ലണ്ടൻ ഫാഷൻ വീക്കിൽ തിളങ്ങി ഭിന്നശേഷിക്കാരായ മോഡലുകൾ
ഫാഷൻ ലോകത്തിൽ നവ്യഭാവങ്ങൾ തീർക്കുന്ന ലണ്ടൻ ഫാഷൻ വീക്കിന്റെ റാംപിൽ ചുവുടകൾ വച്ച് ഒരു കൂട്ടം ഭിന്നശേഷിക്കാർ. ഫാഷൻ ലോകത്തിന് പരിമിതികളും അതിരുകളുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫാഷൻ ഡിസൈനർ വിക്റ്റോറിയ ജെൻകിൻസ്. ട്രെൻഡി വസ്ത്രങ്ങൾ ധരിച്ച് വീൽച്ചെയറിലിരുന്ന മോഡലുകൾ ഫാഷൻ കാഴ്ചപ്പാടുകളെയാണ് തിരുത്തിയിരിക്കുന്നത്. നടക്കാൻ ബുദ്ധിമുട്ടുന്നവർ മാത്രമല്ല മറ്റു തരത്തിലുള്ള ഭിന്നശേഷിയുള്ളവരും റാംപിൽ തിളങ്ങി. അൺ ഹിഡൻ: എ ന്യൂ ഇറ ഇൻ ഫാഷൻ എന്ന പേരിട്ട ഷോയിൽ മുപ്പതോളം ഭിന്നശേഷിക്കാരായ മോഡലുകൾ അണിനിരന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ലണ്ടൻ ഫാഷൻ വീക്കിലായിരുന്നു വ്യത്യസ്തമാർന്ന ഫാഷൻ ഷോ വിക്റ്റോറിയ ജെൻകിൻസ് ഒരുക്കിയത്. ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെ ഫാഷൻ ഷോകളിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾ മനസിലാക്കിയാണ് വിക്റ്റോറിയ അവർക്കുകള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ഭിന്നശേഷിക്കാർക്കുയുള്ള വസ്ത്രങ്ങളൊരുക്കുന്നതിൽ വിക്റ്റോറിയയ്ക്ക് ഒരു പുതുമയും ഇല്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ശരീരങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ ഫാഷൻ ഡിസൈനറാണ് വിക്റ്റോറിയ. കാലങ്ങളായുള്ള വസ്ത്രസങ്കൽപ്പങ്ങളെയാണ് അൺ ഹിഡനിലൂടെ അവർ ഇല്ലാതാക്കിയത്. നീലയും ചുവപ്പും കറുപ്പും പച്ചയും നിറങ്ങളിലുള്ള നീളൻ ഉടുപ്പുകളിലും സ്യൂട്ടുകളിലും ഷോർട്സിലുമൊക്കെ അവർ റാംപിൽ നിറഞ്ഞു നിന്നു. ആർഭാടങ്ങളൊന്നുമില്ലാതെയുള്ള വസ്ത്രങ്ങളാണ് ഓരോ ഡിഫ്രന്റ്ലി ഏബിൾഡ് മോഡലും ധരിച്ചത്. ചെറുചിരിയോടെ റാംപിൽ ചുവടുവെച്ച മോഡലുകളെ നിറഞ്ഞ കൈയടിയോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. ഭിന്നശേഷിക്കാർ മോഡലുകളായെത്തിയ ലണ്ടൻ ഫാഷൻ വീക്കിന്റെ ഷോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ കണ്ടുമുട്ടിയ ക്യാൻസർ രോഗിയുടെ ബുദ്ധിമുട്ടുകളാണ് ഇത്തരത്തിൽ ഭിന്നശേഷിക്കാർക്ക് അനുകൂലമായി വസ്ത്രങ്ങൾ തയാറാക്കുന്നതിന് വിക്റ്റോറിയയെ പ്രേരിപ്പിച്ചത്. അവർക്ക് ചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്ക് വസ്ത്രം ഇടയ്ക്കിടെ മാറേണ്ടി വരുമായിരുന്നു. ആ സമയത്തൊക്കെയും ചുറ്റുമുള്ള ഡോക്റ്റർമാരും നഴ്സുമാരുമൊക്കെ അടങ്ങുന്ന വലിയ സംഘത്തിന് മുന്നിലാണ് ആ സ്ത്രീ വസ്ത്രം മാറിയിരുന്നത്. അത് കണ്ടിട്ടാണ് വിക്റ്റോറിയയുടെ മനസിൽ വ്യത്യസ്തമായ ചിന്ത രൂപപ്പെടുന്നത്. ആവശ്യമുള്ള ഭാഗം മാത്രം തുറക്കാനാകുന്ന വസ്ത്രമല്ലേ വേണ്ടതെന്ന ചിന്തയിലാണ് അവർ അതേക്കുറിച്ച് കൂടുതൽ പഠിക്കുന്നത്. അങ്ങനെയാണ് അൺ ഹിഡൻ എന്ന പേരിൽ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാനാകുന്ന വസ്ത്രങ്ങൾക്ക് വിക്റ്റോറിയ രൂപം നൽകുന്നത്.

മോഡൽസ് ഓഫ് ഡൈവേഴ്സിറ്റിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് വിക്റ്റോറിയ ജെൻകിൻസ്. വീൽച്ചെയറിലിരിക്കുന്നവർക്ക് നീളമുള്ള ഷർട്ടുകളും വെപ്പുകാൽ ഉപയോഗിക്കുന്നവർക്കുള്ള ട്രൗസറുകളുമൊക്കെ വിക്റ്റോറിയയുടെ അൺഹിഡൻ എന്ന ബ്രാൻഡിൽ ലഭ്യമാണ്. ഭിന്നശേഷി എന്നത് ഒരിക്കലും മോശം വാക്കല്ലെന്നാണ് വിക്റ്റോറിയൻ ജെൻകിൻസ് പറയുന്നത്.