ദുബായിയുടെ സ്വന്തം അലീന
മോഡേൺ ലുക്ക് ഇഷ്ടപ്പെടുന്നവരുടെ ആദ്യ ചോയ്സ് ആരാണെന്നു ചോദിച്ചാൽ, ഒട്ടുമിക്ക സെലിബ്രിറ്റികളും ഒരേ സ്വരത്തിൽ പറയുന്നൊരു പേരുണ്ട്. ഇന്ത്യൻ സെലിബ്രിറ്റികൾ മാത്രമല്ല ലോകമറിയുന്ന ഗായികമാരുടെയും അഭിനേത്രികളുടെയുമെല്ലാം ഇഷ്ടം സ്വന്തമാക്കിയ ഫാഷൻ ഡിസൈനറാണിത്. ദുബായിയുടെ സ്വന്തം അലീന അൻവർ… ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ നിറഞ്ഞുനിൽക്കുന്ന വിലയേറിയ കോസ്റ്റ്യൂം ഡിസൈനറാണ് അലീന. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കരീന കപൂറിനെയും ദീപിക പദുക്കോണിനെയുമൊക്കെ മോഡേൺ ഗൗണുകളിൽ അതിസുന്ദരിയാക്കിയിട്ടുള്ള ഇന്റർനാഷണൽ ഫാഷൻ ഡിസൈനർ അലീന അൻവറിന്റെ വിശേഷങ്ങളിലേക്ക്.

അമ്മയും മുത്തശ്ശിയും
എന്നും പ്രചോദനം
ഫാഷൻ ലോകത്തിലേക്കുള്ള അലീനയുടെ വരവ് ഏതൊരാൾക്കും പ്രചോദനാത്മകമാണ്. ദുബായിയിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് അലീന. കുട്ടിക്കാലം തൊട്ടേ ഫാഷൻ ഒരു പാഷനായിരുന്നു ഈ പെൺകുട്ടിയ്ക്ക്. ദുബായ് പോലെയുള്ള നഗരത്തിലെ ആഡംബരജീവിതശൈലിയും ഫാഷൻ ഡിസൈനറിലേക്കെത്താൻ പ്രേരിപ്പിച്ചു. കുട്ടിക്കാലം മുതലുള്ള അലീനയുടെ സ്വപ്നമായിരുന്നു ഫാഷനും ഡിസൈനിങ്ങുമൊക്കെ. ആ സ്വപ്നസാഫല്യത്തിന് അവളുടെ ജീവിത ചുറ്റുപ്പാടുകളും സഹായകമായെന്നു പറയാം. വിശേഷദിവസങ്ങളിൽ അലീനയുടെ അമ്മയും മുത്തശ്ശിയുമൊക്കെ ധരിക്കുന്ന വസ്ത്രങ്ങൾ അവരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അവർ ധരിക്കുന്ന വസ്ത്രങ്ങളും അവയിലെ ഡിസൈനുകളും കൊച്ചു അലീനയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടമാണ് ഫാഷൻ ഡിസൈനിങ്ങ് എന്ന സ്വപ്നത്തിലേക്കെത്തിച്ചതും. ഫാഷൻ ഡിസൈനിങ്ങിനോട് താത്പ്പര്യം തോന്നാനുള്ള ആദ്യ കാരണവും അമ്മയും മുത്തശ്ശിയുമായിരുന്നു. ഇഷ്ടപ്പെട്ട മേഖലയിൽ തന്നെയായിരുന്നു പഠനം.

പാരമ്പര്യത്തിനൊപ്പം ആധുനികതയും
ഫാഷൻ ഡിസൈനിങ്ങ് പഠിച്ച അലീന വ്യത്യസ്ത ക്രിയേറ്റീവ് കോഴ്സുകളും ചെയ്തിട്ടുണ്ട്. ഫാഷൻ ഡിസൈനിങ്ങിന്റെ ആദ്യം പാഠം മാത്രമല്ല അതേക്കുറിച്ച് കൃത്യമായ അടിത്തറയുണ്ടാക്കുന്നതിന് നിരവധി വസ്ത്ര ഡിസൈനിങ്ങ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇതിന് ശേഷം മാത്രമേ സ്വന്തമായി ബൊട്ടീക്ക് പോലും അലീന ആരംഭിച്ചുള്ളൂവെന്നതും മറ്റുള്ള ഡിസൈനർമാരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നു. അക്കാഡമിക്കലായി നേടിയതും ജോലിയിലൂടെ സ്വായത്തമാക്കി അനുഭവസമ്പത്തും മാത്രമല്ല അലീനയെ മികച്ച ഡിസൈനറാക്കിയത്. അവരുടെ പാകിസ്താൻ പശ്ചാത്തലവും ഡിസൈനർ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പാകിസ്താന്റെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ആകർഷകമായ നിറങ്ങളും സങ്കീർണമായ എംബ്രോയിഡറിയും മനോഹരങ്ങളായ നിഴൽ ചിത്രങ്ങളുമൊക്കെ അലീനയുടെ വസ്ത്ര രൂപകൽപ്പനയിലും കാണാം. പരമ്പരാഗതരീതിയെ മാത്രം പിന്തുടരുന്ന ഡിസൈനറായിരുന്നില്ല. പാരമ്പര്യതനിമ നിറഞ്ഞ വസ്ത്രങ്ങൾക്കൊപ്പം ആധുനികതയോടും ഇവർ കൂട്ടു കൂടിയിട്ടുണ്ട്. അലീന തുന്നിയ മോഡേൺ ഗൗണുകൾക്ക് ലോകമെങ്ങും വലിയ ഡിമാന്റുണ്ട്.

വസ്ത്രങ്ങളിലൂടെ
സ്ത്രീശാക്തീകരണം
മികച്ച ഫാഷൻ ഹൗസുകൾക്കും പേരുകേട്ട ഡിസൈനർമാർക്കും ഒപ്പം പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് അലീന സ്വന്തമായി ഒരു ഫാഷൻ ലേബൽ ആരംഭിക്കുന്നത്. 2018-ലാണ് അലീന അൻവർ കോച്ചർ എന്ന പേരിൽ സ്വന്തം ലേബൽ ഇവർ ആരംഭിക്കുന്നത്. അർപ്പണമനോഭാവവും കഠിനാധ്വാനം ചെയ്യാനുള്ള മനസും അവരെയും അവരുടെ ലേബലിനെയും വളരെ എളുപ്പത്തിൽ ലോകത്തിന് മുന്നിൽ ശ്രദ്ധേയരാക്കി. സൂക്ഷ്മമായ കരകൗശല വൈദഗ്ധ്യവും ഓരോ കുഞ്ഞു കാര്യങ്ങൾക്കും നൽകിയ ശ്രദ്ധയും അവരുടെ കോച്ചറിന് കൂടുതൽ ഗുണം ചെയ്തു. മനോഹരവും ആകർഷകവുമായ ഡിസൈനുകൾ സൃഷ്ടിച്ചു കൊണ്ട് അലീനയുടെ ബ്രാൻഡ് വേഗത്തിലാണ് വളർന്നത്. ഫാഷൻ രംഗത്ത് പെരുമയേറെയുള്ള പാരീസിൽ നിന്നും മിലാനിൽ നിന്നുമൊക്കെ മികച്ച തുണിത്തരങ്ങൾ സ്വന്തമാക്കിയാണ് അലീന ഓരോ വസ്ത്രത്തിനും ജീവൻ നൽകിയത്. യാത്ര, പ്രകൃതി, വിന്റേജ് സ്റ്റൈൽ ഐക്കണുകൾ എന്നിവയോടുള്ള ഇഷ്ടം അലീനയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ട്രെൻഡും ഫാഷനും വസ്ത്രങ്ങളിൽ കൊണ്ടുവരുന്നതിനൊപ്പം അവയുടെ ഭംഗി ഒട്ടും കുറയരുതെന്ന നിർബന്ധവും അലീനയ്ക്കുണ്ടായിരുന്നു.
”എന്റെ വ്യക്തിഗത ശൈലി ഫാഷൻ ഫോർവേഡ് ആണ്, പക്ഷേ കാലാതീതവുമാണ്. എന്റെ ഡിസൈനുകൾ ധരിക്കുമ്പോൾ ഓരോ സ്ത്രീയ്ക്കും അങ്ങനെ തോന്നണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. വസ്ത്രധാരണത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകയും വ്യക്തി സ്വാതന്ത്ര്യത്തിലേക്കും അനന്തമായ സാധ്യതകളിലേക്കും അവരെ നയിക്കുകയുമാണ് ലക്ഷ്യം.” അലീന അൻവർ വ്യക്തമാക്കുന്നു.

സ്വപ്നങ്ങളും ലക്ഷ്യങ്ങളും
ബോളിവുഡ് താരറാണിമാരുടെ പ്രിയങ്കരിയുമാണ് അലീന. ബി ടൗണിലെ നിരവധി അഭിനേത്രിമാരാണ് അലീന ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച് മോഡലിങ്ങിലും റെഡ് കാർപ്പെറ്റിലുമൊക്കെ തിളങ്ങിയിരിക്കുന്നത്. കജോൾ, ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ, തപ്സി പന്നു, ശിൽപ്പ ഷെട്ടി, സൊനാക്ഷി സിൻഹ, ആലിയ ഭട്ട്, അതിഥി റാവു ഹൈദരി, ജാക്വലിൻ ഫെർണാണ്ടസ്, ദിശ പഠാണി, ജാൻവി കപൂർ, കിയാര അധ്വാനി, ഖുശി കപൂർ, കൃതി സനോൻ, മല്ലിക അറോറ, മാനുഷി ഛില്ലർ, നോറ ഫത്തേഹി, പരിണീതി ചോപ്ര, പൂജ ഹെഗ്ഡേ, രാധിക ആപ്തേ, യാമി ഗൗതം തുടങ്ങി നിരവധി സിനിമാനടിമാരാണ് അലീനയുമായി സഹകരിച്ചിട്ടുള്ളത്. സംഗീത ഇതിഹാസം മരിയ കാരി, മെക്സിക്കൻ ഗായികയായ അന്ന ബാർബറ, അമെരിക്കൻ ഗായികയായ ബെല്ല പോർച്ച്, അമെരിക്കൻ നടിയായ എയ്ഞ്ചല ബാർസെറ്റ്, കനേഡിയൻ നടിയായ എമിലി ഹാംപ്ഷെയർ എന്നിവരും അലീനയുടെ വസ്ത്രങ്ങൾ സ്വന്തമാക്കിയവരാണ്. ലോകപ്രശസ്തർക്കൊപ്പം നിരവധി പ്രാദേശിക സെലിബ്രിറ്റികളും അലീനയുമായി സഹകരിച്ചിട്ടുണ്ട്. ഇറ്റലി, ലോസ് എഞ്ചൽസ്, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം വിവിധ ഫാഷൻ ഷോകളിലൂടെ അലീനയുടെ ഡിസൈനുകൾ കാഴ്ചക്കാരിലേക്കെത്തിയിട്ടുണ്ട്.
യു എ ഇയിലെ യങ്സറ്റ് ഡിസൈനർ എന്ന പേര് അലീനയ്ക്ക് സ്വന്തമാണ്. കഴിഞ്ഞ ആറു വർഷം കൊണ്ട് ദുബായിയിലെ മുൻനിര ബൊട്ടീക്കുകളിൽ ഒന്നാണ് അലീനയുടേത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുറോപ്പിലും അമെരിക്കയിലും സ്വന്തം കോച്ചർ ആരംഭിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് അലീന. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെയായി ഡിസൈനർ ജീവിതത്തിന്റെ തിരക്കുകളിലാണ് അലീന അൻവർ.