ഈ ഫാഷൻ ഡിസൈനർ ഒരു മൃഗസ്നേഹി കൂടിയാണ്
ഫാഷൻ വ്യവസായത്തിലെ മുൻനിര വനിതാ ഡിസൈനർമാരിൽ ഒരാളാണ് സ്റ്റെല്ല മക്കാർട്ട്‌നി. ലോകപ്രശസ്ത ബ്രാൻഡ് സ്റ്റെല്ല മക്കാർട്ട്‌നി എന്ന വസ്ത്ര ശേഖരത്തിന്റെയും സുഗന്ധ ദ്രവ്യത്തിന്റെയും സ്ഥാപക. 1971 സെപ്റ്റംബർ 13 ന് അമെരിക്കൻ ഫോട്ടോഗ്രാഫർ ലിൻഡ മക്കാർട്ട്‌നിയുടെയും പോൾ മക്കാർട്ട്‌നിയുടെയും രണ്ടാമത്തെ മകളായി ലണ്ടനിലാണ് മക്കാർട്ട്‌നിയുടെ ജനനം. പ്രശസ്തി ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികൾ കഴിയുന്നത്ര സാധാരണ ജീവിതം നയിക്കണമെന്ന് മക്കാർട്ട്നിയുടെ മാതാപിതാക്കൾക്ക് നിർന്ധമുണ്ടായിരുന്നു. അതിനാൽ സ്റ്റെല്ലയും സഹോദരങ്ങളും ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ പ്രാദേശിക സംസ്ഥാന സ്കൂളുകളിൽ ആയിരുന്നു പഠിച്ചതൊക്കെയും. മാതാപിതാക്കളെപ്പോലെ, മക്കാർട്ട്‌നിയും മൃഗങ്ങളുടെ അവകാശങ്ങളുടെ ഉറച്ച പിന്തുണക്കാരിയാണ്. മാത്രമല്ല അവരുടെ പ്രവർത്തനങ്ങളിൽ വെജിറ്റേറിയൻ, മൃഗരഹിതമായ ഇതരമാർഗങ്ങളാണ് ഉപയോഗിക്കുന്നതും.

ചെറുപ്പത്തിൽത്തന്നെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ മക്കാർട്ട്‌നി താൽപര്യം പ്രകടിപ്പിച്ചിരുന്നു. പതിമൂന്നാം വയസ്സിൽ അവൾ ആദ്യത്തെ ജാക്കറ്റ് രൂപകൽപ്പന ചെയ്തു. മൂന്നു വർഷത്തിനുശേഷം ഫ്രഞ്ച് ഫാഷൻ ഡിസൈനർ ആയ ക്രിസ്റ്റ്യൻ ലാക്രോയിക്‌സിൻറെ കീഴിൽ അവർ പരിശീലനം നേടുകയും അവരുടെ ആദ്യത്തേതും ഏറ്റവും പുതിയതുമായ ഫാഷൻ വസ്‌ത്ര ശേഖരത്തിൽ പ്രവർത്തിക്കുകയും ചെയ്തു. നിരവധി വർഷങ്ങളായി എഡ്വേർഡ് സെക്സ്റ്റൺ എന്ന ഡിസൈനർക്കു വേണ്ടി ഹോട്ടി കൗച്ചർ എന്ന പ്രവർത്തനത്തിലും സ്റ്റെല്ല സജീവം. തുടക്കം മുതൽ അവസാനം വരെ കൈ കൊണ്ട് മാത്രം ഡിസൈൻ ചെയ്യുന്ന രീതിയാണ് ഹോട്ടി കൗച്ചർ.

പ്രശസ്തിയിലേക്ക്
റാവൻസ്‌ബോൺ കോളെജ് ഒഫ് ഡിസൈൻ ആൻഡ് കമ്മ്യൂണിക്കേഷനിലും സെൻട്രൽ സെന്റ് മാർട്ടിൻസിലുമായി സ്റ്റെല്ല ബിരുദം പൂർത്തിയാക്കി. കോളെജിൽ നടത്തിയിരുന്ന ഗ്രാജ്വേഷൻ റൺവേ ഷോയിൽ അവളുടെ സുഹൃത്തുക്കളും സൂപ്പർ മോഡലുകളായ നവോമി കാംബെൽ, യാസ്മിൻ ലെ ബോൺ, കേറ്റ് മോസ് എന്നിവർ സൗജന്യമായി മക്കാർട്ടിനി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞു റാമ്പ് ചെയ്തു. സസ്യാഹാരിയായ മക്കാർട്ടിനി തന്റെ വസ്ത്രങ്ങളിൽ ഒരിക്കലും മൃഗങ്ങളുടെ തൂവലോ രോമങ്ങളോ ഉപയോഗിച്ചിരുന്നില്ല. ഒരു വലിയ മൃഗ സ്‌നേഹികൂടെ ആയിരുന്നു അവർ. 2003 ഓഗസ്റ്റ് 30-ന് ഐൽ ഓഫ് ബ്യൂട്ടിലെ മൗണ്ട് സ്റ്റുവർട്ട് ഹൗസിൽ വച്ച് ബ്രിട്ടീഷ് പ്രസാധകനായ അലസ്‌ഡെയർ വില്ലിസിനെ മക്കാർട്ട്നി വിവാഹം കഴിച്ചു. അവർക്ക് നാലു മക്കൾ ഉണ്ട്.
സ്വന്തം പേരിലുള്ള ബ്രാൻഡ്
1997-ൽ പാരീസിലെ ഫാഷൻ ഹൗസ് ആയ ക്ലോയിയുടെ ക്രിയേറ്റീവ് ഡയറക്റ്ററായി മക്കാർട്ട്‌നി നിയമിതയായി . 2001 വരെ അവർ ആ സ്ഥാനം വഹിച്ചു. 2001-ൽ വെസ്റ്റ് ഹോളിവുഡിലെ സ്റ്റെല്ല മക്കാർട്ട്‌നിയുടെ സ്റ്റോർ ഗൂച്ചി ഗ്രൂപ്പുമായുള്ള (ഇപ്പോൾ കെറിംഗ്) സംയുക്ത സംരംഭത്തിൽ അവരുടെ സ്വന്തം പേരിൽ ഒരു ഫാഷൻ ഹൗസ് ആരംഭിക്കുകയും പാരീസിൽ അവളുടെ ആദ്യ ശേഖരം അവതരിപ്പിക്കുകയും ചെയ്തു. അവർ ഇപ്പോൾ മാൻഹട്ടനിലെ സോഹോ, ലണ്ടനിലെ മെയ്ഫെയർ, പാരീസിലെ പാലൈസ് റോയൽ, ബാഴ്‌സലോണയുടെ പാസിഗ് ഡി ഗ്രാസിയ, മിലാൻ, റോം, മിയാമി, ഹ്യൂസ്റ്റൺ എന്നിവിടങ്ങളിൽ 51 ഫ്രീസ്റ്റാൻഡിംഗ് സ്റ്റോറുകൾ നടത്തുന്നുണ്ട്.

പിന്നീട് 2003-ൽ മക്കാർട്ട്നി തന്റെ ആദ്യത്തെ പെർഫ്യൂം സ്റ്റെല്ല പുറത്തിറക്കി. പിന്നീട് 2007 ജനുവരിയിൽ 100 ശതമാനം ഓർഗാനിക് സ്കിൻ കെയർ ലൈൻ പുറത്തിറക്കി, ഏഴ് ഉൽപ്പന്നങ്ങളാണ് ഇതിലുള്ളത്. നാരങ്ങ ബാം, ആപ്രിക്കോട്ട് എന്നിവ ഉപയോഗിച്ച് നിർമിച്ച പാൽ മുതൽ ഗ്രീൻ ടീ, ലിൻഡൻ ബ്ലോസം ഫ്ലോറൽ വാട്ടർ വരെ ഉൾപ്പെടുന്നുണ്ട്. ശേഷം ന്യൂസീലാൻഡിലെ അടിവസ്ത്രങ്ങളുടെ കമ്പനി ആയ ബെൻഡൻ ഗ്രൂപ്പുമായി ചേർന്ന് മക്കാർട്ട്‌നി ഒരു പുതിയ അടിവസ്‌ത്ര ശൃംഖല ആരംഭിച്ചു. പിന്നീട് നവജാതശിശുക്കൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കുമായി സ്റ്റെല്ല മക്കാർട്ട്‌നി എന്ന പേരിൽ കിഡ്‌സ് ശേഖരത്തിനും തുടക്കമിട്ടു.2016 നവംബറിൽ, മക്കാർട്ട്‌നി തന്റെ ആദ്യത്തെ പുരുഷ വസ്ത്ര ശേഖരം പുറത്തിറക്കി, അത്‌ലീസർ, പൈജാമ പോലുള്ള കാഷ്വൽ വസ്ത്രങ്ങൾ നിർമിച്ചായിരുന്നു തുടക്കം. തന്റെ പിതാവും ഹാസ്യനടനുമായ ജെത്രോയാണ് ഈ ശേഖരത്തിന് പ്രചോദനമായതെന്നാണ് അവർ പറഞ്ഞത്. 2011 ജൂലൈയിൽ ബാഴ്‌സലോണയിൽ നടന്ന ദി ബ്രാൻഡറി ഫാഷൻ ഷോയുടെ ക്യാറ്റ്‌വാക്കിൽ മക്കാർട്ട്‌നി പങ്കെടുത്തിരുന്നു. 2019 ഓഗസ്റ്റിൽ, അമെരിക്കൻ ഗായകനും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റ് മക്കാർട്ട്‌നിയുമായി ചേർന്ന് സ്വിഫ്റ്റിന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബമായ ലവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഫാഷൻ ലൈൻ പുറത്തിറക്കി, ഈ പ്രോജക്റ്റ് “സ്റ്റെല്ല എക്‌സ് ടെയ്‌ലർ സ്വിഫ്റ്റ്” എന്ന തലക്കെട്ടിലാണ് അറിയപ്പെട്ടത്.

അവാർഡുകളും ആദരങ്ങളും
ന്യൂയോർക്കിൽ വെച്ച് മക്കാർട്ട്‌നിക്ക് വിഎച്ച്1/വോഗ് ഡിസൈനർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. ശേഷം വുമൺ ഓഫ് കറേജ് അവാർഡ് (2003, ലോസ് ഏഞ്ചൽസ്), മികച്ച ഡിസൈനർക്കുള്ള ഗ്ലാമർ അവാർഡ് (2004, ലണ്ടൻ), ഫാഷൻ ഗ്രൂപ്പ് ഇന്റർനാഷണൽ നൈറ്റിലെ സ്റ്റാർ ഹോണറി, ഓഫ് ദി സ്റ്റാർസ് (2004, ന്യൂയോർക്ക്), ഓർഗാനിക് സ്റ്റൈൽ വുമൺ ഓഫ് ദി ഇയർ അവാർഡ് (2005, ന്യൂയോർക്ക്), മികച്ച ഡിസൈനർക്കുള്ള എൽലെ സ്റ്റൈൽ അവാർഡ് (2007, ലണ്ടൻ), ബ്രിട്ടനിലെ മികച്ച ഡിസൈനർ സ്‌റ്റൈൽ അവാർഡുകൾ (2007, ലണ്ടൻ), സ്പാനിഷ് എല്ലെ അവാർഡിലെ മികച്ച ഡിസൈനർ (2008, ബാഴ്‌സലോണ), എസിഇ അവാർഡുകളിൽ ഗ്രീൻ ഡിസൈനർ ഓഫ് ദ ഇയർ (2008, ന്യൂയോർക്ക്). എന്നിവ ലഭിച്ചു. 2009-ൽ, അവരെ NRDC ആദരിച്ചു, ടൈം 100 ൽ ഫീച്ചർ ചെയ്യുകയും ഗ്ലാമർ വുമൺ ഓഫ് ദ ഇയർ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. 2011 നവംബറിൽ, ബ്രിട്ടീഷ് ഫാഷൻ കൗൺസിൽ അവർക്ക് റെഡ് കാർപെറ്റ് അവാർഡ് സമ്മാനിച്ചു; കൂടാതെ 2013 ലെ ന്യൂ ഇയർ ഓണേഴ്‌സിൽ, ഫാഷനിലെ സേവനങ്ങൾക്കായി അവരെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (OBE) ഓഫീസറായി നിയമിച്ചു. ശേഷം 2022 ൽ അവരെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (CBE) കമാൻഡറായും നിയമിച്ചു.