റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി ലഡാക്ക് ഫാഷൻ ഷോ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡ് ഉംലിങ് ലായിൽ ഒരു ഫാഷൻ ഷോ. കേട്ടിട്ട് വിസ്മയം തോന്നിയേക്കാം. എന്നാൽ ഇന്റർനാഷണൽ ഫാഷൻ റൺവേ എന്ന പേരിലാണ് ആ ഷോ യാഥാർഥ്യമായിരിക്കുന്നത്. ലഡാക്ക് ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് വ്യത്യസ്തമായ ഫാഷൻ ഷോ സംഘടിപ്പിച്ചത്.

ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ റോഡ് എന്ന അംഗീകാരമുള്ള ഉംലിങ് റോഡ് ഇന്ത്യൻ സൈന്യം നിർമിച്ചതാണ്. സഞ്ചാരികളുടെ സ്വപ്ന പാതയായ ഉംലിങ് 19,022 അടി ഉയരത്തിലുള്ളതാണ്. വ്യത്യസ്തമായ ഈ വേദിയിലെ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നതിന് 14 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മിസ് യൂണിവേഴ്സ്, മിസ് വേൾഡ്, മിസ് എർത്ത് മത്സരങ്ങളിലെ വിജയികളാണെത്തിയത്. പുത്തൻ ഫാഷൻ കാഴ്ചകൾക്കൊപ്പം പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക കാഴ്ചകളും ഷോയിൽ അവതരിപ്പിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
വസുധൈവ കുടുംബകം എന്ന പ്രതീകവുമായാണ് ഷോ അരങ്ങേറിയത്. ഷോയിൽ ലഡാക്കിന്റെ സ്വന്തം പഷ്മിനയും പ്രദർശിപ്പിച്ചു. ഫാഷൻ ഷോയിൽ പങ്കെടുത്ത അന്താരാഷ്ട്ര മോഡലുകളും രണ്ട് ലഡാക്കി മോഡലുകളും 2024 ലെ വസന്തകാലത്തിന്റെയും വേനൽക്കാലത്തിന്റെയും കളർ പാറ്ററ്റ് പരിചയപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ച് റൺവേയിൽ തിളങ്ങി.

കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് അഡ്മിനിസ്ട്രേഷൻ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ (എൽഎഎച്ച്ഡിസി), ലേ, ലഡാക്ക് ആർട്ട് ആൻഡ് എന്റർടൈൻമെന്റ് അലയൻസ്, ഇന്ത്യൻ സൈന്യത്തിന്റെയും ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെയും സഹകരണത്തോടെയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉംലിങ് ലായിലെ ഫാഷൻ ഷോ റെക്കോഡ് ബുക്സിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
