അതിസുന്ദരിയായി സുസ്മിത
ബോംബെ ടൈംസ് ഫാഷൻ വീക്കിൽ താരമായി ബോളിവുഡിന്റെ താരസുന്ദരി സുസ്മിത സെൻ. വെള്ള, സ്വർണ നിറങ്ങളിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് സുസ്മിത റാംപിൽ ചുവടുവച്ചത്. ആഭരണങ്ങളാൽ സമ്പന്നമായിരുന്നു. വെളുത്ത നിറമുള്ള പൂക്കളാൽ മുടിയും അലങ്കരിച്ചിരുന്നു. രോഹിത് ശർമ്മയാണ് സുസ്മിതയുടെ വസ്ത്രം ഡിസൈൻ ചെയ്തത്.

കുട്ടികൾക്കും എൽജിബിടിക്യു കമ്മ്യൂണിറ്റിക്കും വേണ്ടിയുള്ള എൻജിഒയായ മേഘാശ്രേയുമായി രോഹിത് കെ വർമ്മ നടത്തിയ ഷോയിലാണ് സുസ്മിത തിളങ്ങിയത്. രോഹിതിന്റെ ‘ഇന്ദ്രധനുഷ്’ ശേഖരത്തിൽ നിന്നുള്ള സങ്കീർണ്ണമായ വിശദാംശങ്ങളുള്ള വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. രോഹിത് വർമ്മയ്ക്ക് വേണ്ടി രണ്ടാം തവണയാണ് സുസ്മിത വേദിയിലെത്തുന്നത്.
എൽജിബിടിക്യൂ വിഭാഗത്തിന് പിന്തുണയേകുന്ന തരത്തിലായിരുന്നു രോഹിതിന്റെ വസ്ത്ര ഡിസൈൻ ഒരുക്കിയത്. ഇന്ത്യയുടെ നിറങ്ങളെ ഒന്നിപ്പിക്കുക, വെളുത്ത നിറത്തിന്റെ പരിശുദ്ധിയെ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു വസ്ത്രത്തിന്റെ പ്രമേയം. വെളുത്ത നിറം എല്ലാ നിറങ്ങളെയും യോജിപ്പോടെ സംയോജിപ്പിക്കുന്നതുപോലെ, എല്ലാ ലിംഗങ്ങളും തുല്യ അവകാശങ്ങളും അവസരങ്ങളും ബഹുമാനവും ഉപയോഗിച്ച് ഒന്നിക്കുന്ന ഒരു സമൂഹത്തെയാണ് ഈ പ്രമേയം വിഭാവനം ചെയ്യുന്നതെന്നും രോഹിത് വ്യക്തമാക്കി.

നമ്മുടെ സാംസ്കാരിക വൈവിധ്യവും ഐക്യവും സംസാരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ശേഖരം പ്രദർശിപ്പിക്കുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത നിറങ്ങളും തുണിത്തരങ്ങളും ഉപയോഗിച്ചു. സ്ത്രീകളുടെയും എൽജിബിടിക്യൂ വിഭാഗക്കാരുടെയും ശാക്തീകരണം കൂടി രോഹിത് ലക്ഷ്യമിടുന്നു. സ്റ്റീരിയോടൈപ്പുകൾ തകർക്കുകയും ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണിവർ.