ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനർ
അഹം… 90-കളുടെ ആദ്യനാളിൽ തിയെറ്ററുകളിലെത്തിയ വ്യത്യസ്തമായ ഒരു മലയാള ചിത്രമായിരുന്നു. മോഹൻലാലും ഉർവശിയും രമ്യ കൃഷ്ണനും നെടുമുടി വേണുവുമൊക്കെയായി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമാണിത്. ഇവർക്കൊപ്പം തിളങ്ങിയ ഒരു ബോളിവുഡ് അഭിനേത്രി കൂടിയുണ്ട് അഹം സിനിമയിൽ. നീന ഗുപ്ത ആണ് ചിത്രത്തിലെ സിസ്റ്റർ നോബിൾ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. അത്ര നിസ്സാരക്കാരിയല്ല നീന. ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ഇവർ അഭിനയത്തിനൊപ്പം ടെലിവിഷൻ സീരിയൽ സംവിധായക കൂടിയാണ്. അന്താരാഷ്ട്ര സിനിമകളിലും നീന അഭിനയിച്ചിട്ടുണ്ട്. വാസ്തുഹാര എന്ന മറ്റൊരു മലയാളസിനിമയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് നീന. എന്നാൽ നീനയെക്കുറിച്ചല്ല അവരുടെ മകളെക്കുറിച്ചാണ് ഇനി പറയുന്നത്. മസാബ ഗുപ്ത എന്ന ലോകമറിയുന്ന ഇന്ത്യൻ ഫാഷൻ ഡിസൈനറെക്കുറിച്ച്.

കലാലോകത്തിൽ സജീവമായിരുന്ന അമ്മയെ പോലെ മിടുക്കിയായ മകളാണ് മസാബ ഗുപ്തയെന്ന് അവർ ജീവിതത്തിലൂടെ തെളിയിച്ചു. അമ്മയുടേത് പോലെ അഭിനയരംഗം അല്ലെങ്കിലും സിനിമയുമായി ചേർന്നുനിൽക്കുന്ന ലോകം തന്നെയാണ് മസാബ ഗുപ്തയുടേതും. അമ്മയെ പോലെ അഭിനയലോകത്തും മസാബയുടെ സാന്നിധ്യമുണ്ട്. അഭിനയവും ഫാഷൻ ഡിസൈനിങ്ങുമൊക്കെ ഇഷ്ടപ്പെടും മുൻപേ മസാബയ്ക്ക് ഇഷ്ടം അവളുടെ അച്ഛന്റെ ലോകമായ സ്പോർട്സിനോടായിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കളിക്കാരൻ വിവ് റിച്ചാർഡ്സിന്റെ മകളാണ് മസാബ. എന്നാൽ മകൾക്ക് ക്രിക്കറ്റിനോടായിരുന്നില്ല താത്പ്പര്യം. ടെന്നീസ് കളിക്കാരിയാകണമെന്നാഗ്രഹിച്ച കുട്ടിക്കാലമായിരുന്നു മസാബയുടേത്. എട്ട് വയസ് മുതൽ ടെസീന്ന് പഠിക്കുകയും ചെയ്തു. എന്നാൽ 16ാം വയസിൽ ആ കമ്പം അവസാനിപ്പിച്ചു.
എന്നാൽ മകൾ അഭിനേത്രിയാകണമെന്നായിരുന്നു മസാബയുടെ അമ്മ നീനയുടെ ആഗ്രഹം. പക്ഷേ കുട്ടിക്കാലത്ത് മകൾക്ക് അഭിനയത്തെക്കാൾ പാട്ടും ഡാൻസുമൊക്കെയായിരുന്നു ഇഷ്ടം. പാട്ടിനോടും ഡാൻസിനോടും തോന്നിയ അഭിനിവേശം മസാബയെ കലാലോകത്തിലേക്കെത്തിച്ചു. ഇന്ത്യയിലെ കണ്ടംപററി ഡാൻസിന്റെ ഗുരു എന്നു അറിയപ്പെടുന്ന ഷിയാമക് ദവാറിന്റെ നൃത്തസംഘത്തിൽ ചേരണമെന്നൊക്കെ മസാബ ആഗ്രഹിച്ചെങ്കിലും നീന ഗുപ്ത അനുവദിച്ചില്ല. എങ്കിലും സംഗീതത്തിനോടും നൃത്തത്തിനോടുമുള്ള അഭിനിവേശത്തിൽ ലണ്ടൻ വരെയെത്തി ഇവർ. ലണ്ടനിൽ പാട്ടും നൃത്തവും പഠിക്കാൻ പോയെങ്കിലും പാതിവഴിയിൽ ആ യാത്ര അവസാനിപ്പിച്ചു. വീടും വീടോർമകളുമാണ് അവരെ പിന്തിരിപ്പിച്ചത്. പിന്നീട് എസ് എൻ ഡി റ്റി വിമൻസ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി ചേർന്നു. പ്രശസ്തരായ രണ്ട് വ്യക്തികളുടെ മകളെന്ന ലേബൽ സ്വന്തമായിട്ടും സ്കൂൾ പഠനനാളിൽ വർണവിവേചനത്തിന്റെ ദുരിതങ്ങളും ഈ പെൺകുട്ടിയ്ക്ക് സഹപാഠികളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ആ കാലത്തെക്കുറിച്ച് മസാബ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

വെറും 19 വയസുള്ളപ്പോൾ സ്വന്തമായി ഫാഷൻ ബ്രാൻഡ് സ്ഥാപിച്ച വ്യക്തിയാണ് മസാബ ഗുപ്ത. ഹൗസ് ഓഫ് മസാബ എന്ന പേരിലാണ് ബ്രാൻഡ് ആരംഭിച്ചത്. അതൊരു തുടക്കമായിരുന്നു. പിന്നീട് മസാബയുടെ ദിനങ്ങളായിരുന്നു. സർഗാത്മകമായ ആവിഷ്ക്കാരത്തിന്റെ അതിരുകൾ ഭേദിച്ച് ഫാഷൻ രംഗത്ത് തന്റേതായ ഇടം സൃഷ്ടിച്ചെടുക്കുന്നതിനും ഇവർക്ക് സാധിച്ചു. കരിയറിലും ജീവിതത്തിലുമൊക്കെ വ്യത്യസ്ത നിറയ്ക്കാനും സാധിച്ച ഡിസൈനറാണിത്.
പാട്ടും നൃത്തവും ടെന്നീസുമൊക്കെ അവസാനിപ്പിച്ചാണ് ഫാഷൻ ഡിസൈനിങ്ങ് രംഗത്തേക്കെത്തുന്നതും ബോളിവുഡിന്റെ പ്രിയ ഡിസൈനറാകുന്നത്. 19-ാം വയസിൽ ലാക്മേ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയ വ്യക്തിയാണ് മസാബ. ലോകമറിയുന്ന ഫാഷൻ ഡിസൈനർ എന്നതിനൊക്കെ അപ്പുറം ശ്രദ്ധേയമായ മറ്റൊരു കാര്യം, സ്വന്തം ജീവിതം ഒടിടി ചാനലിലൂടെ ജനങ്ങളിലേക്കെത്തിച്ചുവെന്നതാണ്. മസാബയും അമ്മ നീനയും നിറയുന്ന ആ ജീവിതം പറയുന്ന മസാബ മസാബ എന്ന ഷോ മികച്ച പ്രതികരണം നേടി. നെറ്റ്ഫ്ലിക്സിലൂടെയാണ് മസാബ മസാബ പ്രദർശിപ്പിക്കുന്നത്.
അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ എന്ന പദവിയിലേക്ക് മസാബ വളരെ എളുപ്പത്തിൽ എത്തിയതല്ല. വളർച്ചയുടെ ഓരോ പടവും സൂക്ഷിച്ചാണ് മസാബ ചവിട്ടയത്. എളുപ്പമല്ലായിരുന്നുവെങ്കിലും ചില നേരങ്ങളിൽ അവർക്ക് മികച്ച സൃഷ്ടികളെ പുറത്തെടുക്കാനും വേഗത്തിൽ ശ്രദ്ധ നേടാനും സാധിച്ചിട്ടുണ്ട്. കഠിനാധ്വാനം നല്ലതാണ്, എന്നാൽ സ്മാർട്ട് വർക് ആണ് അതിലും കൂടുതൽ മികച്ചത്. പക്ഷേ ഓവർ വർക് അത്ര നല്ലതല്ലെന്നാണ് മസാബ പറയുന്നത്.
ആധുനികത തുളുമ്പുന്ന വസ്ത്രങ്ങൾക്ക് ജീവൻ നൽകുമ്പോഴും സമകാലികവും പരമ്പരാഗതവുമായ ചില കൂട്ടിച്ചേർക്കലുകൾ കൂടി മസാബ നടത്തുന്ന പതിവുണ്ട്. സ്ത്രീകൾക്കായാണ് ഇവർ കൂടുതലും ഡിസൈൻ ചെയ്തിട്ടുള്ളത്. സ്ത്രീകൾക്കായുള്ള പരമ്പരാഗത വസ്ത്രങ്ങളൊരുക്കുന്നതിലാണ് മസാബ സ്പെഷ്യലിസ്റ്റ് എന്നു പറയാം. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കുള്ള ഡിസൈനുകളും ഒരുക്കാറുണ്ട്. സിൽക്കിലും ഷിഫോണിലും കോട്ടണിലുമൊക്കെ ലാളിത്യം നിറഞ്ഞ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിനൊപ്പം എംബ്രോയ്ഡറി വർക്കുകൾക്കും ഇവർ പ്രാധാന്യം നൽകാറുണ്ട്. ആധുനികതയ്ക്കൊപ്പം പാരമ്പര്യരീതികളെ മുറുകെ പിടിച്ചാണ് മസാബ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്.

കരീന കപൂർ, റാണി മുഖർജി, വിദ്യ ബാലൻ, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ,സോനം കപൂർ, മൗനി റോയ് തുടങ്ങി ബോളിവുഡിന്റെ താരറാണിമാരൊക്കെയും മസാബ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചിട്ടുള്ളവരാണ്. ഹൗസ് ഓഫ് മസാബ എന്ന ലേബലിലൂടെ ആധുനികതയും പാരമ്പര്യതനിമയുമൊക്കെ നിറഞ്ഞ വസ്ത്രങ്ങൾ ഇവർ വിൽക്കുന്നുണ്ട്. സ്ത്രീകൾക്കെന്ന പോലെ പുരുഷൻമാരുടെ വസ്ത്രങ്ങളും ഹൗസ് ഓഫ് മസാബയിൽ ലഭ്യമാണ്. വസ്ത്രങ്ങൾ മാത്രമല്ല ഹൗസ് ഓഫ് മസാബയിൽ മേക്കപ്പ് വസ്തുക്കളും ലഭിക്കും. സാരിയും കുർത്തിയും സ്കേട്ടും കഫ്താനും ഗൗണും ജീൻസും ജാക്കറ്റുമൊക്കെയായി പാർട്ടിവെയറും ഫെസ്റ്റീവ് വെയറുമൊക്കെ ഇവിടെ ലഭ്യമാണ്. വസ്ത്രത്തിന് യോജിക്കുന്ന ആഭരണങ്ങളുടെ ശേഖരവുമുണ്ട്.
സാമൂഹിക മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും മസബായ്ക്ക് ഒരു മിടുക്ക് ഉണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ഫാഷൻ ഷോ നടത്തിയ ആദ്യ ഇന്ത്യൻ ഡിസൈനർ എന്ന ബഹുമതി മസാബയ്ക്ക് സ്വന്തമാണ്. മസാബയുടെ വസ്ത്രങ്ങളുടെ വിൽപ്പനയുടെ അറുപത് ശതമാനവും വാട്സ്ആപ്പ് വഴിയാണ് നടക്കുന്നതെന്നും മസാബ വെളിപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനറായ മസാബ വ്യക്തിപരമായ പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന വ്യക്തിയാണ്. ഫാഷൻ മാത്രമല്ല ഫിറ്റ്നസും ഇവർക്ക് പ്രിയപ്പെട്ടതാണ്. ഫാഷൻ ഡിസൈനിങ്ങിനെക്കുറിച്ച് മാത്രമല്ല ഫിറ്റ്നസും ഡയറ്റും സൗന്ദര്യസംരക്ഷണമാർഗങ്ങളുമൊക്കെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ശീലവും ഇവർക്കുണ്ട്. പഞ്ചസാര ഉപയോഗം നല്ലതല്ലെന്നു ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധുരപ്രേമിയായ താൻ ഒരു മാസത്തോളം പൂർണമായും മധുരം ഒഴിവാക്കിയെന്നും ആരോഗ്യത്തിന് വളരെ പ്രയോജനപ്പെട്ടുവെന്നുമൊക്കെ അവർ പറഞ്ഞിരുന്നു.
33-കാരിയായ മസാബ ഡൽഹി സ്വദേശിയാണ്. അപ്പാരൽ മാനുഫാക്ച്ചർ ആൻഡ് ഡിസൈനിങ്ങിലാണ് ബിരുദം നേടിയിട്ടുള്ളത്. പാട്ടും നൃത്തവും ടെന്നീസുമൊക്കെയാണ് അവരുടെ ഇഷ്ടങ്ങൾ. സത്യദീപ് മിശ്രയാണ് ഭർത്താവ്. 2023 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. മസാബയുടെ രണ്ടാം വിവാഹമാണിത്. 2017-ൽ, ലെവിസിന്റെ ഐക്കണിക് ട്രക്കർ ജാക്കറ്റിന്റെ റീ-ഡിസൈനുകൾ പ്രദർശിപ്പിക്കുന്ന ഒരു ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് മസബായാണ്. ബിസിനസ് എക്സലൻസ് ആൻഡ് ഇന്നൊവേറ്റീവ് ബെസ്റ്റ് പ്രാക്റ്റീസസ് അവാർഡ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.