ആഢംബരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മോനിഷ
കരീന കപൂർ ഖാൻ, അനുഷ്ക ശർമ്മ, സാറ അലി ഖാൻ, ഗൗരി ഖാൻ, സൊനാക്ഷി സിൻഹ, അനന്യ പാണ്ഡെ, കൃതി സനോൻ തുടങ്ങി നിരവധി താരസുന്ദരിമാർക്ക് അതിഗംഭീരമായ വസ്ത്രങ്ങളൊരുക്കി ശ്രദ്ധേയായ ഫാഷൻ ഡിസൈനർ. ഇന്ത്യയിലെ ഫാഷൻ ഡിസൈനർമാരിൽ പ്രശസ്തയാണെന്നതു മാത്രമല്ല വനിത വസ്ത്ര നിർമാതാവും കൂടിയാണിവർ. മോനിഷ ജയ്സിങ്ങ് എന്ന മുംബൈക്കാരി 57-ാം വയസിലും ഫാഷൻ ഡിസൈനിങ്ങ് രംഗത്ത് സജീവം. സമകാലികവും പുതുമയുള്ളതും ആകർഷകവുമായ രീതിയിൽ ആഡംബരങ്ങൾ ഒട്ടും കുറയാതെ വസ്ത്രമൊരുക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് മോനിഷ. മൾട്ടി ബ്രാൻഡ് റീട്ടെയിൽ സ്റ്റോറായ എൻസെംബിളിനൊപ്പം മോനിഷ ജയ്സിംഗ് ലക്ഷൂറീസ് എൽഎൽപി എന്ന ലേബൽ ആരംഭിച്ച ആദ്യത്തെ ചുരുക്കം ഡിസൈനർമാരിൽ ഒരാളാണെന്നതും ഇവരെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നു.

മുംബൈയിലായിരുന്നു മോനിഷയുടെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ലണ്ടനിൽ നിന്നാണ് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുക്കുന്നത്. ഇന്ത്യയിൽ ഫാഷൻ വലിയ ഇടമില്ലാതിരുന്ന നാളുകളിൽ ഇവിടെ ലേഡീസ് ടെയ്ലറുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ. ആ നാളിലാണ് മോനിഷ ഫാഷൻ ഡിസൈനിങ്ങ് കോഴ്സ് പഠിക്കുന്നതും. ലണ്ടനിലെ അമെരിക്കൻ ഇന്റർകോണ്ടിനെന്റൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഫാഷൻ പഠനം പൂർത്തിയാക്കിയത്. ഇവിടെ തന്നെയുള്ള ദി റോയൽ കോളെജ് ഓഫ് ആർട്ടിൽ നിന്നും ഫാഷൻ ഹോണേഴ്സ് ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ പ്രൊഫസറായിരുന്ന നരെയ്ൻ ഭോജ്വാനിയാണ് മോനിഷയുടെ അച്ഛൻ. എന്നാൽ ലണ്ടനിലെ അധ്യാപക ജോലി അവസാനിപ്പിച്ചു മുംബൈയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമാകുകയായിരുന്നു അദ്ദേഹം. കലാപരമായ വിഷയങ്ങളിലും വാസ്തുവിദ്യയിലും തത്പ്പരനായിരുന്നു നരെയ്ൻ. ഇന്റീരിയർ ഡിസൈനിംഗ് പലപ്പോഴും അവരുടെ വീട്ടിൽ ചർച്ചാവിഷയമായിരുന്നു. എങ്കിലും മോനിഷ ഒരിക്കലും റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ആകർഷിക്കപ്പെട്ടില്ല. ആളുകൾക്ക് സുന്ദരമായ വസ്ത്രങ്ങൾ ഒരുക്കുന്നതിനായിരുന്നു മോനിഷയ്ക്ക് താത്പ്പര്യം. സ്കൂൾ പഠനനാളിൽ മാർച്ച് പാസ്റ്റ് യൂണിഫോം രൂപകൽപ്പന ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില വിദ്യാർഥികളിൽ ഒരാളായിരുന്നുവെന്നതും അവർ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.

ഡിസൈനിങ്ങിനാണ് മോനിഷയ്ക്ക് ജീവിതം. ഓരോ നിമിഷവും ജോലി ചെയ്യാനാണ് ഇവരിഷ്ടപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് ലാക്മെയുമായി ചെയ്ത ഒരു ഷോയിൽ സ്പോർട്സ് വെയർ, ആഢംബര വസ്തുക്കൾ, ട്രാക് പാന്റ്സ്, സീക്വിൻസ് പിടിപ്പിച്ച ജാക്കറ്റുകൾ അവതരിപ്പിച്ചതു വളരെ ശ്രദ്ധ നേടിയിരുന്നു. പാന്റ്സ്യൂട്ട് ധരിക്കാനാണ് മോനിഷയ്ക്ക് ഇഷ്ടം. എന്നാൽ അവർ ഡിസൈൻ ചെയ്യുന്ന ഗൗണുകൾക്കാണ് വലിയ ഡിമാന്റ്. വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് കംഫർട്ടബിളായിരിക്കണമെന്നതാണ് ഈ ഡിസൈനറുടെ നിർബന്ധങ്ങളിലൊന്ന്. നീളൻ ഗൗണുകളും കുർത്തികളും സ്യൂട്ടുകളുമൊക്കെ ഡിസൈൻ ചെയ്യുന്ന മോനിഷയ്ക്ക് ധരിക്കാനേറെയിഷ്ടം കംഫർട്ടബിൾ കുർത്തിയാണ്. ഓരോ ബ്രാൻഡിനും അതിന്റേതായ വളർച്ചയുണ്ട്. അത് അതിന്റേതായ രീതിയിൽ വളരും. വർഷങ്ങളോളം ഒരു ബ്രാൻഡ് നിലനിറുത്തുകയെന്നതു വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഡിസൈനർ സ്വന്തം ശൈലിയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ വിജയകരവും സുസ്ഥിരവുമായ ഒരു ഫാഷൻ കരിയർ നേടാനാകുമെന്നാണ് മോനിഷ പറയുന്നത്.

റെഡ് കാർപ്പെറ്റ് ഷോ, എക്സിബിഷനുകൾ, ഫാഷൻ ഷോകൾ തുടങ്ങിയ പരിപാടികളിലൂടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുമായി മോനിഷ സഹകരിച്ചിട്ടുണ്ട്. 1990-ൽ ഐശ്വര്യ റായ് ബച്ചനൊപ്പമായിരുന്നു മോനിഷയുടെ ആദ്യ വസ്ത്ര പ്രചാരണ പരിപാടി. നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ബെസ്റ്റ് ഡ്രസ്ഡ് എന്നു തോന്നിയിട്ടുള്ളത് എന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമൊക്കെയായി ശ്വേത ബച്ചൻ നന്ദയെയാണെന്നു മോനിഷ പറയുന്നു. ശ്വേതയും മോനിഷയും ചേർന്നാരംഭിച്ച ബ്രാൻഡ് ആണ് എംഎക്സ്എസ്. 2018ലാണ് ഈ സംരംഭം ആരംഭിക്കുന്നത്. മോനിഷയും ശ്വേതയും ഇന്ത്യയിലെ ഏറ്റവും മികച്ച വസ്ത്രധാരണ പട്ടികയിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. മോനിഷയെ പോലെ ശ്വേതയും സ്വന്തമായി വസ്ത്ര രൂപകൽപ്പന ചെയ്തിട്ടുണ്ട്. കാഴ്ചയിൽ ആഢംബരം നിറഞ്ഞതാണെങ്കിലും ഇവരുടെ ബ്രാൻഡ് വസ്ത്രങ്ങൾ വിലയിൽ അത്ര ഉയർന്നതല്ല. പോപ്പ് സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഇരുവരും ബ്രാൻഡിലെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
മോനിഷ ജയ്സിങ്ങിന്റെ ഡിസൈനിങ്ങിന്റെ ആദ്യനാളുകളിൽ ഏറെയും ലെഹങ്കകൾക്കായിരുന്നു ഫാഷൻ ലോകത്തിൽ ഇടമുണ്ടായിരുന്നത്. ഇവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ ഇന്ത്യൻ പാരമ്പര്യത്തിനൊപ്പം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വസ്ത്രപാരമ്പര്യവും ഒരുമിപ്പിച്ചു. ഇന്ത്യൻ ഫാഷനിൽ ഇവരുടെ ഏറ്റവും വലിയ സംഭാവനയെന്നതു കുർത്തിയുടെ കണ്ടുപിടുത്തമാണ്. കുർത്തിയും ഷോർട്ട് കുർത്തിയും ഇന്ത്യൻ വസ്ത്ര വിപണിയിൽ ധാരാളമുണ്ട്. നീളൻ കുർത്തിയും ഷോർട്ട് കുർത്തിയും മനീഷയുടെ സുന്ദരഡിസൈനുകളാണ്. ലാക്മേ ഫാഷൻ വീക്ക്, ഇന്ത്യൻ ഫാഷൻ വീക്ക്, പിസിജെ ഡൽഹി കോച്ചർ വീക്ക്, വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷൻ വീക്ക്, തുടങ്ങി നിരവധി ഫാഷൻ ഷോകളിലും മോനിഷ പങ്കെടുത്തിട്ടുണ്ട്. 2023-ലെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനെത്തിയ നിത അംബാനി ധരിച്ചിരുന്ന ടീ ഷർട്ട് മോനിഷ ഡിസൈൻ ചെയ്തതാണ്.

മോനിഷ ജയ്സിങ് ലക്ഷ്വറീസിന്റെ ചെയർമാൻ രവി ജയ്സിങ്ങാണ് ഇവരുടെ ഭർത്താവ്. കരൺ ജെയ്സിങ്ങ്, യുധിഷ്ഠിർ ജയ്സിങ്ങ് എന്നിവരാണ് മക്കൾ. ഇരുവരും മോനിഷ ജയ്സിങ് ലക്ഷ്വറീസിന്റെ ഡിസൈൻ പാർട്ണർമാരും സംരംഭകരുമാണ്.