ഗുവോ പെയ് എന്ന ചൈനീസ് ഫാഷൻ ഡിസൈനർ
വസ്ത്രങ്ങളുടെ നിറങ്ങളും ട്രെൻഡുകളും ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. ട്രെന്ഡുകൾക്കനുസരിച്ച് നീങ്ങാനാണ് ഏവർക്കും ഇഷ്ടം അല്ലെ, പണ്ട് കാലങ്ങളിൽ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരുന്ന പാറ്റേണുങ്ങളും നിറങ്ങളും ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആയി മാറിയിരിക്കുന്നു. ഫാഷൻ സങ്കല്പത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറി മാറി വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഫാഷനല്ലാതെ നമുക്ക് ചൈനീസ് ഫാഷനിലൂടെ ഒന്ന് സഞ്ചാരിക്കാം. ഇന്നിവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് ചൈനീസ് ഫാഷൻ ഡിസൈനറേയാണ്, ‘ഗുവോ പെയ്’.

1967ൽ ബെയ്ജിങ്ങിലായിരുന്നു ഗുവോയുടെ ജനനം. ചൈനയിലെ പീപ്പിൾസ് ആർമിയുടെ മുൻ ബറ്റാലിയൻ നേതാവായിരുന്നു ഗുവോയുടെ പിതാവ്, മാതാവ് ഒരു കിൻഡർഗാർട്ടൻ അധ്യാപികയും. കുട്ടിക്കാലത്ത് ഒരുപാട് രേഖാചിത്രങ്ങളും പെയിന്റിംഗുകളും ഗുവോ വരക്കുമായിരുന്നു, എന്നാൽ ഗുവോയുടെ പിതാവിനു അവരുടെ ആ കഴിവുകളോട് ഒട്ടും താൽപ്പര്യമില്ലായിരുന്നു. എന്നാൽ അമ്മയുടെ പിന്തുണ നന്നായി ഗുവൊക്ക് ലഭിച്ചിരുന്നു. തീരെ കുഞ്ഞിലേ അമ്മയെ തുന്നലിൽ സഹായിക്കലായിരുന്നു കുഞ്ഞു ഗുവോയുടെ ജോലികൾ. അങ്ങനെയാണ് വസ്ത്രനിർമ്മാണത്തോടുള്ള ഗുവോയുടെ സ്നേഹം വളർന്നു വരുന്നത്. ഗുവോയുടെ കുട്ടിക്കാലത്ത്, ചൈനീസ്സുകാർ പരമ്പരാഗതമായി ധരിച്ചിരുന്ന മാവോ സ്യൂട്ടുകൾ മാത്രമാണ് ശരിയായ വസ്ത്രമായി കണക്കാക്കപ്പെട്ടിരുന്നത് എന്നാൽ ഗുവോ പെയ് അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിച്ച് ഇതിനെ എതിർത്തു തുടങ്ങി.ശേഷം അവർ 1986 ൽ ബീജിംഗ് സെക്കൻഡ് ലൈറ്റ് ഇൻഡസ്ട്രി സ്കൂളിൽ നിന്ന് ഫാഷൻ ഡിസൈനിൽ ബിരുദം നേടി. ചൈനയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്ത്ര ബ്രാൻഡ് നിർമ്മാതാക്കളിലൊന്നായ ടിയാൻമയിൽ ഗുവോ പെയ് ജോലി കണ്ടെത്തി.

പിന്നീട് ചൈനയിൽ ഫാഷന് പെട്ടെന്നുള്ള ഡിമാൻഡ് വളർന്നുവന്നു. അത് ഗുവോയുടെ വളർച്ചക്കും കാരണമായി. 1997-ൽ അവർ കമ്പനി വിട്ട് സ്വന്തമായി ബ്രാൻഡ് രൂപീകരിച്ചു, ഗുവോ ഒരു പ്രകൃതി സ്നേഹിയായതു കൊണ്ട് തന്നെ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിലെല്ലാം പ്രകൃതിയുടെ ഒരു സാന്നിധ്യം ഉറപ്പിച്ചിരുന്നു. സ്വർണത്തിനും ഒരു വലിയ പങ്ക് വസ്ത്രങ്ങളിൽ കൊണ്ടുവരുന്നതും അവർ തുടർന്നു. അങ്ങനെ 2022-ൽ ഗുവോ പെയുടെ സൃഷ്ടികൾ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ലീജിയൻ ഓഫ് ഓണറിൽ പ്രദർശിപ്പിച്ചു. അവരുടെ കരിയറിന്റെ രണ്ട് പതിറ്റാണ്ടുകളിൽ നിന്നുള്ള നിരവധി കൃതികൾ കൂടെ പ്രദർശിപ്പിക്കുകയും ചെയ്തു. 20 വർഷത്തിനിടെ മ്യൂസിയത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്ത പ്രദർശനമായി അത് മാറി.

2020 ലെ നെറ്റ്ഫ്ലിക്സ് ചിത്രമായ ഓവർ ദി മൂണിന് വേണ്ടി ചാങ് ‘ഇ എന്ന കഥാപാത്രത്തിന്റെ വസ്ത്രങ്ങൾ ഗുവോ പെയ് ആണ് പകൽപ്പന ചെയ്തത്. ടെക്സ്റ്റയിൽ വ്യാപാരിയായ ജാക്ക് സാവോ എന്ന കാവോ ബാവോ ജിയെയാണ് ഗുവോ വിവാഹം കഴിച്ചത്. യൂറോപ്യൻ തുണിത്തരങ്ങൾക്കും എംബ്രോയിഡറികൾക്കും അവരെ പരിചയപ്പെടുത്തിയതും ഒരു തയ്യൽക്കാരി എന്നതിലുപരി ഒരു മികച്ച വസ്ത്രനിർമ്മാതാവായി സ്വയം തിരിച്ചറിയാൻ അവരെ പ്രാപ്തയാക്കിയതും അവരുടെ ഭർത്താവായിരുന്നു. ഗുവോയുടെ ലേബലിന്റെ ബ്രാൻഡിംഗിനും ബിസിനസ്സിനും ഗുവോയുടെ ഭർത്താവ് ആണ് ഇപ്പോൾ മേൽനോട്ടം വഹിക്കുന്നത്.

ഗുവോ പെയുടെ ഏറ്റവും പ്രശസ്തമായ വസ്ത്രം യെല്ലോ എംപ്രസ് കേപ്പാണ്, അതിന്റെ നിർമ്മാണത്തിനായി രണ്ട് വർഷവും 50,000 മണിക്കൂറുമാണ് സമയമെടുത്തത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്സിലെ വാർഷിക പ്രദർശനത്തിൽ ഗുവോ പെയുടെ കലാസൃഷ്ടികളും പ്രദർശിപ്പിച്ചിരുന്നു. 2016-ൽ, ചാംബ്രെ സിൻഡിക്കൽ ഡി ലാ ഹൌട്ട് കോച്ചറിൽ അതിഥി അംഗമായി ചേരാൻ ക്ഷണിക്കപ്പെട്ട ഏഷ്യൻ വംശജയായ ആദ്യത്തെ ഡിസൈനർ എന്ന നിലയിൽ അവർ ചരിത്രം സൃഷ്ടിച്ചു. ബീജിംഗിലെ ചായോയാങ് ജില്ലയിലെ ഗുവോ പെയുടെ ഷോറൂമിന്റെ പേരാണ് റോസ് സ്റ്റുഡിയോ, പുറത്ത് നിന്നും നോക്കുമ്പോൾ ഇത് ഒരു സാധാരണ ഫാക്ടറിയെന്ന് മാത്രമാണ് തോന്നുക എന്നാൽ അകത്ത് സ്വർണ്ണ നിറമുള്ള കണ്ണാടികളും മതിലുകളും മേൽക്കൂരയും ആണ് ഉൾപ്പെടുന്നത്. ഗുവോ പെയുടെ എല്ലാ രൂപകൽപ്പനകളും ഒരു മ്യൂസിയം പോലെയാണ് ഉള്ളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മുകളിലത്തെ നിലയിൽ, ഡസൻ കണക്കിന് തയ്യൽക്കാരും, പാറ്റേൺ കട്ടറുകൾ, ഷൂ നിർമ്മാതാക്കൾ, തയ്യൽക്കാരായ സ്ത്രീകൾ എന്നിവർ ഓർഡറുകൾക്കനുസൃതമായി പ്രവർത്തിക്കുന്നു, ചൈനയുടെ തലസ്ഥാനത്തിന് പുറത്തുള്ള മൂന്ന് സ്ഥലങ്ങളിൽ ഗുവോ പെയ് അഞ്ഞൂറ് പേരടങ്ങുന്ന സ്ഥാപനം നടത്തിവരുന്നുണ്ട്. ഇന്നും ഗുവോ പേയുടെ വസ്ത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.