ഫാഷനു മുന്നേ സഞ്ചരിച്ച ഫ്രഞ്ച് വനിത
ജീന്‍ പാക്ക്വിൻ, ഫാഷൻ ലോകത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിത. തയ്യൽക്കാരിയായി ജോലി നോക്കി അവസാനം വരെയും ഡിസൈനിങ് ലോകത്ത് സജീവമായിരുന്ന അവർ ആരെയും അത്ഭുതപ്പെടുത്തും വിധത്തിലുള്ള വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. എന്നാൽ അന്നത്തെ ആ സാമ്രാജ്യം ഇന്ന് ഈ ഭൂമിയിൽ തന്നെ ഇല്ല എന്നതാണ് വാസ്തവം. ജീൻ പാക്ക്വിന്റെ ജീവചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
ജീൻ പാക്വിൻ ഒരു ഫ്രഞ്ച് ഫാഷൻ ഡിസൈനറാണ്. 1869-ൽ ഫ്രാൻസിലെ ജീൻ മേരി ഷാർലറ്റ് ബെക്കേഴ്സിലാണ് ജീൻ ജനിക്കുന്നത്. അവരുടെ പിതാവ് ഒരു ഫിസിഷ്യനായിരുന്നു. അഞ്ച് മക്കളിൽ ഒരുവളായത് കൊണ്ട് തന്നെ കുഞ്ഞിലേ ജോലിക്ക് പോകേണ്ടതായി വന്നിരുന്നു ജീനിന്.

കൗമാരപ്രായത്തിൽ തന്നെ ജീൻ വസ്ത്രസ്ഥാപനമായ റൗഫിൽ ഡ്രസ് മേക്കറായി പരിശീലനം നേടി. അങ്ങെനെ വസ്ത്ര വർണങ്ങളുടെ ലോകത്തേക്ക് അവർ എത്തിപ്പെട്ടു. ശേഷം 1884-ൽ സ്ഥാപിതമായ പാരീസ് കോച്ചർ ഹൗസിൽ ജോലി ചെയ്യുകയും തുടർന്ന് ഫാഷൻ ലോകത്ത് വളർന്നു പന്തലിക്കുകയും ചെയ്തു.
1840-കളിൽ തുടങ്ങിയ പുരുഷ വസ്ത്രക്കടയായ കോച്ചർ ഹൗസ്ന്റെ ഉടമസ്ഥൻ മേരി ഷാർലറ്റ് ബെക്കേഴ്‌സ് പാക്വിൻ എന്നറിയപ്പെടുന്ന ഇസിഡോർ റെനെ ജേക്കബിനെ അവർ വിവാഹം കഴിച്ചു. വിവാഹ ശേഷം ദമ്പതികൾ കമ്പനിയെ പാക്വിൻ എന്ന് പുനർനാമകരണം ചെയ്യുകയും ബിസിനസ്സ് കെട്ടിപ്പടുക്കാൻ തുടങ്ങുകയും ചെയ്തു.

1891-ൽ, ജീനും ഇസിഡോർ പാക്വിനും പാരീസിൽ അവരുടെ മെയ്സൺ ഡെ കൗചർ തുറന്നു. ജീൻ വസ്ത്രങ്ങളുടെ ഡിസൈൻ ചുമതല വഹിക്കുകയും ഇസിഡോർ അതിന്റെ ബിസിനസ്സ് നടത്തുകയും ചെയ്തു.
കറുപ്പ് നിറത്തിലും ചുവപ്പ് നിറത്തിലും ആയിരുന്നു അവർ കൂടുതലായും വസ്ത്രങ്ങൾ നിർമ്മിച്ചിരുന്നത്. അക്കാലത്ത് കറുപ്പ് ദുഃഖത്തിൻ്റെ നിറമായിരുന്നു എന്നാൽ വർണ്ണാഭമായ ലൈനിംഗുകളും എംബ്രോയ്ഡറി ട്രിമ്മും ചേർത്ത് ജീൻ ആ നിറങ്ങൾ ഫാഷനാക്കി മാറ്റി.

പബ്ലിസിറ്റിക്കായി ഓപ്പറകൾ, കുതിരപ്പന്തയം തുടങ്ങിയ പൊതു പരിപാടികളിലേക്ക് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച മോഡലുകളെ അയച്ച ആദ്യത്തെ ഫാഷൻ ഡിസൈനർ ആയി ജീൻ പാക്വിൻ മാറി. ലിയോൺ ബാക്സ്റ്റ് , ജോർജ്ജ് ബാർബിയർ , റോബർട്ട് മാലറ്റ്-സ്റ്റീവൻസ് , ലൂയിസ് സൂ തുടങ്ങിയ ചിത്രകാരന്മാരുമായും ആർക്കിടെക്റ്റുമാരുമായും ചേർന്നു തന്റെ ഡിസൈനിങ് സാമ്രാജ്യം ജീൻ വളർത്തിയെടുത്തു.
1913-ൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ ജീനിനെ “ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരി” എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
1896-ൽ ദി ഹൌസ് ഓഫ് പാക്വിന്റെ ഒരു ലണ്ടൻ ബ്രാഞ്ച് തുറക്കുകയും അതേ വർഷം തന്നെ അത് ഒരു വലിയ കമ്പനിയായി മാറുകയും ചെയ്തു. കമ്പനി പിന്നീട് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലും മാഡ്രിഡിലുമായി വിപുലീകരിച്ചു. ബിസിനസ് എല്ലാം നന്നായി പച്ചപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജീനിന്റെ ജീവിതത്തിൽ വലിയൊരു വീഴ്ച ഉണ്ടാകുന്നത്. ജീനിന്റെ ഭർത്താവായ ഇസിദോർ പാക്വിൻ 1907-ൽ 45-ആം വയസ്സിൽ മരണമടയുന്നു. അങ്ങെനെ 38-ആം വയസ്സിൽ അവർ വിധവയായിമാറി. ഭർത്താവിന്റെ വേർപാട് അവരെ ഒരുപാട് തളർത്തിയിരുന്നു. ഇസിദോറിൻ്റെ മരണശേഷം, ജീൻ കറുപ്പും വെളുപ്പും നിറമുള്ള വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. പിന്നീട്
1912-ൽ, ജീനും അവരുടെ സഹോദരനും ചേർന്നു മരണമടഞ്ഞ ഭർത്താവിനായി ന്യൂയോർക്ക് സിറ്റിയിലെ ഫിഫ്ത്ത് അവന്യൂവിൽ പാക്വിൻ-ജോയർ എന്ന ഒരു ഫ്യൂറിയർ നിർമിച്ചു.

എന്നാലും ഫാഷൻ ലോകത്ത് അവർ വളരെ സജീവമായിരുന്നു. ശേഷം 1913-ൽ, ജീനിന് ഫ്രാൻസിലെ ലെജിയൻ ഡി ഹോണർ എന്ന ബഹുമതി കരസ്തമാക്കാൻ സാധിച്ചു. ഈ ബഹുമതി ലഭിച്ച ആദ്യത്തെ വനിതാ ഡിസൈനർ എന്ന സ്ഥാനവും ജീനിനു ലഭിച്ചു.
അന്നത്തെ കാലത്ത് കോച്ചർ ഹൗസുകളിൽ 50 മുതൽ 400 വരെ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സമയത്ത് ഹൗസ് ഓഫ് പാക്വിൻ 2,000 പേരെ ജോലിക്ക് വച്ചു സ്ഥാപനം നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇറ്റലി, ബെൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലെ രാജ്ഞികളെല്ലാം പാക്വിൻ്റെ ഉപഭോക്താക്കളായിരുന്നുവത്രേ.

1920-ൽ ജീൻ പാക്വിൻ വിരമിച്ചപ്പോൾ, അവർ അവരുടെ അസിസ്റ്റൻ്റ് മഡലീൻ വാലിസിന് കമ്പനിയുടെ ഉത്തരവാദിത്തം നൽകി. ജീൻ പാക്വിൻ മരിച്ച അതേ വർഷം തന്നെ 1936 വരെ വാലിസ് പാക്വിൻ ഹൗസ് ഡിസൈനറായി തുടർന്നിരുന്നു. ശേഷം ഒരുപാട് ഡിസൈനർമാർ മാറിമാറി വന്നെങ്കിലും 1956 ജൂലൈ 1-ന് പാരീസ് ഹൗസ് അടച്ചുപൂട്ടേണ്ടി വന്നു. അതോടെ ജീൻ പാക്ക്വിൻ എന്ന ബ്രാൻഡും നിലച്ചു.