National

ആകാശത്തും മനുഷ്യ മനസ്സിലും തിളങ്ങിയ നക്ഷത്രം — ക്യാപ്റ്റൻ ഇന്ദ്രാണി സിംഗ്

ജീവിതത്തിൽ സ്വപ്നം കാണാൻ ധൈര്യമുള്ളവരേ മാത്രമാണ് ചരിത്രം ഓർക്കുന്നത്. ക്യാപ്റ്റൻ ഇന്ദ്രാണി സിംഗ് അതിൽ ഒരാളാണ് — ആകാശത്തേക്കുയർന്ന് പറന്നെങ്കിലും, കാൽപ്പാടുകൾ മനുഷ്യഹൃദയങ്ങളിൽ പതിപ്പിച്ച ഒരു നക്ഷത്രമാണവർ. ആകാശത്തെയും ആത്മാവിനെയും ഒരുപോലെ തൊട്ടറിഞ്ഞ അവരുടെ ജീവിതം, വനിതാശക്തിയുടെ പ്രതീകമാണ് ഇന്ദ്രാണി സിംഗിന്റെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഇന്ദ്രാണി സിംഗ് ജനിച്ചത്. ബാല്യത്തിൽ തന്നെ അവർക്ക് വ്യത്യസ്തമായ ആഗ്രഹം ഉടലെടുത്തു. മറ്റുള്ള പെൺകുട്ടികൾ ഡോക്ടറാകാനും, അധ്യാപികയാകാനും സ്വപ്നം കാണ്ടപ്പോൾ, ഇന്ദ്രാണിയുടെ ലക്ഷ്യം പരന്നു വിശാലമായി കിടക്കുന്ന ആകാശമായിരുന്നു. ആ ആകാശത്തിലൂടെ“വിമാനം പറത്തണം” എന്ന സ്വപ്നം അവരുടെ ജീവിതത്തിലെ മാറ്റങ്ങളുടെ തുടക്കമായിരുന്നു.

സാധാരണയായൊരു കുടുംബത്തിൽ നിന്നുവന്നതിനാൽ അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. പൈലറ്റ് ആകാൻ പഠനത്തിനും പരിശീലനത്തിനും ധാരാളം ശ്രമം ആവശ്യമായിരുന്നു. എന്നാൽ അവരുടെ മനസ്സിൽ ഒരു ഭയം പോലും ഇല്ലായിരുന്നു. ഓൾ ഇന്ത്യ ഗ്ലീഡിങ് ക്ലബ്‌-ൽ പരിശീലനം ആരംഭിച്ച അവർ, പിന്നീടവിടെ നിന്ന് വ്യോമയാന ലോകത്തിലേക്ക് കയറി.

1987-ൽ അവർ ഇന്ത്യൻ എയർലയൻസിൽ ചേർന്നു. അതിനുശേഷം ഫ്രാൻസിൽ എയർബസ് A320 വിമാനത്തിനുള്ളിൽ പരിശീലനം നേടി. അതായിരുന്നു അവരുടെ ജീവിതത്തിലെ വലിയ വഴിത്തിരിവ്. 1995-ൽ അവർ എയർബസ് A300 വിമാനത്തിന്റെ കമാൻഡറായി നിയമിതയായി. ഇതോടെ അവർ ഏഷ്യയിലെ ആദ്യ വനിതാ എയർബസ് കമാൻഡർ എന്ന പദവി കരസ്ഥമാക്കി — ഇന്ത്യയുടെ അഭിമാനമായി മാറി.

എന്നാൽ, ആകാശത്ത് നേട്ടങ്ങൾ നേടുമ്പോഴും ഇന്ദ്രാണി സിംഗിന്റെ മനസ്സ് അവസരങ്ങൾ ലഭിക്കാതിരുന്ന സ്ത്രീ ജനങ്ങളോടൊപ്പം ആയിരുന്നു. ഞങ്ങൾ കൊണ്ടുവരണമെങ്കിൽ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുമെന്ന് അവർക്ക് വളരെ നിശ്ചയം ഉണ്ടായിരുന്നു ആയതിനാൽ അവർ അതിനുവേണ്ടി ഒരുപാട് പ്രയത്നങ്ങൾ ചെയ്യാൻ തുടങ്ങി

1996-ൽ അവർ ‘ലിറ്ററസി ഇന്ത്യ ’ എന്ന സംഘടന ആരംഭിച്ചു. ആദ്യം അഞ്ച് കുട്ടികളാണ് ഈ യാത്രയിൽ അവർക്കൊപ്പം ഉണ്ടായിരുന്നത് . എന്നാൽ അതിന്റെ വെളിച്ചം പിന്നീട് അനേകം ജീവിതങ്ങളിൽ പരന്നു. ഇന്ന് ലിറ്ററസി ഇന്ത്യ, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തിൽ മാറ്റം സൃഷ്ടിച്ചിട്ടുള്ള ഒന്നായി മാറിക്കഴിഞ്ഞു.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുക എന്നതായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. അതിനായി അവർ ആരംഭിച്ച ‘Indha’ എന്ന സാമൂഹിക സംരംഭം ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് പുതിയ ജീവിതവഴി തുറന്നു. അവിടത്തെ സ്ത്രീകൾ നിർമ്മിക്കുന്ന ഹാൻഡ്‌മെയ്ഡ് ബാഗുകൾ, അലങ്കാരവസ്തുക്കൾ, റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇന്ന് രാജ്യാന്തര വിപണിയിലും എത്തുന്നു എന്നത് വളരെ അതിശയം ഉള്ള ഒരു കാര്യം തന്നെയാണ്.

ഈ മുഴുവൻ യാത്രക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് അവരുടെ അനന്തമായ സഹനവും ദൃഢനിശ്ചയവുമാണ്. ധനസഹായക്കുറവും സാമൂഹിക പ്രതിബന്ധങ്ങളും അവരെ ഒരിക്കലും തളർത്തിയില്ല. അവർക്ക് ഓരോ പ്രതിസന്ധിയും ഒരു പാഠമായിരുന്നു, ഓരോ തോൽവിയും ഒരു പുതിയ തുടക്കമായിരുന്നു.

ഇപ്പോൾ ലിറ്ററസി ഇന്ത്യ ഡിജിറ്റൽ പഠനത്തിനും ഓൺലൈൻ പരിശീലനത്തിനും പ്രാധാന്യം നൽകുന്നു. ‘Gyantantra’ എന്ന ഡിജിറ്റൽ പഠനപദ്ധതി വഴി ഗ്രാമീണ കുട്ടികൾക്കും നഗരത്തിലെ വിദ്യാർത്ഥികൾക്കും ഒരുപോലെ പഠനസൗകര്യം ലഭിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മവിശ്വാസവും ജീവിതകൗശലങ്ങളും ലഭിക്കുന്നു എന്നതും മറ്റൊരു വസ്തുതയാണ്.

ഇന്ദ്രാണി സിംഗിന്റെ ജീവിതം ഒരു സ്ത്രീയുടെ കഴിവ് എത്ര ഉയരങ്ങളിലേക്കും ഉയർത്താമെന്ന് തെളിയിക്കുന്നു. ആകാശത്തിലെ പറക്കലും ഭൂമിയിലെ കരുണയും ചേർന്നതാണ് അവരുടെ ആത്മാവ്.

“ജീവിതം ഉയരങ്ങളിലേക്ക് പറക്കാൻ മാത്രമുള്ളതല്ല, മറ്റുള്ളവർക്കും കൂടെ ചിറകുകൾ നൽകാനുള്ളതാണ്.” ഇന്ദ്രാണി സിംഗിന്റെ വാക്കുകൾ.

ഇന്ദ്രാണി സിംഗ്, ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഒരു പ്രചോദനമാണ്. അവരുടെ കഥ ഒരു പാഠമാണ് — സ്വപ്നങ്ങൾ എത്ര ഉയർന്നതായാലും, മനസ്സിലെ കരുത്തും കരുണയും ഒരുമിച്ചാൽ അത് നടപ്പാക്കാൻ ഈ ലോകം തന്നെ നമ്മോടൊപ്പം നില്കും എന്നതിന്റെ പ്രതീകം കൂടെയാണ് അവരുടെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *