് സൈസ് മത്സരാർഥിയായി ചരിത്രം സൃഷ്ടിച്ച ജെയ്ൻ മികച്ച 20 ഫൈനലിസ്റ്റിലുകളിൽ ഒരാളാകുകയും ചെയ്തു. 23-കാരിയായ ഈ സുന്ദരിയെ അഭിനന്ദിക്കുന്നവർ ഏറെയുണ്ടെങ്കിലും നിരവധി വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നേപ്പാളിനെ പ്രതിനിധീകരിച്ചാണ് ജെയ്ൻ ദീപിക മിസ് യൂണിവേഴ്സ് മത്സരവേദിയിലേക്കെത്തിയത്.

മിസ് നേപ്പാൾ കിരീടം നേടിയ നാളുകൾ മുതൽ വിമർശനങ്ങൾ നേരിടുന്നുണ്ടെന്നു ജെയ്ൻ പറയുന്നു. അവൾ ഒരു തിമിംഗലമാണ്, വെറുപ്പ് തോന്നുന്നു, അമിത വണ്ണത്തെ പ്രോത്സാഹിപ്പിക്കുന്നു, നീയെന്താ ജിമ്മിൽ പോകാത്തത് ഇങ്ങനെയുള്ള കമന്റുകളാണ് കേൾക്കേണ്ടി വന്നിട്ടുള്ളത്. എന്നാൽ എന്റെ കഥയെന്താണ്, ഞാനെന്താണ് അനുഭവിക്കുന്നത് എന്നൊന്നും അവർക്ക് അറിയില്ലല്ലോ. സോഷ്യൽ മീഡിയയിലൂടെയാണ് എന്നെ വിലയിരുത്തുന്നത്. എന്നാൽ അതൊന്നും എന്നെ ബാധിക്കുന്നില്ല, അങ്ങനെ ബാധിക്കാൻ അനുവദിക്കുകയും ഇല്ല. സമൂഹത്തിൽ ചില ആളുകൾ ചിലപ്പോഴൊക്കെ ക്രൂരരാകുമെന്നും ജെയ്ൻ പറയുന്നു.
അമിതവണ്ണത്തിന് ഇടയാക്കുന്ന പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്ന രോഗമുണ്ട് ജെയ്ൻ ദീപികയ്ക്ക്. എന്റെ ഹോർമോൺ പ്രശ്നങ്ങൾ കാരണം അടുത്തകാലത്തായി ശരീരഭാരം വളരെയധികം വർദ്ധിച്ചു. അത് എന്റെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ശരിക്കും ബാധിച്ചു, കാരണം ഞാൻ വേണ്ടത്ര നല്ലതല്ലെന്നും സുന്ദരിയല്ലെന്നുമൊക്കെയാണ് ചിന്തിച്ചത്. എന്നാൽ ആ ചിന്തകളിൽ നിന്നൊക്കെ പുറത്തു കടക്കണമെന്നും പോസിറ്റീവായ ചിന്തകളുണ്ടാകണമെന്നും മനസിലാക്കി. സ്വയം സ്നേഹിക്കണമെന്നും തിരിച്ചറിഞ്ഞുവെന്നും ജെയ്ൻ

മിസ് നേപ്പാളിന് ശേഷം വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലും മിസ് യൂണിവേഴ്സ് മത്സരത്തിന് ശേഷം മാറ്റമുണ്ടായിട്ടുണ്ടെന്നും ജെയ്ൻ. പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. വേദിയിൽ ഞാൻ നിൽക്കുമ്പോൾ ഉച്ചത്തിലുള്ള കരഘോഷമാണ് എനിക്ക് ലഭിച്ചത്. അതെനിക്ക് വലിയ സന്തോഷമാണ് നൽകിയത്. ആളുകൾ സ്വീകരിക്കുന്നുവെന്നു സന്തോഷത്തോടെ തിരിച്ചറിഞ്ഞുവെന്നും ജെയ്ൻ ദീപിക കൂട്ടിച്ചേർത്തു. അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുള്ള ജെയ്നിന് 80 കിലോഗ്രാം ഭാരമുണ്ട്. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് വണ്ണമുള്ള ജെയ്നിന് പങ്കെടുക്കാനായത്. സ്ത്രീകളുടെ ശരീരത്തിലെ വ്യത്യസ്തമായ മാറ്റങ്ങൾ ആഘോഷിക്കാനും, എല്ലാ വലുപ്പത്തിൽ ഉള്ളവരെയും ആകൃതിയിൽ ഉള്ളവരെയും ഉൾക്കൊള്ളാനും സമയമായെന്നും ജെയ്ൻ പറയുന്നു. സ്വിംസ്യൂട്ട് റൗണ്ടിലും ജെയ്ൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആത്മവിശ്വാസത്തോടെയാണ് ജെയ്ൻ റാംപിൽ ഓരോ ചുവടും വെച്ചത്. മെറ്റാലിക് ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് സ്വിംസ്യൂട്ട് റൗണ്ടിൽ ധരിച്ചത്.
നേപ്പാളിലെ കാഠ്മണ്ഡു സ്വദേശിയാണ് ജെയ്ൻ. പിതാവ് അമേരിക്കക്കാരനും മാതാവ് നേപ്പാൾ വംശജയുമാണ്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം കാരണം വിഷാദം അനുഭവിച്ചതിനുശേഷം സ്ത്രീകളുടെ ഹോർമോൺ, മാനസിക, ശാരീരിക ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങളിൽ സജീവമായിരുന്നു ഇവർ. ഹോർമോൺ അസന്തുലിതാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തിൽ അവയ്ക്ക് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മറ്റുള്ളവരെ ബോധവത്ക്കരിക്കുന്നതിനും ജെയ്ൻ ശ്രമിച്ചിരുന്നു. സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകളിൽ മാറ്റം വരുത്താനും പ്ലസ് സൈസ് ശരീരത്തെ സാധാരണ നിലയിലാക്കാനും ജെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചിരുന്നു. മോഡലിങ്ങിലും സജീവമായ ജെയ്ൻ ദീപിക നഴ്സ് ആണെന്നതും ശ്രദ്ധേയം.