Fashion Shows&events

വിദേശനാട്ടിൽ താരമായി ഇന്ത്യൻ വിദ്യാർഥികൾ

ദുബായ് ഫാഷൻ പ്രേമികളെ വിസ്മയിപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ച് നൂതന ഡിസൈനർ വസ്ത്രശേഖരങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഫാഷൻ ഡിസൈനിങ്ങ് വിദ്യാർഥികൾ കാണികളുടെ മനം കവർന്നത്. അറബ് ഫാഷൻ വ്യവസായത്തിന്റെ വളർച്ചയെ പരിപ്പോഷിപ്പിക്കുന്നതിനൊപ്പം നഗരത്തിന്റെ അതിരുകളില്ലാത്ത സർഗാത്മകത ആഘോഷിക്കുന്നതിനുമായി ഒരുക്കിയിട്ടുള്ള ദുബായിയിലെ പ്രധാന ഫാഷൻ പരിപാടിയായ ഡി എഫ് ഡ്ബ്ല്യൂ (ദുബായ് ഫാഷൻ വീക്ക്) വിലാണ് വിദ്യാർഥികളുടെ ഡിസൈനുകൾ അവതരിപ്പിച്ചത്.

ലണ്ടൻ സ്കൂൾ ഓഫ് ട്രെൻഡ്സുമായി സഹകരിച്ചാണ് എൻഐഎഫ്ഡി ഗ്ലോബൽ സ്കൂൾ ഓഫ് ഡിസൈനിലെ വിദ്യാർഥികളുടെ വസ്ത്രശേഖരം റാംപിലെത്തിച്ചത്. വിദ്യാർഥികളുടെ ആദ്യ ഫാഷൻ ഷോയായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദുബായിലെ ലോഞ്ച് പാഡിൽ നടന്ന ഫാഷൻ വീക്കിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ഡിസൈൻ സ്കൂളിലെ വിദ്യാർത്ഥികൾ ലോകത്തിലെ മികച്ച ഡിസൈനർമാരെ അവതരിപ്പിക്കുന്നതിന് പേരുകേട്ട ദുബായ് ഫാഷൻ വീക്കിൽ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കുന്നത്. ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത അന്താരാഷ്ട്ര ഡിസൈനർ റോബർട്ടോ കവാലി പ്രദർശിപ്പിക്കും.

റൂട്ട്സ് ടു റൺവേ പ്രമേയമാക്കിയ ഈ ശേഖരം ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ വേദിയിലെത്തിച്ചു. പുരാതന നെയ്ത്തു രീതികൾ, സങ്കീർണമായ എംബ്രോയിഡറികൾ, സുസ്ഥിര തുണിത്തരങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വസ്ത്രങ്ങൾ രൂപ്പകൽപ്പന ചെയ്തത്. സമകാലിക ഫാഷൻ ട്രെൻഡുകളും ഇന്ത്യയുടെ കരകൗശലത്തിന്റെ ഭംഗിയും ഓരോ വസ്ത്രത്തിനായും വിദ്യാർഥികൾ ഉപയോഗപ്പെടുത്തി. റാംപിൽ അവതരിപ്പിച്ച പഴമയും പുതുമയും നിറഞ്ഞ ഡിസൈനുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ഇന്ത്യയിൽ ഉടനീളം എൻഐഎഫ്ഡിയ്ക്ക് ക്യാംപസുകളുണ്ട്. ഇത്തരം അന്താരാഷ്ട്ര വേദികളിലൂടെ കുട്ടികളുടെ കഴിവ് ലോകത്തിന് മുന്നിലെത്തിക്കുകയാണ് എൻഐഎഫ്ഡി.

Leave a Reply

Your email address will not be published. Required fields are marked *