Celebrity Fashion

സംഗീതലോകത്തിന്റെ പരമോന്നത അംഗീകാരം ഗ്രാമി അവാർഡ്

മനുഷ്യന്റെ വികാരങ്ങളെ ഏറ്റവും ആഴത്തിൽ സ്പർശിക്കുന്ന കലാരൂപങ്ങളിൽ ഒന്നാണ് സംഗീതം. സന്തോഷവും ദുഃഖവും ആകാംക്ഷയും പ്രതിഷേധവും എല്ലാം സംഗീതത്തിലൂടെ മനുഷ്യൻ പ്രകടിപ്പിക്കാറുണ്ട്. ഭാഷയുടെയും ദേശസീമകളുടെയും അതിർവരമ്പുകൾ മറികടന്ന് ലോകത്തെ ഒന്നിപ്പിക്കുന്ന ഈ കലാരൂപത്തിന് അർഹമായ അംഗീകാരം നൽകുന്ന വേദിയാണ് ഗ്രാമി അവാർഡ്. സംഗീതലോകത്തിന്റെ ഓസ്കാർ എന്നറിയപ്പെടുന്ന ഗ്രാമി അവാർഡ്, ലോകമെമ്പാടുമുള്ള കലാകാരന്മാർക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്.

അമേരിക്കയിലെ റെക്കോർഡിങ് അക്കാദമി എന്ന സ്വതന്ത്ര സംഘടനയാണ് ഗ്രാമി അവാർഡ് നൽകുന്നത്. 1959-ൽ ആരംഭിച്ച ഈ പുരസ്കാരം, സംഗീത രംഗത്തെ ഗുണനിലവാരവും സൃഷ്ടിപരമായ മികവും വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി കാലക്രമേണ വളർന്നു. ഗായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ, സംഗീത നിർമ്മാതാക്കൾ, ശബ്ദസാങ്കേതിക വിദഗ്ധർ തുടങ്ങി സംഗീതത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഗ്രാമി അവാർഡ് നല്കപ്പെടാറുണ്ട്

പോപ്പ്, റോക്ക്, ജാസ്, ക്ലാസിക്കൽ, ഹിപ്-ഹോപ്പ്, ആർ&ബി, കൺട്രി, ലാറ്റിൻ, ആഫ്രിക്കൻ സംഗീതം, ലോകസംഗീതം തുടങ്ങിയ നിരവധി സംഗീതശൈലികളാണ് ഗ്രാമി അവാർഡിന്റെ ഭാഗമായി ഉൾക്കൊള്ളുന്നത്. ഓരോ വർഷവും നൂറിലധികം വിഭാഗങ്ങളിലായി അവാർഡുകൾ പ്രഖ്യാപിക്കപ്പെടാറുണ്ട്. ‘ആൽബം ഓഫ് ദ ഇയർ’, ‘റെക്കോർഡ് ഓഫ് ദ ഇയർ’, ‘സോങ് ഓഫ് ദ ഇയർ’, ‘ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്’ എന്നീ പ്രധാന പുരസ്കാരങ്ങൾ സംഗീതലോകത്തിന്റെ ദിശയും പ്രവണതകളും വ്യക്തമാക്കുന്നവയായി കണക്കാക്കപ്പെടുന്നു.

സംഗീത ലോകം കാത്തിരുന്ന അറുപത്തിയെട്ടാമത് ഗ്രാമി പുരസ്കാര നിശ ലോസ് ആഞ്ചലസിൽ സമാപിക്കുമ്പോൾ അത് കേവലം പാട്ടിന്റെ മാത്രം ആഘോഷമായിരുന്നില്ല. റെഡ് കാർപെറ്റിലെ വർണ്ണാഭമായ വസ്ത്രധാരണങ്ങളും വേറിട്ട ഫാഷൻ പരീക്ഷണങ്ങളും കൊണ്ട് ഈ വേദി ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. പുർട്ടോ റിക്കൻ ഗായകനും ആഗോള സംഗീത പ്രതിഭയുമായ ബാഡ് ബണ്ണി തന്റെ സ്പാനിഷ് ആൽബത്തിലൂടെ ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടി ചരിത്രം കുറിച്ചപ്പോൾ ഫാഷൻ പ്രേമികൾ ഉറ്റുനോക്കിയത് പോപ്പ് ഐക്കണും നടിയുമായ ലേഡി ഗാഗയുടെ ബ്ലാക്ക് സ്വാൻ ലുക്കിലേക്കായിരുന്നു. കറുത്ത തൂവലുകൾ കൊണ്ട് നിർമ്മിച്ച അതിമനോഹരമായ ഗൗണിൽ ഗാഗ വിസ്മയം തീർത്തപ്പോൾ, വാലന്റിനോയുടെ ഐസി വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് അമേരിക്കൻ പോപ്പ് താരം സബീന കാർപെന്റർ റെഡ് കാർപെറ്റിലെത്തിയത്.
തന്റേതായ വ്യത്യസ്തമായ സ്റ്റൈലിലൂടെ ശ്രദ്ധേയയായ ഗായിക ടൈലയും, സിഗ്നേച്ചർ ഓവർസൈസ്ഡ് വസ്ത്രങ്ങളിലെത്തിയ പ്രശസ്ത ഗായികയും ഗാനരചയിതാവുമായ ബില്ലി ഐലിഷും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളായി. വലിയ ആഭരണങ്ങൾക്ക് പകരം വളരെ ലളിതമായ ഡയമണ്ട് നെക്ലേസുകൾക്ക് താരങ്ങൾ മുൻഗണന നൽകിയത് വരാനിരിക്കുന്ന മിനിമലിസ്റ്റ് ട്രെൻഡിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ഓരോ തുന്നലിലും പുതുമയും ഓരോ ചുവടിലും ആത്മവിശ്വാസവും പ്രകടമായ ഈ ഗ്രാമി നിശ, ലോകപ്രശസ്തരായ ഈ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് സംഗീതവും ഫാഷനും ഒരേപോലെ മിന്നിത്തിളങ്ങിയ അവിസ്മരണീയമായ ഒരു രാത്രിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *