ജീവിതത്തിലെ സന്തോഷങ്ങളാണ് എന്റെ സൗന്ദര്യം
സ്കൂൾ കാലം മുതൽ ഫാഷൻ ലോകത്തെ സ്വപ്നം കണ്ടിരുന്നവൾ. മിസ് വേൾഡ്, മിസ് യൂണിവേഴ്സ് പേജന്റ്സ് ടെലിവിഷനിൽ കണ്ട് വിസ്മയത്തോടെ നോക്കി നിന്നിരുന്ന പെൺകുട്ടി. ഐശ്വര്യ റായ് ബച്ചനും സുസ്മിത സെന്നുമൊക്കെ അണിഞ്ഞൊരുങ്ങി റാംപിൽ ചുവട് വയ്ക്കുന്നത് കണ്ട് ഈ പെൺകുട്ടിയുടെ മനസിലും ഫാഷനും മോഡലിങ്ങും ഡിസൈനിങ്ങുമൊക്കെയായിരുന്നു. പക്ഷേ ആ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് അവൾക്ക് സഞ്ചരിക്കേണ്ടി വന്നു. ബിരുദപഠനം പൂർത്തിയാക്കും മുൻപേ വിവാഹജീവിതത്തിലേക്ക്. പിന്നീട് ഭർത്താവും മക്കളുമൊക്കെയായി അവളുടെ സന്തോഷങ്ങൾ. എന്നാൽ പഴയകാല സ്വപ്നം അവൾ മറന്നില്ല. കുടുംബത്തിന്റെ പിന്തുണയോടെ അവൾ റാംപിലേക്ക് നടന്നു. ആ യാത്ര മിസിസ് ഇന്ത്യ ഏഷ്യ 2023-ൽ പ്ലാറ്റിനം വിഭാഗം കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിത എന്ന ബഹുമതിയിലെത്തി നിൽക്കുകയാണ്. ഹേമ ജെയിംസ് എന്നാണ് ആ സുന്ദരിയുടെ പേര്. തൃശൂർ ചാലക്കുടിക്കാരിയായ ഹേമ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണിപ്പോൾ.

ഫാഷൻ എന്റെ പാഷനാണ്
ഹേമയുടെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങും മുൻപേ അവർ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ചല്ലേ പറയേണ്ടത്. മിസിസ് ഇന്ത്യ എർത്ത് 2022 ഫസ്റ്റ് റണ്ണർ അപ്പ്, ലേഡി ഓഫ് കേരള – ബെസ്റ്റ് കോൺഫിഡന്റ് 2022, മിസിസ് കേരള – മിസിസ് വിവാസിയസ് 2021, മിസിസ് മില്ലേനിയൽ കേരള -മിസിസ് ബെസ്റ്റ് റാംപ് വാക്ക് 2021, ദ സാസി കൺജീനിയൽ ഡ്യുവോ 2022 ഇങ്ങനെ നീളുന്നു ഹേമയുടെ വിജയകീരിടങ്ങൾ. ”ഫാഷൻ എന്റെ പാഷനാണ്… സ്കൂളിൽ പഠിക്കുന്ന നാളുകളിൽ കണ്ടു തുടങ്ങിയൊരു സ്വപ്നമാണ് ഫാഷൻ ലോകം.” ഹേമ ജെയിംസ് റാംപ് ആൻഡ് കോമ്പിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.
കുട്ടിക്കാലത്ത്, പുസ്തകതാളുകളിൽ ചിത്രം വരയ്ക്കുന്നതായിരുന്നു എന്റെ ഹോബി. വസ്ത്രങ്ങളുടെ ഡിസൈനുകളാണ് അങ്ങനെ വരച്ചിരുന്നത്. പുതു വസ്ത്രം എങ്ങനെ തയ്ക്കണമെന്നും ഡിസൈനുമൊക്കെ തയ്യൽക്കാരനോട് ഞാൻ പറഞ്ഞു കൊടുക്കും. മറ്റാർക്കുമില്ലാത്ത ഡിസൈനിലുള്ള ഉടുപ്പുകളായിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. വലിയ വിലയില്ലാത്തതും മറ്റെവിടെയും കണ്ടിട്ടില്ലാത്തതും സൗകര്യപ്രദവുമായ വസ്ത്രങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. വില കൂടിയ വസ്ത്രങ്ങളോട് താത്പ്പര്യമില്ലായിരുന്നു. എട്ടാം ക്ലാസ് മുതൽ ഞാൻ തന്നെയാണ് എന്റെ വസ്ത്രങ്ങളുടെ പാറ്റേൺ തീരുമാനിച്ചിരുന്നത്. മിന്നാരം സിനിമയിലെ ശോഭനയുടെ ഫ്രോക്കുകൾ പോലുള്ളവ തയ്പ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് എനിക്കുള്ളിലൊരു ഡിസൈനറുണ്ടെന്നു മനസിലാക്കിയത്. മിസ് വേൾഡ്, മിസ് ഇന്ത്യ പോലുള്ള മത്സരങ്ങൾ കണ്ട് മോഡലുകളുടെ പെർഫോമൻസ് ശ്രദ്ധിച്ചിരുന്നു. ഇന്റർനാഷണൽ ചാനലുകളിലെ ലൈവ് പേജന്റ്സ്, ഫാഷൻ ടി വിയിലെ പരിപാടികളൊക്കെ കണ്ട് അന്നാളുകളിൽ ഫാഷനോട് വലിയ ആവേശം തോന്നിയിരുന്നു. പിന്നീട് 1999-2000 ൽ കോളെജിൽ ചേർന്നു, അവിടെ നടക്കുന്ന ഫാഷൻ ഷോയിലൊക്കെ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.
ഫാഷൻ ഡിസൈനിങ്ങ് കോഴ്സ് പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷേ വീട്ടിൽ അനുവദിച്ചില്ല. അക്കാലത്ത് ആ കോഴ്സിനെക്കുറിച്ച് കുടുംബത്തിൽ അത്ര നല്ല അഭിപ്രായമില്ലായിരുന്നു. യാഥാസ്ഥിതികരായിരുന്നു വീട്ടുകാർ, ഒപ്പം നല്ല സ്ട്രിക്റ്റും. അങ്ങനെ ആ മോഹം വേണ്ടെന്നു വച്ചു. പക്ഷേ ഡിഗ്രിക്ക് പഠിക്കുന്ന നാളിൽ വീട്ടിലറിയിക്കാതെ മിസ് കേരള മത്സരത്തിന്റെ കോളെജിൽ നടന്ന ഓഡിഷനിൽ പങ്കെടുത്തു. സെലക്ഷൻ കിട്ടി, പക്ഷേ വീട്ടിൽ സമ്മതിക്കാത്തതിനാൽ പോയില്ല. വൈകാതെ കല്യാണവും നടന്നു. പിന്നെ ഭർത്താവും മക്കളുമൊക്കെയായി തിരക്കുകളായി. അതോടെ ഫാഷനും റാംപും ഒക്കെ സ്വപ്നങ്ങൾ മാത്രമായെന്നു പറയുന്നു ഹേമ.

മിസിസ് കേരളയിലൂടെ വീണ്ടും
റാംപിലേക്ക്
എന്നാൽ വർഷങ്ങൾക്ക് ശേഷം ഹേമ പഴയകാല സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചു തുടങ്ങുകയാണ്. സുഹൃത്തിന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്പാനിയോ ഇവന്റ്സിന്റെ മിസിസ് കേരള മത്സരത്തെക്കുറിച്ച് അറിയുന്നത്. അങ്ങനെ 2020 മിസിസ് കേരള മത്സരത്തിന് രജിസ്റ്റർ ചെയ്തു. ഓഡിഷനും സെലക്ഷനും എല്ലാം പിന്നിട്ട് ഫിനാലെയിലേക്ക്. ഹേമയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതൊക്കെയും. വർഷങ്ങൾ നീണ്ട സ്വപ്നത്തിന്റെ അരികിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നല്ലോ. 23 വർഷങ്ങൾക്ക് ശേഷം ഹേമ മിസിസ് കേരള മത്സരത്തിലൂടെ വീണ്ടും റാംപിൽ ചുവടുവച്ചു.
മിസിസ് കേരളയാണ് ഹേമയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അതേക്കുറിച്ച് ഹേമ പറയുന്നു, 2020-21 മിസിസ് കേരള പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് എന്തൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ഞാൻ തിരിച്ചറിയുന്നത്. അന്നെന്റെ പ്രായം 37, ഭാരം 74ഉം ഉയരം 5.4 ഇഞ്ചുമാണ്. 25-30 പ്രായമുള്ളവർക്കൊപ്പമാണ് മത്സരിക്കേണ്ടതെന്ന തിരിച്ചറിവിലാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നത്. ഭക്ഷണകാര്യത്തിൽ കുട്ടിക്കാലം മുതൽ നിയന്ത്രണമുണ്ടായിരുന്നു, പക്ഷേ മക്കളായതിന് ശേഷം അതിനോടൊക്കെയുള്ള ശ്രദ്ധ കുറഞ്ഞു. മിസിസ് കേരള മത്സരത്തിന് ശേഷം വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും ഭാരം 65 ലെത്തിച്ചു. ബാഹ്യസൗന്ദര്യം മാത്രമല്ലല്ലോ സൗന്ദര്യമത്സരങ്ങളുടെ വിധി നിർണയിക്കുന്നത്. അങ്ങനെയാണ് പ്രസന്റ്സ് ഓഫ് മൈൻഡും കോൺഫിഡന്റ് ലെവലും വർധിപ്പിക്കുന്നതിനും സ്റ്റേജ് ഫിയർ അകറ്റുന്നതിനും പ്രത്യേകം ട്രെയ്നിങ്ങ് സ്വീകരിക്കുന്നത്. ട്രെയ്നിങ്ങ് ഫോർ യൂവിന്റെ പ്രിയ ശിവദാസാണ് പരിശീലനം നൽകിയത്.
മത്സരങ്ങളിലെ ചോദ്യോത്തര റൗണ്ടും ടാലന്റ് റൗണ്ടും മികച്ചതാക്കുന്നതിന് പ്രത്യേകം പരിശ്രമങ്ങൾ നടത്താറുണ്ട്. നൃത്തം പഠിച്ചുണ്ട്. എങ്കിലും ഓരോ മത്സരത്തിനും കൊറിയോഗ്രഫറുടെ പിന്തുണയുടെ ഡാൻസ് ഗംഭീരമാക്കാൻ ശ്രമിക്കാറുണ്ട്. ചോദ്യോത്തര റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് മുൻ മത്സരങ്ങൾ ശ്രദ്ധിക്കും, ഇന്റർനെറ്റ്, പേജന്റ് വെബ്സൈറ്റ് എല്ലാം നോക്കി ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്നൊക്കെ മനസിലാക്കിയെടുത്തു. മത്സരങ്ങൾക്ക് മുന്നോടിയായി ഇത്തരം ഒരുക്കങ്ങൾ ചെയ്യാറുണ്ട്.
എസ്പാനിയോ ഇവന്റ്സിന്റെ മിസിസ് കേരള 2021ൽ പങ്കെടുത്തു, മിസിസ് വെറേഷ്യൽ സബ് ടൈറ്റിൽ നേടി. സാസി ഡുവോ 2022 മത്സരത്തിൽ ടോപ്പ് 4 ലെത്തി, സാസി കൺജീനിയൽ ഡ്യൂവോ സബ് ടൈറ്റിൽ നേടി. അമ്മയും മക്കളും പങ്കെടുക്കാവുന്ന മത്സരമായിരുന്നതിനാൽ മകനും എനിക്കൊപ്പം പങ്കെടുത്തു. പലരും ചെറിയ മക്കളെയും കൊണ്ട് റാംപിൽ ചുവടുവച്ചപ്പോൾ ഞാൻ 17കാരനായ മകനൊപ്പമാണ് മത്സരത്തിൽ പങ്കെടുത്തതെന്ന പ്രത്യേകതയുമുണ്ട്. 2021-മില്ലെനിയൽ പേജന്റ്സിന്റെ മിസിസ് ഇന്ത്യ മത്സരത്തിൽ കേരള റീജിയണിൽ നിന്നുള്ളവരുടെ വിഭാഗത്തിലാണ് പങ്കെടുത്തത്. ഇതിൽ ടോപ്പ് 8 ആകുകയും മിസിസ് ബെസ്റ്റ് റാംപ് വോക്ക് സബ് ടൈറ്റിലും കിട്ടി. 2022-ൽ ലേഡി ഓഫ് കേരള മത്സരത്തിൽ പങ്കെടുത്തു. ബെസ്റ്റ് കോൺഫിഡൻന്റ് സബ് ടൈറ്റിൽ കിട്ടി. ഇതിന് ശേഷമാണ് മിസിസ് ഇന്ത്യ എർത്ത് മത്സരത്തിൽ പങ്കെടുത്തത്. ഗ്ലാം ഗൈഡൻസിന്റെ നാഷണൽ പേജന്റ് ആയിരുന്നു മിസിസ് ഇന്ത്യ. ഒട്ടും പ്രതീക്ഷിക്കാതെയാണ് സെലക്റ്റായത്. കേരളത്തിൽ നിന്ന് ഞാൻ മാത്രമേ ഇതിലുണ്ടായിരുന്നു. 2022 ഡിസംബറിൽ മിസിസ് ഇന്ത്യ ഏർത്ത് ഫസ്റ്റ് റണ്ണർ അപ്പ് ആയി. അതോടെ 2023 മിസിസ് ഇന്ത്യ ഏഷ്യയിലേക്ക് നേരിട്ട് എൻട്രി ലഭിച്ചു. മിസിസ് ഇന്ത്യ ഏഷ്യ സൗന്ദര്യമത്സരത്തിൽ പ്ലാറ്റിനം വിഭാഗത്തിലാണ് ടൈറ്റിൽ വിന്നറായിരിക്കുന്നത്. ഗോൾഡ്, ക്ലാസിക്, പ്ലാറ്റിനം എന്നീ മൂന്നു കാറ്റഗറികളിലാണ് ടൈറ്റിൽ കൊടുക്കുന്നത്, ഹേമ പറഞ്ഞു.

ഭർത്താവ് എന്റെ വഴികാട്ടി
വിവാഹ ശേഷം അണിഞ്ഞൊരുങ്ങി നടക്കാൻ പോലും സമയം കിട്ടാത്ത, ഭർത്താവ്, മക്കൾ, വീട്ടുകാര്യങ്ങൾ ഇങ്ങനെയുള്ള തിരക്കുകളിൽ സ്വന്തം ഇഷ്ടങ്ങൾ പോലും മറന്നു പോകുന്ന നിരവധി സ്ത്രീകളുണ്ട്. അവർക്ക് മുന്നിൽ മാതൃകയാണ് ഹേമയുടെ ജീവിതം. 19-ാം വയസിൽ വിവാഹിതയായി. പിന്നീട് ഭർത്താവ്, മക്കൾ, കുടുംബം എന്നൊക്കെയായി ജീവിക്കുകയായിരുന്നു ഇവരും. എന്നാൽ തന്റെ പാഷൻ തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാൻ ഒരാൾ ഒപ്പമുണ്ടായിരുന്നു. ഹേമയുടെ ഭർത്താവ് കൊരട്ടി-കൊന്നൂർ സ്വദേശിയായ പുതുശ്ശേരി ജെയിംസ് (ഓസ്കാർ പബ്ലിസിറ്റി). വിജയിച്ച പുരുഷന് പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നു പറയുന്നതു പോലെ വിജയിച്ച സ്ത്രീയ്ക്ക് പിന്നിൽ ഒരു പുരുഷനുണ്ടാകും, അതാണ് തന്റെ ഭർത്താവെന്നു ഹേമ പറയുന്നു.
പ്രചോദനവും പ്രേരണയും വഴിക്കാട്ടിയുമൊക്കെ അദ്ദേഹമാണ്. പാഷൻ എന്താണ് എന്നറിഞ്ഞ ശേഷം തന്റേതു കൂടിയാണ് ആ പാഷൻ എന്ന് പറഞ്ഞു ഒപ്പം നിന്നു ഭർത്താവ്. ആരൊക്കെ വിമർശിച്ചാലും നിനക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് പിന്നാലെ സഞ്ചരിച്ചോളൂ എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. ചിത്രം വരയ്ക്കും. കലയോട് വലിയ ഇഷ്ടമുള്ള വ്യക്തിയാണ്. കലാകാരൻമാരോട് ബഹുമാനമുള്ള വ്യക്തിയാണ്. ആ ബഹുമാനം എനിക്കും നൽകിയിട്ടുണ്ട്. രണ്ട് മക്കളാണുള്ളത്. ആഞ്ചലോയും ബെഞ്ചമിനും. ചില വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്ന പ്രായമാണ് എന്റേത്. എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ എന്നു പറയുന്നവരാണ് ആ മക്കൾ.
മിസിസ് ഇന്ത്യ എർത്തിന്റെ വിജയം വന്നതോടെ വാർത്തകളിലൊക്കെ വന്നല്ലോ. അതോടെ ചാലക്കുടിയിലൊക്കെ വലിയ സ്വീകരണമായിരുന്നു.
കൊരട്ടിയിലാണ് കല്യാണം കഴിച്ചെത്തിയത്. ചാലക്കുടിയാണ് എന്റെ നാട്. ഭർത്താവിന്റെ വീട്ടുകാർ വലിയ പിന്തുണയാണ് നൽകുന്നത്. ഇനി അടുത്ത മത്സരം ഏതാണെന്നാണ് വീട്ടിലുള്ളവർ ഓരോരുത്തരും ചോദിക്കുന്നത്. എന്റെ വീട്ടുകാർ യാഥാസ്ഥിതിക കുടുംബമായതിനാൽ കുറച്ച് വിമർശനങ്ങളൊക്കെയുണ്ട്. പക്ഷേ ഭർത്താവും മക്കളും കഴിഞ്ഞാൽ മമ്മിയും സഹോദരനുമാണ് എന്നെ ഏറെ പിന്തുണച്ചിട്ടുള്ളതെന്നും ഹേമ കൂട്ടിച്ചേർത്തു.

സാമൂഹികപ്രവർത്തനങ്ങളിലും സജീവം
സൗന്ദര്യമത്സരങ്ങളിൽ മാത്രമല്ല സാമൂഹിക കാര്യങ്ങളിലും ഹേമ സജീവമാണ്. എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് സ്പെഷ്യൽ എജുക്കേഷനിലേക്ക് എത്തുന്നെന്നു അവർ പറയുന്നു. സ്പെഷ്യൽ എജ്യൂക്കേഷൻ മേഖലയിലേക്കുള്ള വരവ് എന്റെ ജീവിതത്തിലെ ടേണിങ്ങ് പോയിന്റ് ആയിരുന്നു. പ്രൊഫഷണലി ഞാനൊരു ടീച്ചറാണ്. സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുമ്പോൾ ലേണിങ് ഡിസ്എബിലിറ്റി ഉള്ള നിരവധി കുട്ടികളെ കണ്ടിട്ടുണ്ട്. ഈ കുട്ടികളെ മൂന്നാം ക്ലാസ് മുതൽ തിരിച്ചറിഞ്ഞ് ശ്രദ്ധ നൽകിയാൽ എട്ട് ഒമ്പത് ക്ലാസിലെത്തുമ്പോൾ അവർക്ക് ഒരുപാട് മാറ്റം വരും. അങ്ങനെയുള്ളവർക്ക് ഒരു ലേണിങ് സെന്റർ ആരംഭിക്കുകയെന്നത് എന്റെ സ്വപ്നമാണ്. അതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ്. യുകെ കേന്ദ്രമായുള്ള ഇന്റർനാഷണൽ കോളെജ് ഓഫ് ടീച്ചേഴ്സ് ട്രെയ്നിങ്ങ് സ്ഥാപനത്തിൽ പി ജി ഡിപ്ലോമ ചെയ്തു കൊണ്ടിരിക്കുകയാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനിലും (എംബിഎ) ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ഹയർ എഡ്യൂക്കേഷനിലും, സ്പെഷ്യൽ എഡ്യൂക്കേഷനിലും ബിരുദാനന്തര ഡിപ്ലോമയും കൗൺസിലിംഗ് & ലേണിംഗ് ഡിസെബിലിറ്റിയിൽ ഡിപ്ലോമയും പൂർത്തിയാക്കിട്ടുണ്ട്. കഴിഞ്ഞ 3 വർഷമായി ഡൈമൻഷൻസ് & ഹെലൻ & സാൻഡേഴ്സൺ അസോസിയേറ്റ്‌സ് (യുകെ ആസ്ഥാനമായുള്ള എൻജിഒയാണ്) സംഘടിപ്പിച്ച ദേശീയകോൺഫറൻസുകളിലും പങ്കെടുത്തിട്ടുണ്ട്. അസോസിയേഷൻ ഫോർ ലേണിങ് ഡിസ്എബിലിറ്റീസ്, ചങ്ങാതിക്കൂട്ടം പോലുള്ള സാമൂഹിക സംഘനടകളിൽ പ്രവർത്തിക്കുന്നുണ്ട്. കോട്ടയത്തുള്ള ഇക്കായ് ഗ്രൂപ്പിലും പ്രവർത്തിക്കുന്നുണ്ട്.

സൗന്ദര്യം നിലനിറുത്താൻ
സന്തോഷവതിയായിരിക്കണം
ഓരോ നിമിഷവും സന്തോഷവതിയായിരിക്കുക ഇതാണ് ഹേമയുടെ സൗന്ദര്യസംരക്ഷണത്തിന്റെ സീക്രട്ട്. മനസ് എപ്പോഴും സമാധാനവും സന്തോഷവും നിറഞ്ഞിരിക്കുന്നതാണ് സൗന്ദര്യസംരക്ഷണത്തിലെ വലിയ കാര്യമെന്നു വിശ്വസിക്കുന്നയാളാണ് ഞാനെന്നു ഹേമ പറയുന്നു. ചിട്ടയായ ജീവിതശൈലിയും സൗന്ദര്യം നിലനിറുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. മുത്തശ്ശിയൊക്കെ പറഞ്ഞു തന്നിട്ടുള്ളത് അനുസരിച്ച് ആഴ്ചയിലൊരിക്കൽ തലയിലും ശരീരത്തും എണ്ണ തേച്ചു കുളിക്കും. പണ്ടേയുള്ള ഈ ശീലം സൗന്ദര്യസംരക്ഷണത്തിന് സഹായിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കും. നന്നായി ഉറങ്ങാനും ശ്രമിക്കാറുണ്ട്.
ബോഡി ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നുണ്ട്. ബോഡി ഷെയ്മിങ്ങ് നേരിട്ടിട്ടുണ്ട്. എന്നാൽ മിസിസ് കേരള മത്സരത്തിന് ശേഷം ഭാരം 74ൽ നിന്ന് 65ലെത്തിച്ചു. ഡയറ്റും വ്യായാമവും കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. രാവിലെ സൂംബയും യോഗയും ചെയ്യും. ചില ദിവസങ്ങളിൽ നടക്കാൻ പോകാറുണ്ട്. രാവിലെയാകും നടപ്പ്, നാലു കിലോമീറ്റർ ദൂരം നടക്കും. സൈക്ലിങ്ങും ബാഡ്മിന്റണും പരിശീലിക്കുന്നുണ്ട്. വ്യായാമത്തിനൊപ്പം ഭാരം കൂടാതെ നോക്കുന്നതിന് ഭക്ഷണത്തിലും ശ്രദ്ധയുണ്ട്. പ്രഭാത ഭക്ഷണമായി ദോശയോ ഇഡ്ഡലിയോ കഴിക്കും. ഉച്ചയ്ക്ക് ഫാറ്റ് ഇല്ലാത്ത ചോറ് കഴിക്കുകയാണ് പതിവ്. രാത്രി ചപ്പാത്തിയും. എന്നാൽ ഈ ഭക്ഷണത്തിന്റെയൊക്കെ അളവ് വളരെ കുറച്ചാണ്. ഭക്ഷണത്തിൽ പഴങ്ങളും ജ്യൂസും കൂടുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രഡീഷണൽ വസ്ത്രങ്ങളും മോഡേൺ ഡ്രസ്സുകളും ഒരുപോലെ ഇഷ്ടമുള്ള വ്യക്തിയാണെങ്കിലും വെസ്റ്റേൺ സ്റ്റൈൽ വസ്ത്രങ്ങളോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ടെന്നു തുറന്നു പറയുകയാണ് ഹേമ. ജീൻസും ടോപ്പും അല്ലാതെയുള്ള വെസ്റ്റേൺ ഡ്രസുകളാണ് കൂടുതൽ ഇഷ്ടം. പാരമ്പര്യവസ്ത്രങ്ങളിൽ ക്ലാസിക് വെയറുകളാണ് ഇഷ്ടം. കേരള സാരിയും ലെഹംഗയും പട്ടുസാരിയും ബനാറസ് സിൽക്കും ഇഷ്ടപ്പെട്ടവയാണ്.

സ്വപ്നങ്ങളും ലക്ഷ്യങ്ങളും
വായനയും വരയും ഇഷ്ടപ്പെടുന്ന ഹേമയ്ക്ക് പെൻസിൽ ഡ്രോയിങ്ങിനോട് ഇഷ്ടം കൂടുതൽ. കുട്ടിക്കാലം മുതൽ വസ്ത്രങ്ങളുടെയും മറ്റും ഡിസൈൻ ചെയ്യുന്നൊരു പതിവുണ്ട്. നൃത്തത്തിനോടും ഇഷ്ടമുണ്ട്. സ്കൂൾ തലം മുതൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവലുകളിൽ തിരുവാതിരയും ഗ്രൂപ്പ് ഡാൻസുമായിരുന്നു മെയിൻ ഐറ്റം. സ്റ്റേജ് പെർഫോമൻസുകൾക്ക് കൊറിയോഗ്രഫിയും ചെയ്യുന്ന ശീലമുണ്ട്. വല്ലപ്പോഴും ഇംഗ്ലിഷിൽ കവിതകളും കുത്തിക്കുറിക്കാറുണ്ട് ഹേമ.
സിനിമയും മോഡലിങ്ങും എന്നും ചേർന്നിരിക്കുന്ന രണ്ട് പ്രൊഫഷനാണല്ലോ. രണ്ട് മേഖലയോടും താത്പ്പര്യമുണ്ട്. സിനിമ എന്ന രംഗത്ത് അവസരം കിട്ടാൻ ആരാണ് ആഗ്രഹിക്കാത്തത്. നല്ല അവസരം ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കും. ബ്യൂട്ടി പേജന്റ്സ് ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത് കുറവാണ്. മോഡലിങ്ങ് ഇഷ്ടമാണ്.
ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമൊക്കെ ഹേമയുടെ മനസിലുണ്ട്. ഈ സ്വപ്നങ്ങളിൽ സിനിമയും സൗന്ദര്യമത്സരങ്ങളും മാത്രമല്ലെന്നതു ഹേമയെ വ്യത്യസ്തയാക്കുന്നു. പഠനവൈകല്യമുള്ള കുട്ടികൾക്കായി ഒരു സ്കൂൾ, ചിത്രപ്രദർശനങ്ങൾക്കായി ഒരു വേദി, വിമൻ കെയർ സെന്റർ ഇതാണ് എന്റെ വലിയ മൂന്ന് സ്വപ്നങ്ങൾ.
ലേണിങ് ഡിസ്എബിലിറ്റിയുള്ള കുട്ടികൾക്ക് യോജിക്കുന്ന കരിക്കുലം അടിസ്ഥാനമാക്കി സ്കൂൾ ആരംഭിക്കണമെന്നാണ് ആഗ്രഹം. ചിത്രകാരൻമാർക്ക് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു വേദിയൊരുക്കണമെന്നത് എന്റെ മാത്രം ആഗ്രഹമല്ല. ഭർത്താവിന്റേതു കൂടിയാണ് ആ സ്വപ്നം. അദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. ചെറിയ പ്രായത്തിൽ വിധവകളാകുന്നവരുടെ ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്തി സ്വയം പര്യാപ്തരാക്കുന്ന വിമൻ കെയർ സെന്റർ ആരംഭിക്കണമെന്നുമുണ്ട്. കേരളത്തിലെ ഫാഷൻ ഷോയിൽ ഷോ സ്റ്റോപ്പറായി വരണമെന്ന കൊച്ചു മോഹം കൂടി ഹേമയ്ക്കുണ്ട്. ഏറെ വൈകാതെ ഈ ലക്ഷ്യങ്ങളിലേക്കെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹേമ.