മിലനിലെ ഇന്ത്യൻ പാരമ്പര്യം
പുതുമയും സർഗാത്മകതയും നിറയുന്ന വസ്ത്രക്കാഴ്ചകളുടെ വലിയ ലോകമൊരുക്കിയ മിലൻ ഫാഷൻ വീക്ക് 2024. ലോകപ്രശസ്ത ഡിസൈനർമാർ അവരുടെ മികച്ച വസ്ത്രങ്ങൾ ഫാഷൻ വീക്കിൽ പ്രദർശിപ്പിച്ചു. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി ഇന്ത്യൻ ഡിസൈനർമാരും. ഓരോ ഡിസൈനർമാരും അവരുടെ അതിസുന്ദരവും അതിശയകരവുമായ സൃഷ്ടികളാണ് വേദിയിൽ അവതരിപ്പിച്ചത്.

അസം സ്വദേശിയായ ഫാഷൻ ഡിസൈനർ സഞ്ജുക്ത ദത്ത തന്റെ ഏറ്റവും പുതിയ ശേഖരമായ ‘കോഹുവ – കോമൾ’ അവതരിപ്പിച്ചു. നൂതനവും തിളക്കമാർന്നതുമായ അതിസുന്ദര സൃഷ്ടിയാണ് ദത്ത അവതരിപ്പിച്ചത്. ആസാമിന്റെ പട്ടിന്റെ തിളക്കമാർന്ന ആകർഷണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സഞ്ജുക്ത ദത്തയുടെ ശേഖരം അതിന്റെ സൂക്ഷ്മമായ കരകൗശലവിദ്യയാൽ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.

ഏകദേശം 25 ദിവസം നീണ്ട പണികൾക്കൊടുവിലാണ് ഇത്തരമൊരു കരകൗശലവിദ്യ ഒരുക്കിയെടുത്തത്. സമകാലിക സൂക്ഷ്മതകളുമായി സമന്വയിപ്പിച്ച ക്ലാസിക്കൽ ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിന്റെ കാലാതീതമായ സമ്മേളനമായിരുന്നു ഈ സൃഷ്ടി. സ്വന്തം നാടിന്റെ പൈതൃകത്തോടുള്ള പ്രതിബദ്ധതയാണ് ഈ വസ്ത്രങ്ങളിൽ നിറഞ്ഞത്. പാരമ്പര്യതനിമ ചോരാതെ ഡിസൈൻ ചെയ്യുന്നതിനും ദത്തയ്ക്ക് സാധിച്ചു.

പരമ്പരാഗതമായ മെഖേല ചാഡോർ മുതൽ തിളങ്ങുന്ന സാരികൾ വരെ, ഒഴുകുന്ന സൗന്ദര്യം നിറയുന്ന ഗൗണുകൾ മുതൽ ആരെയും ആകർഷിക്കുന്ന നീളൻ പാവാടകൾ വരെ, ഇന്തോ-വെസ്റ്റേൺ ലെഹങ്കകളുടെ ഫ്യൂഷൻ മനോഹാരിത ഇങ്ങനെ അതിഗംഭീരമായ വസ്ത്രങ്ങളാൽ ഇന്ത്യൻ ഡിസൈനർമാർ മിലൻ ഫാഷൻ വീക്കിന്റെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.