Celebrity Fashion

Fake it till you make it

ഫേക്ക് ഇറ്റ് റ്റിൽ യു മെയ്ക്ക് ഇറ്റ്, നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തുന്നതുവരെ അതിനുവേണ്ടി പരിശ്രമിക്കുക. എത്ര അർത്ഥവത്തായ വരികൾ അല്ലേ! ജീവിതത്തെ നിസ്സാരമായി കാണുന്ന പലരെയും നാം കാണാറുണ്ട്, ജീവിതത്തിന്റെ കൈപ്പുരസങ്ങൾ നുണയുമ്പോഴാകും തിരികെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലരും ചിന്തിക്കാറുള്ളത്. എന്നാൽ ദീർഘവീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഉള്ള നിറയെ വ്യക്തികളും ഉണ്ടെന്നതും മറ്റൊരു വസ്തുതയാണ്. ജീവിതത്തിൽ വിജയത്തിന്റെ പടി ചവിട്ടിയവർക്കെല്ലാം ഒരു ടേണിങ് പോയിന്റിനെ കുറിച്ച് പറയാനുണ്ടാകും അല്ലെങ്കിൽ ആ വഴിയിലേക്ക് ഒരു പാത തുറന്നു തന്ന ഒരു വ്യക്തിയെങ്കിലും ഉണ്ടാകും. അതിലൂടെ കുറവുകളെ മാറ്റി അവസരങ്ങൾ തേടി പോകുന്നവരാണ് യഥാർത്ഥ വിജയികൾ. കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അർപ്പണബോധം കൊണ്ടും വീൽചെയറിലൂടെ ഒരു ചിത്രശലഭത്തെ പോലെ പറന്ന് ഇന്ന് കേരളത്തിന്റെ ആദ്യ വീൽചെയർ മോഡൽ എന്ന സ്ഥാനത്ത് എത്തിനിൽക്കുന്ന കോഴിക്കോട് സ്വദേശിനി രമ്യാ ഗണേഷിനും പറയാനുണ്ട് അത്തരത്തിൽ ഒരു ടർണിങ് പോയിന്റ്. രമ്യയുടെ വിശേഷങ്ങളിലേക്ക് കടക്കാം.

കേരളത്തിലെ ആദ്യ വീൽ ചെയർ മോഡൽ എന്ന സ്ഥാനത്തേക്കുള്ള യാത്ര എങ്ങെനെയായിരുന്നു?

കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കൽ സ്വദേശിനിയായ രമ്യ ഗണേഷ് അമ്മയുടെയും അച്ഛന്റെയും മൂന്നാമത്തെ മകളാണ്. പത്തുമാസം പ്രായമുള്ളപ്പോഴുള്ള പോളിയോ കുത്തിവെപ്പിനെ തുടർന്ന് പനി തലച്ചോറിനെ ബാധിക്കുകയും, ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാരുടെ പ്രവചനത്തെ മറികടന്ന് ജീവിതത്തിലേക്ക് എത്തിയാണ് രമ്യയുടെ ആദ്യ വിജയം രേഖപ്പെടുത്തുന്നത്. എന്നാൽ ഇരു കാലിന്റെയും ചലനശേഷിയിൽ പ്രശ്നങ്ങൾ അവശേഷിച്ചു.

പത്താം ക്ലാസ് വരെ അമ്മയുടെ കൈപിടിച്ചായിരുന്നു ഞാൻ ക്ലാസുകളിലെല്ലാം പോയിരുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള അച്ഛന്റെ വേർപാട് എന്നെ ഒരുപാട് തളർത്തി, പഠനം അതോടെ അവസാനിച്ചു. പിന്നീടുള്ള എട്ടു വർഷത്തോളം നാല് ചുവരുകൾക്കുള്ളിൽ ഉൾവലിഞ്ഞായിരുന്നു ഞാൻ കഴിഞ്ഞത്. കൂടെ പഠിച്ചവർക്കെല്ലാം മാറ്റങ്ങൾ വന്നു കഴിഞ്ഞിരുന്നു. പലരുടെയും കല്യാണം കഴിഞ്ഞു കുട്ടികൾ ആയി, ചിലർക്കെല്ലാം പല ജോലികളായി. എല്ലാവരുടെയും ജീവിതങ്ങൾ ജീവിതങ്ങൾക്ക് ഒരു മാറ്റം വരുന്നത് ഞാൻ ശ്രദ്ധിച്ചു, എന്നാൽ എന്റെ ജീവിതത്തിന് മാത്രം പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ലാതെയായിരുന്നു പോയിക്കൊണ്ടിരുന്നത്. സത്യം പറഞ്ഞാൽ ഡിപ്രഷൻ എന്ന സ്റ്റേജിലൂടെ ആയിരുന്നു അന്ന് പോയത് എന്നത് ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഒരു പേപ്പർ തുണ്ടിലൂടെയാണ് എന്റെ ജീവിതം മാറിമറിയുന്നത്. ഒരു ന്യൂസ് പേപ്പർ കട്ടിങ്ങിൽ ഡിഫറന്റിലി ഏഭിൾഡ് ആയ ആളുകൾക്ക് വേണ്ടി ഒരു കോഴ്സ് ചെയ്യാനുള്ള ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങിയിട്ടുണ്ടെന്ന് ആ കട്ടിങ്ങിലൂടെയാണ് ഞാൻ മനസ്സിലാക്കുന്നത്. അവിടേക്കുള്ള യാത്രയ്ക്ക് ഒരുപാട് ചിലവ് വരുമായിരുന്നിട്ടും എന്റെ ചേച്ചിയാണ് എത്ര ചെലവ് വന്നാലും എന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞ് മുൻ കയ്യെടുത്തത്. ആ കോഴ്സിലൂടെയാണ് എന്റെ ജീവിതം മാറിമറിയുന്നത്.

എന്റെ കുറവുകളെ മാത്രം കണ്ടിരുന്ന ഞാൻ എന്നേക്കാൾ കൂടുതൽ കുറവുള്ളവരെ അവിടെ കണ്ടപ്പോഴാണ് എനിക്ക് ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കും എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. കോഴ്സ് കഴിഞ്ഞതോടുകൂടി വീണ്ടും പഴയ ഞാനായി മാറുന്നു എന്ന സങ്കടം എനിക്ക് വരാൻ തുടങ്ങി. അന്ന് എന്നെ പഠിപ്പിച്ച ഒരു അധ്യാപകൻ ഉണ്ടായിരുന്നു സുഖദേവ് എന്നാണ് അദ്ധേഹത്തിന്റെ പേര്, അദ്ദേഹത്തിന്റെ വാക്കുകളാണ് ഇന്ന് എന്നെ ഇവിടം വരെ എത്തിച്ചത്. അദ്ദേഹം എന്നോട് പറഞ്ഞു രമ്യ എവിടെയാണോ നിന്നു പോയത് അവിടെ നിന്നും തുടങ്ങുക. അപ്പോഴാണ് ഞാൻ ചിന്തിക്കുന്നത് ജീവിതത്തിൽ നിന്നുപോയ ഒന്നാണ് എന്റെ വിദ്യാഭ്യാസം, തോറ്റുപോയടത്തുനിന്നും തുടങ്ങാമെന്ന് ഞാൻ വിചാരിച്ചു, കേരള സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് പഠനവും ശേഷം പ്ലസ്ടു പഠനവും വിജയകരമായി പൂർത്തിയാക്കുകയും ശേഷം മലയാളത്തിൽ ബിരുദ പഠനം ചെയ്യുകയും ചെയ്തു.

സാക്ഷരത മിഷനിലൂടെ പഠിച്ചു ബിരുദം ചെയ്യുന്ന കേരളത്തിലെ ആദ്യ വിദ്യാർത്ഥിയാണ് ഞാൻ. പിന്നീടാണ് എന്റെ ഫിസിയോതെറാപ്പിസ്റ്റ് ആയ ഡോക്ടർ അനസ് എനിക്ക് വീൽചെയർ സമ്മാനിക്കുന്നത്, ആദ്യം എല്ലാം വീൽചെയറിലേക്കുള്ള ആ ഒരു മാറ്റം എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു കുറച്ചെങ്കിലും നടക്കാൻ കഴിയുന്ന എനിക്ക് വീൽചെയറിലൂടെ ഞാൻ പോകുമ്പോൾ മറ്റുള്ളവർ എന്നെ എങ്ങനെ നോക്കി കാണും എന്ന് ഭയമായിരുന്നു എന്റെ ഉള്ളിൽ. എന്നാൽ വീൽചെയറിലേക്കുള്ള മാറ്റം എനിക്ക് ഒരുപാട് സന്തോഷകരമായി നിമിഷങ്ങളാണ് സമ്മാനിച്ചത്, ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും പലയിടങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയുമെന്ന് വീൽചെയർ കിട്ടിയതിനുശേഷം ആണ് എനിക്ക് മനസ്സിലാകുന്നത്. ഒരു പൂമ്പാറ്റ കണക്കെ എനിക്ക് ഇന്ന് ലോകത്തെവിടെ വേണമെങ്കിലും ഒറ്റയ്ക്ക് പോകാമെന്ന് ആത്മവിശ്വാസം വന്നത് എനിക്ക് കയ്യിൽ ആ വീൽ ചെയർ കിട്ടിയപ്പോഴാണ്.

കോഴിക്കോട് എല്ലായിപ്പോഴും നടക്കുന്ന ക്യൂരിയസ് ഫെസ്റ്റ് എന്ന ഷോയിലൂടെയാണ് ആദ്യമായി റാമ്പ് വാക്ക് ചെയ്യുന്നത്. മോഡലിംഗ്, സിനിമ എന്നുള്ളത് ചെറുപ്പം മുതലേ ഒത്തിരി ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. നമ്മളുടെ പരിമിതികൾ കണ്ണാടി കാണിച്ചു തരും എന്നാണല്ലോ, എന്നാലും എന്റെ ആഗ്രഹം അതിനേക്കാൾ വലുതായിരുന്നു, അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ക്യൂരിയസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഒരിക്കൽ മരിച്ചുപോകും എന്ന് വിധിയെഴുതിയ അതേ സ്ഥലത്ത്, സ്വന്തം കുഞ്ഞിനെ ഓർത്തു വിഷമിച്ചു നടന്നിരുന്ന എന്റെ അമ്മക്ക് മനസ്സിൽ ഇനി എന്നും ഓർക്കാൻ നന്നായി ഒരുങ്ങി ഒരു ചിത്രശലഭത്തെ പോലെ നടന്ന എന്നെ ആയിരിക്കും ഇനി കോഴിക്കോട് മെഡിക്കൽ കോളേജ് എന്ന് പറയുമ്പോൾ എന്റെ അമ്മ ഓർക്കുക.

വീൽ ചെയർ മോഡൽ എന്ന പൊസിഷനിലേക്ക് എത്തി നിൽക്കുമ്പോൾ, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഒക്കെ പിന്തുണ എങ്ങെനെയായിരുന്നു?

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ എനിക്കൊരിക്കലും ഇതുവരെ എത്തിനിൽക്കാനോ ഇന്ന് ലോകത്തിന്റെ മുന്നിൽ ഇങ്ങനെ തുറന്നു സംസാരിക്കാനും പറ്റില്ലായിരുന്നു. എന്നെ സ്വാധീനിച്ച രണ്ടു വ്യക്തികളാണ് എന്റെ അമ്മ സതി ദേവിയും കൂടാതെ എന്നെ പഠിക്കാൻ വീണ്ടും പ്രേരിപ്പിച്ച സുഖദേവ് എന്ന അധ്യാപകനും.

ഇനിയും ഒത്തിരി പേരുണ്ട്, അവരുടെ എല്ലാം പേരുകൾ എടുത്തു പറയാതെ വയ്യ..

കണക്കായിരുന്നു എനിക്ക് ഏറ്റവും പേടിയുള്ള വിഷയം. അന്നെല്ലാം കണക്ക് പഠിപ്പിക്കുവാനായി ബുഷറ എന്ന ടീച്ചർ വീട്ടിലേക്കു വരുമായിരുന്നു. കൂടാതെ വാസന്തി എന്ന ടീച്ചറുടെ വീട്ടിലേക്ക് പോയി പഠിക്കുവാനുള്ള ഓട്ടോ കാശ് വരെ വസന്തി ടീച്ചർ തന്നിരുന്നു.

കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു എന്റെ ബിരുദ പഠനം ഞാൻ പൂർത്തിയാക്കിയത്. അന്ന് എന്റെ കൈപിടിച്ച് നടത്തിയതും എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്നതും ഇന്നത്തെ പുതുതലമുറയായ കുട്ടികൾ ആയിരുന്നു. ഒരിക്കൽ പോലും എന്റെ അമ്മയ്ക്ക് കോളേജിൽ വന്ന് എന്നെ സഹായിക്കേണ്ടി വന്നിരുന്നില്ല. അതിനെല്ലാം എനിക്ക് എന്റെ സുഹൃത്തുക്കളോട് ഒത്തിരി നന്ദിയുണ്ട്.

എന്റെ വിദ്യാഭ്യാസത്തിന്റെ ഏറിയ ചിലവും വഹിച്ച എനിക്ക് അതിനുള്ള സപ്പോർട്ട് തന്ന രണ്ടു വ്യക്തികൾ ഉണ്ട്, നാരായണൻ സാറും, ജെഫിൻ സാറും, ഇവരോടുള്ള കമ്മിറ്റ്മെന്റ് കൊണ്ടായിരിക്കാം ഒരുപക്ഷേ എനിക്ക് ഉന്നത വിജയം കരസ്ഥമാക്കണമെന്ന് മനസ്സിൽ ഒരു ഉറച്ച തീരുമാനം വന്നതും.

സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും ഒരുപാട് വാല്യൂ കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, എന്നെ സ്വാധീനിച്ച രണ്ട് സൗഹൃദങ്ങൾ കൂടെ ഞാൻ പറഞ്ഞു കൊള്ളട്ടെ, കോഴിക്കോട് ഐഐഎമ്മിലെ എൻജിനീയർമാരായ ശ്രീജിത്തും സായിനാദും, അത്രയും തിരക്കുപിടിച്ച അവരുടെ ജോലികളിൽ നിന്നും അല്ലെങ്കിൽ അത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന അവരുടെ ജോലികളിൽ നിന്നും എനിക്ക് വേണ്ടി അവർ അവരുടെ സമയം മാറ്റിവെക്കുന്നത് കാണുമ്പോൾ ഏറെ അതിശയം തോന്നിയിട്ടുണ്ട്. ഒരു വ്യക്തിയുടെയും സ്ഥാനമാനങ്ങൾ അല്ല അവരെ സമൂഹത്തിൽ നിന്നും വ്യത്യസ്തരാക്കുന്നത്, മറിച്ച് സമൂഹത്തോടുള്ള അവരുടെ നിലപാടുകളാണ് ഒരു വ്യക്തിയെ വലിയവൻ ആക്കുന്നത് എന്ന് അവരിലൂടെയാണ് ഞാൻ പഠിച്ചത്.

സ്വപ്നചിത്രയെ പറ്റി ഒന്ന് പറയാമോ?

ഞങ്ങൾ സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഡ്രീം ഓഫ് അസ്. അതിലെ ഒരു എക്സിബിഷൻ ആണ് സ്വ‌പ്നച്ചിത്ര എന്ന് പറയുന്നത്.അറിയപ്പെടാത്ത ഭിന്നശേഷിക്കാരായ കലാകാരന്മാരെ കേരളം മുഴുവൻ സഞ്ചരിച്ചു അവരെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചിത്രപ്രദർശനമാണ് സ്വപ്നചിത്ര. കോഴിക്കോട് ആർട്ട്സ് ഗാലറിയിലാണ് ചിത്രപ്രദർശനം നടത്താറുള്ളത്. സ്വപ്നച്ചിത്രയുടെ കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട്‌ അഭിമാനം ഉണ്ട്‌.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു വ്യക്തി ആരാണ്?

എന്റെ അമ്മ, മോഡലിംഗ് ചെയ്യണം എന്ന് പറഞ്ഞപ്പോഴും പഠിക്കണമെന്ന് പറഞ്ഞപ്പോഴും ഒപ്പം നിന്ന് എനിക്ക് തണലായത് എന്റെ അമ്മയാണ്. സാധാരണ പെൺകുട്ടികൾക്ക് പോലും മോഡലിങ്ങിന് പോകുമ്പോൾ പല നെഗറ്റീവ് കേട്ടന്നിരിക്കാം അല്ലെങ്കിൽ ആളുകൾ പറഞ്ഞന്നിരിക്കാം, ഒരുപക്ഷേ എന്നെ പറ്റിയും പറഞ്ഞിട്ടുണ്ടാകും. എന്നാൽ അതൊന്നും വകവയ്ക്കാതെ എത്ര ദൂരമാണെങ്കിലും എന്റെ ഇഷ്ടങ്ങൾക്ക് ഒരു നോ പറയാതെയാണ് അമ്മ എന്നോടൊപ്പം നിന്നത്. അച്ഛൻ ഇല്ലാതായതിനുശേഷം അമ്മ ഒരുപാട് എനിക്കുവേണ്ടി ഒരു താങ്ങായി തന്നെ നിന്നിട്ടുണ്ട്. കൂടാതെ എന്നെ ഈ നിലയിലേക്ക് എത്തിച്ച എന്റെ അധ്യാപകൻ സുഖദേവ് ആണ് എന്നെ സ്വാധീനിച്ച മറ്റൊരു വ്യക്തി. ഒരാളെ കൂടെ പറയാതെ വയ്യ, എന്റെ ചേച്ചിയുടെ മകൻ കാർത്തിക് ഇപ്പോഴുള്ള കുട്ടികളെല്ലാം വളരെ അപ്ഡേറ്റഡ് ആണല്ലോ, അവനാണ് എന്നോട് പറഞ്ഞത് എവിടെ വേണമെങ്കിലും പോകാനുള്ള ഫ്രീഡം ഞാൻ തന്നെയാണ് എടുക്കേണ്ടത് എന്നും, എന്റെ മാറ്റങ്ങൾ ഞാൻ തന്നെ കൊണ്ടുവരണം എന്നും.

ഇനിയുള്ള ഒരു സ്വപ്നം എന്താണ്?

ഇനിയും ഒരുപാട് പഠിക്കണം എന്നതാണ് എന്റെ ആഗ്രഹം, അതിനായി വിദേശത്തു പോയി ഉപരിപഠനം ചെയ്യണം എന്നുണ്ട്. ദൈവാനുഗ്രഹത്താൽ എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു.

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെല്ലാം എങ്ങെനെയാണ്?

ഡ്രസ്സ് ചൂസ് ചെയ്യുന്നത് ഞാൻ തന്നെയാണ്, എന്നാൽ എന്നെ ഒരുക്കി തരുന്നതെല്ലാം ചേട്ടന്റെ ഭാര്യയാണ്. സാരിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം, സാരിയുടുത്ത് പല ഫംഗ്ഷൻസിനും പോകുമ്പോൾ ഒരു പ്രത്യേക ഭംഗി തോന്നിയിട്ടുണ്ട്. കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു ചേച്ചിയുമായി (രഞ്ജു രഞ്ജിമർ ) കുറച്ചു കാലത്തെ സൗഹൃദം ഉണ്ട്, അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചേച്ചിയുടെ അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കാറുണ്ട്.

പുതുതലമുറക്ക് കൊടുക്കാനുള്ള നിർദേശം എന്താണ്?

വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം. ഇന്ന് ഒരുപാട് ആളുകളുടെ മുന്നിൽ എനിക്ക് ഇങ്ങേനെ സംസാരിക്കാൻ പറ്റുന്നുണ്ടെങ്കിൽ, അതു വിദ്യാഭ്യാസത്തിലൂടെ മാത്രം വന്ന മാറ്റമാണ്. നമ്മൾ എല്ലാവരെയും ഭയങ്കരമായി സപ്പോർട്ട് ചെയ്യണം എന്നൊന്നുമില്ല, ചെറുതായി അവർക്കൊപ്പം ഒന്നും നിന്നു കൊടുത്താൽ മാത്രം മതി, അതിന് എനിക്ക് ഒരുപാട് സൗഹൃദങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. നമുക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റാത്ത പലകാര്യങ്ങളും സൗഹൃദത്തിന്റെ കൂടെ ചെയ്യുമ്പോൾ നടക്കാറുണ്ട്. അതുകൊണ്ട് നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക, ഒപ്പം ഫാമിലിയെ കൂടെ കൂട്ടുക എന്നതാണ് എനിക്ക് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *