താരങ്ങളുടെ റാംപ് വോക്ക് @ ലുലു ഫാഷൻ വീക്ക്
ഫാഷന്റെ വിസ്മയക്കാഴ്ചകൾ സമ്മാനിച്ച് ലുലു ഫാഷൻ വീക്ക്. അഞ്ച് ദിവസങ്ങൾ നീണ്ട ഫാഷൻ വീക്കിൽ ഉലകനായകൻ കമൽഹാസൻ അടക്കം നിരവധി താരങ്ങൾ അണിനിരന്നു. ലുലു ഫാഷൻ വീക്കിന്റെ അഞ്ചാം പതിപ്പാണ് ഇടപ്പള്ളി ലുലു മാളിൽ നടന്നത്. മലയാള സിനിമയിലെ യുവതാരം ഉണ്ണി മുകുന്ദൻ റാംപിൽ ചുവടുവച്ചാണ് ലുലു ഫാഷൻ വീക്കിന് തുടക്കം കുറിച്ചത്. നടനൊപ്പം യുവനടി നിരഞ്ജന അനൂപും റാംപിൽ തിളങ്ങി. ഉദ്ഘാടനദിവസത്തെ ഫാഷൻ ഷോയിൽ മലയാളികളുടെ പ്രിയങ്കരരായ ഗായകനും നടനുമായി വിജയ് യേശുദാസ്, അഭിനേതാക്കളായ കൈലാഷ്, ഹേമന്ദ് മേനോൻ, നയന എൽസ, മോഡൽ ഷിയാസ് കരീം എന്നിവരും അതിഥികളായി റാംപിലെത്തി.

കാഷ്വൽ ലുക്കിൽ റാംപിലെത്തിയെ കമൽ ഹാസനെ കണ്ട് ആരാധകർ ആവേശത്തേരിലേറി. വൻ വരവേൽപ്പാണ് ഇതിഹാസതാരത്തിന് മലയാളികൾ സമ്മാനിച്ചത്. അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച ലുലു ഫാഷൻ വീക്കിന്റെ സമാപനദിനവും ഗംഭീരവിരുന്ന് തന്നെയൊരുക്കിയിരുന്നു.
ഫാഷൻ വേദികളിൽ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത, മലയാളികൾക്ക് ചിരപരിചിതനായ ഒരു ‘മോഡൽ’ ആയിരുന്നു വേദിയിൽ തിളങ്ങിയ മറ്റൊരാൾ. വ്യവസായവകുപ്പ് മന്ത്രി പി.രാജീവായിരുന്നു നാലാം ദിനത്തിലെ റാംപിലെ ശ്രേദ്ധേയ താരം. ഖാദിയുടെ ഇളംപച്ച കരയോടു കൂടിയ മുണ്ടും പച്ച ഷർട്ടും ധരിച്ചാണ് രാജീവ് റാംപിൽ ചുവടുവച്ചത്. മന്ത്രിയെ റാംപിൽ കണ്ടതോടെ സദസ്സിൽ നിറഞ്ഞ കൈയടിയായിരുന്നു.

ഫാഷൻ വീക്കിന്റെ ആദ്യദിനത്തിൽ റിയോ ബ്രാന്‍ഡിന്റെ ലോഞ്ചിങ്ങ് നിരഞ്ജന, ലുലു ഇന്ത്യ ബിയിംഗ് മാനെജർ ദാസ് ദാമോദരൻ എന്നിവർ ചേർന്ന് നിർവഹിച്ചുവെങ്കിൽ അവസാനദിവസം മറ്റൊരു ബ്രാൻഡ് കൂടി ലുലു ഗ്രൂപ്പ് പുറത്തിറക്കി. കൈത്തറി ബ്രാൻഡായ കൃതിയാണ് പുറത്തിറക്കിയത്. കൃതിയുടെ ലോഗോ പി. രാജീവും ഗായിക മഞ്ജരിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. മന്ത്രിയ്ക്കൊപ്പം മഞ്ജരിയും കൃതിയുടെ ഖദർ വസ്ത്രം ധരിച്ചാണ് റാംപിൽ നടന്നത്.
മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളും പുതിയ സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് നെയ്‌തെടുത്ത കൈത്തറി വസ്ത്രങ്ങളുടെ അപൂര്‍വ്വശേഖരവുമായാണ് കൃതി വിപണിയിലെത്തിയത്. ലുലു ഫാഷന്‍ സ്റ്റോറില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം ആരംഭിയ്ക്കുമെന്ന് ലുലു ഇന്ത്യ ഡയറക്റ്ററും സിഇഒയുമായ എം.എ. നിഷാദ് പറഞ്ഞു.

കൃതി കൈത്തറി ബ്രാന്‍ഡിന്റെയടക്കം അഞ്ച് ഫാഷന്‍ ഷോകളാണ് അവസാന ദിനം റാംപിനെ ഫാഷന്‍ ലഹരിയിലാക്കിയത്. മന്ത്രിയെ കൂടാതെ അഭിനേതാക്കളായ അഹാന കൃഷ്ണ, ഷെയ്ൻ നിഗം, നാദിര്‍ഷാ, വിനീത് കുമാര്‍, ദേവ് മോഹന്‍, അര്‍ജ്ജുന്‍ അശോകന്‍, നീരജ് മാധവ്, രമേശ് പിഷാരടി, മഞ്ജരി, അനു മോഹന്‍, ദുര്‍ഗ്ഗ കൃഷ്ണ, തന്‍വി റാം, സാജിദ് യഹിയ, സാധിക വേണുഗോപാല്‍ തുടങ്ങിയവരും റാംപിലെ താരസാന്നിധ്യമായി. വിവിധ വിഭാഗങ്ങളിലായുള്ള ഫാഷന്‍ അവാര്‍ഡുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു. ഫാഷന്‍ സ്‌റ്റൈല്‍ ഐക്കൺ പുരസ്കാരങ്ങൾ അഹാന കൃഷ്ണയ്ക്കും ഷെയ്ന്‍ നിഗത്തിനും സമ്മാനിച്ചു.

ഫാഷൻ വീക്കിന്റെ ഓരോ ദിനവും താരസമ്പന്നമായിരുന്നു. വ്യത്യസ്ത ദിനങ്ങളിലായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, സിനിമ താരങ്ങളായ നരേന്‍, അശ്വന്‍ കുമാര്‍, അദിതി രവി, ടിനി ടോം, നേഹ സക്‌സേന, റിയാസ് ഖാന്‍, കൃഷ്ണ പ്രഭ, ആനന്ദ് റോഷന്‍, വിവേക് ഗോപന്‍, നിയാസ് , സംഗീത സംവിധായകന്‍ രതീഷ് വേഗ, ആര്‍ജെ രഘു, അലക്‌സാണ്ട്ര ജോണ്‍സണ്‍ എന്നിവരും റാംപില്‍ ചുവടുവെച്ചു.

ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകളാണ് ഫാഷൻ വീക്കിൽ അവതരിപ്പിച്ചത്. പൂനെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോയുടെ നേതൃത്വത്തിൽ 29 ഫാഷൻ ഷോകളാണ് ലുലു മാളിൽ അവതരിപ്പിച്ചത്. ഡൽഹി, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകളും റാംപിലെത്തിയിരുന്നു. റിയോ, ജെ ഹാംസ്റ്റെഡ്, ജാക്ക് ആൻഡ് ജോൺസ്, ലിവൈസ്, സഫാരി, ബ്ലാക്ക്ബെറീസ്, ക്രൊയ്ഡോൺ യു കെ, സ്പോർട്ടോ, ഡി മോസ, ലിനൻ ക്ലബ്, അമേരിക്കൻ ടൂറിസ്റ്റർ, വെൻഫീൽഡ്, അമുക്തി, റിവർ ബ്ലൂ ആൻഡ് റഫ്, ക്യാപ്രിസ്, അർബൻ ടച്ച്, വി ഐ പി, ക്ലാസിക് പോളോ, പീറ്റർ ഇംഗ്ലണ്ട്, സീലിയോ, ക്രോസ് ജീൻസ്, വീരോ മോദ, ക്രിതി, ഓക്സംബർഗ്, സിൻ, ക്രിംസൺ ക്ലബ്, മോൺടേ ബിയാങ്കോ എന്നീ ബ്രാൻഡുകളാണ് ഫാഷൻ ഷോകൾ അവതരിപ്പിച്ചത്. പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്സംബർഗ് അവതരിപ്പിച്ച ലുലു ഫാഷൻ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി സംയുക്തമായാണ് സംഘടിപ്പിച്ചത്.