പ്രണയദിനത്തിലെ ഐലന്റ് ഓഫ് ലവ്
സായാഹ്നങ്ങളിൽ കടൽത്തീരത്ത് കൂടി വെറുതേ നടക്കാൻ ഇഷ്ടപ്പെടുന്നുവർ ഏറെയുണ്ടാകും. വൈകുന്നേരങ്ങളിലെ കടലിന്റെ സൗന്ദര്യം കവികളും കഥാകാരൻമാരും എത്രയോ വർണിച്ചിരിക്കുന്നു. പ്രകൃതിസൗന്ദര്യം തുളുമ്പുന്ന അങ്ങനെയൊരു സായാഹ്നത്തിൽ ഗംഭീരമായ ഫാഷൻ ഷോ സംഘടിപ്പിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഫാഷൻ ഡിസൈനർ വിക്രം ഫഡ്നിസ്. കഴിഞ്ഞ പ്രണയദിനത്തിലാണ് പുത്തൻ സ്റ്റൈലും വ്യത്യസ്തമായ ഡിസൈനും നിറയുന്ന വസ്ത്രങ്ങളാൽ സമ്പന്നമായ ഇന്ത്യ ബീച്ച് ഫാഷൻ വീക്ക് 2023 നടന്നത്.

കടലോരങ്ങൾക്ക് പേരുകേട്ട ഗോവയിലാണ് ഷോ നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 13,14 ദിവസങ്ങളിലാണ് ബീച്ച് ഫാഷൻ ഷോയിലൂടെ പ്രണയത്തിന്റെ സീസൺ ആഘോഷിച്ചത്. ഗോവയിലെ ദിവാർ ഐലന്റിന് ഐലന്റ് ഓഫ് ലവ് എന്ന് പേരുനൽകിയാണ് പ്രണയദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ബീച്ച് ഫാഷൻ വീക്ക് നടത്തിയത്.

യാത്ര, റിസോർട്ട്, ഫാഷൻ എന്നിവയുമായി ചേർന്നുനിൽക്കുന്നതും അത്തരം ആശയങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് ഐലന്റിൽ ഷോ നടത്തിയതെന്നു സംഘാടകർ പറയുന്നു. ഈ വർഷത്തേത് ഷോയുടെ ഒമ്പതാം പതിപ്പായിരുന്നു. റിസോർട്ട് വസ്ത്രശേഖരവുമായാണ് വിക്രം ഫഡ്നിസ് ഇന്ത്യൻ ബീച്ച് ഫാഷൻ വീക്കിൽ പങ്കെടുത്തത്. ബ്ലൂം എന്നു പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ റിസോർട്ട് വസ്ത്രശേഖരമാണ് ഷോയിൽ അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഗോവയിൽ വസ്ത്രക്കട വിക്രം ആരംഭിച്ചിരുന്നു. അധവൻ എന്ന പേരിട്ട സ്റ്റോറിൽ നിരവധി റിസോർട്ട് വസ്ത്രങ്ങളുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു റിസോർട്ട് ഡ്രസുകൾ ഡിസൈൻ ചെയ്യുന്നത്. അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ബീച്ച് ഫാഷൻ വീക്കിന് വേണ്ടി അത്തരത്തിലുള്ള വസ്ത്രങ്ങൾ നിർമിക്കുന്നത്.

കടുത്ത പച്ചനിറങ്ങളും പരമ്പരാഗതശൈലിയും ഡിസൈനിങ്ങിന് ഉപയോഗിച്ചിട്ടുണ്ട് വിക്രം. കൂടുതലും യുവാക്കളെ ആകർഷിക്കുന്ന തരത്തിലാണ് ഡിസൈനുകളൊരുക്കിയിരിക്കുന്നത്. വർണാഭമായ വലിയ പാറ്റേണിൽ ഡിസൈൻ ചെയ്യുന്ന ബൊഹീമിയൻ പ്രിന്റ്സ് ഉപയോഗിച്ചും തയാറാക്കിയ വസ്ത്രങ്ങൾ ഷോയിൽ ഉൾപ്പെടുത്തിയിരുന്നു. കാഴ്ചയിൽ മാത്രമല്ല സുഖകരമായി ധരിക്കാനുമാകുന്ന വസ്ത്രങ്ങളായിരുന്നു ഷോയിലെ മോഡലുകൾ ധരിച്ചത്. റിസോർട്ട് വെയറുകൾക്കൊപ്പം ഓരോ മോഡലും ഗംഭീരമായ ഹെയർഡോസും ഫങ്കി മേക്കപ്പും ചെയ്താണ് റാംപിൽ ചുടവുവച്ചത്.

ഡിസൈനറും മുൻ മിസ് ടീൻ യൂണിവേഴ്‌സുമായ സൃഷ്‌ടി കൗറിന്റെ പുത്തൻ വസ്ത്രശേഖരവും ഫാഷൻ ഷോയിൽ പ്രദർശിപ്പിച്ചു. കലയും ഫാഷനും ഒരുമിക്കുന്ന നീളൻ ഗൗണിൽ മിന്നുന്ന അലങ്കാരങ്ങളും സമന്വയിപ്പിച്ചാണ് സൃഷ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. സൃഷ്ടി ധരിച്ച വസ്ത്രവും ശ്രദ്ധിക്കപ്പെട്ടു. സിൽവർ നിറത്തിലുള്ള വസ്ത്രമായിരുന്നു സൃഷ്ടി ധരിച്ചിരുന്നത്. നടി സാക്ഷി മാലിക്കായിരുന്നു ബീച്ച് ഫാഷൻ വീക്കിന്റെ ഷോ സ്റ്റോപ്പർ.