ന്യൂയോർക്ക് പ്രൈഡിൽ വസ്ത്രശേഖരവുമായി ഇന്ത്യൻ ഡിസൈനർ
ന്യൂയോർക്ക് പ്രൈഡിൽ ആഡംബര പ്രെറ്റ് ശേഖരം അവതരിപ്പിച്ച് ശ്രദ്ധേയനായി പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ മയൂർ ഗിരോത്ര. എൽജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടിയാണ് നൂതനവും സുന്ദരവുമായി വസ്ത്രശേഖരം മയൂർ അവതരിപ്പിച്ചത്. പരമ്പരാഗത ഇന്ത്യൻ എംബ്രോയ്ഡറി ടെക്നിക്കുകൾക്കൊപ്പം പാശ്ചാത്യ ശൈലികൾ ഭംഗിയായി ഒരുമിപ്പിച്ച് എൽജിബിടിക്യൂ പ്ലസ് വിഭാഗത്തിനെയും ഉൾക്കൊള്ളുന്ന തരത്തിലാണ് മയൂർ തന്റെ ആദ്യ ലക്ഷ്വറി പ്രെറ്റ് ജനങ്ങൾക്ക് മുന്നിലേക്കെത്തിച്ചത്. ഫാഷൻ ലോകമായ ന്യൂയോർക്കിന് മുന്നിലാണ് ഐക്യ എന്ന പേരിൽ മയൂർ ഡിസൈനുകൾ അവതരിപ്പിച്ചത്.
വസ്ത്ര ഡിസൈനിങ്ങിൽ തന്റേതായ ശൈലി ആവിഷ്ക്കരിക്കുന്നതിൽ പേരുകേട്ട ഡിസൈനറാണ് മയൂർ. എൽജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി അഭിമാനവും ഫാഷനും സമന്വയിപ്പിച്ചാണ് ഇത്തവണം വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. കമ്മ്യൂണിറ്റിയുടെ പ്രൈഡ് ഷോയിൽ അവരുടെ സാംസ്കാരിക പശ്ചാത്തലത്തെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരമാണ് മയൂർ തന്റെ വസ്ത്രങ്ങളിലൂടെ അവർക്ക് സമ്മാനിച്ചത്.
ഫാഷനിലൂടെ അതിരുകൾ ഇല്ലാതാക്കാനും വ്യക്തിത്വം ആഘോഷിക്കാനും മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകുമെന്നും വിശ്വസിക്കുന്നുവെന്ന് മയൂർ പറയുന്നു. ആദ്യ പ്രെറ്റ് ശേഖരം ന്യൂയോർക്ക് പ്രൈഡിൽ പ്രദർശിപ്പിക്കാൻ സാധിച്ചത് സ്വപ്നസാക്ഷാത്ക്കാരമാണെന്നും അദ്ദേഹം. വൈവിധ്യമാർന്ന വസ്ത്രങ്ങളും സിലൗട്ടുകളും ശേഖരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഹൈ സ്ട്രീറ്റ് ബോംബർ ജാക്കറ്റുകൾ മുതൽ ട്രെഞ്ച് കോട്ടുകൾ വരെ, ഗിരോത്രയുടെ ഡിസൈനുകൾ ഓരോ വ്യക്തിയുടെയും ഇന്റർസെക്ഷണാലിറ്റിയും അതുല്യതയും പ്രതിഫലിപ്പിച്ചു. ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള എംബ്രോയ്ഡറികൾ, ഹാൻഡ്-ആരി തുടങ്ങിയവ ശേഖരത്തിലുണ്ടായിരുന്നു. ദക്ഷിണേഷ്യൻ എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ അലോക് മേനോൻ, ജെസൽ ടാങ്ക്, ബോളിവുഡ് നടൻ ജുഗൽ ഹൻസ്‌രാജ് എന്നിവരും ഫാഷൻ, മീഡിയ ഇൻഡസ്‌ട്രിയിലെയും കമ്മ്യൂണിറ്റിയിലെയും പ്രമുഖരും മയൂരിന് പിന്തുണയേകി. ഇന്ത്യ, ന്യൂയോർക്ക്, ന്യൂജഴ്സി, കാലിഫോർണിയ തുടങ്ങിയ ഇടങ്ങളിലെ മയൂർ ഗിരോത്ര ഫാഷൻ സ്റ്റോറുകളിലും ഓൺലൈനിലും ഷോയിൽ അവതരിപ്പിച്ച വസ്ത്രങ്ങൾ ലഭ്യമാണ്.