താരാട്ടഴകിൽ ഗർഭിണികൾക്കൊപ്പം തിളങ്ങി അമല പോളും
അമ്മമാരാകാനുള്ള ഒരുക്കത്തിനിടയിൽ ഫാഷൻ റാംപിൽ ചുവട് വച്ച് ഒരു കൂട്ടം ഗർഭിണികൾ. ആ സന്തോഷനേരങ്ങളിൽ അവർക്കൊപ്പം റാംപിൽ തിളങ്ങിയതാകട്ടെ തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയതാരവും. തൂവെള്ള നിറത്തിലുള്ള ഗൗണിൽ നിറവയറുമായി അതിസുന്ദരിയായാണ് അമല പോൾ വേദിയിൽ നിറഞ്ഞു നിന്നത്. കിൻഡർ താരാട്ടഴക് എന്നു പേരിട്ട ഗർഭിണികളുടെ ഫാഷൻ ഷോയിൽ അമല പോൾ ആയിരുന്നു ഫാഷൻ ഷോയുടെ മുഖ്യ അതിഥി. കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും കെ. എൽ. എഫ് നിർമൽ കോൾഡ് പ്രെസ്സ്ഡ് വിർജിൻ കോക്കനട്ട് ഓയിലും സംയുക്തമായാണ് കിൻഡർ താരാട്ടഴക് സീസൺ 3 സംഘടിപ്പിച്ചത്.

മേയ് 12 മാതൃദിനത്തോട് അനുബന്ധിച്ച് എറണാകുളത്തെ താജ് വിവാന്താ ഹോട്ടലിൽ നടന്ന ഫാഷൻ ഷോയിൽ 105 ഗർഭിണികൾ പങ്കെടുത്തു. പരിപാടി വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോർഡ് ഇവന്റ് ആയി മാറുകയും ചെയ്തു. കിൻഡർ ഹോസ്പിറ്റൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച കിൻഡർ താരാട്ടഴകിന്റെ റെക്കോഡുകളെ പിന്നിലാക്കിയാണ് പുതിയ റെക്കോർഡ് നേടിയിരിക്കുന്നത്. ഗർഭിണികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോയാണിതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

മുഖ്യ അതിഥിയായിരുന്നു അമലയെങ്കിലും റാംപിലെ മത്സരാർഥികൾക്കൊപ്പം ചുവടുവച്ച് താരവും അവരിലൊരാളായി മാറുകയായിരുന്നു. ഷോയിലെ വിജയികൾക്ക് അമല പോൾ കീരിടം അണിയിച്ചു. ചേർത്തല പാണാവളി സ്വദേശി അനില ഒന്നാം സ്ഥാനം നേടി. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് അനില കരസ്ഥമാക്കിയത്. ഒപ്പം കെ. എൽ. എഫ് മാനേജിങ് ഡയറക്ടർ സണ്ണി ഫ്രാൻസിസ് സാഷേ അണിയിച്ചു. കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. വി. കെ പ്രദീപ് കുമാർ മൊമെന്റോ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ എറണാകുളം സ്വദേശി ഹരിതയ്ക്ക് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിച്ചു. മൂന്നാം സ്ഥാനം നേടിയ ഹരിപ്പാട് സ്വദേശി സ്മൃതി അൻപതിനായിരം രൂപ വിലമതിക്കുന്നതുമായ സമ്മാനങ്ങൾ ആണ് സ്വന്തമാക്കിയത്. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും ആകർഷകമായ നിരവധി സമ്മാനങ്ങളും ലഭിച്ചു.

വേൾഡ് റെക്കോർഡ് യൂണിയൻ ലൈവ് അഡ്ജുഡിക്കേറ്റർ ക്രിസ്റ്റോഫർ ടെയ്ലർ ക്രാഫ്റ്റ്ന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഷോയിലൂടെ നേടിയ ലോക റെക്കോർഡ് കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. വി. കെ പ്രദീപ് കുമാറും കെ. എൽ. എഫ് നു വേണ്ടി മാനേജിങ് ഡയറക്ടർ സണ്ണി ഫ്രാൻസീസും ഏറ്റുവാങ്ങി. പോൾ ഫ്രാൻസിസ് ( ഡയറക്ടർ, കെ. എൽ. എഫ് നിർമൽ ഇൻഡസ്ട്രീസ് ), ജോർജ് ജോൺ, ബിസിനസ് ഹെഡ്, കെ എൽ. എഫ് ഇൻഡസ്ട്രിസ്, ജോൺ ഫ്രാൻസിസ്, ഡയറക്ടർ, കെ എൽ എഫ് ഇൻഡസ്ട്രിസ്, രഞ്ജിത്ത് കൃഷ്ണൻ (ഗ്രൂപ്പ് സി.ഇ.ഒ, കിൻഡർ ഗ്രൂപ്പ്), സതീഷ് കുമാർ, സി.ഒ.ഒ, കിൻഡർ ഹോസ്പിറ്റൽ കൊച്ചി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.