”എറ്റേണിറ്റി”വിദ്യാർഥികളുടെ ഫാഷൻ ഷോ
ഡിസൈനിങ്ങിന്റെ ആദ്യാപാഠങ്ങൾക്കൊപ്പം റാംപിലും ചുവടുവച്ച് ഒരു കൂട്ടം വിദ്യാർഥികൾ. ഇൻഡോറിലെ ഐ പി എസ് അക്കാഡമിയിലെ ഫാഷൻ ഡിസൈനിങ്ങ് വിദ്യാർഥികളാണ് അതിസുന്ദരമായ വസ്ത്രങ്ങൾക്ക് ഡിസൈൻ നൽകുകയും റാംപിൽ അവതരിപ്പിക്കുകയും ചെയ്തത്. അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർഥികളും അവരുടെ അധ്യാപകരുമാണ് അഹമദാബാദിൽ നടന്ന വേൾഡ് ടെക്സ്റ്റൈൽ കോൺഫറൻസിൽ എറ്റേണിറ്റി എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അവരുടെ ഫാക്കൽറ്റിയുടെ മേൽനോട്ടത്തിലാണ് വസ്ത്രങ്ങൾക്ക് രൂപം നൽകിയത്. പത്ത് റൗണ്ടുകളായാണ് ഷോ സംഘടിപ്പിച്ചത്. ദൈവം, പ്രകൃതി, ഇന്ത്യയുടെ പൈതൃകം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. മഹാകാൽ ഉജ്ജയിനിലെ 108 തൂണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകളും സമുദ്ര മന്തൻ, ത്രിപുരാസുര വധ്, കമൽ-കുണ്ഡ്, നന്ദി ദ്വാര്, സപ്ത ഋഷി തുടങ്ങിയ ഹിന്ദു പുരാണങ്ങളിൽ നിന്നുള്ളവയും ഫാഷൻ ഷോയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകളാണ് രണ്ടാം ഘട്ട ഷോയിലുണ്ടായിരുന്നത്. പേസ്റ്റൽ നിറങ്ങളും തിളങ്ങുന്ന വർണാഭമായതുമായ തുണിത്തരങ്ങൾ ഉൾപ്പെടുത്തിയുള്ള വസ്ത്രങ്ങളാണ് മൂന്നാം ഘട്ടമായി നടത്തിയ ഷോയിൽ ഉൾപ്പെടുത്തിയത്.
നാലാമത്തെ റൗണ്ടിൽ അസ്തമയ സൂര്യന്റെ നിറങ്ങളിൽ നിർമ്മിച്ച വസ്ത്രങ്ങളും അഞ്ചാം റൗണ്ടിൽ വൈവിധ്യമാർന്ന ജലജീവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകളും ഉണ്ടായിരുന്നു. ആറാമത്തെ റൗണ്ടിലും ഐതിഹ്യത്തെ പിന്തുടർന്നു കൊണ്ടുള്ള ഡിസൈനുകൾക്കാണ് വിദ്യാർഥികൾ പ്രാധാന്യം നൽകിയത്. വനവാസകാലത്ത് ഭീമൻ വിശ്രമിച്ചിരുന്ന സ്ഥലം എന്നു പേരുകേട്ട ഭീംബെത്കയിലെ പാറകളിൽ നിന്നു കണ്ടെത്തിയ ചിത്രങ്ങളും ശിൽപങ്ങളുമൊക്കെ വസ്ത്രങ്ങളുടെ ഡിസൈനിങ്ങിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത് കാണാം. സൗരയൂഥത്തിലെ കാഴ്ചകളും സമകാലിക ക്ലാസിക് കാഴ്ചകളും ഇന്ത്യൻ സ്ത്രീകളും കാർഷിക പാരമ്പര്യവും ഒത്തു ചേരുന്ന കാഴ്ചയ്ക്ക് നവ്യാനുഭവം നൽകുന്ന നിരവധി ഡിസൈനുകളും ഫാഷൻ ഷോയിൽ അവതരിപ്പിച്ചു. കടും നിറങ്ങളും ഇളം നിറങ്ങളും ഒരുപോലെ സമ്മേളിക്കുന്ന വസ്ത്ര ഡിസൈനുകളായിരുന്നു ഷോയിലുണ്ടായിരുന്നത്.
പരിസ്ഥിതി സൗഹാർദ്ദമായ വസ്ത്ര ഡിസൈനുകൾ ഷോയുടെ മാറ്റു കൂട്ടിയെന്നു പറയാം. ഡെനീം വേസ്റ്റ് കഷ്ണങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതിയോട് ഇണങ്ങി നിൽകുന്ന വസ്ത്ര ഡിസൈനുകൾ നിർമിച്ചത്. പുത്തൻ വസ്ത്രങ്ങൾക്ക് രൂപം നൽകുമ്പോൾ ലഭിക്കുന്ന പാഴ്വസ്തുക്കളുടെ നിർമാർജനം വലിയൊരു ആശങ്കയാണ്. എന്നാൽ അത്തരം ആശങ്കകളെയും ആകുലതകളെയും ഇല്ലാതാക്കുന്നതായിരുന്നു പഴന്തുണികൾ ഉപയോഗിച്ച് തുന്നിയെടുത്ത വസ്ത്രങ്ങൾ. ഇതൊരു മാതൃകയായി ഫാഷൻ ഡിസൈനർമാർക്ക് പിന്തുടരാവുന്നതാണ്.
ഐ പി എസ് അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലെ അധ്യാപകരും വിദ്യാർഥികളുമൊക്കെയായി 40 പേരടങ്ങുന്ന സംഘമാണ് അഹമദാബാദിൽ നടന്ന ഷോയിൽ പങ്കെടുത്തത്. പരമ്പരാഗത, പാശ്ചാത്യ, ഇൻഡോ-വെസ്റ്റേൺ, സാരി ഡിസൈനുകൾ അടക്കം 60 വസ്ത്രങ്ങളാണ് ഷോയിൽ അവതരിപ്പിച്ചത്. ഇതൊക്കയും പൂർണമായും അധ്യാപകരുടെ നിർദേശങ്ങളനുസരിച്ച് ഐഎഫ്‌ടി വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്‌തതാണ്.
ടെക്സ്റ്റൈൽ രംഗത്തുനിന്നുള്ളവരും സാമ്പത്തിക വിദഗ്ധരും ഫാഷൻ ഡിസൈനർമാരുമൊക്കെയായി വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തിലേറെ പ്രമുഖർ ഷോയിൽ പങ്കെടുത്തു. തായ്‌ലൻഡ്, ബ്രിട്ടൻ, അമേരിക്ക, ബംഗ്ലാദേശ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫാഷൻ ഡിസൈനർമാരും മോഡലുകളും വിദ്യാർഥികളുടെ ഷോ കാണാനെത്തിയിരുന്നു.