ആത്മവിശ്വാസത്തിന്റെ സൗന്ദര്യം
ജീവിതയാത്രയിൽ ഒരു കാലം പിന്നിടുമ്പോൾ എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്താലോയെന്നു ചിലരൊക്കെ ചിന്തിച്ചേക്കും. പക്ഷേ വീടും കുടുംബവും ജോലിയുമൊക്കെ നിറയുന്ന തിരക്കുകൾക്കിടയിൽ പലർക്കും ആ ചിന്തയ്ക്ക് പിന്നാലെ സഞ്ചരിക്കാനായെന്നു വരില്ല. പ്രത്യേകിച്ച് സ്ത്രീകൾക്കായിരിക്കും മോഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാനകാതെ തടസ്സങ്ങൾ നേരിടേണ്ടി വരുന്നത്. എന്നാൽ പ്രായവും തിരക്കുകളുമൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്ന നിരവധി സ്ത്രീകളുമുണ്ട്. അക്കൂട്ടത്തിലൊരാളെ പരിചയപ്പെടാം… മിസിസ് ഗ്ലോബൽ ഇന്ത്യ ഇന്റർനാഷണൽ കിരീടം നേടിയ അഡ്വ. പി.ആർ മഞ്ജുള. ഗ്ലോബൽ ഇന്ത്യ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻ കമ്പനി ഡൽഹിയിൽ നടത്തിയ സൗന്ദര്യമത്സരത്തിലാണ് ഈ അമ്പതുകാരി കിരീടം സ്വന്തമാക്കിയത്. കർമ്മ മേഖലയിൽ അഭിഭാഷക കുപ്പായം ധരിച്ചെങ്കിലും മഞ്ജുളയുടെ മനസ് നിറയെ സ്വപ്നങ്ങളാണ്. അല്ല സ്വപ്നങ്ങൾ മാത്രമല്ല അതൊക്കെയും മഞ്ജുളയുടെ ജീവിതലക്ഷ്യങ്ങളുമാണ്.

ഈ നേട്ടം അപ്രതീക്ഷിതം
സൗന്ദര്യമത്സരങ്ങൾ, ഫാഷൻ ഷോ ഇതൊന്നും ഒരിക്കലും സ്വപ്നങ്ങളിൽ ഇല്ലായിരുന്നുവെന്നു മഞ്ജുള പറയുന്നു. അപ്രതീക്ഷിതമായി ആ രംഗത്തേക്കെത്തി, വിജയകിരീടം നേടാനുമായതാണ്. കഴിഞ്ഞ പത്ത് വർഷമായി ബെംഗളൂരുവിൽ ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കുകയാണ്. അഭിഭാഷക ജോലിയുമുണ്ട്. ഇതിനിടയിൽ പെട്ടെന്നൊരു തോന്നലിലാണ് ഫാഷൻ ഷോയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഓഡിഷന് വിളിച്ച പരസ്യം കണ്ടു. വെറുതേ അയച്ചു നോക്കി. ഓഡിഷനിൽ പങ്കെടുക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴും വിശ്വസിക്കാനാകുന്നില്ലായിരുന്നു. ഓഡിഷനിൽ പങ്കെടുത്തു സെലക്റ്റാകുകയും ചെയ്തു. മത്സരം നടക്കുന്നത് ഡൽഹിയിലാണ് പങ്കെടുക്കുന്നവർ അവിടേക്ക് വരണമെന്നു കേട്ടതോടെ മനസിലൊരു സംശയം. പോകണോ, മറ്റൊന്നും കൊണ്ടല്ല ഈ രംഗത്ത് ഒരു പരിചയവുമില്ലാത്ത ആളല്ലേ ഞാൻ. ഇത് തട്ടിപ്പ് ആയിരിക്കുമോ എന്നാണാദ്യം തോന്നിയത്. ഇവന്റ് സംഘടിപ്പിക്കുന്ന കമ്പനിയെക്കുറിച്ചൊന്നും എനിക്കറിയില്ലാല്ലോ. പക്ഷേ അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഗൂഗിളിലും മറ്റും സെർച്ച് ചെയ്തു. ബ്യൂട്ടി പേജന്റ്സ് മത്സരം നടത്തുന്ന മികച്ച കമ്പനികളിലൊന്നാണിതെന്നു മനസിലായതോടെ ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചു.
ഓൾ ഇന്ത്യ ലെവലിൽ എല്ലാ പ്രായക്കാർക്കു വേണ്ടിയും സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്ന കമ്പനിയാണ് ഗ്ലോബൽ ഇന്ത്യ എന്റർടെയ്ൻമെന്റ്. ടീൻ, മിസ്റ്റർ, മിസ്, മിസിസ് തുടങ്ങിയ കാറ്റഗറികളിലായാണ് മത്സരങ്ങളുള്ളത്. ഇക്കൂട്ടത്തിൽ 40 ന് മുകളിൽ പ്രായമുള്ളവരുടെ കാറ്റഗറിയിലാണ് മഞ്ജുള മത്സരിച്ചു വിജയിച്ചത്. കേരളത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ മിസിസ് ഗ്ലോബൽ ഇന്ത്യ ഇന്റർനാഷണൽ മത്സരത്തിൽ ടൈറ്റിൽ വിജയിയാകുന്നത്. ബോളിവുഡ് നടി മലൈക അറോറയാണ് കീരിടം അണിയിച്ചത്.

ഞാൻ ഒറ്റയ്ക്കാണ് ഡൽഹിയിലേക്ക് പോയത്. ആ ലോകം വളരെ വ്യത്യസ്തമായിരുന്നു. കളർഫുൾ വേൾഡ് എന്നൊക്കെ പറയാം. പിന്നീട് ട്രെയ്നിങ്ങും ഗ്രൂമിങ്ങുമൊക്കെയായി കുറച്ച് ദിവസങ്ങൾ. സെലിബ്രിറ്റികളും മോഡലുകളുമൊക്കെയാണ് ക്ലാസ് നൽകിയത്. റാംപിൽ എങ്ങനെ നടക്കണം, സ്റ്റേജ് പെർഫോമൻസ് എങ്ങനെ എന്നൊക്കെ പറഞ്ഞു തന്നു. കോസ്റ്റ്യൂംസ്, മേക്കപ്പ് എന്നിവ അവർ തന്നെയാണ് നൽകിയത്. കിരീടം നേടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ, എന്റെ മനസിലെ ധാരണ എന്തെന്നാൽ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ മെലിഞ്ഞവരും ഉയരം കൂടുതലുള്ളവരും നന്നായി സംസാരിക്കാനറിയുന്നവരും മാത്രമേയുണ്ടാകൂവെന്നാണ്. അങ്ങനെയുള്ളവർ മാത്രമേ വിന്നറാകൂവെന്നുമൊക്കെയുള്ള എന്റെ ധാരണകൾ തെറ്റാണെന്നു ഈ ഷോയിലൂടെ മനസിലായി.

40 വയസ് വരെയുള്ളവർ ഉൾപ്പെടുന്ന ഗോൾഡ് ഗ്രൂപ്പും 40ന് മുകളിൽ പ്രായമുള്ളവർ അടങ്ങുന്ന പ്ലാറ്റിനം കാറ്റഗറിയുമാണ് മിസിസ് മത്സരത്തിനുണ്ടായിരുന്നത്. 40-ന് മുകളിൽ ഏതു പ്രായക്കാർക്കും പങ്കെടുക്കാമായിരുന്നു. കൂട്ടത്തിൽ 69 വയസുള്ള സ്ത്രീയും മത്സരത്തിനുണ്ടായിരുന്നു. ആ 69-കാരിയും റാപിലൂടെയൊക്കെ നടന്നു. നല്ല വണ്ണമുള്ള സ്ത്രീയും ഉയരം വളരെ കുറഞ്ഞ സ്ത്രീയുമൊക്കെ ഒരു മടിയുമില്ലാതെ മത്സരത്തിൽ പങ്കാളികളായി. ഇവരൊക്കെ റാംപ് വോക്ക് ചെയ്യുകയും ചെയ്തു. ഇവർക്കൊക്കെ ചെറിയ ടൈറ്റിൽസും കിരീടവുമൊക്കെ കിട്ടി. വളരെ നല്ല അനുഭവങ്ങളാണ് ഈ ഷോയിലൂടെ ലഭിച്ചത്. ജീവിതകാലം മുഴുവനും മനസിൽ നിറഞ്ഞു നിൽക്കുന്ന നല്ല നിമിഷങ്ങളാണ് മത്സരം സമ്മാനിച്ചത്.

ഡയറ്റ് ആൻഡ് ഫിറ്റ്നസ്
മത്സരത്തിന് മുന്നോടിയായി ഒരുക്കങ്ങളും നടത്തിയിരുന്നു. ബോഡി ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നൊരാളാണ് ഞാൻ. എന്നാൽ മത്സരത്തിന് മുന്നോടിയായി കുറച്ച് വണ്ണമൊക്കെ കുറയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. കുറച്ച് വയറൊക്കെയുണ്ടായിരുന്നു, അതൊക്കെ കുറയ്ക്കാനും മറ്റും നിത്യേന വ്യായാമം ചെയ്തു, സൗന്ദര്യസംരക്ഷണത്തിനും സമയം ചെലവഴിച്ചു. ഓഡിഷന് മുൻപ് ഏതാണ്ട് ഒന്നര മാസത്തെ സമയം കിട്ടിയിരുന്നു. ആ സമയത്താണ് ഇതിനൊക്കെയും ശ്രമിച്ചത്. ഇങ്ങനെയൊക്കെ ചെയ്തപ്പോൾ എന്നിലെ ആത്മവിശ്വാസം കൂടിയെന്നു പറയാം. ജിമ്മിൽ പോകുന്ന പതിവ് പണ്ടേയില്ല. കാരണം എന്റെ ശരീരം അത്ര പ്രായം തോന്നിക്കുന്നതല്ല. ബോഡി ഫിറ്റ്നസ് നോക്കാറുമുണ്ടല്ലോ. 25-ഉം 20-ഉം വയസുള്ള രണ്ട് വലിയ മക്കളുടെ അമ്മയാണെന്നു കണ്ടാൽ തോന്നില്ലെന്നു പണ്ടേ പലരും പറയാറുണ്ട്. എനിക്കിപ്പോ 50 വയസ് ഉണ്ട്. ഫിറ്റ്നസിന് വേണ്ടി റഗുലറായി വ്യായാമം ചെയ്യുന്നുണ്ട്. പാട്ടൊക്കെ വച്ച് ഡാൻസ് ചെയ്യുന്ന ശീലമുണ്ട്. ഡാൻസ് നല്ലൊരു വ്യായാമം ആണ്. ആസ്വദിച്ച് ചെയ്യുന്നതിനാൽ മനസിന് സന്തോഷവും കിട്ടും.
നന്നായി ഭക്ഷണം കഴിക്കും, നോൺ വെജ് കൂടുതലും. പലരും പറയുന്ന പോലെ നോൺ വെജ് അപകടകരമൊന്നും അല്ല, ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. മത്സ്യവിഭവങ്ങളൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. റെഗുലറായി ഫിഷ് കഴിക്കുന്നൊരാളാണ്. വറുത്ത ഭക്ഷണങ്ങൾ അധികം കഴിക്കാറില്ല. മാത്രമല്ല എണ്ണയിൽ പൊരിക്കുന്ന ഭക്ഷണങ്ങളോട് വലിയ താത്പ്പര്യവുമില്ല. കുറേ വെജിറ്റബിൾസ് കഴിക്കും. ചിക്കൻ മാത്രമായും കഴിക്കാറുണ്ട്. നാവിന് രുചി കിട്ടുന്ന ഭക്ഷണം കഴിക്കണമെന്നേയുള്ളൂ. ഓയിൽ ഭക്ഷണത്തിൽ കുറേ അളവിൽ ഉപയോഗിക്കാറില്ല. എരിവും ഉപ്പും മധുരവുമൊക്കെ മിതമായാണ് ഉപയോഗിക്കുക. ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം ആറുമാസം കൂടുമ്പോൾ ഹെൽത്ത് ചെക്കപ്പ് നടത്താറുണ്ട്.

ഏതു സമയത്തും വളരെ ആക്റ്റീവായിരിക്കുന്ന വ്യക്തി കൂടിയാണ്. ശരീരവും മനസും മാത്രമല്ല എന്റെ തലച്ചോറിനെയും വെറുതേ ഇരുത്താറില്ല. ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് കൊണ്ട് എപ്പോഴും ശരീരം ഉണർന്നിരിക്കും. എഴുതാറുണ്ട്, വരയ്ക്കാറുണ്ട്, ഇതൊക്കെ എന്റേതായ ലോകമാണ്. ഇതിനൊപ്പം എനിക്ക് ചുറ്റുമുള്ള സ്ത്രീകളെ മോട്ടിവേറ്റ് ചെയ്യാറുണ്ട്. അഭിഭാഷക ജോലിയല്ലേ അതിന്റേതായ കുറേ ഉത്തരവാദിത്വങ്ങളും എപ്പോഴും കൂടെയുണ്ടാകും. പ്രശ്നങ്ങളുമൊക്കെയായി വരുന്നവരെ മോട്ടിവേറ്റ് ചെയ്തു സമാധാനിപ്പിക്കുകയും വേണമല്ലോ. സൗന്ദര്യസംരക്ഷണത്തിന് ആയൂർവേദരീതികളാണ് പിന്തുടരുന്നത്. ഇടയ്ക്കൊക്കെ ആയൂർവേദ ഡോക്റ്ററെ കൺസൾട്ട് ചെയ്യാറുണ്ട്. നാൽപ്പമരാദി എണ്ണ തേച്ചുള്ള കുളിയും കാച്ചെണ്ണ മുടിയിൽ തേയ്ക്കുന്നതും ശീലമായിരുന്നു. സ്കിൻ വളരെ സെൻസിറ്റീവാണ്. അതുകൊണ്ട് ബ്യൂട്ടിപാർലറുകളിൽ പോകാറില്ല. കടലമാവ് പോലുള്ള വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് മുഖത്ത് പാക്ക് ഇടാറുണ്ട്.

സ്ത്രീകളോട് പറയാനുള്ളത്
ഇനിയുള്ള ലക്ഷ്യത്തെക്കുറിച്ചും മഞ്ജുളയ്ക്ക് കൃത്യമായ ധാരണയുണ്ട്. സിനിമയും മോഡലിങ്ങും സൗന്ദര്യമത്സരവുമൊന്നും ഇവരെ ആകർഷിക്കുന്നില്ല. സിനിമയിൽ അഭിനയിക്കാനൊന്നും സാധിക്കുമെന്നു തോന്നുന്നില്ലെന്നാണ് അവർ പറയുന്നത്. ബ്യൂട്ടി പേജന്റ്സുകളിൽ പങ്കെടുക്കുകയല്ല ഇനി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ പേജന്റ്സിനുള്ള അവസരം കുറവാണ്. ബ്യൂട്ടി പേജന്റ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡൽഹിയിലോ ബെംഗളൂരുവിലോ പോകേണ്ട സാഹചര്യമാണ്. സ്പോൺസറെ കിട്ടുകയാണെങ്കിൽ കേരളത്തിൽ ബ്യൂട്ടി പേജന്റ്സ് കണ്ടക്റ്റ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ കേരളത്തിലെ സ്ത്രീകളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം. കാരണം പുരുഷൻമാർ അവരുടെ സന്തോഷങ്ങൾ കണ്ടെത്തുന്നുണ്ട്. എന്നാൽ വിവാഹമൊക്കെ കഴിഞ്ഞ സ്ത്രീകളെ ഇത്തരം എന്റർടെയ്ൻമെന്റുകളിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്.

കുടുംബത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. തറവാട്ടിലെ ഒട്ടുമിക്കവരും പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. കിരീടം കിട്ടിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. ഇങ്ങനെയൊരു നേട്ടം കുടുംബത്തിൽ ആദ്യമല്ലേ.. നീ എങ്ങനെ ഇതൊക്കെ നേടി എന്ന് പലരും ചോദിച്ചു. അമ്പതാം വയസിൽ മക്കളും ചെറുമക്കളുമൊക്കെയായി മുത്തശ്ശിമാരായിട്ടല്ലേ പലരും ജീവിക്കുന്നത്. 40 കഴിഞ്ഞാൽ പല സ്ത്രീകളും സംസാരിക്കുന്നത് പോലും അമ്മൂമ്മമാരെ പോലെയാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ജീവിക്കാനാകുന്നുവെന്നത് സന്തോഷമാണ്. ഞാനീ പ്രായത്തിലും കോളെജ് പെൺകുട്ടികളെ പോലെയാണ് ജീവിക്കുന്നത്. സ്കൂട്ടർ ഓടിച്ചും ജീൻസ് ധരിച്ചും കൗമാരക്കാരികളെ പോലെയാണ് എന്റെ ജീവിതം. മക്കളോട് ഞാൻ ചോക്ലേറ്റ്സിന് വേണ്ടി വഴക്ക് കൂടാറൊക്കെയുണ്ട്. പ്രായത്തിന്റെ പക്വതയൊന്നും ഇല്ല. അല്ലെങ്കിൽ തന്നെ ആ പക്വത എനിക്ക് വേണ്ട. ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാകും എനിക്ക് സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നത്. എനിക്ക് എന്നോട് തന്നെ പ്രണയമാണ്. കണ്ണാടി നോക്കുമ്പോൾ ഞാൻ സ്വയം പറയും, യൂ ആർ സോ ബ്യൂട്ടിഫുൾ എന്ന്.

വിവാഹത്തോടെ പല സ്ത്രീകളും വീട്ടുകാര്യങ്ങളിൽ മാത്രമായി ഒതുങ്ങി പോകുന്നു. സ്ത്രീകളെ നിങ്ങൾ ജോലി കണ്ടെത്തണം, സ്വയം വരുമാനം കണ്ടെത്തണം, ഇൻഡിപെൻഡന്റ് ആകണം, നിങ്ങളുടെ ഇഷ്ടങ്ങളും പാഷനും തിരിച്ചറിഞ്ഞ് അതൊക്കെ ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ മനസിൽ സന്തോഷം നിറയും. സാമ്പത്തികമായും ഇമോഷണലിയും സ്വതന്ത്ര്യയായിരിക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കാനാകാണം. എല്ലാ സ്ത്രീകളോടും മഞ്ജുളയ്ക്ക് നൽകാനുള്ള നിർദേശമാണിത്. പാലക്കാട് എൻ എസ് എസ് കോളെജിലെ പ്രൊഫസറായിരുന്നു മഞ്ജുളയുടെ ഭർത്താവ് നന്ദകുമാർ. വിഷ്ണുവും കിഷോറുമാണ് മക്കൾ. വിഷ്ണു ഗ്രാഫിക് ഡിസൈനിങ്ങും കിഷോർ കോൽക്കത്തയിലെ ഐസർ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കുന്നു.