ലാക്മെ ഫാഷൻ വീക്കിൽ താരമായി സുസ്മിത സെൻ
മിസ് യൂണിവേഴ്സും ബോളിവുഡ് സിനിമാസ്വാദകരുടെ മനം കവർന്ന താരസുന്ദരിയുമായ സുസ്മിത സെൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ന്യൂഡൽഹിയിൽ നടന്ന ലാക്മെ ഫാഷൻ വീക്കിന്റെ റാംപിൽ തിളങ്ങിയാണ് സുസ്മിത വീണ്ടും ആരാധകരുടെ മനസുകളിലേക്കെത്തിയത്. ഇന്ത്യയിലെ പേരുകേട്ട ഡിസൈനർമാരും സെലിബ്രിറ്റികളും അണിനിരന്ന ഷോയിൽ ഡിസൈനർ റാഷി കപൂറിന്റെ ഷോ സ്റ്റോപ്പറായിരുന്നു സുസ്മിത സെൻ.

ഗോൾഡൻ നിറത്തിലുള്ള സ്വീകൻസുകൾ നിറഞ്ഞ സാരിയും അതേ നിറത്തിലുള്ള ഓഫ് ഷോൾഡർ ബ്ലൗസും ധരിച്ചാണ് സുസ്മിത റാംപിൽ ചുവടുവച്ചത്. ഉയർത്തിക്കെട്ടിയ മുടിയിൽ വിടർന്നു കിടക്കുന്ന മാലയും അണിഞ്ഞ് ആഢംബരങ്ങളേറെയില്ലാതെ ലളിതമായാണ് സുസ്മിത ഷോയിൽ പങ്കെടുത്തുത്. റാംപിൽ ശക്തിയുടെയും ചാരുതയുടെയും ആകർഷകമായ കാഴ്ചയാണ് അവർ സമ്മാനിച്ചത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യവും രൂപവും നടത്തവും കാണികളെ ആവേശത്തിലാക്കി. തിളങ്ങുന്ന സാരി, ക്ലാസിക് സൗന്ദര്യത്തിന് ഒരു തലയാട്ടൽ എന്നിവ അവരുടെ ആകർഷണീയമായ വ്യക്തിത്വത്തെ വർദ്ധിപ്പിക്കുകയും അവിസ്മരണീയമായ ഒരു ഫാഷൻ മുഹൂർത്തം ഫാഷൻ പ്രേമികൾക്ക് സമ്മാനിക്കുകയും ചെയ്തു. റാംപിലെ സുസ്മിതയുടെ ഓരോ ചുവടുകൾ വളരെ ഗ്രേസ്ഫുൾ ആയിരുന്നുവെന്നാണ് അവരുടെ മകൾ റെനി ചിത്രസഹിതമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.

1994-ൽ മിസ്സ് യൂണിവേഴ്സ് കിരീടം നേടിയ അവർ അഭിനേത്രിയായും മോഡലായും സാമൂഹികപ്രവർത്തകയായും ഇന്നും നിറഞ്ഞുനിൽക്കുകയാണ്. അഭിനയത്തിൽ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ സുസ്മിതയുടെ ജീവിതവും വ്യത്യസ്ത പാതയിലൂടെയാണ്. അവിവാഹിതയായ സുസ്മിത 2000-ൽ തന്റെ ആദ്യ മകൾ റെനിയെ 24-ാമത്തെ വയസ്സിൽ അമ്മയായി ദത്തെടുത്തു. ഒരു ദശാബ്ദത്തിനുശേഷം, 2010-ൽ രണ്ടാമത്തെ മകൾ അലിസയെ ദത്തെടുത്തുകൊണ്ട് അവർ തന്റെ കുടുംബം വിപുലീകരിച്ചു.
