അസ്മിതയുടെ ഡിസൈൻ സ്റ്റുഡിയോയിൽ ‘നോ വേസ്റ്റ്’
ആരെയും ആകർഷിക്കുന്ന വർണങ്ങളിലുള്ള മുത്തും സ്വർണനൂലിഴകളിൽ കോർത്ത പൂക്കളും നിറയുന്ന സാരിയും ലെഹംഗയും സൽവാറുമൊക്കെ ഡിസൈൻ ചെയ്യുന്ന എത്രയോ ഫാഷൻ ഡിസൈനർമാരുണ്ട്. സിനിമാലോകത്തെ താരങ്ങൾക്ക് മാത്രമല്ല ഫാഷൻ റാംപുകളിൽ ചുവടുവയ്ക്കുന്ന മോഡലുകൾക്കും ഇത്തരത്തിലുള്ള അതിസുന്ദരമായ വസ്ത്രങ്ങളൊരുക്കുന്നവർ. അക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നൊരു ഫാഷൻ ഡിസൈനറുണ്ട്. വസ്ത്രങ്ങളിൽ ആഢംബരകാഴ്ചകൾ നിറയ്ക്കാതെ ലളിതമാർന്ന ശൈലിയുള്ള വസ്ത്രങ്ങളൊരുക്കുന്ന കലകാരിയാണിവർ. ഹൈദരാബാദുകാരിയായ അസ്മിത മർവയാണ് സിംപിൾ ആൻഡ് എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങൾക്ക് ജന്മം നൽകുന്നത്.

ബോളിവുഡിന്റെ താരങ്ങൾക്ക് മാത്രമല്ല ടോളിവുഡിന്റെ സുന്ദരികൾക്കും സുന്ദരൻമാർക്കുമൊക്കെ ആകർഷകമായ വസ്ത്രഡിസൈനുകളാണ് അസ്മിത ഒരുക്കിയിട്ടുള്ളത്. തബു, പ്രീതി സിന്റ, വിദ്യ ബാലൻ, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, സോനം കപൂർ, അസിൻ, രൺവീർ സിങ്ങ്, ശ്രിയ ശരൺ, റാണ ദഗുബതി, മഹേഷ് ബാബു ഇങ്ങനെ നിരവധി സിനിമാതാരങ്ങൾക്ക് അസ്മിത വസ്ത്രം ഡിസൈൻ ചെയ്തിട്ടുണ്ട്. സിനിമാമേഖലയിൽ നിന്നുള്ള സെലിബ്രിറ്റി മാത്രമല്ല ലോകപ്രശസ്ത ചിത്രകാരൻ എം.എഫ് ഹുസൈനും വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ള ഫാഷൻ ഡിസൈനറാണ് അസ്മിത മർവ.
വോഗ് ഫാഷൻ മാഗസിൻ മികച്ച ഒമ്പത് അന്താരാഷ്ട്ര ഡിസൈനർമാരുടെ പട്ടിക തയാറാക്കിയപ്പോൾ അസ്മിതയും ഇടം പിടിച്ചിരുന്നു. പാരമ്പര്യതനിമയ്ക്കൊപ്പം അന്താരാഷ്ട്ര ശൈലിയും സമ്മേളിക്കുന്ന ലളിതമായ വസ്ത്ര ഡിസൈനുകൾ ഒരുക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ് അസ്മിത മർവ. മാത്രമല്ല കലംകാരി തുണിയിൽ അസ്മിത അവതരിപ്പിച്ച വസ്ത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഫാഷൻ ലോകത്തിൽ നിന്നു ലഭിച്ചത്. ലളിതവും അന്താരാഷ്ട്ര ലുക്കും നിറയുന്ന വസ്ത്രങ്ങളാണെന്നതിലുപരി അസ്മിതയുടെ വസ്ത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സീറോ വേസ്റ്റ് എന്ന് ഒറ്റവാക്കിൽ പറയാം. അസ്മിതയുടെ ഡിസൈനിങ്ങ് സ്റ്റുഡിയോയിൽ പാഴ്വസ്തുക്കൾ ഇല്ല. തുണിത്തരങ്ങളുടെ മാലിന്യത്തിൽ നിന്ന് പുത്തൻ ഫാഷൻ സൃഷ്ടിക്കുന്ന ഫാഷൻ ഡിസൈനറാണ് അസ്മിത മർവ

അമ്മയും മുത്തശ്ശിയും
നിറമുള്ള തുണികളിൽ സുന്ദരരൂപങ്ങൾ തുന്നിയിരുന്ന മുത്തശ്ശിയെയും ചിത്രം വരച്ചിരുന്ന അമ്മയെയും കണ്ടു വളർന്നതു കൊണ്ടാകും കുട്ടിക്കാലം മുതൽ അസ്മിതയും വരയും തുന്നൽപ്പണികളുമൊക്കെയാണ് ഇഷ്ടപ്പെട്ടിരുന്നത്. സാരിയും ദുപ്പട്ടയും പോലുള്ള തുണികളായിരുന്നു അസ്മിതയുടെ ബാല്യകാലത്തെ കളിപ്പാട്ടങ്ങൾ. വ്യത്യസ്ത രീതികളിൽ സാരിയുടുക്കുന്നതും കുട്ടിക്കാലത്തെ അസ്മിതയുടെ ഇഷ്ടങ്ങളിലൊന്നായിരുന്നു. കുട്ടിക്കാലത്തെ ഈ കളികളൊക്കെയാകും വസ്ത്രഡിസൈനിങ്ങിനോട് അസ്മിതയ്ക്ക് വല്ലാത്ത ഇഷ്ടം തോന്നിച്ചതും. ഹൈദരാബാദുകാരിയായ അസ്മിത മർവയുടെ സ്കൂൾ വിദ്യാഭ്യാസം വിദ്യാരായന ഹൈസ്കൂളിലായിരുന്നു. പിന്നീട് ഹൈദരാബാദിലെ നിസാം കോളെജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കി. മികച്ച ഡിസൈനർ എന്ന പേരുകേട്ട അസ്മിത ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളൊന്നും പഠിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
90-കളിലാണ് അസ്മിത ഡിസൈനിങ്ങ് ലോകത്തിലേക്കെത്തുന്നത്. ഹൈദരാബാദ് തന്നെയായിരുന്നു അസ്മിതയുടെ തട്ടകം. തെലുങ്ക് സിനിമാലോകത്തിലേക്കെത്തുന്ന ഹൈദരാബാദുകാരിയായ ആദ്യ ഫാഷൻ ഡിസൈനറാണ് ഇവർ. തെലുങ്ക് സിനിമാലോകത്തിലെ നിരവധിപ്പേർക്ക് വസ്ത്രം ഡിസൈൻ ചെയ്തിട്ടുണ്ട്. നാഗാർജുന, ബാലകൃഷ്ണ, ശ്രിയ ശരൺ, മഹേഷ് ബാബു, ചാർമി, അനുഷ്ക തുടങ്ങി തെലുങ്ക് സിനിമയിലെ നമ്പർ വൺ അഭിനേതാക്കൾക്ക് അസ്മിത വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. മൻമധുഡു, സന്തോഷം, പ്രേമന്റെ ഇതെരാ, അട്ടാട്, പോക്കിരി പോലുള്ള ചിത്രങ്ങളുടെ കോസ്റ്റ്യൂം ഇവരാണ് ഒരുക്കിയത്. സിനിമാലോകത്തിൽ നിന്നു ലഭിച്ച സ്വീകാര്യതയാണ് ഫാഷൻ ഡിസൈനിങ്ങ് രംഗത്ത് സജീവമാകുന്നതിനും വസ്ത്രപ്രദർശനങ്ങൾ നടത്തുന്നതിനുമൊക്കെ പ്രാപ്തയാക്കിയെന്നു അസ്മിത വ്യക്തമാക്കിയിട്ടുണ്ട്.

ടോളിവുഡിന്റെ സ്വന്തം കോസ്റ്റ്യൂം ഡിസൈനർ
1991-ൽ പുറത്തിറങ്ങിയ കൂലി നമ്പർ 1 എന്ന തെലുങ്ക് സിനിമയിൽ ബോളിവുഡ് നടി തബുവിന് വേണ്ടി വസ്ത്രങ്ങളൊരുക്കിയത് അസ്മിതയാണ്. ഈ ചിത്രത്തിന് പിന്നാലെയാണ് തബുവും അസ്മിതയും തമ്മിലുള്ള ഗാഢസൗഹൃദം ആരംഭിക്കുന്നത്. 1998-ൽ പ്രീതി സിന്റ അഭിനയിച്ച പ്രേമന്റെ ഇതെര എന്ന തെലുങ്ക് സിനിമയിലും വർക് ചെയ്തു. വിദേശത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് അസ്മിത നടി വിദ്യ ബാലൻ ഡിസൈൻ ചെയ്തു നൽകിയത് ഒരു ഹാഫ് സാരിയായിരുന്നു. അസ്മിതയുടെ ഡിസൈനുകൾ അവതരിപ്പിച്ച ഫാഷൻ ഷോകളിൽ നിരവധി തവണ ഷോ സ്റ്റോപ്പറായിരുന്നത് നടൻ റാണ ദഗുബതിയാണ്. സിനിമാമേഖലയിലെ നിരവധിപ്പേരുമായി അസ്മിത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.
2003-ലാണ് അസ്മിത മർവ ഡിസൈൻസ് എന്ന പേരിൽ അസ്മിത സ്വന്തമായി ഫാഷൻ ലേബൽ പുറത്തിറക്കുന്നത്. ഹൈദരാബാദിൽ മാത്രമല്ല മുംബൈ, ഡൽഹി പോലുള്ള ഫാഷൻ നഗരങ്ങളിലും അസ്മിത മർവ ഡിസൈൻസിന്റെ വസ്ത്രങ്ങൾക്ക് വൻ ഡിമാന്റ് ആയിരുന്നു. 2004-ൽ ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ഫ്രിഞ്ച് ഷോയിലും 2008-ലെ ലാക്മേ ഫാഷൻ വീക്കിലും അസ്മിതയുടെ ഡിസൈനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന് മുൻപ് ലാക്മേ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ട ഡിസൈനറായിരുന്നു അസ്മിത. എന്നാൽ തൊട്ടടുത്ത വർഷം അവർ അവിടെയും ഇടം കണ്ടെത്തി. ലാക്മേ ഫാഷൻ ഷോയിൽ ഇവർ അവതരിപ്പിച്ചത് കലംകാരി ഡിസൈനുകളായിരുന്നു. ആ ഒരൊറ്റ പ്രദർശനത്തിലൂടെ അസ്മിതയും കലംകാരിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാരീസ് മുതൽ ലോസ് എയ്ഞ്ചൽസ് വരെ കലംകാരി ഡിസൈനുകളുമായി അസ്മിത സഞ്ചരിച്ചിട്ടുണ്ട്. കലംകാരി വസ്ത്രശേഖരം കൊണ്ടുമാത്രം ഫാഷൻ ലോകത്തിൽ വലിയ ചലനം സൃഷ്ടിക്കാനും ഇവർക്ക് സാധിച്ചു. ഫാഷൻ വീക്കിൽ എട്ടിലധികം സീസണുകൾ അസ്മിത വസ്ത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

2009-ൽ ഖാദി, ബനാറസ്, തെലുങ്ക് കാലിഗ്രഫി എന്നിവ സമന്വയിപ്പിച്ച് തയാറാക്കിയ വസ്ത്രഡിസൈനുകളുടെ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2011-ൽ ഗോവയിൽ നടന്ന ലാക്മേ ഫാഷൻ വീക്കിലും അസ്മിത മർവ ഡിസൈൻസ് സാന്നിധ്യമറിയിച്ചിരുന്നു. 2016-ൽ ഹംഗറിയിൽ നടന്ന ഗ്ലോബൽ സസ്റ്റെയ്നബിൾ ഫാഷൻ വീക്കിനോട് അനുബന്ധിച്ച് സീറോ വേസ്റ്റ് ലക്ഷ്വറി എന്ന കലക്ഷനും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ബീച്ച് ഫാഷൻ വീക്ക്, ഇന്ത്യ റിസോർട്ട് ഫാഷൻ വീക്ക് എന്നിവയിലും നിരവധി തവണ അസ്മിത സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അസ്മിതയ്ക്ക് അവയോടൊന്നും അത്ര മമതയില്ലെന്നതാണ് നേര്. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും ഡിസൈനിങ്ങ് സ്റ്റുഡിയോയിലൂടെയും വസ്ത്രങ്ങൾ ആളുകളിലേക്കെത്തിക്കുന്നതിനാണ് അസ്മിതയ്ക്ക് കൂടുതൽ ഇഷ്ടം.

പുതുമ തേടിയുള്ള യാത്രകൾ
മനസിൽ വിരിയുന്ന ആശയങ്ങൾ വസ്ത്രത്തിന്റെ രൂപത്തിലേക്ക് മാറ്റിത്തുന്നുമ്പോൾ ചിലപ്പോഴെങ്കിലും കുഞ്ഞുതെറ്റുകളെങ്കിലും സംഭവിച്ചേക്കാം. പ്രതീക്ഷിച്ച ഡിസൈനിൽ വസ്ത്രം തുന്നിയെടുക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളും ഒരു ഫാഷൻ ഡിസൈനറുടെ ജീവിതത്തിൽ നേരിട്ടേക്കാം. എന്നാൽ അത്തരം പ്രശ്നങ്ങളെ പോലും അതിവിദഗ്ധമായാണ് അസ്മിത കൈകാര്യം ചെയ്യുന്നത്. അസ്മിതയുടെ ഡിസൈനിങ്ങ് ലോകത്ത് ഒരു പാഴ്വസ്തുവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. വസ്ത്രങ്ങൾ തയ്ക്കുമ്പോൾ വെട്ടുകഷ്ണങ്ങളൊക്കെ വരുമല്ലോ പിന്നെ എങ്ങനെയെന്നാകും സംശയിക്കുന്നതല്ലേ. അതിന് കൃത്യമായ മറുപടി അസ്മിതയുടെ പക്കലുണ്ട്. 2016-ൽ ബുഡാപെസ്റ്റിൽ നടന്ന ഗ്ലോബൽ സസ്റ്റെയ്നബിൾ ഫാഷൻ വീക്കിൽ അസ്മിതയുടെ സീറോ വേസ്റ്റ് വസ്ത്രശേഖരം പ്രദർശിപ്പിച്ച് കൈയടിയും നേടിയിട്ടുണ്ട് ഈ ഫാഷൻ ഡിസൈനർ.

പുതു വസ്ത്രങ്ങളൊരുക്കുമ്പോൾ ചെറിയൊരു കഷ്ണം തുണി പോലും പാഴാക്കാൻ അസ്മിതയും കൂട്ടരും അനുവദിക്കില്ല. പുതു വസ്ത്രം തയ്ക്കുന്നതിന് തുണി വെട്ടുമ്പോൾ സാധാരണയായി വശങ്ങളിൽ നിന്ന് പാഴായി പോകുന്ന എല്ലാ ചെറിയ കഷണം തുണികളും വൃത്തിയായി വേർതിരിച്ച് വ്യത്യസ്ത പാക്കറ്റുകളിലാക്കി സൂക്ഷിക്കും. അവയൊക്കെയും പിന്നീട് പുനരുപയോഗം ചെയ്യുകയാണ് പതിവ്. പാഴ്വസ്തുക്കളായി ശേഖരിക്കുന്ന വെട്ടുകഷണങ്ങൾ മറ്റു വസ്ത്രങ്ങളിൽ ആപ്ലിക്, അലങ്കാരപണികളായി ഉപയോഗിക്കുകയാണ് ഇവർ ചെയ്യുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം വെട്ടുതുണികൾ ഉപയോഗിച്ച് പല രൂപങ്ങളുമുണ്ടാക്കി വസ്ത്രങ്ങളിൽ വച്ചു പിടിപ്പിക്കാം. അൽപ്പം ക്രിയേറ്റീവായി ചിന്തിച്ചാൽ ഈ വെട്ടുകഷണങ്ങളിൽ നിന്നും പുത്തൻ ഫാഷൻ തന്നെ സൃഷ്ടിക്കാമെന്നാണ് അസ്മിത പറയുന്നത്. ഇങ്ങനെ തുന്നുന്ന വസ്ത്രങ്ങൾക്ക് വലിയ ഡിമാന്റ് ഉണ്ടെന്നതാണ് ശ്രദ്ധേയം.
പ്രകൃതിദത്തമായ നിറങ്ങളും തുണിത്തരങ്ങളും ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഡിസൈനറാണ് അസ്മിത. പുത്തൻ ഡിസൈൻ ഒരുക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടാനും കഠിനാധ്വാനം ചെയ്യാനുമൊക്കെ അസ്മിത തയാറാണ്. വ്യത്യസ്ത ഡിസൈനുകളൊരുക്കുന്നതിന് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ നിരവധി യാത്രകൾ ചെയ്യുന്ന പതിവും അസ്മിതയ്ക്കുണ്ട്. ഡിസൈൻ ചെയ്യുമ്പോൾ സ്വാഭാവിക തുണിത്തരങ്ങളും ചായങ്ങളുമാണ് ഉപയോഗിക്കുന്നതെങ്കിലും ചില പ്രത്യേക നിറങ്ങൾ ലഭിക്കുന്നതിന് സിന്തറ്റിക് ഡൈ ഉപയോഗിക്കാറുണ്ട്.

വായനയും യാത്രകളും പാചകവും
പുത്തൻ ഡിസൈൻ ഒരുക്കുമ്പോൾ ആ ഡിസൈൻ സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടുള്ള കോസ്റ്റ്യൂം ഡിസൈനറാണ് അസ്മിത. ഫാസ്റ്റ് ഫാഷൻ എന്ന പ്രയോഗത്തിനോട് പോലും ഇവർക്ക് വിശ്വാസമില്ല. ഒരു ഡിസൈൻ സൃഷ്ടിക്കുകയും അടുത്ത സീസണിൽ ആ ഡിസൈൻ ഔട്ട് ഓഫ് ഫാഷനാകുകയും ചെയ്യും. എന്നാൽ അങ്ങനെ ഔട്ട് ആകാതെ നിലനിൽക്കുകയാണ് വേണ്ടത്. വ്യത്യസ്ത രീതിയിൽ ഒരുക്കിയ വസ്ത്രം പിന്നീടുള്ള നാളുകളിലും ഉപയോഗിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും വേണം. ഓരോ തവണ ധരിക്കുമ്പോഴും വ്യത്യസ്ത രീതികളിൽ മിക്സ് ആൻഡ് മാച്ച് ചെയ്യാനും സ്റ്റൈൽ ചെയ്യാനുമൊക്കെ സാധിക്കണമെന്ന അഭിപ്രായമാണ് അസ്മിതയ്ക്കുള്ളത്. ദക്ഷിണേന്ത്യൻ ഫാഷൻ അവാർഡിലെ ട്രെൻഡ് സെറ്റർ ഇൻ ഫാഷൻ, 2019-ലെ ഐക്കോണിക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും അസ്മിതയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഫാഷൻ ഡിസൈനർ മാത്രമല്ല അസ്മിത മർവ എന്ന് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ തിരിച്ചറിയാനാകും. യാത്രകളും വായനയും ഇഷ്ടപ്പെടുന്ന മർവയ്ക്ക് പാചകവും ഹരമാണ്. വസ്ത്രങ്ങളിൽ പുതുമ രചിക്കുന്നതു പോലെ പാചകത്തിലും പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിന് അസ്മിത സമയം കണ്ടെത്തുന്നുണ്ട്. വീട്ടിലുണ്ടാകുന്ന രുചികരമായ ഭക്ഷണങ്ങളുടെ ചിത്രങ്ങളും പാചകക്കുറിപ്പുകളുമൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് പതിവ്. അസ്മിതയുടെ ചില പാചകക്കുറിപ്പുകൾ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ പാചകക്കുറിപ്പുകൾ മാത്രമല്ല ഫാഷനെക്കുറിച്ചും അസ്മിത എഴുതിയിരുന്നു. ഹൈദരാബാദ് ടൈംസിൽ വർഷങ്ങളോളം അസ്മിത എഴുതിയിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് ഹർവേഷ് മർവയാണ് ഭർത്താവ്. സംവിധായകൻ കരൺ ആര്യമൻ മർവയാണ് മകൻ.