National

പ്രതിബന്ധങ്ങളെ അതിജീവിച്ച വിജയം: ഐ.എ.എസ്. ഓഫീസർ ശ്രീധന്യ എസ്.

കേരളത്തിന്റെ വയനാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച ഒരു ആദിവാസി പെൺകുട്ടി ഇന്ത്യയിലെ ഏറ്റവും ബഹുമാന്യമായ സിവിൽ സർവീസിലേക്കുള്ള പ്രവേശന കവാടം കീഴടക്കുമെന്ന് ആരും സ്വപ്നം കണ്ടിരുന്നില്ല. പക്ഷേ, അതു സാധ്യമാക്കി തീർത്തു ശ്രീധന്യ എസ് – ഇന്ത്യയിലെ ആദ്യത്തെ ആദിവാസി വനിത ഐ.എ.എസ്. ഓഫീസർ.

ശ്രീധന്യയുടെ കഥ വെറും വ്യക്തിഗത വിജയത്തിന്റെ കഥയല്ല, മറിച്ച് അനവധി പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രതീക്ഷയുടെ വിളക്കാണ്. 1991-ൽ വയനാട് ജില്ലയിലെ പട്ടികവർഗ്ഗ സമൂഹമായ കുറിച്ചിയിലായിരുന്നു അവരുടെ ജനനം. അച്ഛൻ എസ്. വേലായുധനും അമ്മ കാളിയും ചെറിയ കാർഷിക തൊഴിലാളികളായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക നില വളരെ ബുദ്ധിമുട്ടായിരുന്നു. പഠനം തുടരാൻ പോലും പലപ്പോഴും വെല്ലുവിളികൾ നേരിടേണ്ടി വന്നു.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശ്രീധന്യ കണ്ണൂരിലെ പാഴ്സണ്സ് കോളേജിൽ നിന്നും സൂവോളജിയിൽ ബിരുദം നേടി. പിന്നീടവർ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് സൂവോളജിയിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സർക്കാർ സേവനത്തിലേക്കുള്ള അവരുടെ ആഗ്രഹം വളർന്നു. ആദിവാസി സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ, നേരിടുന്ന പ്രതിസന്ധികൾ, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളിലെ കുറവ് തുടങ്ങിയവ അവരെ ഏറെ സ്വാധീനിച്ചു എന്ന് വേണം പറയാൻ.

യുപിഎസ്ഇ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിനായി അവർ തിരുവനന്തപുരം സ്റ്റേറ്റ് അക്കാദമി ഓഫ് സിവിൽ സർവീസസിൽ ചേർന്നു. സാമ്പത്തികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും അവർ തന്റെ ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോയില്ല. 2018-ൽ അവർ യു.പി.എസ്.സി. പരീക്ഷയിൽ 410-ാം റാങ്ക് നേടി വിജയിച്ചു, ഇന്ത്യയുടെ ആദ്യ ആദിവാസി വനിത ഐ.എ.എസ്. ഓഫീസറായി അങ്ങെനെ അവർ മാറി.

ശ്രീധന്യയുടെ വിജയം നിരവധി കാരണങ്ങൾ കൊണ്ട് പ്രാധാന്യമർഹിക്കുന്നു. വയനാട് ജില്ലയിലെ പല ആദിവാസി സമൂഹങ്ങളും ഇപ്പോഴും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കത്തിലാണ്. അവിടെ നിന്ന് ഒരാൾ രാജ്യത്തെ ഏറ്റവും വലിയ ഭരണസേവനത്തിലേക്ക് എത്തുന്നത്, മറ്റുള്ളവർക്ക് പ്രചോദനമാകുന്നതോടൊപ്പം സമൂഹത്തിന് ഒരു ശക്തമായ സന്ദേശവും കൂടെ നൽകുന്നുണ്ട് – വിദ്യാഭ്യാസവും കഠിനാധ്വാനവും ആയുധമാക്കിയാൽ ഒന്നും അസാധ്യമല്ല എന്നതാണ് ശ്രീധന്യയുടെ ജീവിതം നമുക്ക് മനസ്സിലാക്കി തരുന്നത്.

ശ്രീധന്യയെ കേരള സർക്കാർ ആദരിക്കുകയും, വിവിധ സംഘടനകൾ അവരെ മാതൃകയാക്കി അനവധി യുവാക്കളെ പ്രചോദിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. “ഞാൻ നേടിയ വിജയം എന്റെതായിട്ടല്ല, എന്റെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും വിജയം തന്നെയാണ്. എല്ലാ പിന്നാക്ക കുട്ടികളും വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യം ഉണ്ടാകണം” – ശ്രീധന്യയുടെ ഈ വാക്കുകൾ അനവധി യുവാക്കളെ സ്വാധീനിച്ചു.

ഇന്ന് ശ്രീധന്യ ഒരു ഭരണാധികാരിയായി വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളിൽ മികച്ച ഇടപെടലുകൾ നടത്താനും പ്രത്യേകിച്ച് പട്ടികവർഗ്ഗക്കാർക്ക് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ അവസരം ലഭിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്.

കേരളത്തിന്റെ മണ്ണിൽ നിന്നുയർന്ന ഈ ആദിവാസി പുത്രി ഇന്ന് ഒരു രാഷ്ട്രത്തിന്റെ അഭിമാനമാണ്. അവളുടെ യാത്ര, സ്വപ്നങ്ങൾക്കും പരിശ്രമത്തിനും മതിലുകൾ ഇല്ലെന്ന് തെളിയിക്കുന്ന ശക്തമായ സന്ദേശമാണ്. ശ്രീധന്യയുടെ കഥ ഒരിക്കലും അവസാനിക്കാത്ത പ്രചോദനമാണ് – ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിലേക്കും, സ്കൂളുകളിൽ നിന്നും കോളേജുകളിലേക്കും, ചെറുപ്പക്കാരുടെ മനസ്സുകളിൽ നിന്നും മുതിർന്നവരുടെ ചിന്തകളിലേക്കും പകരുന്ന പ്രചോദനം.

Leave a Reply

Your email address will not be published. Required fields are marked *