മാധ്യമ പ്രവർത്തകയിൽ നിന്നും ഫാഷൻ ലോകത്തേക്ക്
വെര എല്ലെൻ വാങ് എന്ന വെര വാങ് അമേരിക്കൻ ഫാഷൻ ഡിസൈനറാണ്. ഫാഷൻ മാസികയായ വോഗിൽ മാധ്യമ പ്രവർത്തകയായി ജോലി നോക്കിയ ശേഷം ആണ് ഫാഷൻ ലോകത്തേക്ക് വെര വാങ് എത്തിപ്പെടുന്നത്. സ്കെറ്റിന്ഗിലും വലിയ നേട്ടങ്ങൾ കൈവരിച്ച വെര വാങ്ങിന്റെ വിശേഷങ്ങൾ നിരവധിയാണ്. 74 വയസ്സുകാരിയായ വെര വാങ്ങിന്റെ ജീവിത ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.
ഫാഷൻ ലോകത്തേക്ക് 1940-കളുടെ മധ്യത്തിൽ അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് വംശജരായ വാങ്ങിന്റെ മാതാപിതാക്കൾക്ക് 1949ൽ ന്യൂയോർക് സിറ്റിയിൽ ജൂൺ 27 നാണ് വെരാ എല്ലെൻ വാങ് എന്ന മൾട്ടി ബില്ലിയോണയർ ജനിക്കുന്നത്. അവരുടെ മാതാവ് ഫ്ലോറൻസ് വു (വു ചിഫാംഗ്) യുണൈറ്റഡ് നേഷൻസിൻ്റെ പരിഭാഷകയായി ജോലിചെയ്ത ആളാണ്. പിതാവ് ചെങ് ചിംഗ് വാങ് (വാങ് ചെങ്കിംഗ് യാഞ്ചിംഗ്) ഒരു മെഡിസിൻ കമ്പനിയുടെ ഉടമയായിരുന്നു. വാങിന് കെന്നത്ത് എന്ന ഒരു സഹോദരനും കൂടെയുണ്ട്.

വാങ് അവരുടെ എട്ടാമത്തെ വയസ്സിൽ ഫിഗർ സ്കേറ്റിംഗിൽ ചേർന്നിരുന്നു. ഒരുപാട് പരിശീലനങ്ങൾക്ക് ശേഷം 1968 ലെ യുഎസ് ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു . 1968 ജനുവരി 9-ലെ സ്പോർട്സ് മാഗസിനിൽ സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റഡിൻ്റെ ഫേസസ് ഇൻ ദ ക്രൗഡിൽ കൂടെ അവർ ഇടം നേടി. യുഎസ് ഒളിമ്പിക്സ് ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ ആണ് അവൾ ഫാഷൻ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത്. വാങ് സ്കേറ്റിംഗ് ആസ്വദിക്കുന്നത് ഇപ്പോഴും തുടരുന്നു എന്നതാണ് വാസ്തവം.സാറാ ലോറൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ വാങ് പ്രമുഖ ഫാഷൻ മാസികയായ വോഗിൽ എഡിറ്ററായി നിയമിക്കപ്പെട്ടു. ആ മാസികയിലെ ഏറ്റവും പ്രായം കുറഞ്ഞ എഡിറ്ററായിരുന്നു വാങ്. അവർ 17 വർഷമാണ് വോഗിൽ ജോലിയനുഷ്ഠിച്ചത്. ശേഷം 1987-ൽ പ്രശസ്ത ഫാഷൻ കമ്പനിയായ റാൽഫ് ലോറനിൽ ചേർന്നു . 40-ാം വയസ്സിൽ ജോലി രാജിവച്ച് ഒരു സ്വതന്ത്ര ബ്രൈഡൽ വെയർ ഡിസൈനറായി പ്രവർത്തിക്കാൻ തുടങ്ങി.

സ്വപ്ന സാക്ഷാത്കാരം
1990-ൽ, ന്യൂയോർക്ക് സിറ്റിയിലെ കാർലൈൽ ഹോട്ടലിൽ വാങ് സ്വന്തം ഡിസൈൻ സലൂൺ തുറന്നു. അതിൽ വാങ്ങിന്റെ ട്രേഡ്മാർക്ക് ആയ ബ്രൈഡൽ ഗൗണുകളുടെ ശേഖരമാണ് ഉണ്ടായിരുന്നത്. അതിനുശേഷം ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്നി എന്നിവിടങ്ങളിൽ ബ്രൈഡൽ ബോട്ടിക്കുകൾ തുറക്കുകയും, സുഗന്ധ ദ്രവ്യങ്ങൾ, ആഭരണങ്ങൾ, കണ്ണടകൾ, ഷൂസ്, ഹോംവെയർ ശേഖരങ്ങൾ എന്നിവയിലൂടെ തൻ്റെ ബ്രാൻഡ് വിപുലീകരിക്കുകയും ചെയ്തു.

“വൈറ്റ് ബൈ വെരാ വാങ്” എന്ന തലകെട്ടോടു കൂടി ഗൗണുകളുടെ ശേഖരം 2011ൽ പ്രദർശിപ്പിച്ചു. ബ്രൈഡൽ ഗൗണുകളുടെ വില ഡോളർ 600 മുതൽ ഡോളർ 1,400 വരെയാണ് ഉണ്ടായിരുന്നത്. 2002-ൽ, വാങ് ഗാർക ഫാഷൻ വ്യവസായത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി. ദി വെരാ വാങ് ചൈന, സിംപ്ലി വെര തുടങ്ങി ഫാഷൻ ലൈനിൻ്റെ പ്രകാശനം പലയിടങ്ങളിലായി പ്രദർശിപ്പിച്ചു.
2012 ജൂണിൽ, “വേരാ വാങ് ബ്രൈഡ് സിഡ്‌നി”, പ്രസിഡൻ്റ് ജുങ് മി- റിയുടെ നേതൃത്വത്തിൽ അവളുടെ ആദ്യത്തെ ഏഷ്യൻ മുൻനിര സ്റ്റോർ “വെരാ വാങ് ബ്രൈഡൽ കൊറിയ” എന്നിവ തുറന്നു. ഹെയ്‌ലി വില്യംസ്, അരിയാന ഗ്രാൻഡെ, ചെൽസി ക്ലിൻ്റൺ, കരീന ഗോർ,ഇവാങ്ക ട്രംപ്, കാംബെൽ ബ്രൗൺ, അലീസിയ കീസ്, മരിയ തുടങ്ങിയ പ്രശസ്ത വനിതകൾക്കായി വാങ് വിവാഹ വസ്ത്രങ്ങൾ നിർമിച്ചു കൊടുത്തിട്ടുണ്ട്. ഗംഭീരമായ വിവാഹ വസ്ത്രങ്ങൾക്ക് പേരുകേട്ടവളായി വാങ് അറിയപ്പെടാൻ തുടങ്ങി. വാങിൻ്റെ സായാഹ്ന വസ്ത്രം മിഷേൽ ഒബാമയും അണിഞ്ഞിട്ടുണ്ട്.
വിൻ്റർ ഒളിമ്പിക് ഗെയിംസിൽ വാങ് രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾ ധരിച്ച ഫിഗർ സ്കേറ്റർമാരിൽ നാൻസി കെറിഗൻ ( 1992 , 1994 ), മിഷേൽ ക്വാൻ ( 1998 , 2002 ), ഇവാൻ ലിസാസെക് ( 2010 ), നഥാൻ ചെൻ ( 2018 , 2022 ) എന്നിവരും ഉൾപ്പെടുന്നുണ്ട്. കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ കായികരംഗത്ത് നൽകിയ സംഭാവനകൾക്ക് വാങ് 2009-ൽ യുഎസ് ഫിഗർ സ്കേറ്റിംഗ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി. ഫിലാഡൽഫിയ ഈഗിൾസ് ചിയർലീഡേഴ്‌സ് ധരിക്കുന്ന യൂണിഫോം വാങ് ഡിസൈൻ ചെയ്തതായിരുന്നു.

2001 ഒക്ടോബർ 23-ന് ‘വെരാ വാങ് ഓൺ വെഡ്ഡിംഗ്സ്’ എന്ന പുസ്തകം പുറത്തിറങ്ങി. 2005 ജൂണിൽ, കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ് ഓഫ് അമേരിക്ക (CFDA) വുമൺസ്വെയർ ഡിസൈനർ ഓഫ് ദി ഇയർ പുരസ്‌കാരം നൽകി വാങ്ങിനെ ആദരിച്ചു. 2006 മെയ് 27 ന് സവന്ന കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ നിന്നും ആന്ദ്രേ ലിയോൺ ടാലി ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് വാങിന് ലഭിച്ചു.
2012-ലെ അക്കാദമി അവാർഡുകളിൽ വിയോള ഡേവിസ്, 65-ാമത് എമ്മി അവാർഡുകളിൽ സോഫിയ വെർഗാര എന്നിവരുൾപ്പെടെ നിരവധി റെഡ് കാർപെറ്റ് ഇവൻ്റുകളിൽ വാങിൻ്റെ സായാഹ്ന വസ്ത്രങ്ങൾ താരങ്ങൾ അണിഞ്ഞിട്ടുണ്ട്.2013-ൽ കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ് ഓഫ് അമേരിക്ക ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി വാങ്ങിനെ ആദരിച്ചു.2006-ൽ, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകളുടെ ശൃംഖലയായ കോൾസുമായി വാങ് ഒരു കരാറിലെത്തി , അവർക്ക് മാത്രമായി സിംപ്ലി വെരാ എന്ന പേരിൽ വിലകുറഞ്ഞ റെഡി-ടു-വെയർ വസ്ത്രങ്ങൾ നിർമ്മിച്ചു കൊടുത്തു.2018-ൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സെൽഫ് മായ്ഡ് വനിതകളുടെ പട്ടികയിൽ ഫോർബ്സ് അവരെ 34-ാം സ്ഥാനക്കാരിയായി ആദരിച്ചു.
സിനിമകളിലൂടെ മാത്രം തൻ്റെ ശേഖരങ്ങൾ അവതരിപ്പിച്ച വാങ്, 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, തന്റെ സ്പ്രിംഗ്/സമ്മർ 2020 ഫാഷൻ ഷോയ്ക്കായി ന്യൂയോർക്ക് ഫാഷൻ വീക്ക് റൺവേയിലേക്ക് മടങ്ങി. വാങ്ങിന്റെ ഷോയ്ക്ക് വളരെ നല്ല അവലോകനങ്ങൾ ആയിരുന്നു ലഭിച്ചത്. നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും വാങ്ങിന്റെ സൃഷ്ടികൾ അവതരിപ്പിച്ചിട്ടുണ്ട്.വാങ് ഇപ്പോഴും ഫാഷൻ ലോകത്ത് സജീവമാണ്.