സാൻഡിയ്ക്കിഷ്ടംഡിസൈനിങ്ങ് മാത്രമല്ല സിനിമയും
ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയ ഫാഷൻ ഡിസൈനർ… ഒരു തവണയല്ല മൂന്നു തവണ. 12 തവണ അക്കാഡമി നോമിനേഷൻ നേടിയതിൽ മൂന്നു തവണയും ആ പുരസ്കാരം സ്വന്തമാക്കി അപൂർവ വ്യക്തി. ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സിന്റെ പരമോന്നത ബഹുമതിയായ ബാഫ്റ്റ് ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യ കോസ്റ്റ്യൂം ഡിസൈനർ എന്ന പദവിയും ഈ 63-കാരിയ്ക്ക് സ്വന്തമാണ്. സാൻഡി പവൽ എന്ന ലോകത്തിലെ ഏറ്റവും ആദരണീയായ ഫാഷൻ ഡിസൈനറെ പരിചയപ്പെടുത്തുന്നതിന് മറ്റു വിശേഷണങ്ങളൊന്നും ആവശ്യമില്ല. മൂന്നര പതിറ്റാണ്ടിലേറെ കാലമായി തുണിത്തരങ്ങൾക്ക് പുത്തൻ ഭാവവും രൂപവും നൽകി ഡിസൈനിങ്ങ് മേഖലയിൽ സജീവമാണ് സാൻഡി എന്ന ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ.

ആദ്യ ഗുരു അമ്മയാണ്
1960-ൽ ലണ്ടനിൽ ജനിച്ച സാൻഡിയുടെ കുട്ടിക്കാലവും പഠനവുമൊക്കെ ബ്രിക്സ്ടണിലും കാംഫിലുമായിരുന്നു. സാൻഡിയുടെ അമ്മ സെക്രട്ടറിയും അച്ഛൻ കാസിനോകളിലും ജോലി ചെയ്തിരുന്നു. അമ്മയാണ് ഇവരെ വസ്ത്രങ്ങളുടെയും തുന്നലുകളുടെയും ലോകം പരിചയപ്പെടുത്തുന്നത്. അമ്മയിൽ നിന്നാണ് മെഷീനിൽ തുന്നാൽ സാൻഡി പഠിക്കുന്നത്. വസ്ത്രങ്ങളുടെ ചിത്രങ്ങൾ വരച്ചും പാവകൾക്ക് ഉടുപ്പുകൾ തുന്നിയും കുട്ടിക്കാലം മുതൽ ഡിസൈനിങ്ങിനോട് താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. ചെറിയ പ്രായം തൊട്ടേ സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. എന്നാൽ വസ്ത്രങ്ങൾ തയ്ക്കുന്നതിൽ മാത്രമല്ല സിനിമയോടും നാടകത്തിനോടുമൊക്കെ അവർക്ക് താത്പ്പര്യമുണ്ടായിരുന്നു.

സിഡെൻഹാം ഹൈസ്കൂളിലായിരുന്നു സാൻഡിയുടെ സ്കൂൾ വിദ്യാഭ്യാസം. 1978 ൽ സെന്റ് മാർട്ടിൻസ് സ്കൂൾ ഓഫ് ആർട്ടിൽ ഒരു ആർട്ട് ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കി. ഇവിടെ വച്ചാണ് അവർ ലിയ ആൻഡേഴ്സണുമായി പരിചയപ്പെടുന്നത്. പിന്നീട് തൊട്ടടുത്ത വർഷം സെൻട്രൽ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ തിയേറ്റർ ഡിസൈനിൽ ബിരുദ കോഴ്സിന് ചേർന്നു. പക്ഷേ അവർ ബിരുദം പൂർത്തിയാക്കിയില്ല. പഠനം ഉപേക്ഷിച്ച് ഫ്രഞ്ച് തിയെറ്റർ കമ്പനികളിൽ ജോലി ആരംഭിച്ചു. സിനിമയും നാടകവുമൊക്കെ അവരുടെ ഇഷ്ടമേഖലകളായിരുന്നു. ഇതേസമയം മ്യൂസിക് വീഡിയോകൾക്കായി വസ്ത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു.
അംഗീകാരങ്ങളും പുരസ്കാരങ്ങളും
സിനിമ, ടെലിവിഷൻ തുടങ്ങിയ രംഗങ്ങളിൽ അസാധാരണമായ സംഭാവനകൾ സമ്മാനിക്കുകയും അതിലൂടെ അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തുവെന്നതാണ് സാൻഡിയുടെ പ്രൊഫഷണൽ ജീവിതത്തെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നത്. മൂന്ന് അക്കാദമി അവാർഡുകൾ, മൂന്ന് ബാഫ്റ്റ അവാർഡുകൾ, രണ്ട് കോസ്റ്റ്യൂം ഡിസൈനേഴ്സ് ഗിൽഡ് അവാർഡുകൾ, ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡുകൾ, ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്സ്, എംപയർ അവാർഡ്, യൂറോപ്യൻ ഫിലിം അവാർഡ്, ഹോളിവുഡ് ഫിലിം അവാർഡ്സ്, ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സാൻഡി സ്വന്തമാക്കിയിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം, ഈ പുരസ്കാരങ്ങളിലേറെയും സാൻഡി ഒന്നിലേറെ തവണ സ്വന്തമാക്കിയിട്ടുണ്ടെന്നതാണ്. ഇതിനൊപ്പം ചലച്ചിത്രമേഖലയ്ക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ച് 2011 ലെ പുതുവത്സര ബഹുമതികളിൽ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ ആയി പവൽ നിയമിതയായിട്ടുണ്ട്.
1998-ൽ റിലീസ് ചെയ്ത ഷേക്സ്പിയർ ഇൻ ലവ്, 2004-ലെ ചിത്രം ദി ഏവിയേറ്റർ, 2009-ൽ പുറത്തിറങ്ങിയ ദി യംഗ് വിക്ടോറിയ എന്നീ മൂന്ന് സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിലൂടെയാണ് അക്കാഡമി അവാർഡ് നേടുന്നത്. പതിനഞ്ച് തവണ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1998-ലാണ് ആദ്യ ബാഫ്റ്റ് പുരസ്കാരം നേടുന്നത്. വെൽവെറ്റ് ഗോൾഡ്മൈൻ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അവാർഡ് ലഭിച്ചത്. 2010ൽ ദി യംഗ് വിക്ടോറിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ടാമത്തെ ബാഫ്റ്റ പുരസ്കാരം നേടുന്നത്. പത്തിലധികം തവണ ബാഫ്റ്റ് അവാർഡ് നോമിനേഷൻ സാൻഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇന്നും സിനിമാലോകത്ത് സജീവം
പീരിയഡ് സിനിമകളെന്നോ ത്രില്ലറുകളെന്നോ കൊമേഴ്സ്യൽ- ആർട്ട് ചിത്രങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സിനിമകൾക്കൊപ്പവും സാൻഡി പ്രവർത്തിച്ചിട്ടുണ്ട്. എങ്ങനെയുള്ള കഥയാണെങ്കിൽ അതിന് അനുയോജ്യമായ വസ്ത്രങ്ങളൊരുക്കുന്നതിൽ പ്രത്യേക മിടുക്ക് സാൻഡിയ്ക്കുണ്ടായിരുന്നു. ദി ഫേവറിറ്റ്, ദി യംഗ് വിക്ടോറിയ, ഷേക്സ്പിയർ ഇൻ ലവ് തുടങ്ങിയ പീരിയഡ് സിനിമകൾക്കൊപ്പം മേരി പോപ്പിൻസ് റിട്ടേൺസ്, സിൻഡ്രല്ല തുടങ്ങിയ ഡിസ്നി ക്ലാസിക്കുകൾ, ദി ഡിപ്പാർട്ടഡ്, ഷട്ടർ ഐലൻഡ്, ദി ഐറിഷ് എന്നിവയുൾപ്പെടെയുള്ള ക്രൈം ത്രില്ലറുകൾ, വെൽവെറ്റ് ഗോൾഡ്മൈൻ എന്ന സംഗീത നാടകം എന്നിങ്ങനെ വ്യത്യസ്ത ജോണറുകളിൽ ഇവർ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. 1986-ൽ കാരവാജിയോ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് തുടക്കമിട്ട സാൻഡി ഇന്നും സജീവമായി വസ്ത്രരൂപകൽപ്പന രംഗത്തുണ്ട്.