‘മിസ് ഇന്ത്യ കീരിടം’ഇതൊരു സ്വപ്നസാക്ഷാത്ക്കാരം
രാജസ്ഥാനിലെ കോട്ട എന്ന സ്ഥലനാമം കേട്ടാൽ പലരുടെയും മനസിലേക്കാദ്യമെത്തിയിരുന്നത് കോട്ട സാരിയും മത്സരപരീക്ഷകളുമൊക്കെയാണ്. അതേ ആ കൊച്ചു നഗരത്തിൽ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അതൊക്കെയും പ്രശസ്തവുമാണ്. കോട്ട സാരിയും ഇതരനാടുകളിലും പേരു കേട്ടതാണ്. എന്നാൽ ആ നഗരത്തിന്റെ പെരുമയിലേക്ക് സൗന്ദര്യകിരീടം ചൂടിച്ച് ഒരു പെൺകുട്ടി. കോട്ട സ്വദേശി നന്ദിനി ഗുപ്തയാണ് ഇന്ത്യയുടെ സൗന്ദര്യ റാണി പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 59-ാം ഫെമിന മിസ് ഇന്ത്യ 2023 നന്ദിനി ഗുപ്തയെക്കുറിച്ച് കൂടുതലറിയാം.
അവിചാരിതമായി ഫാഷൻ ലോകത്തിലേക്ക് കടന്നെത്തിയ പെൺകുട്ടിയൊന്നും അല്ല നന്ദിനി. കുട്ടിക്കാലത്തെ അവളുടെ സ്വപ്നങ്ങളിൽ മോഡലിങ്ങളും ഫാഷൻ റാംപുമൊക്കെ നിറഞ്ഞിരുന്നു. പത്താം വയസിൽ മിസ് ഇന്ത്യയാകണമെന്ന് ആഗ്രഹിച്ചിരുന്ന ആ കൊച്ചുകുട്ടിയാണ് വർഷങ്ങൾക്കിപ്പുറം മിസ് ഇന്ത്യ സൗന്ദര്യ കിരീടം അണിഞ്ഞിരിക്കുന്നത്. നന്ദിനിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിജയം അവളെ തേടിയെത്തി. ഈ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതിന് അവളെ പ്രേരിപ്പിച്ചത് മറ്റൊരു സുന്ദരിയാണ്. ബിവുഡും ഹോളിവുഡുമൊക്കെ കീഴടക്കിയ മുൻ മിസ് വേൾഡ് താരസുന്ദരി പ്രിയങ്ക ചോപ്രയാണ് നന്ദിനിയെ സ്വാധീനിച്ച വ്യക്തി. നന്ദിനിയുടെ റോൾ മോഡലാണ് പ്രിയങ്ക ചോപ്ര. അവരുടെ കടുത്ത ആരാധികയാണ്. എന്നാൽ പ്രിയങ്കയുടെ അഭിനയം മാത്രമല്ല അവർ സമൂഹത്തിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളും നന്ദിനിയെ അവരിലേക്ക് ആകർഷിച്ചിട്ടുണ്ട്. നർമബോധവുമുള്ള പ്രിയങ്ക മറ്റുള്ളവർക്ക് റോൾ മോഡൽ കൂടിയാണെന്നുമാണ് മിസ് ഇന്ത്യയുടെ അഭിപ്രായം.

ഫാഷൻ ലോകത്തെക്കുറിച്ച് മാത്രമല്ല നന്ദിനി ചിന്തിച്ചിരുന്നത്. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനും അവൾ ആഗ്രഹിച്ചിരുന്നു. അതിന് തെളിവാണ് പ്രമുഖ വ്യവസായി രത്തൻ ടാറ്റയെക്കുറിച്ച് നന്ദിനി കുറിച്ച വാക്കുകൾ. ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ്. മനുഷ്യനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന, സമ്പത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുന്ന അദ്ദേഹം വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് നന്ദിത പറയുന്നത്.
ഏപ്രിൽ 15ന് മണിപ്പൂർ ഇംഫാലിലെ ഖുമൻ ലംപക്ക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മിസ് ഇന്ത്യ മത്സരം നടന്നത്. താരസമ്പന്നമായിരുന്നു ചടങ്ങ്. നൃത്തവും സംഗീതവുമൊക്കെ നിറഞ്ഞുനിന്ന വേദിയിൽ നേഹ ധൂപിയ, മനീഷ് പോൾ, ഭൂമി പെഡ്‌നേക്കർ, കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ എന്നിവരും സന്നിഹിതരായിരുന്നു.
സൗന്ദര്യവും ആത്മവിശ്വാസവും ബുദ്ധിശക്തിയും കൊണ്ട് മറ്റ് സുന്ദരികൾക്ക് കടുത്ത മത്സരം നൽകിയാണ് നന്ദിനി ഗുപ്ത ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്. നന്ദിനി ഗുപ്ത മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ബ്യുട്ടി വിത്ത് ബ്രെയിൻ എന്നാണ് നന്ദിനിയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മിസ് ഇന്ത്യ മത്സരമൊക്കെ കുട്ടിക്കാലം തൊട്ടേ കണ്ടിരുന്ന നന്ദിനിക്ക് ഇത് സ്വപ്നസാഫല്യമാണ്. ഫാഷൻ ഇൻഡസ്ട്രിയോട് ഇഷ്ടമുള്ളതുകൊണ്ടു തന്നെ സ്കൂൾ നാളുകളിൽ തന്നെ മോഡലിങ്ങിലും നന്ദിനി സജീവമായിരുന്നു.

ഫൈനൽ റൗണ്ടിൽ കറുപ്പ് നിറമുള്ള ലോങ് സ്ലിറ്റഡ് ഗൗൺ ആയിരുന്നു നന്ദിനി ധരിച്ചിരുന്നത്. കറുത്ത കല്ലുകളാൽ അലങ്കരിച്ചിരുന്ന, ശരീരത്തോട് ചേർന്നു കിടക്കുന്ന തരത്തിലുള്ള ഗൗണിൽ നന്ദിനി അതിസുന്ദരിയായിരുന്നു. ആഭരണങ്ങളിൽ ലാളിത്യം നിറഞ്ഞിരുന്നതും അവരെ വ്യത്യസ്തയാക്കി. ഫൈനൽ റൗണ്ടിൽ മാത്രമല്ല മറ്റു റൗണ്ടുകളിലും മുന്നിട്ടു നിൽക്കാൻ ഇവർക്കു സാധിച്ചു. മഞ്ഞയും നീലയും നിറങ്ങളിലുള്ള സ്വീകൻസ് വർക്കുകളാൽ സമ്പന്നമായ ഗ്രീൻ സൈഡ് സ്ലിറ്റ് ഗൗൺ, ബാർബി ഡോളിലെ പോലെ പിങ്ക് ഡാസ്‌ലിങ് ഡ്രസും ലൈറ്റ് ഗ്രീൻ ലെഹങ്കയുമൊക്കെ ധരിച്ച് മിസ് ഇന്ത്യയുടെ ഓരോ റൗണ്ടിലും നന്ദിനി തിളങ്ങി.
കോട്ട ദാരിയയെ ലോകത്തിന് മുന്നിലേക്കെത്തിക്കുകയെന്ന സ്വപ്നവും നന്ദിനിക്കുണ്ട്. കോട്ടയിലെ പ്രശസ്തമായ തുണിത്തരമാണ് കോട്ട ദാരിയ. കോട്ട ദാരിയ കൈത്തറി രംഗത്ത് കൂടുതലും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. അവർക്ക് വേണ്ട പരിഗണനയും സാമ്പത്തികവും ലഭിക്കുന്നില്ല. അവർക്ക് വേണ്ടിയും പരിശ്രമിക്കുമെന്നാണ് നന്ദിനി പറഞ്ഞത്.
കഴിഞ്ഞവർഷത്തെ മിസ് ഇന്ത്യയായ കർണാടകയുടെ സിനി ഷെട്ടിയാണ് നന്ദിനിയെ കിരീടമണിയിച്ചത്. 30 സുന്ദരിമാരാണ് മത്സരത്തിലുണ്ടായിരുന്നത്. ഡൽഹി സ്വദേശി ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരലെ തൗനോജം സ്ത്രെല ലുവാങ് സെക്കൻഡ് റണ്ണറപ്പുമായി. 2002-ലെ മിസ് ഇന്ത്യ യൂണിവേഴ്സ് നേഹ ധൂപിയ, കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ്, ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ ഹർഷവർദ്ധൻ കുൽക്കർണി, ഇന്ത്യൻ ബോക്സിങ് താരം ലൈഷ്റാം സരിതാ ദേവി, ഫാഷൻ ഡിസൈനർമാരായ റോക്കി സ്റ്റാർ, നമ്രത ജോഷിപുര എന്നിവരായിരുന്നു മിസ് ഇന്ത്യ മത്സരത്തിന്റെ ജൂറി അംഗങ്ങൾ.

മോഡലിങ്ങിനൊപ്പം സിനിമയും നന്ദിനിയുടെ സ്വപ്നങ്ങളിലുണ്ട്. ഷാഹിദ് കപൂറിന്റെയും രൺബീർ കപൂറിന്റെയും കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. നൃത്തവും യാത്രയുമാണ് മറ്റു ഇഷ്ടങ്ങൾ. മൃഗസ്നേഹി കൂടിയായ നന്ദിനി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൂച്ചകളുടെയും നായകളുടെയും നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബിസിനസുകാരനായ സുമിത് ഗുപ്തയുടെയും രേഖ ഗുപ്തയുടെയും മകളാണ് നന്ദിനി. ഇളയ സഹോദരിയുണ്ട്. പേര് അനന്യ ഗുപ്ത. സെന്റ് പോൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലാല രജ്പത് റായ് കോളെജിൽ നിന്നു ബിസിനസ് മാനെജ്മെന്റിൽ ബിരുദം നേടി. ചെറിയ പ്രായത്തിൽ തന്നെ മോഡലിങ്ങ് രംഗത്തേക്കെത്തിയ വ്യക്തി കൂടിയാണ് നന്ദിനി. മിസ് രാജസ്ഥാൻ പട്ടം നേടിയാണ് മിസ് ഇന്ത്യ മത്സരത്തിലേക്കെത്തുന്നത്. യു എ ഇയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനിയാണ്.
