ജീൻ ലാൻവിൻ എന്ന പഴയകാല ഫാഷൻ ഡിസൈനർ
ജീൻ-മേരി ലാൻവിൻ ഒരു ഫ്രഞ്ച് ഹോട്ട് കോച്ചർ( കൈ കൊണ്ടും അല്ലെങ്കിൽ മെഷീൻ കൊണ്ടും തുന്നുന്ന ഒരു മുഴുനീള വസ്ത്രം) ഫാഷൻ ഡിസൈനറായിരുന്നു. ലാൻവിൻ ഫാഷൻ ഹൗസും ബ്യൂട്ടി ആൻ്റ് പെർഫ്യൂം കമ്പനിയായ ലാൻവിൻ പറഫിന്റെയും സ്ഥാപക കൂടിയാണ് അവർ
1867 ജനുവരി 1 ന് പാരീസിലെ കോൺസ്റ്റാൻ്റിൻ ലാൻവിൻ്റെയും സോഫി ദേശായിസിൻ്റെയും 11 മക്കളിൽ മൂത്തവളായായിരുന്നു ജീൻ ലാൻവിന്റെ ജനനം. 16-ആം വയസ്സു മുതൽ ജോലിക്ക് ഇറങ്ങിതിരിച്ച ജീൻ പാരീസിലെ മാഡം ഫെലിക്സിൽ ഒരു അപ്രൻ്റിസ് തൊപ്പി നിർമ്മാതാവായായിരുന്നു ജോലിക്കു കയറിയത്.

1909-ൽ, ഫാഷൻ വ്യവസായ സമിതിയായ ലാൻവിൻ സിൻഡിക്കറ്റ് ഡി ലാ കോച്ചറിൽ അവർ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി, അത് കൊട്ടൂറിയർ എന്ന ഔപചാരിക പദവി അവർക്കു നേടികൊടുത്തു. ജീൻ ഒരുപാട് വസ്ത്രങ്ങൾ മകൾക്കായി ഡിസൈൻ ചെയ്തു കൊടുത്തിരുന്നു. ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കണ്ട് അക്കാലത്തെ പ്രമുഖർ അവരുടെ മക്കൾക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനായി ജീനിനെ സമീപിച്ചു. അങ്ങനെ ഒരുപാട് ഫാഷൻ പ്രേമികളെ ജീനിന്റെ ഡിസൈൻ ആകർഷിച്ചു. താമസിയാതെ, പാരീസിൽ ഒരു ബോട്ടിക്ക് തുറന്ന ജീനിന്റെ ഉപഭോക്താക്കളിൽ നിരവധി സെലിബ്രിറ്റികൾ ആയിരുന്നത്രെ ഉണ്ടായിരുന്നത്.

1920-കളിൽ, വീട്ടുപകരണങ്ങൾ, പുരുഷ വസ്ത്രങ്ങൾ,ലിങ്കറീസ് എന്നിവയ്ക്കായി ഒരു വസ്ത്രശാല കൂടെ ലാൻവിൻ തുറന്നു പ്രവർത്തനം ആരംഭിച്ചു.
1922-ൽ, പ്രശസ്ത ഫ്രഞ്ച് ഡിസൈനറായ അർമാൻഡ്-ആൽബർട്ട് ററ്റോയുമായി സഹകരിച്ച് കൊട്ടാരത്തെ വിസ്മരിപ്പിക്കും വിധം ഒരു വലിയ വീട് തന്നെ കെട്ടിപ്പടുക്കുകയായിരുന്നു ജീൻ. ആ കാലഘട്ടത്തിൽ വീട്ടിലെ ഫർണിച്ചറുകൾ പോലും വെങ്കലത്തിൽ ആയിരുന്നത്രെ രൂപകൽപ്പന ചെയ്തിരുന്നത്. ഗോളാകൃതിയിലുള്ള പെർഫ്യൂം വിൽപ്പനക്കും ജീനിനിനു വലിയ പേരാണ് നേടികൊടുത്തത്.
1895-ൽ, ഇറ്റാലിയൻ പ്രഭുവായ കൗണ്ട് എമിലിയോ ഡി പിയെട്രോയെയായിരുന്നു ലാൻവിൻ വിവാഹം കഴിച്ചത്. മാർഗരിറ്റ് എന്ന ഒപ്പേരാ ഗായികയായിരുന്നു ജീനിന്റെ ഏക മകൾ.
1946 ജൂലൈ 6-ന് ലാൻവിൻ അന്തരിച്ചു. നിലവിൽ ലാൻവിൻ എന്ന ബ്രാൻഡ് ഉണ്ടെങ്കിലും മകളുടെ മരണശേഷം പണ്ടത്തെ ലാൻവിൻ ഓഫീസ് പരിസിലെ കോർപ്പറേറ്റ് ഓഫീസായ റൂ ബോസ്ലി ഡി അഞ്ചാലാസ്സിൽ സൂക്ഷിച്ചിരിക്കുകയാണത്രേ.