Chat with veena…….
വീണ മുകുന്ദൻ… ഈ പേരുകാരിയെ തിരിച്ചറിയാത്ത മലയാളികളുണ്ടാകില്ല. ചടുലമായ വർത്തമാനങ്ങളും കുസൃതിത്തരങ്ങളും പൊട്ടിചിരികളുമൊക്കെയായി ബിഹൈൻഡ് വുഡ്സ് യൂട്യൂബ് ചാനലിൽ നിറഞ്ഞു നിൽക്കുന്ന താരം. അരികിലിരുന്ന് വർത്തമാനം പറയുന്നവരെയും ആ സംഭാഷണം യൂട്യൂബ് ചാനലിലൂടെ കാണുന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന അവതാരക. കാഴ്ചക്കാർക്ക് ആസ്വാദനത്തിന്റെ പുതു രസക്കൂട്ട് സമ്മാനിക്കുന്ന ഈ അവതാരക ഐസ് ബ്രേക്ക് വിത്ത് വീണയിലെ തഗ് ചോദ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിലും ശ്രദ്ധേയയാണ്. മലയാളത്തിന്റെ പ്രിയ താരങ്ങൾക്കൊപ്പം ഇതരഭാഷകളിലെ അഭിനേതാക്കളെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. എന്നാൽ വ്യത്യസ്തമാർന്ന ശൈലിയിലൂടെ മികച്ച അവതാരകയായി അഭിമുഖങ്ങളിലൂടെ പ്രേക്ഷകനെ രസിപ്പിക്കുമ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് വീണയ്ക്ക്. ഐസ് ബ്രേക്ക് വിത്ത് വീണ എന്ന പരിപാടിയിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടം പിടിച്ച വീണ മുകുന്ദൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മാധ്യമമേഖലയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
ഈ രംഗത്തേക്കുള്ള വരവ് അപ്രതീക്ഷിതമൊന്നും അല്ലായിരുന്നു. പി ജിക്ക് കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. കോഴ്സ് കഴിഞ്ഞ് ഏറെക്കഴിയും മുൻപേ തിരുവനന്തപുരത്ത് ദൂരദർശനിൽ ജോലി കിട്ടി. അങ്ങനെ ആറു വർഷം മാധ്യമപ്രവർത്തകയായിരുന്നു. റിപ്പോർട്ടറായും ന്യൂസ് റീഡറായും ജോലി ചെയ്തു. എന്നാൽ അവിചാരിതമായാണ് ബിഹൈൻഡ് വുഡ്സിലേക്കുള്ള വരവ്. 2019-ൽ ഈ ചാനൽ ആരംഭിക്കുന്നതിനെക്കുറിച്ച് അറിഞ്ഞു ജോലിക്ക് ശ്രമിക്കുകയായിരുന്നു. വിവാഹത്തിന് രണ്ട് ആഴ്ച മുൻപ് ജോലി ലഭിച്ചു എറണാകുളത്തേക്ക് ജീവിതം മാറ്റി. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ഈ ബിഹൈൻഡ് വുഡ്സ് ജീവിതം വളരെ സന്തോഷം നൽകുന്നതാണ്.
ഈ പ്രൊഫഷനിലേക്ക് ആഗ്രഹിച്ച് എത്തിയതാണോ?
മാധ്യമപ്രവർത്തനം ആഗ്രഹിച്ച് തന്നെ നേടിയതാണ്. എന്നാൽ ബിഹൈൻഡ് വുഡ്സ്, യൂട്യൂബ് ജീവിതം ഒരിക്കലും ആലോചനയിൽ പോലും ഇല്ലായിരുന്നു. സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ഇവിടെയെത്തിയ ശേഷം എന്റേതായ ഇടം കണ്ടെത്തിയതോടെ ഈ പ്രൊഫഷനോട് സ്നേഹവും ഇഷ്ടവുമൊക്കെ തോന്നി. ആങ്കറിങ്ങ് എന്നും പുതുമയും വ്യത്യസ്തതയും കൊണ്ടുവരേണ്ട മേഖലയാണ്.അതുകൊണ്ട് തന്നെ നിലനിൽക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണം. ഇതൊരു ജോലിയായിട്ടോ ബുദ്ധിമുട്ടുള്ള കാര്യമാണെന്നോ തോന്നാറില്ല. ഇപ്പോ ഈ രംഗം ആഗ്രഹിച്ച് എത്തിയ മേഖലയായിട്ടാണ് എനിക്ക് തോന്നുന്നത്.
ബിഹൈൻഡ് വുഡ്സ് എന്നു കേൾക്കുമ്പോൾ പലരുടെയും മനസിലേക്കെത്തുന്ന മുഖം വീണ മുകുന്ദൻ എന്ന അവതാരകയുടേതാണ്. ബിഹൈൻഡ് വുഡ്സ് മലയാളം ഓൺലൈൻ ചാനലിലേക്കെത്തുന്നത് എങ്ങനെയാണ്? ബിഹൈൻഡ് വുഡ്സ് ജീവിതത്തെക്കുറിച്ച്?
ബിഹൈൻഡ് വുഡ്സ് എന്നു കേൾക്കുമ്പോൾ മലയാളി പ്രേക്ഷകർക്ക് എന്റെ മുഖം മനസിലേക്കെത്തുന്നുവെന്നു കേൾക്കുന്നത് പോലും ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. സ്ക്രീനിൽ എന്റെ മുഖം കാണുന്നുവെങ്കിലും എന്നെ പെർഫോം ചെയ്യാൻ സഹായിക്കുന്ന ഒരുപാട് പേർ കൂടെയുണ്ട്. പ്രോഗ്രാം പ്രൊഡ്യൂസേഴ്സ്, എഡിറ്റേഴ്സ് തുടങ്ങിയവരുടെയൊക്കെ പിന്തുണയും അധ്വാനവുമൊക്കെയുണ്ട്. ഒരു ചാനൽ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് വ്യക്തമായ ധാരണയുള്ള മാനെജിങ്ങ് ഡയറ്ക്റ്ററുണ്ട്. ഓൺലൈൻ ചാനലുകളുടെ കുത്തൊഴുക്കിൽ ബിഹൈൻഡ് വുഡ്സ് എങ്ങനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കണമെന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്ന എംഡിയും ചാനൽ ഹെഡും മറ്റും അടങ്ങുന്ന ഒരു കുടുംബമാണിത്. വളരെ സന്തോഷകരമായ ജീവിതമാണ് ബിഹൈൻഡ് വുഡ്സിലേത്. എനിക്ക് എന്റെ സ്വന്തം കുടുംബം പോലെയാണ് തോന്നിയിട്ടുള്ളത്.
മികച്ച അവതാരകയാകാനുള്ള പരിശ്രമങ്ങൾ എന്തൊക്കെയാണ്? അഭിമുഖങ്ങളെടുക്കുന്നതിന് മുൻപുള്ള പരിശ്രമങ്ങളെക്കുറിച്ച്?
നമുക്ക് മുന്നിലേക്ക് വരുന്ന അതിഥി ആരാണെന്നു മനസിലാക്കി അവരെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാറുണ്ട്. അവരെക്കുറിച്ച് മുൻപ് വന്നിട്ടുള്ള അഭിമുഖങ്ങളും ലേഖനങ്ങളും വായിക്കും. അവരുടെ സുഹൃത്തുക്കളോട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കും.
ഒപ്പം മറ്റു ഇന്റർവ്യൂകൾ കണ്ട്, അതിലെ പ്രേക്ഷകർ സ്വീകരിച്ച ഭാഗങ്ങൾ എങ്ങനെ സ്വീകാര്യത നേടിയെന്നു മനസിലാക്കാൻ ശ്രമിക്കും. ഇതിൽ നിന്നൊക്കെ ലഭിക്കുന്ന അറിവുകൾ ഞാൻ ഇന്റർവ്യൂ ചെയ്യുമ്പോൾ പ്രയോജനപ്പെടുത്താറുമുണ്ട്.
പ്രൊഫഷനിൽ മാതൃകയാക്കണമെന്ന് തോന്നിയ ഒരു വ്യക്തിയോ ചില വ്യക്തികളോ ഇല്ല. സ്റ്റീവ് ഹാർവേ പോലുള്ളവരുടെ ഷോ കാണാൻ ശ്രമിക്കാറുണ്ട്. നമ്മുടെ ശൈലിയുമായി യോജിക്കുന്ന ആശയങ്ങൾ ഇത്തരം ഇന്റർനാഷണൽ ഷോകളിൽ നിന്നും സ്വീകരിക്കാറുണ്ട്. തുടർച്ചയായി ഒരേ മോഡലിൽ ഇന്റർവ്യൂ നടത്താറില്ല. കാഴ്ചക്കാർക്ക് മടുപ്പ് തോന്നും. പുതുമയും വ്യത്യസ്തവുമാക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. പല ആളുകളിൽ നിന്നും എനിക്ക് മികച്ചതെന്ന് തോന്നുന്നവ സ്വാംശീകരിച്ച് എന്റേതായ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്.

സിനിമാരംഗത്തെ നിരവധി പ്രമുഖരുടെ ഇന്റർവ്യൂ എടുത്തിട്ടുള്ള വീണയുടെ ചലച്ചിത്രലോകത്തെ സൗഹൃദങ്ങളെക്കുറിച്ച്?
ചലച്ചിത്രമേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു. എന്നാൽ ഇപ്പോൾ സിനിമാലോകത്തിൽ നിരവധി സൗഹൃദങ്ങളുണ്ട്. ഈ പ്രൊഫഷണിൽ എത്തിയതിൽ പിന്നെ പരിചയപ്പെട്ടവർ, അവരിൽ ചിലരുമായി സൗഹൃദം മാത്രമല്ല കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. ആങ്കറായി പ്രവർത്തിക്കുന്നതിനൊക്കെ മുൻപേ സിനിമയിൽ നിന്നുള്ള ചില കൂട്ടുകാരുണ്ട്. ഈ കൂട്ടുകാരെയെല്ലാം വ്യക്തിപരമായ ഇടങ്ങളിൽ നിറുത്താനാണിഷ്ടം. ആ നല്ല സൗഹൃദങ്ങളിൽ ഒരാളുടെയും പേര് എടുത്ത് പറയാനാകില്ല. സിനിമ നന്നായി ആസ്വദിക്കുന്ന, ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ. ചില സിനിമകൾ കണ്ട ശേഷം അതിലഭിനയിച്ച സുഹൃത്തുക്കളോട് അഭിപ്രായങ്ങൾ അറിയിക്കാറുമുണ്ട്.
മാധ്യമലോകത്തിൽ നിന്നും ചിലരൊക്കെ സിനിമയിലേക്കെത്തിയിട്ടുണ്ടല്ലോ, ചലച്ചിത്രലോകം വീണയ്ക്ക് താത്പ്പര്യമുള്ള മേഖലയാണോ?
മാധ്യമപ്രവർത്തകരിൽ നിന്നു അഭിനേതാക്കളും സംവിധായകരും കഥാകാരുമൊക്കെയുണ്ടായിട്ടുണ്ട്. അതൊക്കെ അവരുടെ ഉള്ളിന്റെയുള്ളിൽ അങ്ങനെയുള്ള സ്വപ്നങ്ങളുണ്ടായിരുന്നതിനാലാണ്. എന്നെ സംബന്ധിച്ച് വളരെ ആകസ്മികമായി ഈ രംഗത്തേക്ക് എത്തിപ്പെട്ടയാളാണ്. ഭാഗ്യപരീക്ഷണമെന്ന നിലയിൽ ശ്രമിച്ചു നോക്കി. എവിടെയൊക്കെയോ കുറച്ചാളുകൾക്ക് എന്നെ ഇഷ്ടപ്പെട്ടു, അത്ര മാത്രം.
സിനിമ എന്റെ ആഗ്രഹങ്ങളിലൊന്നുമുണ്ടായിരുന്നില്ല. കഥയോ സംവിധാനമോ ഒന്നും ഒരിക്കലും എന്റെ മേഖല അല്ലെന്നു തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തിയാണ്. അതിന് വേണ്ട കഴിവുകളൊന്നും എനിക്കുണ്ടെന്നു തോന്നിയിട്ടും ഇല്ല. സിനിമയിൽ കുറേ നല്ല സുഹൃത്തുക്കളുണ്ടെങ്കിലും അഭിനയിക്കണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. അഭിനയിക്കാനുള്ള ആത്മവിശ്വാസമൊക്കെയുള്ള ആളുമല്ല. എന്നാൽ അങ്ങനെയൊരു കോൺഫിഡൻസ് നൽകി എന്നെ ആരെങ്കിലും അഭിനയമേഖലയിലേക്ക് കൊണ്ടുവരാമെന്നു പറഞ്ഞാൽ, സംവിധായകനോ നടനോ അങ്ങനെ ആരെങ്കിലും ശ്രമിച്ചു നോക്കൂവെന്ന് അഭിപ്രായപ്പെട്ടാൽ നോ പറയാനുള്ള സാധ്യത ഇല്ല. നെവർ സേ നെവർ എന്നാണല്ലോ. അതുകൊണ്ട് ഒരുപക്ഷേ അങ്ങനെ എന്തെങ്കിലും സംഭവിച്ചു കൂടായ്കയില്ല.

സിനിമാലോകത്തിലെ നിരവധി താരങ്ങളുടെ അഭിമുഖം എടുത്തിട്ടുണ്ടല്ലോ. ഒട്ടുമിക്ക അഭിമുഖങ്ങളും വളരെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നു കാഴ്ചക്കാർക്കും തോന്നും. യഥാർത്ഥത്തിൽ ആസ്വദിച്ചാണോ ജോലി ചെയ്യുന്നത്?
ഒരാളുടെ അഭിമുഖമെടുക്കുന്നത് എന്റെ തൊഴിലാണ്. ഞാനത് വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. അക്കാര്യത്തിൽ ഭയങ്കരമായ സ്ട്രെസ് ഒന്നും എടുക്കാറില്ല. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ആലോചിച്ച്, അവർ എന്തൊക്കെയാണ് കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് എന്നൊക്കെ ചിന്തിച്ചാണ് ഇന്റർവ്യൂ ചോദ്യങ്ങൾ തയാറാക്കുന്നത്. എന്നാൽ എല്ലാത്തരം ചോദ്യങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. മാസ് സിനിമയും ക്ലാസ് സിനിമയും എന്ന് പറയുന്നത് പോലെയാണ്. മാസ് ഇഷ്ടപ്പെടുന്നവരും ക്ലാസ് ലെവൽ ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാൽ ഞാൻ കൂടുതൽ റിലേറ്റ് ചെയ്യുന്നത് മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയാണ്. അത്തരത്തിലുള്ള പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചോദ്യങ്ങളാണ് തയാറാക്കുന്നത്. ഒരാളെ ഇന്റർവ്യൂ ചെയ്യുന്നതിന് മുൻപ് ഹോം വർക് ചെയ്യാറുണ്ട്. ചോദ്യങ്ങളൊക്കെ തയാറാക്കി നമ്മുടെയൊരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ വളരെ ആസ്വദിച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നതും അവരുടെ മറുപടികൾ കേൾക്കുന്നതും
സെലിബ്രിറ്റി പരിവേഷമുണ്ടല്ലോ ആളുകൾ തിരിച്ചറിഞ്ഞ് സംസാരിക്കാനൊക്കെ വരാറുണ്ടോ?
സെലിബ്രിറ്റി പരിവേഷം ഒന്നുമില്ല. പക്ഷേ ആളുകൾ തിരിച്ചറിഞ്ഞ് സംസാരിക്കാൻ അരികിലേക്ക് വരാറുണ്ട്. എനിക്ക് വളരെ സന്തോഷമുള്ളൊരു കാര്യമാണിത്. കാരണം നമ്മുടെ വർക് ഇഷ്ടപ്പെടുന്നവരാണല്ലോ സംസാരിക്കാൻ വരുന്നത്. കാണാനും കേൾക്കാനുമൊക്കെ ഇഷ്ടമാണെന്നു പറയുന്നതും വലിയ സന്തോഷമാണ്. മാനസികമായി സംഘർഷങ്ങൾ അനുഭവിക്കുന്ന നേരങ്ങളിൽ വീണയുടെ ഇന്റർവ്യൂസ് കാണുന്നത് ആശ്വാസമാണെന്ന് ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഈ വാക്കുകളെക്കാൾ വലിയ സന്തോഷമുണ്ടോ. അതാകട്ടെ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടും കേട്ടിട്ടു പോലുമില്ലാത്ത മനുഷ്യരല്ലേ പറയുന്നത്. ഒരാൾക്ക് മാനസിക സന്തോഷം നൽകാനാകുന്നുവെന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
അഭിനന്ദനങ്ങൾ മാത്രമല്ല വിമർശനങ്ങളും നേരിട്ടിട്ടുണ്ടല്ലോ. സാമൂഹിമാധ്യമങ്ങളിലൂടെ നെഗറ്റീവ് കമ്മന്റുകളും ഏറെ കേട്ടിട്ടുണ്ടല്ലോ. എങ്ങനെ അതൊക്കെ കൈകാര്യം ചെയ്യുന്നു?
നിരവധി വിമർശനങ്ങൾ നേരിട്ടുണ്ട് എന്ന് മാത്രമല്ല ഇപ്പോഴും കേൾക്കേണ്ടി വരുന്നുണ്ട്. ആദ്യനാളുകളിൽ ഇത്തരം വിമർശനങ്ങളും നെഗറ്റീവ് കമ്മന്റ്സും കേൾക്കുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. അതൊക്കെ കേട്ട് ടെൻഷനാകും. എനിക്ക് പറ്റിയ മേഖലയേല്ലേ ഇതെന്ന് സംശയം തോന്നുകയും ജോലി അവസാനിപ്പിക്കാമെന്ന് ചിന്തിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരുപാട് ആശങ്കകളും ആകുലതകളുമൊക്കെയുണ്ടായിരുന്നു. പിന്നീട് ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു. എല്ലാവരെയും ഇഷ്ടപ്പെടുത്തിയും സന്തോഷിപ്പിച്ചും ഒരു കാര്യവും ചെയ്യാനാകില്ല. എന്നെ ഇഷ്ടപ്പെടുന്നവരും ഞാനെടുക്കുന്ന അഭിമുഖങ്ങൾ കാണാനിഷ്ടമുള്ളവരുമുണ്ടല്ലോ. ഇപ്പോഴും വിമർശനങ്ങളുണ്ടെങ്കിലും പണ്ടത്തെ പോലെ അത്ര സങ്കടമൊന്നും തോന്നാറില്ല. എങ്കിലും മനുഷ്യനല്ലേ… ഭയങ്കരമായ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കേൾക്കുമ്പോൾ കുറച്ച് നേരത്തേക്ക് വിഷമം വരും. എന്നാൽ അത്തരം നെഗറ്റീവ് കാര്യങ്ങളെ എന്റെ ഒരു ദിവസത്തെ നശിപ്പിക്കാൻ ഞാൻ അനുവദിക്കാറില്ല. വിഷമമൊക്കെ താത്ക്കാലികം, പിന്നെ അതൊക്കെ മറക്കും.
ചില അഭിമുഖങ്ങളിലെ വീണയുടെ ചോദ്യങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ സമയങ്ങളിൽ ശൈലിയിൽ മാറ്റം വരുത്തണമെന്നു തോന്നിയിട്ടുണ്ടോ?
അഭിമുഖങ്ങളിലെ ചോദ്യങ്ങൾ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ ശൈലിയിൽ മാറ്റം വരുത്തണമെന്നു ഒരിക്കലും തോന്നിയിട്ടില്ല. വ്യത്യസ്തമായ ഈ ശൈലി കൊണ്ടു തന്നെയാണ് ശ്രദ്ധിക്കപ്പെട്ടതും ആളുകൾ ശ്രദ്ധിച്ചതും. ഒരാൾ ലൈംലൈറ്റിലേക്ക് വരുമ്പോൾ വിമർശനങ്ങളുണ്ടായേക്കാം, സ്വാഭാവികമാണ്. നല്ലതു മാത്രം പറയുന്നവർ ഏതുനേരവും അക്കാര്യങ്ങൾ പറഞ്ഞു കൊണ്ടു നടക്കില്ല. എന്നാൽ നെഗറ്റീവ് കാര്യങ്ങൾ മാത്രം പറയുന്നവർ അതൊക്കെയും ഊതിവീർപ്പിച്ചു പറഞ്ഞു നടക്കും. മറ്റുള്ളവർക്ക് വേണ്ടി ശൈലിയിൽ മാറ്റം വരുത്തിയാൽ ഞാൻ ഞാനല്ലാതെയാകും. എപ്പോഴും ഞാനായിട്ട് തന്നെയിരിക്കാനാണ് ശ്രമിക്കുന്നത്. അംഗീകരിക്കുന്നവർ കുറവാകാം. എന്നാലും ശൈലി മാറ്റി മറ്റൊരാളാകാനോ ബുദ്ധിജീവി ചമയാനോ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല.
വീണ അവതാരകയായ വിഡിയോകൾക്ക് വരുന്ന കമന്റുകൾ ശ്രദ്ധിക്കാറുണ്ടോ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ സങ്കടമോ ദേഷ്യമോ തോന്നാറുണ്ടോ?

ഇന്റർവ്യൂവിന്റെ വിഡിയോകൾക്ക് വരുന്ന കമന്റ്സ് ശ്രദ്ധിക്കാറുണ്ട്. മോശം കമന്റ്സ് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. എന്തുകൊണ്ടാണ് ആളുകൾ മോശം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്, ഇത്രയേറെ വിമർശിക്കപ്പെടേതുണ്ടോ എന്നൊക്കെ സംശയിച്ചിട്ടുണ്ട്. ചില കമന്റ്സ് കാണുമ്പോൾ മറുപടി കൊടുക്കാൻ കൈ തരിച്ചിട്ടുണ്ട്. എന്നാൽ അതിനൊന്നും കമന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നും. നെഗറ്റീവ് കമന്റ് ചെയ്യുന്നവർ എത്ര മറുപടി നൽകിയാലും അതൊക്കെ തുടർന്നു കൊണ്ടേയിരിക്കും. എഴുതുന്നവർ തുടർന്നോട്ടേ ഞാൻ എന്റെ ജോലിയുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. അത്തരം മോശം അഭിപ്രായങ്ങൾ കണ്ട് വലിയ ദേഷ്യമോ സങ്കടമോ ഇന്നില്ല. ചെറിയ വിഷമമൊക്കെ തോന്നും അത്ര മാത്രം.
നടൻ ശ്രീനാഥ് ഭാസി വിഷയമുണ്ടായപ്പോൾ ആരാണ് വീണയെ കൂടുതലും പിന്തുണച്ചത്?
ശ്രീനാഥ് ഭാസിയുമായുള്ള വിഷയത്തിൽ ഓഫീസിന്റെയും മാനെജ്മെന്റിന്റെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. ഈ വിഷയത്തിൽ വീണയ്ക്ക് കേസുമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ ഒപ്പമുണ്ടാകുമെന്നാണ് മാനെജ്മെന്റ് അറിയിച്ചത്. ഈ പ്രശ്നം എന്നെ മാത്രമല്ല സ്ഥാപനത്തെയും ബാധിക്കുമല്ലോ. ചില ഇടങ്ങളിൽ ഞങ്ങളെ മാറ്റി നിറുത്തിയ സംഭവമുണ്ടായിട്ടുണ്ട്. ഒന്നും കൊണ്ടും പേടിക്കേണ്ട നമ്മൾ കൂടെയുണ്ട് എന്ന് പറഞ്ഞ് പിന്തുണച്ച മാനെജ്മെന്റാണ് ബിഹൈൻഡ് വുഡ്സിന്റേത്. സഹപ്രവർത്തകരും, പേടിക്കേണ്ട കൂടെയുണ്ട് ഞങ്ങളും എന്നാണ് പറഞ്ഞത്. നമ്മുടെ ഭാഗത്ത് ശരിയുണ്ടെന്ന് തെളിയിക്കാനുള്ള പ്രൂഫ് വിഡിയോ ഉണ്ടല്ലോ അത് സംപ്രേക്ഷണം ചെയ്യാം എന്നൊക്കെ പറഞ്ഞാണവർ കൂടെ നിന്നത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, ഞാൻ മാനസികമായി തകരരുതെന്ന് കരുതി ഒപ്പം നിന്നവരാണ് എന്റെ സഹപ്രവർത്തകർ. ജീവിതകാലം മുഴുവനും അവരോടൊക്കെ ഞാൻ നന്ദിയുള്ളവളായിരിക്കും. നമ്മുടെ ഭാഗത്ത് തെറ്റില്ലല്ലോ പിന്നെ എന്തിന് പേടിക്കണമെന്നാണ് വീട്ടിലുള്ളവർ ചോദിച്ചത്. ധൈര്യത്തോടെയിരിക്കാൻ അവരും കൂടെ നിന്നു. ഇതുമാത്രമല്ല നേരിൽ കണ്ടിട്ടില്ലാത്ത നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണ നൽകിയത്. പ്രേക്ഷകരുടെ അടക്കം സ്നേഹം തിരിച്ചറിഞ്ഞ നാളുകൾ കൂടിയായിരുന്നു.
പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പങ്കുവയ്ക്കുമോ?
നിലവിൽ ചെയ്യുന്നതൊക്കെയും ഇനിയും നന്നായി ചെയ്യാനാകണമെന്നതാണ് പ്രധാന ആഗ്രഹം. അവതാരക എന്ന ജോലി ജീവിതകാലം മുഴുവനും കൂടെ കൊണ്ടുപോകാനായെന്നു വരില്ലല്ലോ. പ്രേക്ഷകർക്ക് നമ്മളെ കണ്ടു മടുത്തെന്നൊക്കെ വരാം. അതുകൊണ്ടു തന്നെ ഈ പ്രൊഫഷനോട് ചേർന്ന് നിൽക്കുന്ന മറ്റു ജോലി സാധ്യതകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണല്ലോ എന്താണ് ഫാഷൻ, ബ്യൂട്ടി കാഴ്ചപ്പാടുകൾ, എങ്ങനെയുള്ള വസ്ത്രങ്ങളാണ് കൂടുതലിഷ്ടം?
കംഫർട്ടബിളായിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് ഇഷ്ടം. ക്യാമറയ്ക്ക് മുന്നിൽ ഗ്ലാമറസാകണമെന്നോ ആളുകൾക്ക് മുന്നിൽ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെടണമെന്നോ ആഗ്രഹമില്ല. വസ്ത്രം, മേക്കപ്പ് ഇത്തരം കാര്യങ്ങൾക്ക് വലിയ ശ്രദ്ധ നൽകാറില്ല. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കാഷ്വൽവെയർ ആണിഷ്ടം. ജീൻസും ടീഷർട്ടുമാണേൽ വളരെ ഹാപ്പിയാണ്. എങ്കിലും വ്യത്യസ്തതയ്ക്ക് മറ്റു വസ്ത്രങ്ങളും പരീക്ഷിക്കാറുണ്ട്.
ചർമ സംരക്ഷണത്തിൽ അടിസ്ഥാനമായ കുറച്ച് കാര്യങ്ങൾ ചെയ്യുമെന്നു മാത്രം. ഫൗണ്ടേഷനും ഐലനറും ലിപ്സ്റ്റിക്കും മാത്രം ഉപയോഗിക്കുന്ന, ഇത്രയും ചെയ്താൽ കോൺഫിഡൻസ് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സ്കിൻ കെയർ പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിനോട് കുറച്ച് മടിയുണ്ട്. എന്നാൽ മടിയൊക്കെ മാറ്റി പരിചരണങ്ങൾക്ക് സമയം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. അതൊക്കെ വിജയിക്കുമോയെന്ന് കണ്ടറിയണം.
ബോഡി ഫിറ്റ്നസ് കാര്യങ്ങൾ പരിപാലിക്കുന്നതെങ്ങനെയാണ്? ഭക്ഷണപ്രേമിയാണോ?
സത്യസന്ധമായി പറഞ്ഞാൽ ഫിറ്റ്നസ് കാര്യങ്ങളിൽ യാതൊരു ശ്രദ്ധയും ഇല്ല. വയറുചാടിയല്ലോ എന്നൊക്കെ ആലോചിച്ച് ഇടയ്ക്ക് ടെൻഷനടിക്കും എന്നല്ലാതെ മാറ്റം വരുത്താൻ ആത്മാർത്ഥമായ ഒരു ശ്രമവും നടത്താറില്ല. നാടൻ ഭക്ഷണമാണ് ഇഷ്ടം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് കൂടുതൽ താത്പ്പര്യം. യാതൊരു ചിന്തയുമില്ലാതെ പരമാവധി നന്നായി ഭക്ഷണം കഴിക്കും.
ഹോബീസ് എന്തൊക്കെയാണ്?
ഹോബി അല്ല ചില കാര്യങ്ങളോട് പാഷനാണുള്ളത്. സിനിമയോട് വലിയ ഇഷ്ടമുണ്ട്. വ്യത്യസ്ത ജോണറിലുള്ള സിനിമകൾ കാണാനാണ് ഇഷ്ടം. ഓടിടിയിലും തിയെറ്ററുകളിലും പോയി സിനിമ കാണാറുണ്ട്. യാത്ര ഇഷ്ടമാണ്. പക്ഷേ പല തിരക്കുകൾക്കിടയിലും ധാരാളം യാത്രകൾ പോകാൻ സാധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.
വീട്, കുടുംബം, പഠനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്?
എറണാകുളത്ത് ആമ്പല്ലൂരിലാണ് ജനിച്ചതും പഠിച്ചതും വളർന്നതുമൊക്കെ. എറണാകുളം സെന്റ് തെരേസാസിൽ നിന്നും ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദവും നേടി. 2013-ൽ പി ജി കഴിഞ്ഞയുടൻ ദൂരദർശനിൽ ജോലി ലഭിച്ചു. 2019 വരെ അവിടെയുണ്ടായിരുന്നു. ആ വർഷം വിവാഹം കഴിഞ്ഞു, എറണാകുളത്ത് സെറ്റിൽ ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്താണ് ബിഹൈൻഡ് വുഡ്സിൽ ജോലി ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വൈകും മുൻപ് ബിഹൈൻഡ് വുഡ്സ് മലയാളം വിഭാഗത്തിൽ ചേർന്നു. ബിഹൈൻഡ് വുഡ്സ് ഐസ് എന്ന പേരിൽ അഞ്ച് സ്റ്റാഫുകളുമായാണ് തുടക്കമിട്ടത്. ആ അഞ്ചിലൊരാൾ ഞാനായിരുന്നു. ജീവൻ കൃഷ്ണകുമാർ എന്നാണ് ഭർത്താവിന്റെ പേര്. അദ്ദേഹം ബെംഗളൂരുവിൽ ക്രെഡ് എന്ന ആപ്പിന്റെ ബിസിനസ് ഹെഡ് ആണ്.