കൈത്തറിയുടെ ചാരുതയിൽ റാംപിൽ തിളങ്ങി പാർവതി
ദാവണിയിലും സാരിയിലും കസവുചേലയിലുമൊക്കെ അതിസുന്ദരിയായെത്തുന്ന മലയാള സിനിമയിലെ ശാലീന സൗന്ദര്യം. തൂവനാത്തുമ്പികളിലെ രാധയെയും കീരിടത്തിലെ ദേവിയും ആമിന ടെയ്ലേഴ്സിലെ ആമിനയായും മലയാളികളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന പാർവതി. എട്ട് വർഷം നീണ്ട അഭിനയജീവിതത്തിന് ഇടവേള നൽകിയ ജീവിതത്തിരക്കുകളിലേക്ക് സഞ്ചരിച്ച പാർവതിയെ വീണ്ടും അരങ്ങിൽ കണ്ടതിന്റെ ത്രില്ലിലാണ് മലയാളികൾ.

കസവിന്റെ ചാരുതയിൽ ഫാഷൻ റാംപിലൂടെയാണ് പാർവതി വീണ്ടുമെത്തിയിരിക്കുന്നത്. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഒളിമ്പിക് എക്സ്പോയിലെ ഫാഷൻ ഷോയിലാണ് പാർവതിയെത്തിയത്. പാർവതി തനിച്ചല്ല മകൾ മാളവിക ജയറാമും റാംപിൽ ചുവടുവച്ചു. കൈത്തറി വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും റാംപിൽ തിളങ്ങിയത്കൈത്തറി വസ്ത്രങ്ങളുടെ അഴകും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു റാംപിലെ ചുവടുകൾ. കേരളത്തിലെ പരമ്പരാഗത വസ്ത്ര ചാരുതക്കു പ്രചാരണം നൽകുന്നതിന് വേണ്ടി കൈത്തറി രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ വീവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തിലായിരുന്നു കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ ഒരുക്കിയത്. ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, കാൻസർ സർവൈവേഴ്സ്, വീട്ടമ്മമാർ, സിംഗിൾ മദേഴ്സ്, കുട്ടികൾ, വയോധികർ തുടങ്ങി 250 പ്രൊഫഷണൽ മോഡൽസ് ഷോയിൽ അണിനിരന്നു. ഏഷ്യ ബുക്ക് ഒഫ് റെക്കോഡ്‌സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്‌സ് എന്നിവിടങ്ങളിലും ഫാഷൻ ഷോ ഇടം പിടിച്ചു. കേരളത്തിലെ ആദ്യത്തെ ബുള്ളറ്റ് റൈഡർ ഷൈനി, ജന്മനാ കാഴ്ചശക്തി നഷ്ടപ്പെട്ട റ്റിഫ്‌നി ബ്രാർ, ഒരു കാൽ മാത്രമുള്ള സൈക്ലിസ്റ്റ് ശ്യാം, സിന്തറ്റിക് ഫോട്ടോഗ്രാഫർ റെജി ഭാസ്കർ എന്നിവരും ഷോയുടെ മാറ്റ് കൂട്ടി. കൈത്തറിയെന്ന പരമ്പരാഗത വസ്ത്ര ശൈലിയെ ആഗോളതലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷോ സംഘടിപ്പിച്ചതെന്നു വീവേഴ്‌സ് വില്ലേജ് ഉടമ ശോഭ വിശ്വനാഥ് പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ വനിതാ തോൽപ്പാവക്കൂത്ത്, കണ്ടംപററി ഡാൻസ്, ചാരു ഹരിഹരൻ, വരുൺ തുടങ്ങിയവരുടെ ഫ്ലൂട് എന്നിവ ഷോയുടെ മാറ്റ് കൂട്ടി. ഡാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്സ് എന്നിവരായിരുന്നു ഷോ സ്റ്റോപ്പർസ്. വികാസ് വി കെ എസ്, ലാക്മെ ടീം, അനുഷ & ടീം എന്നിവരായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ.ശോഭനം ഈ വീവേഴ്‌സ് വില്ലജ്അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിസിനസ് സ്കൂളിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് ശോഭ. പിന്നീട് ഡ്രസ്സ് ഡിസൈനിങ് ആണ് പാഷൻ എന്ന് തിരിച്ചറിഞ്ഞാണ് ഈ രംഗത്തേക്കെത്തുന്നത്. അങ്ങനെയാണ് തിരുവനന്തപുരത്ത് കൈത്തറിക്കായി വീവേഴ്‌സ് വില്ലേജ് ആരംഭിക്കുന്നത്. കൈത്തറിയെ പുനരുജ്ജീവിപ്പിക്കാനും വനിതകൾക്ക് ഒരു താങ്ങും തണലും ആകുക എന്ന ലക്ഷ്യത്തോടെ 10 വർഷം തുടക്കമിട്ടതാണ് വീവേഴ്‌സ് വില്ലജ്.ഗോത്ര വിഭാഗത്തിലുള്ളവരുടെ കൈത്തറി വസ്ത്രങ്ങളും കളിമൺ കരകൗശല വസ്തുക്കളും വിപണിയിൽ ഇറക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ കൈത്തറി, പോട്ടറി വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ട്. വീവേഴ്‌സ് വില്ലേജിൽ ആർട് ഗ്യാലറി, ലിറ്ററേച്ചർ, വെഡിങ് കസ്റ്റമൈസേഷൻ ( ആളുകളുടെ ഇഷ്ടാനുസരണമുള്ള വസ്ത്ര നിർമിതി) എന്നിവയുമുണ്ട്. ഐ ഐ എഫ് ടി യിലെ യൂണിഫോം ചെയ്തു കൊടുത്തിരുന്നു, കൂടാതെ മിസ് ഏഷ്യ, മിസ് യൂണിവേഴ്‌സ് എന്നിവർക്കുള്ള ഡ്രസ്സ് ഡിസൈൻ ചെയ്യുന്നുണ്ട്. ഡിസൈനർ സഞ്ജന ജോണിനൊപ്പം ഓസ്കർനു വേണ്ടിയും ഡ്രസ്സ് ഡിസൈൻ ചെയ്യുന്നുണ്ടെന്നും ശോഭ. ഗോത്രവർഗക്കാർക്ക് മാസ്ക് ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഗന്ധിക എന്ന ഇവരുടെ പ്രൊജക്റ്റ് വിജയം കണ്ടിരുന്നു.

ജൈവ പരുത്തി തുണികളുടെ ഉന്നമനത്തിനായി ഉള്ള ഒരു പ്രൊജക്റ്റ് ആയ പ്രഗതി ഇപ്പോൾ ഗവണ്മെന്റിനു സമർപ്പിച്ചിട്ടുണ്ട്. ഈ പ്രൊജക്റ്റ് ഏറ്റവും ഉയരങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. ഗോത്രവർഗക്കാർക്ക് മാസ്ക് ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഗന്ധിക എന്ന പ്രൊജക്റ്റ് ഒരുപാട് വിജയം കണ്ടിരുന്നു.കൈത്തറിയെ അന്താരാഷ്ട്ര ബ്രാൻഡാക്കുക എന്നതാണ് ശോഭയുടെ ലക്‌ഷ്യം. പിൻകത്തോൺ എന്ന കാൻസർ ബോധവത്കരണ മാരത്തോണിലെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ അംബാസഡർ കൂടിയാണ് ഇവർ. സാരിയുടുത്തുകൊണ്ടുള്ള ഒരു ഹിമാലയൻ ട്രക്കിങ് ഇതാണ് ശോഭയുടെ അടുത്ത ലക്ഷ്യം.