എ വിമൻ മെയ്ക്സ് എ പ്ലാൻ
ബഹിരാകാശ കമ്പനിയായ സ്പെയ്സ് x ന്റെയും ആഡംബര വാഹനമായ ടെസ്ലയുടെയും ഉടമസ്ഥൻ, ഇലോൺ മസ്ക് എന്ന ശത കോടീശ്വരൻ.. ഒരുപാട് കേട്ട് സുപരിചിതമായ പേര് അല്ലെ… സമ്പന്നന്മാരുടെ പട്ടിക എടുത്താൽ രണ്ടാം സ്ഥാനക്കാരൻ ആയ ഇലോൺ മസ്കിന്റെ ആസ്തി ഇന്ന് 437 ലക്ഷം കോടി രൂപയാണത്രേ… ഇന്ന് ലോകം അറിയുന്ന വ്യവസായ പ്രമുഖനായ ഇലോൺ മസ്ക്കിന്റെ ജീവിതത്തിലും ഉണ്ട് ഒരുപാട് കഷ്ടപ്പാടുകളുടെ കഥകൾ… ഓരോ കഷ്ടപ്പാടുകളിലും തന്റെ മകനെ ചേർത്ത് നിർത്തി അവനെ വാനോളം ഉയർത്തിയ ഒരു അമ്മയുണ്ട് ഇലോൺ മസ്കിനു മെയ് മസ്ക് എന്ന കാനഡിയൻ വനിത… ഇന്ന് മകന്റെ പേര് പോലെ തന്നെ അമ്മയും പ്രശസ്തിയുടെ കൊടുമുടിയിലാണ്…തന്റെ 76 ആം വയസ്സിലും ചുറുചുറുക്കോടെ വേദികളിൽ മോഡൽ ആയും മറ്റു പലർക്കും ഡയറ്റിഷൻ ആയും ഒരു എഴുത്തുകാരിയായും ജനങ്ങളിലേക്ക് വന്നിട്ട് 50 വർഷം പിന്നിടുന്നു… മെയ് മസ്കിനെ കൂടുതൽ അറിയാം..

മെയ് മസ്കിന്റെ കുട്ടിക്കാലം
1948 ഏപ്രിൽ 19-ന് കാനഡയിലെ സസ്കാറ്റ്ചെവാനിലെ റെജിനയിൽ വിന്നിഫ്രെഡ് ജോസഫിൻ, ഡോ. ജോഷ്വ നോർമൻ ഹാൽഡെമാൻ ദമ്പത്തികളുടെ അഞ്ചു മക്കളിൽ ഒരുവളായായിരുന്നു മെയ് ഹാൽഡെമാൻ എന്ന മെയ് മസ്കിന്റെ ജനനം.
പൈലറ്റ്, ഗവേഷകൻ ബിസിനസ് മാൻ എന്ന നിലയിൽ മെയുടെ പിതാവ് അന്നേ പ്രശസ്തൻ ആയിരുന്നു. പൈലറ്റ് ആയതുകൊണ്ട് തന്നെ നിരവധി തവണ വിമാന യാത്രകൾ കുടുംബത്തോടൊപ്പം അന്ന് അവർ നടത്തുമായിരുന്നു.
വിമാന യാത്ര അത്ര സാധാരണമല്ലാത്ത അന്നത്തെ കാലത്ത് ഏവർക്കും അതൊരു അത്ഭുതം തന്നെയായിരുന്നുവത്രെ.
മാതാപിതാക്കളുടെ ബിസിനസ്സിൽ ചെറുപ്പം മുതലേ സഹായിക്കാൻ തുടങ്ങിയിരുന്ന മെയ്, എൻവളപ്പുകളിൽ സ്റ്റാമ്പുകൾ ഒട്ടിച്ചും, ന്യൂസ് ലെറ്ററുകളുടെ ഫോട്ടോസ്റ്റാറ്റെടുത്തും, റീസെപ്ഷനിസ്റ്റായും തന്റെ 12 ആം വയസ്സുമുതൽ ബിസിനസ്സിലേക്ക് ഇറങ്ങി തിരിച്ചു.

മോഡലിങ് കരിയർ
കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ മെയ്, അവിടെത്തെ ജീവിത ശൈലിയിൽ ആയിരുന്നു പിന്നീട് വളർന്നത്. അവിടെ നിന്നാണ് മനസ്സിൽ ഒരു മോഡലാകണം എന്ന സ്വപ്നം മൊട്ടിടുന്നത്. അങ്ങെനെ ആദ്യമായി തന്റെ 20ആം വയസ്സിൽ മോഡലിംഗ് രംഗത്തേയ്ക്ക് അവർ കാലെടുത്തു വച്ചു.
അങ്ങെനെ 1969ൽ മിസ്സ് സൗത്ത് ആഫ്രിക്ക മത്സരത്തിൽ അവർ ഫൈനലിസ്റ്റായി. ഞൊടിയിടയിൽ മോഡലിങ് കരിയറിൽ അവർ ശ്രദ്ധേയയായി. “ടൈം”, “വോഗ്”, “സ്പോർട്സ് ഇലസ്ട്രേറ്റഡ് സ്വിംസ്യൂട്ട് ഇഷ്യൂ” തുടങ്ങിയ പ്രസിദ്ധ മാസികകളുടെ കവറുകളിൽ അവർ പ്രത്യക്ഷപ്പെട്ടു. മോഡലിംഗ് ജീവിതം കാനഡയിലും അമേരിക്കയിലും തുടർന്ന അവർ പ്രശസ്ത കോസ്മറ്റിക്സ് കമ്പനികളായ ‘സ്പെഷ്യൽ കെ സീരിയൽ ബോക്സുകളിന്റെയും ‘, ‘റെവ്ലോണിന്റെയും പരസ്യങ്ങളിലും വീഡിയോകളിലും നിറസാന്നിധ്യമായി.
2012ൽ തന്റെ 64ആം വയസ്സിൽ പ്രശസ്ത ഫാഷൻ മാഗസിൻ ആയ എല്ലെ കാനഡയുടെ കവറിൽ മുഖചിത്രമായി വന്ന മേയ് ടാർഗെറ്റ് , വിർജിൻ അമേരിക്ക എന്നിവയുടെ പരസ്യ കാമ്പെയ്നുകളിലും അഭിനയിച്ചു.
2017 സെപ്റ്റംബറിൽ, 69 വയസ്സുള്ളപ്പോൾ അവർ കവർഗേളിൻ്റെ ഏറ്റവും പഴയ വക്താവായി. “ചരിത്രം സൃഷ്ടിക്കുന്നു” എന്ന തലകെട്ടോടെ വാർത്തകൾ അത് റിപ്പോർട്ട് ചെയ്തു. ശേഷം 2022-ൽ തന്റെ 74-ാം വയസ്സിൽ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്വിംസ്യൂട്ട് മോഡൽ ആയി. അത് ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

വ്യക്തി ജീവിതത്തിലേക്ക്
മെയ് മസ്കിന്റെ വ്യക്തിപരമായ ജീവിതം വളരെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. ഹൈ സ്കൂളിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട സൗത്താഫ്രിക്കൻ എൻജിനീയർ ആയ എറോൾ മസ്കിനെ 1970ൽ അവർ വിവാഹം കഴിച്ചു. അതിൽ അവർക്ക് മൂന്ന് മക്കൾ ജനിച്ചു.. എലോൺ, കിംബൽ, ടോസ്ക.
ശേഷം 1979ൽ വിവാഹ മോചനത്തിന്റെ പ്രയാസങ്ങൾ അതിജീവിച്ച മെയ്, തന്റെ മക്കളെ ഒരു സിംഗിൾ പേരെന്റ് ആയി വളർത്തി. മക്കൾ വളർന്നു വലുതായപ്പോൾ അവരെ പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷി മെയ്ക്ക് ഉണ്ടായിരുന്നില്ല. അതിനായി അവർ അവരുടെ പിതാവിന്റെ കൂടെ താമസം മാറി. മക്കളായ കിമ്പലും ഈലോണും കാനഡയിൽ പോയി പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതിനായി മെയ്യും കാനഡയിലേക്ക് താമസം മാറാൻ തീരുമാനിക്കുകയായിരുന്നു. അതിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡയറ്ററ്റിക്സിൽ മാസ്റ്റർ ബിരുദാനന്തര ബിരുദം നേടി മെയ് പാസായി. അങ്ങെനെ ആറു മാസങ്ങൾക്കു ശേഷം മൂന്ന് മക്കളുമൊത്ത് അവർ കാനഡയിലേക്ക് താമസം മാറി. പിന്നീട് അമേരിക്കയിലെ ടൊറൻ്റോ സർവകലാശാലയിൽ നിന്ന് ന്യൂട്രിഷനിൽ മറ്റൊരു ബിരുദാനന്തര ബിരുദം നേടി. 2023-ൽ, അവർ മാസ്റ്റേഴ്സ് നേടിയ അതേ സർവകലാശാല ഓണാററി ബിരുദം ഡയറ്ററ്റിക്സിൽ ഡോക്ടറേറ്റ് നൽകി അവരെ ആദരിച്ചു. ശേഷം
ഡയറ്റീഷ്യൻ ആയി കരിയർ ആരംഭിച്ച അവർ ആരോഗ്യത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധിപ്പിച്ചു. അങ്ങെനെ അവർ ഡയറ്റിഷൻ ആയും ന്യൂട്രിഷനിസ്റ്റായും മോഡൽ ആയും ഒരേ സമയം പ്രവർത്തിച്ചു.

മെയ് മസ്കിന്റെ മക്കൾ, അവരുടെ സ്വന്തം മേഖലകളിൽ മികവുറ്റ വിജയം നേടി. എലോൺ മസ്ക്, ടെക്നോളജി മേഖലയിലെ വിപ്ലവം സൃഷ്ടിച്ചു, ടെസ്ല, സ്പേസ്എക്സ് എന്നിവയുടെ സ്ഥാപകൻ ആയി മാറി, കിംബൽ പരിസ്ഥിതിയോട് അനുകൂലമായ ഭക്ഷണ കലകളിൽ മുൻനിരയിൽ നിന്നവനായി മാറി, ടോസ്ക സിനിമാ നിർമ്മാണത്തിൽ മികച്ച അവതരണം കാഴ്ചവെച്ചവളുമായി.
മക്കളുടെ വിജയത്തിനെല്ലാം മെയ് മസ്ക്കും വലിയൊരു പങ്ക് വഹിക്കുന്നുണ്ട് എന്നത് വാസ്തവം.

ഇന്ന് മെയ്, തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ “എ വിമൻ മെയ്ക്സ് എ പ്ലാൻ, അഡ്വൈസ് ഫോർ എ ലൈഫ്ടൈം ഓഫ് അഡ്വഞ്ചർ, ബ്യൂട്ടി, ആൻഡ് സക്സെസ്സ്” എന്ന ആത്മകഥയിലൂടെ അവർ ഒരു എഴുത്തുകാരിയായും അറിയപ്പെടുന്നു.
പ്രയാസങ്ങളെ മറികടക്കാനുള്ള, സ്വപ്നങ്ങളെ പിന്തുടരാനുള്ള, പ്രതീക്ഷയെ ഒരിക്കലും വിട്ടുപോകാത്ത മനുഷ്യരുടെ മാതൃകയായി അവർ മാറി. ഈ പുസ്തകം, ലോകവ്യാപകമായി നിരവധി ആളുകൾക്കു ഒരു പ്രചോദനമായി മാറി എന്നതാണ് വാസ്തവം.
പ്രായം എതുമാകട്ടെ, സ്വപ്നങ്ങളെ പിന്തുടരാനും, ബുദ്ധിമുട്ടുകളെ മറികടക്കാനും, പ്രതീക്ഷയെ ഒരിക്കലും കൈ വിടാതിരിക്കാനും മെയ് മസ്കിന്റെ ജീവിതത്തിലൂടെ അവർ കാണിച്ചു തരുന്നു.
ഏത് പ്രായത്തിലും, ഏത് അവസ്ഥയിലും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം, പ്രതിബന്ധങ്ങളെ മറികടക്കാം, വിജയം കൊയ്യാം എന്ന് നമ്മളെ ഏവരെയും അവർ പഠിപ്പിക്കുകയാണ്…