കേരളത്തിലെ ആദ്യ ഇക്കോ പ്രിന്റ് വസ്ത്രശാല- ഇലപ്പച്ച
ഇടുക്കിയിൽ നിന്നൊരു ബസ് യാത്ര, പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന സൗമ്യയുടെ കണ്ണിൽ പതിഞ്ഞത് കുറച്ച് ഇലകളും പൂക്കളും, മോഹൻലാലിന്റെ ഭാഷയിൽ പറഞ്ഞാൽ പതിഞ്ഞത് കണ്ണുകളിൽ ആയിരുന്നില്ല മനസ്സിലായിരുന്നു, അന്ന് മനസ്സിൽ വിരിഞ്ഞ ഒരു ആശയം ഇക്കോ പ്രിന്റ് വസ്ത്രങ്ങൾ, നിറങ്ങളുടെ കൂട്ടുകാരികൂടെയായ സൗമ്യ കൂടുതലൊന്നും ചിന്തിച്ചില്ല, പിന്നീട് വർഷങ്ങളുടെ പരിശ്രമം.. ഇന്ന് എത്തിനിൽക്കുന്നത് ഇലപച്ച എന്ന ഇക്കോ പ്രിന്റ് വസ്ത്രങ്ങളുടെ ബ്രാൻഡ് ആയി… നമുക്ക് ജീവിക്കാൻ ഉള്ളതെല്ലാം പ്രകൃതിയിൽ തന്നെയുണ്ടെന്ന് ആരോ പറഞ്ഞപോലെ.. പച്ചപ്പുകളാൽ സമ്പന്നമായ ഇടുക്കി ജില്ലയിൽ വളർന്ന സൗമ്യക്കു പ്രകൃതിയുടെ സമ്മാനമായി കരുതാം ഈ ഇലപ്പച്ചയെ.. സൗമ്യയുടെ വിശേഷങ്ങളിലേക്ക് കടക്കാം

സൗമ്യ ഒരു ആർട്ടിസ്റ് ആണ് സംരംഭകയാണ് ഒന്ന് വിശദീകരിക്കാമോ?
ചെറുപ്പം മുതലേ വരയ്ക്കുമായിരുന്നു, അങ്ങെനെ തൃപ്പൂണിത്തറയിലെ ആർഎൽവി കോളേജിൽ പെയിന്റിങ്ങിൽ ബിരുദം പൂർത്തിയാക്കി കൊച്ചിയിലെ ഒരു സ്കൂളിൽ ഡ്രോയിങ് ടീച്ചറായി ചുമതലയേറ്റു, ശേഷം കുവൈറ്റിലേക്ക് പോയി അവിടെയും കുറച്ചുനാൾ ജോലി ചെയ്തു. കുറേക്കാലമായുള്ള ഒരു ആഗ്രഹമായിരുന്നു ഒരു ബിസിനസ് തുടങ്ങുക എന്നത്. ബിസിനസ് പാശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിൽ നിന്ന് ആയതുകൊണ്ടും അത് വിജയിക്കുമോ എന്നുള്ള ഭയം കൊണ്ടും ജോലിയിൽ തന്നെ തുടരാം എന്നുള്ള തീരുമാനത്തിൽ ഇരിക്കുകയായിരുന്നു. പിന്നീട് ബിസിനസ് തന്നെയാണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഒരു കലാകാരി ആയതുകൊണ്ട് തന്നെ ജോലി ഉപേക്ഷിച്ചിട്ടും ഒരു ദിവസം പോലും എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നിരുന്നില്ല. ഒരുപാട് വർക്കുകൾ കിട്ടിത്തുടങ്ങിയിരുന്നു. അങ്ങിനെ കുറച്ചു വർഷങ്ങളുടെ പരിശ്രമത്തിനുശേഷമാണ് ഇന്ന് ഇലപ്പച്ച എന്ന ബ്രാൻഡിന്റെ ഓണർ ആയി ഇരിക്കാൻ കഴിഞ്ഞത്.
ഇക്കോപ്രിന്റ് എന്ന ആശയം വന്നത് എപ്പോഴാണ്?
റോഡ് സൈഡിൽ നിൽക്കുന്ന ഒരു ഇല കണ്ടിട്ട് തുടങ്ങിയ ആശയം ആയിരുന്നു ഇക്കോപ്രിന്റ് എന്നത്. ഇലകളുടെയും പൂക്കളുടെയും പ്രിന്റ് ഫാബ്രിക്കിലേക്ക് കൊണ്ടുവന്നാൽ നന്നായിരിക്കുമല്ലോ എന്ന് ചിന്തിച്ചു തുടങ്ങി, ഒരു ഡിജിറ്റൽ പ്രിന്റ് കൊണ്ടുവരിക എന്നതിലുപരി അതിന്റെ യഥാർത്ഥ നിറങ്ങൾ ഫാബ്രിക്കിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഞാൻ ലക്ഷ്യമിട്ടിരുന്നത്. അങ്ങിനെയാണ് ഇക്കോ പ്രിന്റ് എന്ന ഈ ലാബലിലേക്ക് എത്തിനിൽക്കുന്നത്.
ഒരുപാട് അന്വേഷിച്ചപ്പോഴാണ് വിദേശത്ത് പലരും ഇക്കോപ്രിന്റ് എന്ന ആശയം തുടരുന്നുണ്ട് എന്ന് മനസ്സിലാകുന്നത്. അങ്ങെനെ അതിനെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും, ഒരുപാട് പഠിക്കുകയും ചെയ്തു. ദിവസത്തിൽ കൂടുതൽ സമയം അതിനു വേണ്ടി മാറ്റിവച്ചു. ഹാൻഡ് പ്രിന്റഡ് സാരികൾ ആ സമയത്ത് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഇതിനെ പറ്റി പഠിക്കണമെന്നത് തീവ്രമായ ഒരു ആഗ്രഹമായിരുന്നു, അതിനു വേണ്ടി പരിശ്രമിച്ചു.

നാലു വർഷങ്ങൾക്കു ശേഷമാണ് ഒരു പ്രിന്റ് ആഗ്രഹിച്ചത് പോലെ കിട്ടുന്നത്.
ഇതൊരു ബ്രാൻഡ് ആയി തുടങ്ങണമെന്നും സെയിൽ ചെയ്യണമെന്നും പിന്നീട് ഒരു ആഗ്രഹം തോന്നി. ഇതിനു ഉചിതമായ ഒരു പേര് കണ്ടെത്തലായിരുന്നു ഒരു വലിയ ടാസ്ക്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന പേര് തന്നെ വേണം എന്നത് എനിക്ക് നിർബന്ധമുള്ള ഒന്നായിരുന്നു അങ്ങെനെ ഇലപ്പച്ച എന്ന പേര് സെലക്ട് ചെയ്തു. ഇന്നിപ്പോൾ ഒരുപാട് പേർക്ക് സുപരിചിതമായ പേരായി ഇലപ്പച്ച മാറി എന്നതിൽ കൂടുതൽ സന്തോഷം സൗമ്യ കൂട്ടിച്ചേർത്തു.
ഇലപ്പച്ച തുടങ്ങിയ സമയത്തെ ഏറ്റവും വലിയ സ്ട്രഗ്ഗ്‌ൾ എന്തായിരുന്നു?
സ്ട്രഗ്ഗ്‌ൾ എന്ന് പറയുമ്പോൾ പല ഘട്ടങ്ങളിൽ പലതായിരുന്നു. ഈ ഒരു ലേബൽ തുടങ്ങണമെന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് ഇതിനെപ്പറ്റി പറഞ്ഞു തരാൻ ആരുമില്ല, വിവരങ്ങൾ കളക്ട് ചെയ്യാൻ മാർഗമില്ല, ഇനി എന്ത് ചെയ്യും എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ സ്ട്രഗ്ഗ്‌ൾ. പിന്നീട് ഒരുപാട് നാളെത്തെ പരിശ്രമത്തിനോടുവിൽ വിചാരിച്ച പോലെ ഒരു പ്രിന്റ് ഫാബ്രികിൽ കിട്ടി. സെയിൽ ചെയ്യാൻ ആരംഭിച്ചു. പിന്നീടുള്ള സ്ട്രഗ്ഗ്‌ൾ ആ സമയത്തായിരുന്നു. ദിവസവും പൂക്കളും ഇലകളും പറിച്ചായിരുന്നു വസ്ത്രങ്ങളിൽ പ്രിന്റ് ചെയ്തിരുന്നത്. ആവശ്യക്കാർ ഏറിയതോടെ പൂക്കളുകളുടെയും ഇലകളുടെയും ലഭ്യത കുറവ് വരികയും അതിനെ മറികടക്കാൻ ഒരുപാട് പരിശ്രമിക്കുകയും ചെയ്തു. ഇന്നിപ്പോൾ പല ഭാഗത്തു നിന്നായി പലരും പൂക്കളും ഇലകളും അയച്ചു തരുന്നുണ്ട്.

സാധാരണ ഒരു ബോട്ടിക് എന്നതിലുപരി കേരളത്തിലെ ആദ്യത്തെ ഇക്കോപ്രിന്റ് വസ്ത്രങ്ങൾ നിർമിക്കുന്ന ബോട്ടിക് എന്ന പേരാണ് ഇലപ്പച്ചക്ക്, കസ്റ്റമേഴ്‌സിന്റെ പ്രതികരണം ഒക്കെ എങ്ങെനെ ആണ്?
ഇക്കോ പ്രിന്റിംഗ് ലേബൽ സ്റ്റാർട്ട് ചെയ്യുകയും അത് കേരളത്തിലെ ആദ്യത്തെ ഒരു ബ്രാൻഡ് ആയി അംഗീകരിക്കുകയും, ആളുകൾ അത് തിരിച്ചറിഞ്ഞു തുടങ്ങുകയും ചെയ്തതിൽ ഒരുപാട് സന്തോഷം. പുതിയത് തേടി നടക്കുന്നവരാണല്ലോ ഫാഷൻ പ്രേമികൾ. വ്യത്യസ്തമായ ഒരു പ്രോഡക്റ്റ് വാങ്ങുക എന്നൊരു ഇഷ്ടം ഈ പ്രൊഡക്റ്റിനോട് അവർക്കുണ്ട്. കൂടാതെ നാച്ചുറൽ ഇൻഗ്രീഡിയൻസ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു കംഫർട്ടും ധരിക്കുന്നവർക്ക് കിട്ടുന്നു എന്നത് കൂടെയാണ് ഇക്കോ പ്രിന്റ് വസ്ത്രങ്ങളുടെ സവിശേഷത. വാങ്ങിയ ആളുകൾ തന്നെ റിപ്പീറ്റ് ഓർഡർ എടുക്കുന്നുണ്ട് എന്നതാണ് ഏറ്റവും സന്തോഷകരമായ ഒന്ന്.
കസ്റ്റമേഴ്സ് പലതരത്തിൽ ആണ് ഉള്ളത്, പുതിയതായി വന്ന വസ്ത്രം ട്രൈ ചെയ്യാം എന്ന് കരുതി വാങ്ങുന്നവരുണ്ട്, ഇക്കോ പ്രിന്റ് വസ്ത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് വാങ്ങുന്നവരുണ്ട്, പുതിയൊരു സംരംഭം ആണല്ലോ എന്ന് കരുതി വാങ്ങുന്നവരും ഉണ്ട്. എല്ലാവരിൽ നിന്നും കിട്ടുന്ന സപ്പോർട്ട് ആണ് ഇതുവരെ എന്നെ എത്തിച്ചത്, എല്ലാവരോടും അതിന്റെ കടപ്പാടുണ്ട്.
കൂടുതലായും തേക്കിന്റെ ഇലകളുടെയും വ്യത്യസ്ത പൂക്കളുകളുടെയും പ്രിന്റിങ് പാറ്റേൺസ് ആണ് വസ്ത്രങ്ങളിൽ കൊണ്ടുവന്നിട്ടുള്ളത്, ഇനിയും വ്യത്യസ്തമായ രീതിയിലുള്ള ഇക്കോ പ്രിന്റിങ് വസ്ത്രങ്ങൾ കൊണ്ടുവരാൻ എന്തായാലും ഇലപ്പച്ചയിലൂടെ ശ്രമിക്കും എന്നത് കൂടെ ഉറപ്പു നൽകുകയാണ് സൗമ്യ.
ഒരു ജോലിയിൽ നിന്നും ബിസിനസ്സിലേക്ക് എത്തിപ്പെട്ടുനിൽക്കുകയാണ് എങ്ങനെയാണ് ആ മാറ്റത്തെ നോക്കി കാണുന്നത്?
ഇഷ്ടമുള്ള കാര്യം എത്ര ചെയ്താലും നമുക്ക് മടുക്കില്ലല്ലോ. ജോലി ഒരു ടെൻ ടു ഫൈവ് ആയിരുന്നെങ്കിൽ ബിസിനസിൽ ടൈം ലിമിറ്റ് ഇല്ല. ഒരുപാട് സ്വപ്നം കണ്ട ഒരു കാര്യമാണ് ബിസിനസ് എന്നത്. ഓരോ ദിവസവും അതിലേക്കു ഇറങ്ങി തിരിക്കുമ്പോൾ വളരെ ആസ്വദിച്ചാണ് ഞാൻ കാര്യങ്ങൾ ചെയ്യുന്നത്, ഇഷ്ടമുള്ള കാര്യങ്ങൾക്ക് പിന്നാലെ പോകാനായി എല്ലാവർക്കും സാധിക്കണമെന്നില്ലല്ലോ അത് സാധിച്ചതിൽ ഒരുപാട് സന്തോഷം

ഇക്കോപ്രിന്റ് വാസ്ത്രങ്ങളിൽ ഫാഷൻ എങ്ങെനെ ആണ് കൊണ്ടുവന്നിരിക്കുന്നത്? ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങൾ ആണ് വിൽക്കുന്നത്?
ഇക്കോ പ്രിന്റ് ഫാബ്രിക് ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ അതിന്റെ പാറ്റേൺസ് എന്തൊക്കെയായിരിക്കണം, എന്തൊക്കെ കൊണ്ടുവരണം എന്നൊക്കെ തുടക്ക സമയത്ത് ആലോചിച്ചിരുന്നു. കേരളത്തിലെ ആവശ്യകത പരിഗണിച്ചിട്ടാണ് പാറ്റേൺസ് ഉൾപ്പെടുത്തിയിട്ടുള്ളത്. സിൽക്ക് സാരിയിൽ ഇക്കോ പ്രിന്റ് ചെയ്യണം എന്നുള്ളത് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു, ഏറ്റവും റിസ്കുള്ള കാര്യവും ആയിരുന്നു അത്. ഒരു അഞ്ചര മീറ്റർ സാരിയിൽ ഇക്കോ പ്രിന്റ് കൊണ്ടുവരുമ്പോൾ ഒരു 7 കാൽ മീറ്റർ ഫാബ്രിക് തയ്യാറാക്കേണ്ടതുണ്ട്. അത്രയും ലെങ്ത് ചെയ്തെടുക്കുക എന്നു പറയുന്നത് വളരെ ശ്രമകരമായ ഒരു കാര്യമായിരുന്നു. പക്ഷേ സാരിയെ മാറ്റിനിർത്താൻ ഒരിക്കലും കഴിയില്ല, കേരളത്തിൽ ഒരുപാട് സാരി ലവേഴ്സ് ഉണ്ട്, സാരി വളരെ ഇഷ്ടമുള്ള ആളാണ് ഞാനും. അതുകൊണ്ട് സാരിയിൽ ഇക്കോ പ്രിന്റിംഗ് കൊണ്ടുവരിക എന്നുള്ളത് വളരെ ചാലഞ്ചിങ് ആയിരുന്നു. ലേഡീസിന് മാത്രമുള്ള ഒരു ലേബലായി ഇല്ല പച്ച മാറരുത് എന്നുണ്ടായിരുന്നു, ജെൻസിനും കുട്ടികൾക്കും ഉള്ള വസ്ത്രങ്ങൾ വിപണിയിൽ ഇറക്കണം അല്ലെങ്കിൽ ഒരു ഫാമിലി കോമ്പോ പോലെ ചെയ്യുക എന്നതും മറ്റൊരു ലക്ഷ്യമായിരുന്നു.
ഷർട്ട്, സാരി, സൽവാർ മെറ്റീരിയൽസ്, കഫ്താൻ ടോപ്പ്, വെസ്റ്റേൺ ടോപ്സ് എന്നിവയാണ് ഇപ്പോൾ നിലവിലുള്ളത്..

ജീവിതത്തിലെ ഇനിയുള്ള സ്വപ്നം എന്താണ്?
ബിസിനസ് ചെയ്യുന്ന എല്ലാവരുടെയും ആഗ്രഹമായിരിക്കും അവരുടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക എന്നത്. ഹാർഡ് വർക്ക് കൊണ്ട് ഇതുവരെയെല്ലാം നല്ല രീതിയിൽ എത്തിയിട്ടുണ്ട്. കടന്നുവന്ന വഴികളെക്കാൾ ഇനിയും കൂടുതൽ ചെയ്യാനാണ് ഉള്ളത്. ഒരുപാട് കസ്റ്റമേഴ്സ് ഇലപ്പച്ചക്കായി ഒരു സ്റ്റോർ എന്നത് ചോദിക്കുന്ന ഒന്നാണ് അതിലേക്കു കൂടുതൽ ഫോക്കസ് ചെയ്യുന്നുണ്ട്.
ഇപ്പോൾ കേരളത്തിൽ മാത്രം നിലനിൽക്കുന്ന ഒരു ബ്രാൻഡ് ആയിട്ടാണ് ഇലപ്പച്ച അറിയപ്പെടുന്നത്, അത് വേൾഡ് വൈഡ് ആയി അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആയി മാറണം എന്ന് തന്നെയാണ് ഏറ്റവും വലിയ ഒരു സ്വപ്നം