Kerala

എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് ജിം തുടങ്ങിയ തൃശ്ശൂർക്കാരി

നന്നായി തടിച്ചല്ലോ… നന്നായി മെലിഞ്ഞല്ലോ… എന്നൊക്കെയുള്ള കമന്റ്സ് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ബോഡി ഷെയ്മിങ്ങിനെതിരെ സെലിബ്രിറ്റികൾ അടക്കം എത്രയോ ആളുകളാണ് രംഗത്ത് വന്നിട്ടുള്ളത്. തടിച്ചാലും മെലിഞ്ഞാലും കറുത്താലും വെളുത്താലും നമ്മൾ നമ്മളായി ഇരുന്നാൽ മതിയെന്ന സന്ദേശമാണ് എല്ലാവരും സമൂഹത്തിനു കൊടുക്കുന്നത്.

എന്നാലും സ്ലിം ബ്യൂട്ടി ആകാൻ കൊതിക്കാത്ത ആരും തന്നെ ഉണ്ടാകില്ല എന്നതാണ് പരമാർത്ഥം.  ജിം എന്നത് പുരുഷന്മാരുടെ കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫിറ്റ്നസ് വെറും പുരുഷന്മാർക്ക് മാത്രമാണ് എന്ന ധാരണ പതിയെ പതിയെ മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ന് എല്ലാവരും ശരീര സംരക്ഷണത്തിനായി സമയം കണ്ടെത്തുന്നവരാണ്, അതിനു കോവിഡ്  കാലം ഒരു അനുഗ്രഹമായി മാറിയെന്നു വേണമെങ്കിൽ പറയാം. പല ജോലികളും വീട്ടിലിരുന്നു ചെയ്യാൻ സാധിച്ചതോടെ ശരീര സംരക്ഷണത്തിനുള്ള സമയവും അതിലൂടെ കണ്ടെത്തിയിരിക്കുന്നു.

ഇന്നു പല പ്രശസ്തരും സമൂഹ മാധ്യമത്തിൽ പങ്കു വക്കുന്നത് ജിമ്മിൽ നിന്നുള്ള വർക് ഔട്ട് വീഡിയോകളാണ്. അതൊക്കെയും പ്രചോദനമാകുന്നുമുണ്ട്. എന്നാൽ തൃശൂർ ഒല്ലൂർ സ്വദേശിനിയായ സ്നേഹയുടെ കഥ വ്യത്യസ്തമാണ്. പ്രസവശേഷമുള്ള അമിത ഭാരം സ്നേഹയെ വല്ലാതെ തളർത്തി. എങ്ങെനെയെങ്കിലും വണ്ണം കുറക്കുക എന്ന ലക്ഷ്യം സ്നേഹയെ എത്തിച്ചത് ഒരു ജിം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയായാണ്. സ്നേഹയുടെ  വിശേഷങ്ങളിലേക്ക്.

85 ൽ നിന്നും 55 ലേക്ക്

പ്രസവശേഷം ശരീര  ഭാരം 85 വരെ എത്തി.  ഒറ്റ വസ്ത്രങ്ങളും പാകമാകാത്ത അവസ്ഥ. എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്ന ഒരു ലക്ഷണവും കാണുന്നില്ല, എന്നാൽ കഴിയുന്ന വിധത്തിലുള്ള നടത്തവും പല വ്യായാമങ്ങളും ചെയ്‌തെങ്കിലും ഒരിഞ്ചു പോലും വണ്ണം പുറകോട്ടു പോയില്ല. വല്ലാത്ത ഒരു വിഷമഘട്ടത്തിലൂടെയാണ് അന്ന് കടന്നു പോയത്. അപ്പോഴാണ് വീടിന് അടുത്തുള്ള ഒരു ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്താലോ എന്ന  ആലോചന മനസ്സിൽ വന്നത്.
മകൾ തീരെ കുഞ്ഞായതിനാൽ സമയവും ഒരു  വില്ലനായി മുന്നിൽ നിന്നു. അതുകൊണ്ടു കുഞ്ഞിനെയും വീട്ടുകാരെയും ബുദ്ധിമുട്ടിപ്പിക്കാതെ രാവിലെ 5 മണിക്കായിരുന്നു ജിമ്മിൽ പോയിരുന്നത്.  രണ്ടുമാസക്കാലം ഒരു  അനക്കവും ഉണ്ടായില്ല എന്ന് തന്നെ വേണം പറയാൻ,  എന്നാൽ ആറു മാസത്തിനു ശേഷം ശരീര ഭാരം 55 കിലോഗ്രാമായി കുറഞ്ഞു. പിന്നീട് വർക്ക് ഔട്ടും ഡയറ്റും  തുടർന്നുകൊണ്ടിരുന്നു. ഒരു ജിം ഇൻസ്ട്രക്ടർ ആകുക എന്നതാണ് എന്റെ പാഷൻ എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഒരു ജിം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം മനസ്സിൽ ചേക്കേറിയത് സ്നേഹ പറഞ്ഞു.

സ്വപ്ന സാക്ഷാത്കാരം

എഞ്ചിനീയറിങ്  ഡിപ്ലോമ കഴിഞ്ഞു ബിടെക്  ചെയ്തതിനു ശേഷമാണ് ജോലിക്ക് പ്രവേശിച്ചത്. ജിം എന്നത്  എന്റെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജോലി ഉപേക്ഷിച്ച് എന്റെ പാഷനെ പിന്തുടരാൻ ഞാൻ തുടങ്ങിയത്. അങ്ങനെയാണ് സ്ത്രീകൾക്കായുള്ള ജിം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം മനസിൽ ഉദിക്കുന്നത്.

ആദ്യമൊക്കെ വീടിന്റെ ടെറസിന്റെ മുകളിൽ ആണ് ട്രെയ്നിങിന് അത്യാവശ്യം വേണ്ട സാധങ്ങൾ ഒരുക്കി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. എന്റെ ഫ്രണ്ട്സിന്റെയും ഫാമിലിയുടെയും നല്ല സപ്പോർട്ട് ആയിരുന്നു അങ്ങനെ തുടങ്ങാൻ എന്നെ പ്രാപ്തയാക്കിയത്. കുറച്ചാളുകളൊക്കെ വന്ന് നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങിയതോടെയാണ് ജിം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നല്ല രീതിയിൽ തുടങ്ങണം എന്ന് വിചാരിക്കുന്നത്. കൂടുതലും വിദേശത്തുനിന്നാണ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിട്ടുള്ളത്.

അപ്രതീക്ഷിതമായുള്ള കോറോണയുടെ വരവ്, എല്ലാ ബിസിനസ്സ്കാരേയും പോലെ എന്നെയും അലട്ടി. മുന്നോട്ട് ഇനി എന്ത് എന്നത് ഒരു വലിയ ചോദ്യ ചിഹ്നമായി മുന്നിൽ നിന്നു. അങ്ങനെ സ്ത്രീകൾക്ക് മാത്രം എന്ന സങ്കൽപ്പത്തെ മാറ്റി സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടിയുള്ള ഒരു യൂനിസെസ് ജിം തുടങ്ങുക എന്നതിലേക്ക് എത്തിപ്പെട്ടു. ഇപ്പോൾ തൃശൂർ കുര്യച്ചിറയിലെ സ്പോർട്സ് സെന്ററിൽ ഡാർക്ക് ജിം സിറ്റി എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇപ്പോൾ നിരവധി  പേരാണ് ട്രെയിനിങ്ങിനായി എത്തുന്നത്, അതിൽ വർക്ക് ചെയ്യുന്ന സ്ത്രീകളും അല്ലാത്തവരും ഉണ്ട്, ഓരോരുത്തർക്കും സൗകര്യമുള്ള സമയം തിരഞ്ഞെടുക്കാവുന്നതാണ്, രാവിലെ അഞ്ചുമണിമുതൽ വൈകീട്ട് ഒൻപതുമണി വരെ ജിം പ്രവർത്തിക്കുന്നുണ്ട്, ചിലർ തടി കുറക്കാനാണ് വരുന്നതെങ്കിൽ മറ്റു ചിലർ തടി കൂട്ടാനാണ് വരാറുള്ളത്. ഓരോരുത്തർക്കുമായി പ്രത്യേക ഡയറ്റ് ആണ് പിന്തുടരേണ്ടത്. അവരവരുടെ ആരോഗ്യനില  കണക്കിലെടുത്താണ് ഡയറ്റ് നിശ്ചയിക്കുന്നത്. റെപ്സ് ഇന്ത്യ സർട്ടിഫിക്കേഷൻ, യോഗയിൽ പിജി എന്നിങ്ങനെയുള്ള കോഴ്സുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ ചില കോഴ്സുകളും ചെയ്തു വരുന്നുണ്ട്.

മിസ്സിസ് കേരള

മിസ്റ്റർ കേരള എന്ന ബോഡി ബിൽഡർ മത്സരവും മിസ് കേരള, മിസ്സിസ് കേരള എന്ന സൗന്ദര്യ മത്സരവും എല്ലാവർക്കും പരിചിതമായിരിക്കും, എന്നാൽ ബോഡി ബിൽഡേഴ്സന്റെ മിസ്സിസ് കേരള എന്ന് കേൾക്കുന്നത് വളരെ വിരളമായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു, വിജയിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ  മിസ്സിസ് തൃശൂർ, മിസ്സിസ് കേരള എന്നിങ്ങനെയുള്ള രണ്ടു പട്ടം കരസ്ഥമാക്കാൻ  കഴിഞ്ഞു.
എല്ലാത്തിനും ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ് ഇതുവരെ എത്താൻ സാധിച്ചത്. അവർക്കു സപ്പോർട്ട് ചെയ്യണമെങ്കിൽ നമ്മൾ ഒരു പാത തുറന്നു കൊടുക്കണമല്ലോ, ഇഷ്ടമുള്ള ജോലി വേണം ചെയ്യാനായി. ജിമ്മിൽ പോയി തുടങ്ങിയതിൽ പിന്നെ ഞാനതിൽ അഡിക്ട് ആവുകയായിരുന്നു. വളരെ ഇഷ്ടത്തോടെയാണ് ഞാനീ പ്രൊഫഷൻ കൊണ്ടുപോകുന്നത്. നന്നായി ജീവിതം ആസ്വദിക്കാനും കഴിയുന്നുണ്ട്. ഇഷ്ടമില്ലാത്ത ജോലി ചെയ്തു ജീവിതം പാഴാക്കരുത് എന്നാണ് എന്റെ ഒരഭിപ്രായം. സമൂഹം എന്ത് പറയും എന്ന് കരുതി നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വെക്കരുത്. ഒരിക്കൽ ഈ സമൂഹം തന്നെ തിരിച്ചു വന്നു  പ്രോത്സാഹിപ്പിക്കുന്നതും നമുക്ക് തന്നെ കാണാം.

ആരോഗ്യമാണ് സൗന്ദര്യം

സൗന്ദര്യ സംരക്ഷണത്തിന് എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് സ്നേഹക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ആരോഗ്യത്തോടെ ഇരിക്കുന്നതാണ് സൗന്ദര്യം എന്ന്. ധാരാളം വെള്ളം കുടിക്കുന്നത് ചർമത്തിന് തിളക്കം കൂട്ടും. കൂടാതെ ഹെൽത്തി ഫുഡ്സ് കഴിക്കുക, ഇപ്പോൾ ജിം വർക് ഔട്ട് തുടരുന്നത് കൊണ്ട്  ജങ്ക് ഫുഡ്സ്  ഒഴിവാക്കി ഞാൻ കൂടുതലും പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കഴിക്കാറുള്ളത്. പിന്നെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം എന്നെങ്കിലും ഒരിക്കൽ കഴിക്കും, മാസത്തിൽ ഒരിക്കൽ ഡയറ്റ് ഒഴിവാക്കി കഴിക്കാറുണ്ട്.
അല്ലാത്ത ദിവസങ്ങളിലെല്ലാം ഡയറ്റ് പിന്തുടരാറാണ്‌ പതിവ്. അപ്പോൾ മാത്രമാണ് ശരീര ഭാരം കൂടാതെ ഒരേ തരത്തിൽ  നിലനിർത്തികൊണ്ടുപോകാൻ സാധിക്കുകയുള്ളു. ചെറുപ്പം  മുതലേ കുഞ്ഞുങ്ങളെ നല്ല ഭക്ഷണരീതിയിൽ വളർത്തികൊണ്ടുവരണം. അവർക്കു ജുങ്ക്‌ഫുഡ്‌സ് പരിചയപെടുത്താതെ  കൂടുതലും ഇലവർഗങ്ങളും വിറ്റമിൻസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് ഉത്തമമായിരിക്കും.

ഒരു മണിക്കൂറെങ്കിലും
വ്യായാമത്തിനായി മാറ്റി വെക്കൂ

വ്യായാമത്തിനായി നമ്മൾ എത്ര പേർ  സമയം മാറ്റിവെക്കാറുണ്ട്?. കുഞ്ഞുണ്ടായ ശേഷം നമ്മുടെ ഉത്തരവാദിത്വങ്ങൾ കൂടും. സമയം ഒന്നിനും തികയാത്ത അവസ്ഥകൾ ഉണ്ടാകാം. പക്ഷേ ഒരു മണിക്കൂറെങ്കിലും നമ്മൾ നമ്മുടെ ആരോഗ്യരക്ഷയ്ക്ക് മാറ്റിവെക്കണം. എല്ലാവരും പറയുന്നത് കേൾക്കാറുണ്ട്, തുണി അലക്കുന്നതും പത്രം കഴുകുന്നതുമൊക്കെ നല്ല വ്യായാമമാണെന്ന്. എന്നാൽ വീട്ടു ജോലികളും വ്യായാമവും തമ്മിൽ വല്ലാത്ത അന്തരമുണ്ട്.
എല്ലാവരും ജിമ്മിൽ പോകണമെന്നല്ല. കുറച്ചു സമയം നടക്കുക, ഷട്ടിൽ  ബാറ്റ് കളിക്കാൻ ഇഷ്ടമുള്ളവർ അത് കളിക്കുക,  ഡാൻസ് ഇഷ്ടമുള്ളവർ ഡാൻസ് പരിശീലനം ചെയ്യുക. ഇങ്ങനെയൊക്കെ എന്താണ് താൽപ്പര്യമെന്നു നോക്കി വ്യായാമങ്ങൾ ചെയ്താലും ആരോഗ്യത്തോടെ ഇരിക്കാം. നിത്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത കാര്യമായി വ്യായാമത്തെ മാറ്റണം. കുഞ്ഞുപ്രായം തൊട്ടേ അക്കാര്യം കുട്ടികളെയൊക്കെ അക്കാര്യം പറഞ്ഞു മനസിലാക്കിക്കുക.
ജിമ്മിൽ ചേരുന്നവർ ഒരു മണിക്കൂറാണ് വർക്ക് ഔട്ട് ചെയ്യേണ്ടത്. സ്ത്രീകളാണെങ്കിൽ കുറച്ചു ദിവസം വന്നു കഴിഞ്ഞു വീട്ടിലെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് പിന്നീട് വരില്ല. ക്ലാസ് തന്നെ അവസാനിപ്പിച്ചു പോകുന്നവരെയും കാണാറുണ്ട്. പാതിവഴിക്ക് അവസാനിപ്പിക്കാതെ  സ്ഥിരമായി വ്യായാമം ചെയ്യണം.

വസ്ത്രങ്ങൾ എന്നും എന്റെ വീക്നെസ്സ് 

മോളെ പ്രസവിച്ച് ഒരു ഒൻപതു മാസമായപ്പോഴാണ് വല്ലാതെ വണ്ണം വക്കുന്നത്. അന്നുള്ള എന്റെ ഏറ്റവും വലിയ വിഷമം ഒറ്റ വസ്ത്രങ്ങളും പാകമാകുന്നില്ല എന്നതായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഒട്ടും യോജിക്കുന്നില്ലെന്ന് തോന്നിയിരുന്നു. എന്റെ പല നല്ല വസ്ത്രങ്ങളും പിന്നീട് കസിൻസിന് കൊടുക്കുകയായിരുന്നു. കൂടുതൽ ഞാൻ പണം ചെലവഴിക്കുന്നതും പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനാണ്. ട്രെൻഡിയും മോഡേണും ആയ വസ്ത്രങ്ങൾ ഒരുപാടിഷ്ടമാണ്. എങ്കിലും ഇഷ്ടം കൂടുതൽ സാരിയോട് തന്നെ. സാരി ഉടുത്താൽ എല്ലാവർക്കും ഒരു പ്രത്യേക ഭംഗിയാണല്ലോ.

ലക്ഷ്യം സ്ത്രീകൾക്ക് മാത്രമായുള്ള ജിം

ഇനിയുള്ള എന്റെ ലക്ഷ്യം സ്ത്രീകൾക്ക് മാത്രമായുള്ള ഒരു ജിം തുടങ്ങുക എന്നതാണ്, ഇനി ഒരിക്കലും തടി കുറയുകയില്ല എന്ന് വിചാരിച്ച നടക്കുന്ന പല സ്ത്രീകളെയും കാണാറുണ്ട്. അങ്ങനെ ഒരിക്കലും കരുതരുത്. എനിക്ക് ഇത്രേം കുറയ്ക്കാൻ കഴിയുമെങ്കിൽ എല്ലാവർക്കും കഴിയും. പെട്ടന്ന് റിസൾട്ട് കിട്ടുമെന്ന് ആരും വിചാരിക്കരുത്. എല്ലാം ഓരോരുത്തരുടെയും ശരീര പ്രകൃതിക്കു അനുസരിച്ചായിരിക്കും. ചിലർക്ക് പെട്ടന്ന് മാറ്റം വരാറുണ്ട്, മറ്റുചിലർക്ക് കുറച്ചു സമയം വേണ്ടി വരും. നമ്മുടെ ആരോഗ്യമാണ് നമ്മുടെ കുടുംബത്തിന്റെ ആരോഗ്യം എന്നൊന്ന് ചിന്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *