കാനിൽ തിളങ്ങി മലയാളികൾ
അഴകും ഫാഷനും സിനിമയും നിറയുന്ന കാൻ ചലച്ചിത്രോത്സവ വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരങ്ങൾ. കനി കുസൃതിയും ദിവ്യ പ്രഭയും റെഡ് കാർപെറ്റിൽ നൃത്തച്ചുവടുകൾ വച്ചാണ് റെഡ് കാർപ്പെറ്റിൽ തിളങ്ങിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രത്തിലെത്തിയ കനിയ്ക്കും ബ്രൗൺ നിറത്തിലുള്ള നീളൻ ഗൗണിലെത്തിയ ദിവ്യ പ്രഭയ്ക്കുമൊപ്പം അവരെ കാനിലെത്തിച്ച സിനിമയുടെ അണിയറ പ്രവർത്തകരും കൂടെയുണ്ടായിരുന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ വാനിറ്റി ബാഗുമായി കനി കാനിന്റെ വേദിയിലെത്തിയതും വാർത്താപ്രാധാന്യം നേടി.

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ ഭാഗമായാണ് കനിയും ദിവ്യയും കാനിന്റെ വേദിയിലെത്തിയത്. പായൽ കപാഡിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് 30 വർഷത്തിന് ശേഷം പാം ഡി ഓർ പുരസ്കാരത്തിനായുള്ള മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ഇന്ത്യൻ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. സംവിധായിക പായൽ കപാഡിയ, കനി, ദിവ്യ എന്നിവർക്കൊപ്പം ഛായ കഗം, ഹൃദ്ധു ഹാരൂൺ എന്നിവരും റെഡ് കാർപ്പെറ്റിലെ ആഘോഷത്തിൽ പങ്കെടുത്തു. ഛായാഗ്രാഹകൻ രൺബീർ ദാസ്, നിർമാതാക്കളായ ജൂലിയൻ ഗ്രാഫ്, സികോ മൈത്ര, തോമസ് ഹക്കീം എന്നിവരും കാനിൽ സാന്നിധ്യമായി. ഗ്രാൻഡ് ലൂമിയർ തിയെറ്ററിൽ പ്രദർശിപ്പിച്ച ചിത്രം കണ്ടതിന് ശേഷം നീണ്ട കരഘോഷത്തോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്.

മുംബൈ നഗരത്തിലെത്തുന്ന രണ്ട് മലയാളി നഴ്സുമാരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയുമാണ് ആ വേഷങ്ങൾ ചെയ്തിരിക്കുന്നത്.