ലണ്ടനിലെ ഓഫ് ബീറ്റ് സാരികൾ
സാരികൾ ഇഷ്ടമില്ലാത്ത ഇന്ത്യൻ പെൺകൊടികളുണ്ടോ. വ്യത്യസ്ത നിറങ്ങളിൽ, തുണിത്തരങ്ങളിൽ മുത്തും കല്ലും തുന്നിപ്പിടിപ്പിച്ചതും അല്ലാത്തതുമൊക്കെയായി എത്രയെത്ര ഫാഷനിലുള്ള സാരികളാണുള്ളത്. മൃദുലമായ പട്ടുസാരികളോട് കമ്പം കൂടുതലുള്ളവരാണ് മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാർ. എന്നാൽ സാരിയോടുള്ള സ്നേഹം ദേശങ്ങൾ കടന്നു സഞ്ചരിക്കുകയാണ്.
യൂറോപ്യൻ ഫാഷൻ വ്യവസായത്തിൽ ഇന്ത്യൻ സാരികൾ കുതിക്കുകയാണ്. സാരികളോടുള്ള കമ്പവും ഫാഷനുമൊക്കെ വർധിച്ചു വരുന്ന സാഹചര്യത്തിൽ സാരികൾക്ക് മാത്രമായി യുകെ ആസ്ഥാനമായ ലണ്ടനിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. മെയ് 19 ന് ആരംഭിച്ച ദി ഓഫ്‌ബീറ്റ് സാരി എന്ന പേരിട്ടിരിക്കുന്ന ഫാഷൻ ഷോയിൽ മോഡലുകൾ സാരിയിൽ റാംപ് വാക്ക് ചെയ്യുക മാത്രമല്ല വിവിധതരം സാരികളുടെ പ്രദർശനും നടക്കുന്നുണ്ട്. ഈ ഷോയിലൂടെ സാരികളുടെ പുതിയ ഫാഷൻ ലോകമാണ് തുറന്നു കാണിക്കുന്നത്. വിദേശികളായ സാരി പ്രേമികൾക്ക് ഇഷ്ടപ്പെട്ട സാരി സ്വന്തമാക്കാനും ഈ ഷോ അവസരമൊരുക്കുന്നുണ്ട്.

ഡിസൈൻ മ്യൂസിയമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ആധുനിക ഇന്ത്യയിൽ സാരിയെയും അതിന്റെ പ്രതീകാത്മകതയെയും കേന്ദ്രീകരിച്ചുള്ള യുകെയിലെ ആദ്യത്തെ വലിയ ഫാഷൻ എക്‌സിബിഷനാണിത്. ബ്രിട്ടനിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫാഷൻ ഷോയാണിതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഇന്ത്യൻ ഡിസൈനർമാർ, സ്റ്റുഡിയോകൾ, നെയ്ത്തുകാർ എന്നിവരിൽ നിന്നുമായെടുത്ത 60 സാരികളാണ് മ്യൂസിയത്തിന്റെ ബ്രിട്ടീഷ് ഇന്ത്യൻ ഹെഡ് ഓഫ് ക്യൂറേഷൻ പ്രിയാ ഖഞ്ചന്ദാനി അവതരിപ്പിച്ചത്. ഇന്ത്യയും കാനഡയും ആസ്ഥാനമായുള്ള വിഷ്വൽ ആർട്ടിസ്റ്റും ഡിസൈനറുമായ രശ്മി വർമ്മയാണ് ദി ഓഫ്‌ബീറ്റ് സാരിയുടെ അസോസിയേറ്റ് ക്യൂറേറ്റർ.

എക്സിബിഷനിലെ ട്രാൻസ്‌ഫോർമേഷൻസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ വിഭാഗം, കഴിഞ്ഞ ദശാബ്ദക്കാലത്തെ ഇന്ത്യൻ ഡിസൈനർമാരുടെ പരീക്ഷണ വൈഭവം പ്രദർശിപ്പിക്കുന്നു. ഡിസൈനർ സഞ്ജയ് ഗാർഗിന്റെ റോ മാംഗോയിൽ നിന്നുള്ള മഷ്രു, സിൽക്ക് ബ്രോക്കേഡ്, സിൽക്ക് ട്വിൽ എന്നിവയിൽ മൂന്ന് കഷണങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. അതിനടുത്തായി, ഡയസ്പോറിക് സ്ട്രീറ്റ് വെയർ ലേബൽ നോർബ്ലാക്ക് നോർവൈറ്റ് ഡിസൈനുകൾ കാണാം. റീസൈക്കിൾ ചെയ്ത സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് രൂപകല്പന ചെയ്ത സാരിയും ഇവിടുണ്ട്. അബ്രഹാം ആൻഡ് താക്കൂർ ടീമിന്റേതാണ് ഈ ഡിസൈൻ. വ്യത്യസ്തമായ ഈ സാരി കാണാൻ തന്നെ ആളുകളുടെ വലിയ കൂട്ടമുണ്ട്.

കഴിഞ്ഞ വർഷം മെറ്റ് ഗാലയ്ക്കായി ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡ് ഷിയാപരെല്ലിയുമായി സഹകരിച്ച് ഇന്ത്യൻ ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ സാരിയും പ്രദർശനത്തിലുണ്ട്. അമിത് അഗർവാൾ, ദിക്ഷ ഖന്ന, അനാമിക ഖന്ന, തരുൺ തഹ്ലിയാനി തുടങ്ങിയവരുടെ സാരികളും ഇവിടുണ്ട്.
ബംഗ്ലാദേശി ആർക്കിടെക്റ്റും അഭിഭാഷകയുമായ സോബിയ അമീന്റെ സാരിയും എക്സ്ബിഷനിൽ കാണാം. ഇന്ത്യയുടെ സാരി ചരിത്രത്തെക്കുറിച്ചും ഓഫ് ബീറ്റ് സാരി വിശദമാക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഫെമിനിസ്റ്റ് ഗ്രൂപ്പായ ഗുലാബി ഗാംഗ്, ആസാമീസ് സ്ത്രീകളുടെ ദി ഹർഗില ആർമി പോലുള്ള സാരി ധരിക്കുന്ന സ്ത്രീ പ്രസ്ഥാനങ്ങളെയും വിദേശനാട്ടിലെ ഷോയിൽ ആദരിക്കുന്നുണ്ട്. സെപ്റ്റംബർ 17 ന് ഡിസൈൻ മ്യൂസിയത്തിലെ ദി ഓഫ്‌ബീറ്റ് സാരി പ്രദർശനം സമാപിക്കും.