മിസ്സ് ലണ്ടൻ 2023
സൗന്ദര്യ മത്സരങ്ങളിൽ മോഡലുകൾ റാംപിൽ അണിഞ്ഞൊരുങ്ങി വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് അല്ലെ?. മോഡലുകളുടെ വസ്ത്രങ്ങളിലും സൗന്ദര്യത്തിലുമാണ് ഏവരുടെയും കണ്ണുകളുടക്കാറുള്ളത്. അതുകൊണ്ടുതന്നെ മേക്കപ്പിന്റെ പ്രാധാന്യത്തെ പറ്റി പറയേണ്ടതില്ലല്ലോ, സൗന്ദര്യ മത്സരങ്ങളിൽ മേക്കപ്പിനുള്ള സ്ഥാനവും വളരെ വലുതാണ്. എന്നാൽ മുഖത്തൊരിത്തിരി പോലും മേക്കപ്പിടാതെ മോഡൽ റാംപിൽ നടന്നു വരുന്നത് സങ്കൽപ്പിക്കാനാകുമോ? അത്തരത്തിലൊരു മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ലണ്ടൻ. ഇത്തവണത്തെ മിസ് ലണ്ടൻ മത്സരത്തിലാണ് സംഘാടകർ വ്യത്യസ്തത കൊണ്ടുവന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്. മേക്കപ്പ് രഹിത ഫാഷൻ ഷോയിൽ 26കാരി നതാഷ ബെറെസ്‌ഫോർഡ് കിരീടം ചൂടി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാർഥികളും എല്ലാ റൗണ്ടിലും മേക്കപ്പില്ലാതെയാണ് റാംപിലെത്തിയത്.


മേക്കപ്പില്ലാതെ റാംപിലെത്തുന്നതിലൂടെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുക, ആത്മവിശ്വാസം വളർത്തുക, ആന്തരിക സൗന്ദര്യത്തെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് സംഘടന ലക്ഷ്യമിട്ടത്. മറ്റ് സൗന്ദര്യ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി എഡിറ്റ് ചെയ്യാത്തതും ഫിൽറ്ററില്ലാത്തതുമായ ചിത്രങ്ങളാണ് മത്സരാർഥികളിൽ നിന്ന് ആവശ്യപ്പെട്ടത്. മത്സര സമയത്ത് ഒരു തരത്തിലുള്ള സൗന്ദര്യ വര്‍ധക വസ്തുവും ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നില്ല. മത്സരാർഥികളുടെ ധാർമിക മൂല്യം, നാച്വറൽ ബ്യൂട്ടി, ജോലി, പഠനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുത്തത്.