മിസ്സ് എ ഐ

മിസ്സ് എ ഐ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) എഐ സുന്ദരികൾക്കായി ലോകത്താദ്യമായി നടന്ന വിശ്വസുന്ദരി മത്സരത്തിൽ, മനുഷ്യർക്ക് പകരം ചുവടുവെച്ചത് സൗന്ദര്യത്തിലും ബുദ്ധിയിലും മനുഷ്യനെ വെല്ലുന്ന എ.ഐ മോഡലുകൾ ആണ്. ഒറ്റനോട്ടത്തിൽ മനുഷ്യനല്ലെന്ന് ആരും പറയില്ല. അങ്ങനെ ഹിജാബണിഞ്ഞ് ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെൻസ ലെയ്ലി. ‘

മൂല്യങ്ങളിൽ വിശ്വസിച്ച് മൊറോക്കോയെയും അറബ് ലോകത്തെയും പ്രതിനിധീകരിച്ചാണ് ഞാനിന്നിവിടെ ചുവടു വച്ചത്, മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് ഇന്ന് ഞാൻ’ കെൻസയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 1500 എഐ നിർമിത മോഡലുകളെ പിന്തള്ളിയാണ് കെൻസ കിരീടം ചൂടിയത്. 20000 ഡോളറായിരുന്നു സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓൺലൈൻ ഇൻഫ്ളുവൻസ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് എ.ഐ സുന്ദരി ലാലിന വാലിനയാണ് ഫസ്റ്റ് റണ്ണർ അപ്പ്, പോർച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. രാഹുൽ ചൗധരി നിർമ്മിച്ച ഇന്ത്യൻ എഐ സുന്ദരിയായ സാറാ ശതാവരിയും മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള ലൈഫ്സ്റ്റൈൽ ഇൻഫ്ളുവൻസറും ആക്ടിവിസ്റ്റുമാണ് കെൻസ ലായ്‌ലി. മൊറോക്കൻ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യൻ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെൻസയുടെ ജീവിതലക്ഷ്യം. കാസബ്ലാങ്കയിൽ നിന്നുള്ള മെറിയം ബെസയാണ് മൊറോക്കൻ പാരമ്പര്യത്തിലൂന്നി കെൻസയെ നിർമിച്ചിരിക്കുന്നത്. സാങ്കേതിക മേഖലയിൽ മൊറോക്കൻ, അറബ്, ആഫ്രിക്കൻ, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാൻ കെൻസയിലൂടെ സാധിച്ചു എന്നതിൽ അഭിമാനമുണ്ടെന്നും മറിയം പ്രതികരിച്ചു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കെൻസയോട് ഏഴ് ഭാഷകളിൽ സംവദിക്കാൻ സാധിക്കും എന്നതും മറ്റൊരു അതിശയമാണ്.