നക്ഷത്രങ്ങളെ തൊട്ട സ്ത്രീ സുനിത വില്യംസ്
ആകാശത്തെ നോക്കുമ്പോൾ പലർക്കും ഒരു നേരിയ വിസ്മയം മാത്രം തോന്നും. പക്ഷേ, ചിലരുടെ മനസിൽ ആകാശം ഒരു അതിർത്തിയല്ല, മറിച്ച് എത്തിപ്പെടേണ്ട ഒരു ലക്ഷ്യമാണ്. അത്തരമൊരു ലക്ഷ്യത്തെ ബാല്യത്തിൽ തന്നെ ഹൃദയത്തിൽ കോർത്തുവച്ച പെൺകുട്ടിയായിരുന്നു സുനിത വില്യംസ്. സാധാരണ ജീവിതത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും, അവരുടെ കണ്ണുകൾ എന്നും ദൂരെയുള്ള നക്ഷത്രങ്ങളിലേക്കായിരുന്നു. ഒരിക്കൽ അവിടെ എത്തണം, ഭൂമിയെ മുകളിലൂടെ കാണണം — ഈ സ്വപ്നം പതുക്കെ സുനിതയോടപ്പം വലുതായി.

അമേരിക്കയിൽ ജനിച്ചെങ്കിലും അവരുടെ മനസ്സിൽ ഇന്ത്യയോടുള്ള ഒരു അടുപ്പം ഉണ്ടായിരുന്നു. ബാല്യത്തിൽ ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെ കണ്ടാൽ അവർ അതിന്റെ രഹസ്യം കണ്ടെത്താൻ ആഗ്രഹിക്കുമായിരുന്നു. കൂടുതൽ അറിയണമെന്ന ആ കൗതുകമാണ് അവരെ പിന്നീട് വലിയ യാത്രകളിലേക്ക് നയിച്ചത്.
പഠനം കഴിഞ്ഞ ശേഷം സുനിത അമേരിക്കൻ നാവിക സേനയിൽ ചേർന്നു. അവിടെ അവർ ഹെലികോപ്റ്റർ പറക്കൽ പഠിച്ചു. ഉയരങ്ങളിൽ പറക്കുമ്പോൾ അവരുടെ സ്വപ്നം കൂടുതൽ ശക്തമായി — ഒരു ദിവസം ബഹിരാകാശത്തേക്ക് പോകണം. ഈ സ്വപ്നം സാധ്യമാവുമോ എന്നു അവർക്ക് അറിയില്ലായിരുന്നു, പക്ഷേ ഒരിക്കലും പിന്മാറിയില്ല.
1998-ൽ നാസയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരുടെ ജീവിതം പുതിയ ദിശയിലേക്ക് തിരിഞ്ഞു. വർഷങ്ങളോളം കഠിനപരിശീലനം നടത്തി. 2006-ൽ അവർ ആദ്യമായി ബഹിരാകാശത്തിലേക്ക് പറന്നു, സ്വപ്നം യാഥാർത്ഥ്യമാകുന്ന നിമിഷമായിരുന്നു അത്.

ബഹിരാകാശത്തിലെ ജീവിതം സുനിതയ്ക്ക് അത്ഭുതങ്ങളും പഠനങ്ങളുമായിരുന്നു കൊടുത്തത്. ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ അവർ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി, ഉപകരണങ്ങൾ ശരിയാക്കി, ഭൂമിയിലെ കുട്ടികളുമായി സംസാരിച്ചു. ഏഴു സ്പേസ് വാക്കുകൾ ചെയ്തു — ഒരു സ്ത്രീയായി ഇത്രയും കൂടുതൽ സ്പേസ് വാക്കുകൾ നടത്തിയ ആദ്യ വ്യക്തിയായി അവർ ചരിത്രത്തിൽ ഇടം നേടി.
ഒരു ദിവസം ബഹിരാകാശ ജനലിലൂടെ ഭൂമിയെ നോക്കുമ്പോൾ, അത് ഒരു ചെറിയ നീല പന്തിനെപ്പോലെയാണ് അവർക്ക് തോന്നിയതത്രെ. “ഇത്രയും മനോഹരമായ ഭൂമിയെ സംരക്ഷിക്കണം” എന്ന ചിന്ത അവരുടെ മനസ്സിൽ നിറഞ്ഞു. അവർ കണ്ട ആ കാഴ്ചകൾ ജീവിതകാലം മുഴുവൻ അവരുടെ മനസ്സിൽ ഉണ്ടാകുമെന്നു ബഹിരകാശത്തുനിന്ന് തിരിച്ചെത്തിയ ശേഷം അവർ എല്ലാവരോടുമായി പറഞ്ഞു.

ലോകമെമ്പാടുമുള്ള കുട്ടികളും യുവാക്കളും സുനിതയെ ഒരു മാതൃകയായി കാണുന്നു. സാധാരണ ഒരു പെൺകുട്ടി ഇത്ര വലിയ സ്വപ്നം കണ്ടതും അത് യഥാർത്ഥമാക്കിയതും എല്ലാവർക്കും ധൈര്യവും പ്രതീക്ഷയും നൽകുന്നു. പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അസാധ്യവും സാധ്യമാകുമെന്ന് അവരുടെ ജീവിതം തെളിയിക്കുന്നു.
പുതിയ ബഹിരാകാശ മിഷനുകളിലും അവർ ഇപ്പോഴും പ്രവർത്തിക്കുന്നു. സമയം മാറുന്നുണ്ടെങ്കിലും, സുനിതയുടെ സ്വപ്നവും ആവേശവും ഒരിക്കലും കുറയുന്നില്ല. ഇന്നും ലോകത്തെ പ്രചോദിപ്പിക്കുന്ന ഒരു അസ്ട്രോണട്ട് ആയി അവർ തിളങ്ങുന്നു — സ്വപ്നം കാണുന്ന എല്ലാവർക്കും വഴികാട്ടിയായ ഒരു പ്രകാശരേഖ പോലെ.
