ഇവൾ മണിപ്പൂരിന്റെ അഭിമാനം
”ചരിത്ര നേട്ടം” ഫെമിന മിസ് ഇന്ത്യ 2023 സെക്കൻഡ് റണ്ണർഅപ്പ് കിരീടം സ്വന്തമാക്കിയ സ്ട്രെല തൗനോജം ലുവാങ് എന്ന മണിപ്പൂരുകാരിയുടെ വിജയത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ചരിത്രത്താളുകളിൽ സുവർണലിപികളാൽ എഴുതിച്ചേർക്കേണ്ടതാണ് ഈ നേട്ടം. രാജ്യത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു സംസ്ഥാനമായ മണിപ്പൂരിന്റെ മാത്രം അഭിമാനമാണ് സ്ട്രെല എന്നു പറയാനാകില്ല. എന്നാൽ ആ കൊച്ചുനാടിനെ ഈ നേട്ടത്തിലൂടെ നല്ല വാർത്തകളിലേക്കെത്തിച്ചിരിക്കുകയാണ് ഇവർ.
സ്ട്രെല തൗനോജം ലുവാങ് എന്ന യുവതിയുടെ ജീവിതം അനേകർക്ക് പ്രചോദനമാണ്. മിസ് ഇന്ത്യ വേദിയിലേക്കുള്ള യാത്ര മറ്റു പലരെയും പോലെ അത്ര ലളിതമായിരുന്നില്ല ഈ പെൺകുട്ടിക്ക്. സ്ട്രെലയുടേത് പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നേറിയ ജീവിതമാണ്. നിരവധി വെല്ലുവിളികൾ നേരിട്ടു. പക്ഷേ ആ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്റെ സ്ഥിരോത്സാഹത്തിലൂടെയും ധൈര്യത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമൊക്കെ കീഴടക്കിയാണ് മിസ് ഇന്ത്യ 2023 സെക്കൻഡ് റണ്ണർഅപ്പ് സ്വന്തമാക്കിയത്.

ടെലിവിഷൻ അവതാരക, മോഡൽ, അഭിനേത്രി, സാമൂഹിക പ്രവർത്തക, ഗായിക, എഴുത്തുകാരി ഇങ്ങനെയൊക്കെ നിരവധി ബഹുമതികൾ സ്വന്തമാക്കിയവളാണ് സ്ട്രെല. സൗന്ദര്യമത്സരങ്ങളും ഫാഷൻ ലോകവും ഇവൾക്ക് പുതുമ നിറഞ്ഞതല്ല. മിസ് മണിപ്പൂർ 2017 പട്ടം നേടിയിട്ടുണ്ട്. മിസ് ദിവ നോർത്ത് ഈസ്റ്റ് 2016-17-ലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. ഈ മത്സരത്തിൽ മിസ് റാംപ് വാക്ക് കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ഗ്ലാമറസ് ലുക്ക്, ട്രെൻഡ്സ് മിസ് സ്റ്റൈൽ ഐക്കൺ എന്നീ രണ്ട് സബ് ടൈറ്റിലുകളും 22-കാരിയായ സ്ട്രെല സ്വന്തമാക്കി.
ഫെമിന മിസ് ഇന്ത്യ 2023 എന്ന സൗന്ദര്യമത്സരത്തിലെ തയ്യാറെടുപ്പിലും പങ്കെടുക്കുന്നതിലും ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ സ്ട്രെല പറഞ്ഞിട്ടുണ്ട്. മറ്റ് മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാൻ മതിയായ പണമില്ലെന്നും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഉപയോഗിക്കേണ്ടതായും വന്നുവെന്നും അവർ തുറന്നുപറഞ്ഞു.

കുട്ടിക്കാലം മുതൽ സിനിമയും മോഡലിങ്ങും ഫാഷൻ റാംപുകളുമൊക്കെ സ്ട്രെലയുടെ മനസിലുണ്ടായിരുന്നു. ഐഷർ മോട്ടോഴ്‌സിന്റെ മോഡലായി സ്ട്രെല മോഡലിങ്ങ് രംഗത്തേക്ക് ചുവടുവച്ചു. ഗാർണിയർ ഫാഷൻ വീക്കുകളിലും മോഡലായിട്ടുണ്ട്. റിലയൻസ് ട്രെൻഡ്സ്, ഓറ ജ്വല്ലറി, കളർബാർ കോസ്‌മെറ്റിക്‌സ്, മിറെൻ തുടങ്ങി നിരവധി ബ്രാൻഡുകളുടെ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. പ്രിയകാന്ത ലെയ്ഷ്റാം സംവിധാനം ചെയ്ത ഹു സെഡ് ബോയ്സ് കനോട്ട് വെയർ ദ് മേക്കപ്പ് എന്ന സിനിമയിലും സ്ട്രെല സഹകരിച്ചിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ ലിംഗസമത്വത്തെയും മേക്കപ്പിനെയും കുറിച്ചുള്ള നോർത്ത് ഈസ്റ്റിലെ ആദ്യ ചിത്രമാണിത്. അവതാരകയായും തിളങ്ങിയ വ്യക്തിയാണ് ഇവർ. സ്ട്രെല അവതാരകയായെത്തിയ ഇംപാക്റ്റ് ടിവി ഇംഫാലിന്റെ ഖാങ്മിനസി മണിപ്പൂർ എന്ന പരിപാടിയും ശ്രദ്ധേയമായിരുന്നു.
മണിപ്പൂർ ഇംഫാലിലെ യുറിപ്‌ക് ടൗൺ സ്വദേശിയാണ് സ്ട്രെല. സ്കൂൾ വിദ്യാഭ്യാസം ഇംഫാലിലെ ലിറ്റിൽ റോസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പൂർത്തിയാക്കി. ജയ്പൂരിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസ്സിൽ ബിരുദം നേടി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകരുടെ ശകാരത്താൽ ഈ പെൺകുട്ടിയ്ക്ക് വിഷാദരോഗത്തിന് ചികിത്സ നൽകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, വളരെ ചെറുപ്പത്തിൽ ഉത്കണ്ഠയും അപസ്മാരവും ബാധിച്ചു. അസുഖങ്ങൾ കാരണം കുറച്ചുകാലം സ്കൂളിൽ പോയില്ല. രണ്ട് വർഷത്തിലേറെയായി അവൾ വീട്ടിലിരുന്ന് പഠിച്ചു, ആ സമയത്ത്, അവൾക്ക് സുഹൃത്തുക്കളില്ലായിരുന്നു. പിന്നീട് നൃത്തവും യോഗയുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയാണ് ആ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. തൗനോജം രത്തൻ ലുവാങ്‌ചയാണ് സ്ട്രെലയുടെ പിതാവ്. അദ്ദേഹം ഫോട്ടോഗ്രാഫറാണ്. കുട്ടിക്കാലത്തെ രോഗങ്ങളിൽ സ്ട്രെലയ്ക്ക് താങ്ങും തണലുമായി ഏതുനേരവും അച്ഛനാണ് കൂടെയുണ്ടായിരുന്നത്. അമ്മയുടെ പേര് ആശാലത ചിംഗ്സുബം. ഇവരുടെ എട്ട് മക്കളിൽ ആറാമത്തെ മകളാണ് സ്ട്രെല.

സാമൂഹിക പ്രവർത്തക കൂടിയാണ് സ്ട്രെല. വളരെ ചെറുപ്പത്തിൽ തന്നെ അപസ്മാരം, ഉത്കണ്ഠ എന്നിവ അനുഭവിച്ചതിന് ശേഷം മാനസികാരോഗ്യ അവബോധവും ശിശുസൗഹൃദ വിദ്യാഭ്യാസ സമ്പ്രദായവും സൃഷ്ടിക്കുന്നതിനുമൊക്കെ ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് ഇവർ.
ചാരിറ്റബിൾ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഏഷ്യയിലെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോ ഇന്ത്യയുടെയും ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷന്റെയും സജീവ പ്രവർത്തകയുമാണ്. നിരവധി സൗന്ദര്യമത്സരങ്ങളിൽ വിധികർത്താവാകുന്നതിനും മത്സരാർഥികളെ ഗ്രൂം ചെയ്യുന്നതിനും സ്ട്രെലയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഡയാന രാജകുമാരിയാണ് സ്ട്രെലയെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയെങ്കിൽ പ്രചോദനമായിട്ടുള്ളത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. സംഗീതം ഇഷ്ടപ്പെടുന്ന സ്ട്രെല ഗിറ്റാർ, കലിംബ, ഉക്കുലേലെ എന്നിവ വായിക്കാനും ഇഷ്ടപ്പെടുന്നു. സംഗീതം പോലെ സ്ട്രെലയ്ക്ക് എഴുത്തിനോടും ഇഷ്ടക്കൂടുതലുണ്ട്. വിഷാദരോഗത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന നാളുകളിലാണ് ഇവർ എഴുത്തിന്റെ ലോകത്തിലേക്കെത്തുന്നത്. ഏതാണ്ട് പത്ത് വയസ് മാത്രം പ്രായമുള്ളപ്പോഴാണത്. ഒരു പരിസ്ഥിതി പ്രവർത്തക കൂടിയാണ്. ലഭിക്കുന്ന അവസരങ്ങളിൽ അവർ മരങ്ങൾ നടുമായിരുന്നു. മൃഗസ്നേഹിയായ സ്ട്രെലയ്ക്ക് കുതിരസവാരിയും മൺപാത്രങ്ങൾ നിർമിക്കാനും താത്പ്പര്യമുണ്ടായിരുന്നു. നോൺ വെജിറ്റേറിയൻ ഡയറ്റാണ് സ്ട്രെല പിന്തുടരുന്നത്.