ഞാൻ ചിത്രങ്ങളിലൂടെ ആണ് വസ്ത്രങ്ങളെ നോക്കി കാണുന്നത് -ഡോണാട്ടെല്ല
വർണ്ണങ്ങളിലൂടെ മായാജാലം തീർക്കുന്ന ഒരു ലോകമാണ് ഫാഷൻ. ഫാഷൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. കുഞ്ഞു കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ഫാഷനെ ഇഷ്ടപ്പെടുന്നു എന്നതാണ് വാസ്തവം. വസ്ത്രങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു എന്നാണല്ലോ, ഫോർമൽ, കാഷ്വൽ, ഉഷ്ണ വസ്ത്രങ്ങൾ, ശീതകാല വസ്ത്രങ്ങൾ തുടങ്ങി നിരവധി വസ്ത്രങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. വസ്ത്രങ്ങളുടെ ക്വാളിറ്റിയിൽ മാത്രമല്ല രൂപത്തെയും എല്ലാവരും ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം. വസ്ത്രങ്ങളുടെ ട്രെന്റുകൾ എപ്പോഴും മാറിമാറി വരാറുണ്ട്, പണ്ട് പട്ടിയാല പാന്റ് ആയിരുന്നു ട്രെൻഡ് എങ്കിൽ ഇന്നിപ്പോൾ പലാസോ പാന്റ് ആണ് ട്രെൻഡ്. വസ്ത്രങ്ങളിലും ആക്സസറികളിലും സുഗന്ധദ്രവ്യങ്ങളിലും വൈവിധ്യം തീർത്ത ഒരു ഇറ്റാലിയൻ ഫാഷൻ ഡിസൈനറെ പരിചയപ്പെടാം.

ഇറ്റലിയിലെ പ്രധാന നഗരമായ റെജിയോ ഡി കലപ്രിയ എന്ന സ്ഥലത്തെ എൻഡോണിയോ – ഫ്രാൻസിസ്കാ ദമ്പതിമാരുടെ നാലു മക്കളിൽ ഇളയവളായ ഡോണാട്ടെല്ല വെർസേസ് എന്ന ഇറ്റാലിയൻ ഫാഷൻ ഡിസൈനറെയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഫാഷൻ ഡിസൈനർ മാത്രമല്ല ഒരു ബിസിനസുകാരിയും സാമൂഹിക പ്രവർത്തകയും മോഡലും കൂടെയാണ് ഡോണാട്ടെല്ല വെർസേസ്. ആഡംബര ഫാഷൻ കമ്പനിയായ വേർസിസിന്റെ സ്ഥാപകനായ ജിയാനി വേർസിസിന്റെ സഹോദരികൂടെയാണ് ഡോണാട്ടെല്ല വെർസേസ്. ഇപ്പോൾ വേർസിസിന്റെ ചീഫ് ക്രീയേറ്റീവ് ഡയറക്ടർ ആണ് അവർ. 1955 മെയ് 2 നായിരുന്നു ഡോണാട്ടെല്ലയുടെ ജനനം. പ്രമുഖ ഫാഷൻ കമ്പനിയിലെ തയ്യൽകാരിയായിരുന്നു ഡോണാട്ടെല്ലയുടെ അമ്മ, അച്ഛനാണെങ്കിൽ ഒരു ബിസിനസ്‌കാരനും. ഡോണാട്ടെല്ലയുടെ മാതാപിതാക്കൾക്ക് അവർ പഠിച്ച് ഒരു ഉദ്യോഗം വാങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ചെറുപ്പം മുതലേ ഫാഷൻ ലോകമായിരുന്നു അവരുടെ സ്വപ്നം, 1970 കളിൽ ഡോണാട്ടെല്ല ഫ്ലോറൻസ്സെയിൽ ലിറ്ററേച്ചർ പഠിക്കുവാനായി പോയി, പക്ഷേ വാരാന്ത്യങ്ങളിൽ അവർ അവരുടെ സഹോദരൻ ജിയാനയോടു കൂടി ചേർന്ന് മിലാൻ എന്ന ഇറ്റലിയിലെ ഒരു നഗരത്തിലെ ഫാഷൻ ലേബലിനു വേണ്ടി ജോലി ചെയ്യാൻ പോകുമായിരുന്നു.

ശേഷം 1976ൽ സഹോദരങ്ങളായ ജീയാനിയുടെയും സാൻഡയുടെയും കൂടെ ചേർന്ന് ബ്രാൻഡ് തുടങ്ങാനുള്ള പ്രതീക്ഷയിൽ അവർ മൂവരും 1977ൽ കൂടുതൽ വാണിജ്യത്തിനായി അമേരിക്കയിലേക്ക് പോയി. ശേഷം 1978 ഇൽ വെർസേസ് എന്ന ബ്രാൻഡ് സ്ഥാപിതമായി. അങ്ങെനെ ഡോണാട്ടെല്ലയെ അവിടുത്തെ വൈസ് പ്രസിഡന്റായി നിയമിച്ചു.
എല്ലാ പ്രൊജക്ടുകളിലും ജിയാനിയെ സഹായിക്കാൻ ഡോണാട്ടെല്ലക്ക് കഴിഞ്ഞു. പ്രത്യേകിച്ചും സ്റ്റൈലിങ്കിലും, ബ്രാൻഡ് ഇമേജ് സൃഷ്ടിക്കുന്നതിലും, ബ്രാൻഡിന്റെ അക്സസ്സേറികൾ, ഷൂകൾ, ഹാൻഡ് ബാഗുകൾ രൂപകൽപ്പന ചെയ്യുന്നതിലും ഒരു വലിയ പങ്കു വഹിക്കാണും ഡോണാട്ടെല്ലക്ക് കഴിഞ്ഞു.പിന്നീട് ഡോണാട്ടെല്ല ഗിയാനിയുടെ ക്രിയേറ്റീവ് പങ്കാളിയായി ചുമതലയേറ്റു.1996-ന്റെ തുടക്കത്തിലും 1997-ന്റെ തുടക്കത്തിലും ഇടത് ചെവിയിലെ ക്യാൻസറിൽ നിന്ന് ജിയാനി വെർസേസ് സുഖം പ്രാപിച്ചതോടെ വെർസേസ് ബ്രാൻഡിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഭൂരിഭാഗവും ഡൊണാറ്റെല്ല ഏറ്റെടുത്തു.
ഡിസൈനിനോടുള്ള തന്റെ സമീപനം ചിത്രങ്ങളിൽ വേരൂന്നിയതാണെന്ന് ഡോണാട്ടെല്ല പറയുന്നു, “ഞാൻ എന്റെ കണ്ണുകൊണ്ട് വസ്ത്രങ്ങളിലേക്ക് നോക്കുന്നില്ല മറിച്ച് ഞാൻ ചിത്രങ്ങളിലൂടെ ആണ് വസ്ത്രങ്ങളെ നോക്കി കാണുന്നത്.” ഡോണാട്ടെല്ല പറയുന്നു. ഡൊണാറ്റെല്ല ഫാഷൻ ഫോട്ടോഗ്രാഫർ റിച്ചാർഡ് അവെഡോണിനൊപ്പം 1980 ലെ സ്പ്രിംഗ്-സമ്മർ കാമ്പെയ്‌ൻ ഷൂട്ടിൽ പ്രവർത്തിച്ചിരുന്നു.

ഫ്ലോറിഡയിലെ മിയാമിയിൽ , വെർസേസ് മാൻഷൻ എന്നറിയപ്പെടുന്ന കാസ കസുവാരിന യിൽ 1997 ജൂലൈ 15-ന് ഡോണാട്ടെല്ലയുടെ സഹോദരനും വെഴ്സനുസിന്റെ ക്രീയേറ്റിവ് ഡിറക്ടറുമായ ജിയാനി മരണപ്പെട്ടു.
1997-ൽ മരണാനന്തരം പ്രസിദ്ധീകരിച്ച ജിയാനി വെർസേസിന്റെ “ദി ആർട്ട് ഓഫ് ബിയിംഗ് യു” എന്ന പുസ്തകത്തിൽ ഡോണാട്ടെല്ലയുടെയും സഹോദരൻ സാന്റയുടെയും ഒരു സമർപ്പണം കൂടെ ആ ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. അത് ഇപ്രകാരമാണ് “ഈ പുസ്തകം ഒരു മികച്ച കലാകാരന് വേണ്ടി സമർപ്പിക്കുന്നു. കലയിലും കലാകാരന്മാരിലും എന്നും ആകൃഷ്ടനായിരുന്ന, അവരെ എപ്പോഴും പിന്തുണച്ചിരുന്ന ഒരു നല്ല വ്യക്തിയാണ് ഞങ്ങളുടെ സഹോദരൻ ജിയാനി”.
1998 ജൂലായ് 18-ന്, ജിയാനിയുടെ മരണത്തിന് ഒരു വർഷവും മൂന്ന് ദിവസവും കഴിഞ്ഞ്, ഡൊണാറ്റെല്ല വെർസേസ്, ഹോട്ടൽ റിറ്റ്സ് പാരീസിൽ വെർസേസ് അറ്റ്ലിയറിനായി തന്റെ ആദ്യത്തെ ഹോട്ട് കോച്ചർ ഷോ നടത്തി . എല്ലാ സീസണിലും അവരുടെ സഹോദരൻ ചെയ്തിരുന്നതുപോലെ ഹോട്ടലിന്റെ നീന്തൽക്കുളത്തിന് മുകളിലൂടെയാണ് റൺവേ നിർമ്മിച്ചത്. 2002 ഒക്ടോബർ മുതൽ 2003 ജനുവരി വരെ ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിന്റെ ഒരു പ്രത്യേക പ്രദർശനത്തിൽ ജിയാനിയുടെയും ഡൊണാറ്റെല്ലയുടെയും ഏറ്റവും അറിയപ്പെടുന്ന വെർസേസ് വസ്ത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. പ്രശസ്തരായ മഡോണ , കോർട്ട്‌നി ലവ് , ക്രിസ്റ്റീന അഗ്വിലേറ , ജോനാഥൻ റൈസ് മെയേഴ്‌സ് , ഡെമി മൂർ , നിക്കി മിനാജ് , ലേഡി ഗാഗ. ബിയോൺസ് , ജനുവരി ജോൺസ് എന്നിവരെ ഉൾപ്പെടുത്തി വെർസേസിനായി ഡോണാട്ടെല്ല പരസ്യ കാമ്പെയ്‌നുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട് . ” ജംഗിൾ-ഡ്രസ്സ്” എന്നും അറിയപ്പെടുന്ന ജെന്നിഫർ ലോപ്പസിന്റെ ഗ്രീൻ വെർസേസ് വസ്ത്രമാണ് അവർ ഡിസൈൻ ചെയ്തത്.
2000 സെപ്റ്റംബറിൽ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പലാസോ വെർസേസ് ഓസ്‌ട്രേലിയ റിസോർട്ട് എന്ന സ്ഥാപനം ഡോണാട്ടെല്ലയാണ് രൂപകൽപന ചെയ്തത്. 2016 നവംബറിൽ വെർസേസ് ദുബായിലെ രണ്ടാമത്തെ പാലാസോ വെർസേസ് ഹോട്ടലിന്റെ രൂപകൽപ്പനയിലും ഡോണാട്ടെല്ല പങ്കുവഹിച്ചു. വസ്ത്രങ്ങളുടെ ഡിസൈൻ ഏറെ ഇഷ്ടപെടുന്ന ഡോണാട്ടെല്ലയുടെ വേർസെസ്സ് ബ്രാൻഡിന്റെ ഫാഷൻ ഷോകൾ പല രാജ്യങ്ങളിലായി ഇന്നും സംഘടിപ്പിക്കാറുണ്ട്. ഫാഷനും മോഡലും ബിസിനസ്സും മാത്രമല്ല ഒരു വലിയ മനുഷ്യസ്നേഹി കൂടെയാണ് ഡോണാട്ടെല്ല .
Excellent