റിനയുടെ ‘ഏക’ ലോകം
ഏകയുടെ ലോകം സാങ്കൽപ്പിക സ്ഥലമാണ്. ആ ലോകം വിചിത്രവും കാവ്യാത്മകവും കാല്പനികവുമാണ്. ആ ലോകത്തിൽ നിരവധി കഥാപാത്രങ്ങൾക്ക് അതിസുന്ദരമായ വസ്ത്രങ്ങളൊരുക്കുന്നു. ഏതു കലാവസ്ഥയ്ക്കും അനുയോജ്യമായതും ആരെയും ആകർഷിക്കുന്നതുമായ വസ്ത്രങ്ങൾ. ബോളിവുഡ് സുന്ദരിമാർ പോലും ഏകയിലെ വസ്ത്ര ഡിസൈനുകൾക്കായി കാത്തുനിൽക്കുന്നു. വിദ്യ ബാലനും കൊങ്കണ സെൻ ശർമയുമൊക്കെ ഏകയുടെ അകങ്ങളിലൊരുങ്ങുന്ന സാരിയിലും സൽവാറിലും അതിസുന്ദരിമാരാകുന്നു. ഏകയുടെ സ്വന്തം റിന സിങ്ങാണ് ആരെയും മോഹിപ്പിക്കുന്ന വസ്ത്രങ്ങളുടെ ലോകമൊരുക്കുന്നത്.
റിന സിങ്ങ്… ആളൊരു കർഷക കുടുംബത്തിലെ അംഗമാണ്. ഉത്തർപ്രദേശിലെ സഹാറൻപൂർ നഗരത്തിലെ കർഷക പാരമ്പര്യമാണ് ഈ ഡിസൈനറുടേത്. ഗ്രാമീണ ജീവിതത്തിന്റെ താളങ്ങൾക്കിടയിൽ പ്രകൃതിയോടും കൃഷിയോടും കരകൗശലവസ്തുക്കളോടുമൊക്കെ ഇണങ്ങിയൊരു ജീവിതമായിരുന്നു റിനയുടേത്. എന്നാൽ ആ ലാളിത്യജീവിതത്തിന്റെ നന്മ കൈവിടാതെയാണ് ഫാഷൻ ഡിസൈനർ എന്ന ലോകത്തിലേക്കെത്തുന്നത്. ഏക ഡിസൈൻ സ്റ്റുഡിയോയുടെ ഫൗണ്ടറും ക്രിയേറ്റീവ് ഡയറക്റ്ററുമാണ് 59കാരിയായ റിന സിങ്ങ്. ലളിത ജീവിതമാഗ്രഹിക്കുന്ന വ്യക്തിയാണ് റിന. അതുപോലെ തന്നെയാണ് റിനയുടെ വസ്ത്രങ്ങളും ഉത്പ്പന്നങ്ങളും.

കുട്ടിക്കാലം തൊട്ടേ നെയ്ത്തും കരകൗശലപ്രവർത്തനങ്ങളുമൊക്കെയായിരുന്നു ഇവരുടെ ജീവിതം. ഇതോടൊപ്പം ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തിലൂടെയുള്ള യാത്രകളും ലോകത്തിന്റെ മറ്റിടങ്ങളിലേക്കുമുള്ള സഞ്ചാരങ്ങളുമാണ് റിനയെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വസ്ത്രങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിച്ചിട്ടുള്ളത്. യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരും പുതുവഴികളുമൊക്കെ റിനയെ അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വസ്ത്രങ്ങളിൽ പുത്തൻ സൃഷ്ടികളൊരുക്കുന്നതിന് റിനയുടെ സാംസ്കാരിക പൈതൃകം അവരെ സഹായിക്കാറുണ്ടെന്നു ഡിസൈനുകൾ കാണിച്ചു തരുന്നു. ഫാഷൻ ട്രെൻഡുകൾക്കും അപ്പുറമാണ് ഞങ്ങളുടെ പ്രതിബദ്ധതയെന്നാണ് റിന പറയുന്നത്. നെയ്ത്തുകാരുമായും കുടുംബങ്ങളുമായും സഹകരിക്കുകയും ചെയ്യുന്നുണ്ട്. പാരമ്പര്യത്തിനൊപ്പം നൂതന സാങ്കേതിക വിദ്യകളും വസ്ത്ര ഡിസൈനിങ്ങിന് പ്രയോജനപ്പെടുത്തുന്നുണ്ട്. 2011-ലാണ് ഏക എന്ന പേരിൽസ്വന്തമായി ലേബൽ ആരംഭിക്കുന്നത്. ഏകയിലൂടെ നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ശാക്തീകരിക്കുന്നതിനും ഇവർ ശ്രമിക്കുന്നു.

നിലവിലുള്ള കരകൗശല വസ്തുക്കൾക്കൊപ്പം ത്രെഡ് കൗണ്ടുകൾ, നൂലുകൾ, കളർ പാറ്റുകൾ എന്നിവയിൽ ഇന്നും പുതിയ പരീക്ഷണങ്ങളൊക്കെ നടത്തിയാണ് ഏകയിൽ റിന അവരുടെ ഡിസൈനുകളൊരുക്കുന്നത്. 2024ലെ വേനൽക്കാല വസ്ത്രശേഖരത്തിലേക്ക് ബ്ലോക്ക് പ്രിന്റിങ്ങിനാണ് ശ്രദ്ധ നൽകുന്നത്. ഏകയിൽ ഓരോ വസ്ത്രമൊരുക്കുന്നതിനും ഏറ്റവും നൂതനമായ ടെക്സ്റ്റൈൽ ടെക്നിക്കുകൾ പ്രയോജനപ്പെടുന്നുണ്ട്. നെയ്ത്തുകാരിൽ നിന്നും മറ്റും നേരിട്ടാണ് തുണിത്തരങ്ങൾ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അഞ്ഞൂറോളം നെയ്ത്ത് കുടുംബങ്ങളുമായി റിന സഹകരിച്ചിട്ടുണ്ട്. അവർക്ക് മിനിമ വേതനവും ഉറപ്പാക്കുന്നുണ്ട്. റിനയുടെ ഏകയിലൂടെ ആ കുടുംബങ്ങൾക്ക് ഉപജീവനമാർഗവും ഒരുക്കിയിരിക്കുകയാണ് ഈ ഡിസൈനർ എന്നതും ശ്രദ്ധേയം. വസ്ത്രങ്ങൾക്കൊപ്പം കരകൗശല വസ്തുക്കളും ഏകയിൽ ലഭ്യമാണ്. ഏകയുടെ മാനെജിങ്ങ് ഡയറക്റ്റർ സന്ദീപ് ദുഅയാണ് റിനയുടെ ഭർത്താവ്.

കുട്ടിക്കാലം മുതൽ ഡിസൈനിങ്ങിൽ തത്പ്പരയായിരുന്നു റിന. കരകൗശല വസ്തുക്കൾ നിർമിക്കാനും എംബ്രോയിഡറി ചെയ്യാനും നെയ്ത്തും എല്ലാം കുട്ടിക്കാലം തൊട്ടേ ഇഷ്ടപ്പെട്ടിരുന്നു. ക്രിയേറ്റീവ് ചിന്തകളുണ്ടായിരുന്ന റിന അന്നാളിൽ കുടുംബത്തിലുള്ളവർക്കായി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരുന്നു. പിന്നീട് 1998 ൽ യുകെയിൽ ഫാഷൻ ഡിസൈനിങ്ങ് പഠിക്കുന്നതിന് റിനയ്ക്ക് വിഗാൻ & ലീ കോളേജിൽ നിന്ന് ചെയർമാൻസ് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു. നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. 2015-ൽ എല്ലെ ഇന്ത്യ ഗ്രാജുവേറ്റ്സ് അവാർഡ്, 2016-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രശസ്തമായ വൂൾമാർക്ക് ഇന്റർനാഷണലിൽ റണ്ണർ അപ്പുമായിരുന്നു. 2019 ൽ വോഗ് പവർ ലിസ്റ്റ് മിനിമലിസ്റ്റ് ഡിസൈനർ ഓഫ് ദി ഇയർ ആയി അംഗീകരിക്കപ്പെടുകയും ഹാർപേഴ്സ് ബസാറിന്റെ വുമൺ ഓഫ് ദി ഇയറിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട് റിന സിങ്ങ്.