Fashion Shows&events

ശ്രേയ എന്ന അഴകിന്റെ റാണി

മിസ് ഇന്ത്യ 2023 ഫസ്റ്റ് റണ്ണർഅപ്പ് ശ്രേയ പൂഞ്ച… ഈ പേരുകാരി അത്ര ചില്ലറക്കാരിയല്ല. ശരീര സൗന്ദര്യം മാത്രമല്ല ബുദ്ധിയും ആത്മവിശ്വാസവും സ്ഥിരോത്സാഹവുമൊക്കെയുള്ള പെൺകുട്ടിയാണ് ശ്രേയ. ഒപ്പം നല്ലൊരു മനസിന് ഉടമയുമാണ്. ചുറ്റുമുള്ള മനുഷ്യർക്ക് സന്തോഷകരമായ ജീവിതമൊരുക്കുക… അങ്ങനെയൊരു ആപ്തവാക്യം മനസിൽ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ശ്രേയ. ബാഹ്യസൗന്ദര്യം പോലെ ശ്രേയയുടെ മനസും സുന്ദരമാണ്.

സൗന്ദര്യ മത്സരങ്ങളും ഫാഷൻ റാംപുകളും ശ്രേയയ്ക്ക് പുതുമ നിറഞ്ഞ ലോകമല്ല. ആ ഇടങ്ങളിൽ ചിരപരിചിതയാണ് ഈ 23 കാരി. മിസ് ഇന്ത്യ മത്സരത്തിൽ മിസ് ബ്യൂട്ടിഫുൾ ബോഡി ടൈറ്റിലും ശ്രേയ നേടി. 19-ാം വയസിൽ ക്യാംപസ് പ്രിൻസസ് 2019 എന്ന ദേശീയ മത്സരത്തിൽ വിജയിയായിരുന്നു. പ്രമുഖ ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, നീത ലുല്ല, രാഘവേന്ദ്ര റാത്തോഡ് തുടങ്ങിയവരുടെ ഡിസൈനുകൾ ധരിച്ച് നിരവധി റാംപ് ഷോകളും ശ്രേയ നടത്തിയിട്ടുണ്ട്.

മോഡലിങ്ങിലും അഭിനയലോകത്തിലും ഒരു പോലെ തിളങ്ങിയിട്ടുള്ള സുന്ദരി കൂടിയാണ് ശ്രേയ. ദേശീയ-അന്തർദേശീയ ബ്രാൻഡുകൾക്കൊപ്പം അവരുടെ കാംപെയ്നുകൾക്കുമൊക്കെ ശ്രേയ സഹകരിച്ചിട്ടുണ്ട്. 2020-ൽ ലിവ മിസ് ദിവ സൗന്ദര്യത്തിലും പങ്കെടുത്തിട്ടുണ്ട്. ലൈഫ് സ്റ്റൈൽ സ്റ്റോർസ്, നൈക്ക ബ്യൂട്ടി, ഓറ ജ്വല്ലറി തുടങ്ങിയവർക്ക് വേണ്ടി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ ബോളിവുഡ് അഭിനേത്രിയായ പ്രിയങ്ക ചോപ്രയാണ് ശ്രേയയുടെ റോൾ മോഡൽ. അമെരിക്കൻ എഴുത്തുകാരനായ ലൂയിസ് ഹെ ഇവരെ സ്വാധീനിച്ചിട്ടുണ്ട്.

എയർ ഇന്ത്യ ജീവനക്കാരനായ സഞ്ജയ് പൂഞ്ചയുടെയും സർക്കാർ ഉദ്യോഗസ്ഥയായ ഭാരതി ശർമ പൂഞ്ചയുടെയും മകളാണ്. ശ്രേയയ്ക്ക് ഇളയ സഹോദരനുമുണ്ട്. സെന്റ് ആന്റണീസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. ഡൽഹി സ്വദേശിയായ ശ്രേയ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ദേശ്ബന്ധു കോളെജിലായിരുന്നു ഡിഗ്രി പഠനം. ബിരുദം പൂർത്തിയാക്കിയ ഉടൻ തന്നെ ശ്രേയ പൂഞ്ച അഭിനേതാവായും മോഡലായും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഫിനാൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് കൂടിയാണ് ഇവർ. സാമൂഹിക പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ അത്തരത്തിലുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

കുട്ടിക്കാലത്ത് എഴുത്തിനോട് കമ്പമുണ്ടായിരുന്നു ശ്രേയ പൂഞ്ചയ്ക്ക്. എന്നാൽ പിന്നീട് കലയും കായികലോകവുമൊക്കെയായി അവരുടെ ഇഷ്ട മേഖലകൾ. കഥക്, ജാസ്, കണ്ടംപററി, തുടങ്ങിയ വ്യത്യസ്തമായ നൃത്തങ്ങൾ പഠിച്ചിട്ടുണ്ട് ഇവർ. നീന്തൽ, സ്കേറ്റിങ്ങും തായ്ക്വോണ്ടോയും കുതിര സവാരിയും പോലുള്ള കായിക ഇനങ്ങളിലും ശ്രേയയ്ക്ക് പ്രാവീണ്യമുണ്ട്. വളർന്നുവരുന്ന ഒരു സംരംഭക കൂടിയാണ് ശ്രേയ എന്നതും ശ്രദ്ധേയം. നൃത്തം ചെയ്യാനും യാത്രകൾ പോകാനുമൊക്കെയാണ് ശ്രേയയുടെ ഇഷ്ടങ്ങൾ. ഇതുവരെ പോയിട്ടില്ലാത്ത പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുകയാണ് ശ്രേയയ്ക്ക് കൂടുതൽ ഹരം.

മിസ് ഇന്ത്യ ഓർഗനൈസേഷനിലൂടെയാണ് ആദ്യമായി ക്യാംപസ് പ്രിൻസസ് എന്ന പട്ടം ശ്രേയ നേടിയത്. അതുകൊണ്ടു തന്നെ മിസ് ഇന്ത്യ മത്സരവേദി സ്വന്തം വീട് പോലെയാണെന്നാണ് ശ്രേയ പറയുന്നത്. ”ആ വീട് എന്ന ഇടത്തേക്കുള്ള തിരിച്ചുവരവാണിത്. മിസ് ഇന്ത്യ ഫസ്റ്റ് റണ്ണർഅപ്പ് പട്ടം എനിക്ക് ഒരു സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.” ശ്രേയ ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *