ഡൽഹിയിലെ ലെഹംഗകൾ
ഒഴുകുന്ന പോലെ നീണ്ടു കിടക്കുന്ന ലെഹംഗകൾ. ഇളം നിറങ്ങളിലുള്ള തുണിത്തരങ്ങളിൽ വിലയേറിയ കല്ലും മുത്തും സ്വീകൻസുകളുമൊക്കെ തുന്നിച്ചേർത്തുണ്ടാക്കിയ അതിസുന്ദരമായ ലെഹംഗകൾ. റാംപിൽ വ്യത്യസ്ത തരം ലെഹംഗകളാണ് നിറഞ്ഞുനിന്നത്. ഡൽഹി ടൈംസ് ഫാഷൻ വീക്കിലാണ് ലെഹംഗകൾ അവയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തോടെ തിളങ്ങിയത്.

ന്യൂഡൽഹിയിലെ ദി ഗ്രാൻഡിൽ നടന്ന ഡൽഹി ടൈംസ് ഫാഷൻ വീക്കിന്റെ മൂന്നു ദിവസങ്ങളും അതിസുന്ദരങ്ങളായിരുന്നു. ആഡംബരമായി എംബ്രോയ്ഡറി ചെയ്ത ലെഹംഗയിൽ, റിതി ഷായുടെ സൗന്ദര്യം നിറഞ്ഞുനിന്നു. മുകേഷ് ദുബെ കോച്ചർ അതിമനോഹരമായ കരകൗശലവും അതിഗംഭീരമായ ഡിസൈനുകളും പ്രദർശിപ്പിച്ചുകൊണ്ട് ലെഹംഗകളുടെ ചാരുതയിൽ വിപ്ലവം സൃഷ്ടിച്ചു. പരമ്പരാഗത സൗന്ദര്യശാസ്ത്രത്തിന്റെയും ആധുനിക സംവേദനക്ഷമതയുടെയും സമ്മേളനത്തോടെയാണ് മുകേഷ് ദുബെ കോച്ചർ ഓരോ ലെഹംഗയും വികസിപ്പിച്ചെടുത്തത്. വിദഗ്‌ധമായി രൂപപ്പെടുത്തിയ സ്യൂട്ടുകളും ഗൗണുകളും മുതൽ മനോഹരമായി അലങ്കരിച്ച ലെഹംഗകളും സാരിയും വരെയുള്ള വസ്ത്രവും കരകൗശലത്തിന്റെയും പുത്തൻ ഫാഷൻ ലോകത്തിന്റെയും പുതുലോകമാണ് സമ്മാനിച്ചത്. പാരമ്പര്യവും ആധുനികതയും ഒരുമിക്കുന്നവയായിരുന്നു പ്രിയാ മോഹപത്രയുടെ ലേബലിൽ നിന്നുള്ള വസ്ത്രശേഖരം. പ്രിയയുടെ ഡിസൈനുകളിൽ പരമ്പരാഗത കരകൗശലത്തിന്റെയും സമകാലിക സൗന്ദര്യശാസ്ത്രത്തിന്റെയും അതിമനോഹരമായ സംയോജനവും ഉണ്ടായിരുന്നു, അത് സൗന്ദര്യവും അതുല്യതയും പ്രകടമാക്കി. എല്ലാ ഡിസൈനുകൾക്കും ഹൃദയങ്ങൾ കീഴടക്കാൻ കഴിയുന്ന ഒരു ക്ലാസിക് ലുക് ഉണ്ടായിരുന്നു.

അരവിന്ദ് ആംപുലയുടെ കണ്ടംപററി ശൈലിയിലുള്ള വസ്ത്ര ഡിസൈനുകൾ പ്രദർശിപ്പിച്ചു. അരവിന്ദ് ആംപുല കോച്ചർ മികച്ച കരകൗശലത്തോടുള്ള അഭിനിവേശത്തോടെയും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയോടെയും റാംപ് വോക്കിൽ വേറിട്ടുനിൽക്കുന്ന ഗംഭീരമായ വസ്ത്രങ്ങൾ വികസിപ്പിച്ചെടുത്തു. ബ്രാൻഡിന്റെ സൃഷ്ടികൾക്ക് വ്യത്യസ്ത ഭംഗി മാത്രമല്ല ധരിക്കുന്നവർക്ക് അവരുടെ ന്യൂ ലുക്ക് സമ്മാനിക്കുകയും ചെയ്തു.