ചരിത്രം കുറിച്ച് 60-കാരി അഭിഭാഷക
മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സ് കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് അർജന്റീനക്കാരിയായ അലക്സാന്ദ്ര മരിസ റോഡ്രിഗസ്. ഈ സൗന്ദര്യപട്ടം സ്വന്തമാക്കുന്ന ആദ്യ അറുപതുകാരിയെന്ന ബഹുമതിയും ഇനി അലക്സാന്ദ്രയ്ക്ക് സ്വന്തം. സൗന്ദര്യ മത്സരങ്ങളിലെ പതിവുകളെ പൊളിച്ചടുക്കിയാണ് ഇവർ കിരീടം അണിഞ്ഞത്. കഴിഞ്ഞ ഏപ്രിൽ 24ന് നടന്ന സൗന്ദര്യമത്സരത്തിൽ 18നും 73നും ഇടയിൽ പ്രായമുള്ളവർക്കൊപ്പം മത്സരിച്ചാണ് ഇവർ വിജയിച്ചത്.

ഈ നേട്ടത്തോടെ അടുത്ത മിസ് യൂണിവേഴ്സ് അർജന്റീന സൗന്ദര്യമത്സരത്തിൽ ബ്യൂണസ് പ്രവിശ്യയെ പ്രതിനിധീകരിക്കുന്നത് അലക്സാന്ദ്രയായിരിക്കും. ഇതിലും വിജയകിരീടം ചൂടിയാൽ മിസ് യൂണിവേഴ്സ് വേദിയിലായിരിക്കും പിന്നീട് അലക്സാന്ദ്രയെ കാണുക. അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ തലസ്ഥാനമായ ലാ പ്ലാറ്റ സ്വദേശിയാണ് അഭിഭാഷകയും മാധ്യമപ്രവർത്തകയും കൂടിയായഅല്ക്സാന്ദ്ര. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പത്രപ്രവർത്തക ജീവിതം ആരംഭിച്ചു. പിന്നീടാണ് നിയമത്തിൽ ബിരുദം നേടുന്നത്.
സൗന്ദര്യമത്സരങ്ങളിൽ ഒരു പുതിയ മാതൃകയാകുന്നതിൽ സന്തുഷ്ടയാണെന്നു അലക്സാന്ദ്ര പറഞ്ഞു. സൗന്ദര്യമത്സരങ്ങളിൽ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന, ഞങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നുമാണ് പുതിയ നേട്ടത്തെക്കുറിച്ച് അവർ പറഞ്ഞത്. മിസ് യൂണിവേഴ്സ് അർജൻ്റീന 2024 കിരീടത്തിനു വേണ്ടി പോരാടാനും താൻ തീരുമാനിച്ചിരിക്കുകയാണെന്നും അലക്സാന്ദ്ര കൂട്ടിച്ചേർത്തു.

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരയ്ക്കുന്ന മറ്റൊരു പ്രായം കൂടിയ മത്സരാര്‍ഥി ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ 47 വയസാണ് ഹൈദിയുടെ പ്രായം. നേരത്തെ സൗന്ദര്യ മത്സരത്തില്‍ 18നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2023ല്‍ ഈ നിയമത്തിൽ മാറ്റം വരുത്തുകയും 18 വയസ് മുതല്‍ എത്ര വയസ്സ് വരേയുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
