വസ്ത്രങ്ങളിലും സമത്വം സൃഷ്ടിച്ച് Gene q എന്ന ആശയം
പൂരം എന്നു കേൾക്കുമ്പോൾ തന്നെ ജനമനസ്സുകളിൽ ആദ്യം ഓടിവരുന്ന പേരാണ് തൃശ്ശൂർ പൂരം. തേക്കിൻകാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള- വാദ്യ -വർണ്ണലയങ്ങളുടെ പൂരത്തിന് വർഷവും ആരാധകർ ഏറിവരുകയാണ്. പൂരങ്ങളുടെ പൂരം എന്നാണ് തൃശ്ശൂർ പൂരത്തിന്റെ വിശേഷണം. രണ്ടുനിരകളായി അണിനിരക്കുന്ന ആനക്കൊമ്പന്മാർ, ആലവട്ടം, വെഞ്ചാമരം, ചെണ്ടമേളം ഒപ്പം കുടമാറ്റത്തിന്റെ വർണ്ണ വിസ്മയങ്ങൾ കൂടെയാകുമ്പോൾ തേക്കിൻകാട് മൈതാനം കാഴ്ചക്കാ രാൽ സമ്പന്നമാകുന്നു.

പൂരത്തിന്റെ പാശ്ചാത്തലത്തിൽ ഒരുക്കിയ വ്യത്യസ്‌ഥവും വൈവിധ്യവുമാർന്ന ഒരു ഫോട്ടോഷൂട്ട് ആണ് വായനക്കാർക്കായുള്ള ഇന്നത്തെ വിശേഷം. സമത്വം എന്ന ആശയത്തെ മുൻനിർത്തി gene q എന്ന പുരുഷനും സ്ത്രീക്കും ഒരുപോലെ ധരിക്കാവുന്ന വസ്ത്രം ഇറക്കിയിരിക്കുകയാണ് വിജിസ് മേകോവർ സ്റ്റുഡിയോ. വടക്കുന്നാഥന്റെ മണ്ണിൽ നടത്തിയ ഫോട്ടോഷൂട്ട് ഏറെ പ്രശംസ നേടി.

പുരുഷന്മാർ ധരിക്കുന്ന സാധാരണ ദോത്തി അഥവാ മുണ്ടാണ് ഈ ഫോട്ടോഷൂട്ടിന്റെ കോസ്റ്യുമായി ഉപയോഗിച്ചിട്ടുള്ളത്. അതിൽ ആനയുടെ നെറ്റിപ്പട്ടവും വെഞ്ചാമരത്തോടും കൂടിയുള്ള പെയിൻറിങ് ആണ് ഏറെ ആകർഷകം. ഇതിനായി ഫാബ്രിക് പെയിൻറ് ആണ് വസ്ത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പുരുഷനും സ്ത്രീക്കും ഒരുപോലെ ധരിക്കാവുന്ന രീതിയിലാണ് ഇതിൻറെ സ്റ്റിച്ചിങ് ചെയ്തിട്ടുള്ളത്. ജെൻഡർ ഇക്വാലിറ്റി എന്നതാണ് ഈ കോസ്റ്റുംമിൻ്റെ മോട്ടോ എന്നും കോസ്റ്റും ഡിസൈനറും ഫാഷൻ കൺസൽറ്റണ്ടുമായ വിജിഷ മധു കൂട്ടിച്ചേർത്തു.


ഇതേ ആശയത്തോടെ ഒരു ഫാഷൻ ഷോ കൂടെ സംഘടിപ്പിക്കാനും ഇവർക്കായി. യൂണിവേഴ്സിറ്റി അഫിലിയേഷനോടു കൂടി കേരളത്തിൽ ആദ്യമായി മോഡലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ട്രാൻസ് വുമൻ ആയ റിയാ ഇഷയുടെ നേതൃത്വത്തിൽ ആയിരുന്നു ഫാഷൻ ഷോ സംഘടിപ്പിച്ചത് . ബ്രൗൺ, പച്ച, ക്രീം, ബ്ലാക്ക് തുടങ്ങിയ നിറത്തിലെ വസ്ത്രങ്ങൾ ആയിരുന്നു ഫാഷൻ ഷോയിൽ ഉപയോഗിച്ചിരുന്നത്. സുന്ദരികൾ gene q വസ്ത്രമണിഞ്ഞു റാമ്പിൽ അണിനിരന്നപ്പോൾ എങ്ങും ഹർഷാരവം മുഴങ്ങി. ഈ ഫാഷൻ ഷോക്കും ഒരുപാട് ജനശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും ഈ വസ്ത്രങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.